ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കഴക്കൂട്ടത്ത് സർപ്രൈസുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് ചൂട് പിടിച്ച് ചർച്ചകൾ. ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദ് വെളിപ്പെടുത്തുകയും ചെയ്തതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ അപ്രതീക്ഷിതമായിരിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ.
തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് സ്വകാര്യ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വെളിപ്പെടുത്തി.
‘അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ല’- വാഹിദ് വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച ശോഭ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ കഴക്കൂട്ടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, വാഹിദിന് പുറമെ കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്. ”ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ എസ് യു സിന്ദാബാദ്” എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിൽ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുള്ളി മടപേട്ടക്കാടാണ് സംഭവം. കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ വി.ജെ.ലാലിയും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മൽസരിക്കും. തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി.ജോസഫാണ് സ്ഥാനാർഥി. ജോസഫ് എം.പുതുശേരിക്കും സാജന്‍ ഫ്രാന്‍സിസിനും ജോണി നെല്ലൂരിനും സീറ്റില്ല. ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്, കുട്ടനാട്– ജേക്കബ് ഏബ്രഹാം, കോതമംഗലം – ഷിബു തെക്കുംപുറം, തൊടുപുഴ – പി.ജെ.ജോസഫ്, കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഏറ്റുമാനൂരിൽ അഡ്വ. പ്രൻസ് ലൂക്കോസ് എന്നിവരാണ് സ്ഥാനാർഥികൾ. തിരുവല്ലയില്‍ പറഞ്ഞുപറ്റിച്ചെന്ന് വിക്ടര്‍ ടി.തോമസ് പറഞ്ഞു. രാഷ്ട്രീയ ധാർമികത കാട്ടിയില്ല, കേരളാ കോൺഗ്രസിൽ നിന്നതു കൊണ്ട് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ– അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വന്നിരുന്ന വനിതയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്. ഡീസന്റ് മുക്കിൽ ചികിത്സ നടത്തവേയാണു പിടിയിലായത്. പൊലീസ് എത്തുന്ന സമയത്തും വിവിധ സ്ഥലങ്ങളിലെ നിരവധി പേർ ചികിത്സാ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
പെരിങ്ങമ്മല സ്വദേശിയാണെങ്കിലും ഇവർ വർഷങ്ങളായി കാസർകോട് നീലേശ്വരം മടിക്കൈ എന്ന സ്ഥലത്താണു താമസം. മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ ചികിത്സ നടത്തി വരുന്നതായും നേരത്തെ ഭർത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവർ ഇപ്പോൾ പിണങ്ങി ഒറ്റയ്ക്കാണു ചികിത്സ നടത്തി വരുന്നതെന്നും പൊലീസ് കണ്ടെത്തി. വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫെയ്സ്ബുക് അക്കൗണ്ട് മുഖേനയാണു ഇവർ ചികിത്സയ്ക്കു പ്രചാരണം നൽകുന്നത്.
മരുന്ന് നൽകാനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സോഫിയ സർജറി അടക്കം നടത്തിവന്നത്. ഇത്തരം ചികിത്സയ്ക്കായി അമിതമായി ഫീസും ഈടാക്കിയിരുന്നു. ഇവരിൽ നിന്ന് ഡോ. സോഫിമോൾ എന്ന തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു.
