എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു അമ്മ ശാലിനിയുടെ മൊഴി. മരണത്തില്‍ വ്യക്തതവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി.

എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാത ശിശുവിനെ പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ അമ്മ ശാലിനിയുടെ വാദങ്ങളെല്ലാം തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം ഫലം. പ്രസവത്തോടെ മരിച്ചുവെന്ന് ശാലിനി പറഞ്ഞ കുട്ടിക്ക് ജീവനുണ്ടായിരുന്നു. പ്രകടമായ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായില്ല. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. തുണിയില്‍പൊതിഞ്ഞ് പാറക്കുളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നവജാത ശിശുവിനെ രഹസ്യമായി മറവുചെയ്തതിനാണ് നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

മരണത്തില്‍ വ്യക്തവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വ രാത്രിയിലാണ് നാല്‍പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബ്ബര്‍തോട്ടത്തില്‍ കിടന്ന് പ്രസവിച്ചു. അതിനുശേഷം കുട്ടിയെ തുണിയില്‍പൊതിഞ്ഞ് വീടിന് അടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ റിമാന്‍ഡിലുള്ള ശാലിനിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞിരുന്നില്ല.