Kerala

പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം.

പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പിസി ജോര്‍ജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്‍കി. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല.

എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കും. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലയിലെ ഫലം പിസി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്.

കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും പിതാവ് പറഞ്ഞു.

തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.

അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.

ഷെറിൻ പി യോഹന്നാൻ

മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.

പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!

പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.

Spoiler Alert

“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.

മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക്‌ ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…

മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീൻ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായി. മാർച്ച് 31 വൈകിട്ട് ഏഴിന് ഹാഷിമിനെ കാണാതായെങ്കിലും ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടിൽ പോകുന്ന പതിവുള്ളതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. ഹാഷിമിന്റെ സഹോദരിയുടെ മകൾ നിർബന്ധിച്ചതോടെയാണ് 2ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ആറ്റൂർകോണം പമ്പ്ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്. കോവിഡ് വ്യാപന സമയത്ത് സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീൻ പശുവളർത്തൽ ആരംഭിച്ചു.

ഷറഫുദിന്റെ വീട്ടിൽ ഹാഷിമും മറ്റുചിലരും ഒത്തുകൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ ഈ സംഘത്തിലെ ചിലരെയും ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പൊലിസ് നായ ഷറഫുദീന്റെ വീട്ടിൽ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി. ഹാഷിമിന്റെ മൊബൈൽ ഫോൺ ഓഫാകും മുൻപ് ടവർ ലൊക്കേഷൻ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നു. ഇതെല്ലാം പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീൻ കുറ്റം സമ്മതിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്നു ജോലി നഷ്ടമായ ഷറഫുദീന് നാട്ടിലേക്ക് മടങ്ങാൻ ഹാഷിമും സഹോദരൻ റഹീമും സാമ്പത്തികമായി സഹായം നൽകിയിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച് ഷറഫുദീനുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകി സൽക്കരിച്ച ശേഷം അവശനിലയിൽ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയിൽ കരുതിയിരുന്നു വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.

മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുതൊഴുത്തിലിനു സമീപം ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ നിസാമും സഹായിച്ചു. മൃതദേഹം ഇവിടെ നിന്നു മാറ്റാൻ പിന്നീട് തീരുമാനിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പ്രതികളിൽ ഒരാളായ നിസാമിനെയും കൂട്ടി സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.

വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ രം​ഗത്ത്.

ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ വൺ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം. കേരളത്തിൽ കോൺഗ്രസ് വളരെ ദുർബലമാണ്. സംസ്ഥാനത്ത് കോൺഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹൻ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അപ്പോൾ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ്. അതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.

കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പത്തനംതിട്ട കുമ്പഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ ചെറുതും വലുതുമായി 60ഓളം മുറിവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടും സ്പൂണ്‍ വെച്ചുമാണ് മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മുറിവുകളില്‍ ചിലത് ആഴത്തിലുള്ളതാണ്. അതേസമയം, മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം മുറിവുകളുണ്ട്. മരണ ദിവസവും തലേ ദിവസങ്ങളിലുമായി ക്രൂരപീഡനം നടന്നതായി ചില മുറിവുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈഗിക പീഢനം സംശയിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട നീര്‍വീക്കമായിരുന്നു സംശത്തിന് വഴിവെച്ചത്. തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ അലക്സ് പിടിയിലായിരുന്നു. മുറിയില്‍ കിടന്നുറങ്ങിയ ഇയാള്‍ക്കടുത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്.

മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് പോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളുകളായി, കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അല്കസ് പോലീസിനോട് സമ്മതിച്ചു. ലൈംഗിക പീഡനം എത്രനാളായി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് കയർത്ത് ഫഹദ് ഫാസിൽ. മൈക്കുമായി അടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു നടൻ . ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

ഇതെന്താണിത്? ഇതൊന്നും ശരിയല്ല. എല്ലാ പൗരന്റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്. അതുകൊണ്ടാണ് വന്നത്.’ – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി നൽകി.

തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു സംവിധായകൻ ഫാസിൽ നൽകിയ മറുപടി.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയിൽ വൈകിയ വേളയിലുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം മാറണമെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഭരണമാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളിപറഞ്ഞു.

“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിക്കുമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റ് നേടുമോ എന്ന കാര്യം പറയാനാവില്ലെന്നും പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

Copyright © . All rights reserved