ഫെയ്സ് ബുക്കിലെ പരസ്യം കണ്ടു തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടർ എന്നു കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
സഭാ തര്‍ക്കത്തില്‍ പൂര്‍ണമായും നിതി ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭാ ശക്തി കേന്ദ്രങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കയറ്റുന്നതില്‍ യാക്കോബായ സഭ നിര്‍ണായക ശക്തി ആയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി അതല്ല. എറണാകുളം ജില്ലയിലേതുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ സഭ, ഏറ്റവും ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തുന്നത് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യുഡിഎഫ് നെടുംകോട്ടകള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യുഡിഎഫ് തയാറാകാത്തതുമാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിര്‍ണായക ശക്തിയായ യാക്കോബായ സഭയുടെ നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുമെന്നത് ഉറപ്പാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. യാക്കോബായ സഭയുടെ സഹായത്തോടെ ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞത്. അതേസമയം സഭക്ക് പ്രധാനം രാഷ്ട്രീയം അല്ലെന്നും സഭ തന്നെയാണെന്നും ആര്‍ക്കാണ് സഭക്ക് നീതി തരാന്‍ സാധിക്കുക എന്നാണ് പരിശോധിക്കുന്നതെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നവരെ സഭ പിന്തുണയ്ക്കുമെന്നത് തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വിശ്വാസികളെ വൈകാതെ അറിയിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.
പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. ഈ ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാതെ തെഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനകില്ലെന്ന് തന്നെയാകും അമിത്ഷായുമായുള്ള കൂടികാഴ്ചയില്‍ സഭാ നേതൃത്വം അറിയിക്കുക. ഉറപ്പുലഭിച്ചാല്‍ ബിജെപി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ബിജെപി അധ്യക്ഷനുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക മാനേജിങ് കമ്മറ്റിയോഗം ചേരാനിരിക്കേയാണു ബി.ജെ.പി. നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മറ്റു പ്രമുഖ കേന്ദ്രമന്ത്രിമാരെയും യാക്കോബായ പ്രതിനിധികള്‍ കാണുന്നുണ്ട്.
ബിസ്‌ക്കറ്റ് കഴിച്ചതിന് ശേഷം ഉപേക്ഷിച്ച ബിസ്‌കറ്റ് കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. വനിതാദിനത്തിൽ വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയെയാണ് പോലീസ് പിടികൂടിയത്. ചപ്പാരപ്പടവ് ഒടുവള്ളി പുറത്തൊടിയിൽ തനിച്ചു താമസിക്കുന്ന 72 വയസ്സുകാരിയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണവള കവർന്ന സംഭവത്തിലാണ് ആലക്കോട് തേർത്തല്ലി ചെമ്പിലകം സിബി വർഗീസിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂർണ്ണമായും വിജനമായ സ്ഥലത്താണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ തന്നെ പ്രതിയെ ആരും കണ്ടിരുന്നില്ല. ഇരയ്ക്ക് ഇയാളെ പരിചയവുമുണ്ടായിരുന്നില്ല. പിന്നീട് തെളിവ് തേടിയ പോലീസ് ഇയാൾ സ്ഥലത്ത് ഉപേക്ഷിച്ച് ബിസ്‌ക്കറ്റ് കവർ കണ്ടെത്തുകയും ഇത് കേന്ദ്രീകരിച്ചു നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
വീടിനു സമീപത്തുനിന്ന് കണ്ടെത്തിയ ബിസ്‌കറ്റ് കവറിന് പിന്നാലെ പോയ പോലീസ് ബിസ്‌കറ്റ് വാങ്ങിയ കട കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. അവിടെയുള്ള സിസിടിവി ക്യാമറയിൽനിന്ന് സിബിയുടെ ദൃശ്യം ലഭിച്ചിക്കുകയായിരുന്നു. ഇയാൾ സ്‌കൂട്ടറിൽ ആണ് വന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അന്ന് ഒടുവള്ളി വഴി കടന്നുപോയ നിരവധി സ്‌കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ച് ഒടുവിൽ സിബിയുടെ സ്‌കൂട്ടറിന്റെ നമ്പർ പോലീസ് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ വയനാട്ടിലേക്കു കടന്നതായി അറിയുകയും പിന്നീടു തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടുകയും ചെയ്തത്. വയോധികയുടെ വള പെരുമ്പടവിൽ പണയം വച്ചതായും കണ്ടെത്തി. ഇവിടെയുള്ള സിസിടിവിയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
വിജനമായ സ്ഥലത്തെ വീട്ടിലേക്കു പോകുമ്പോൾ ആർക്കും സംശയം തോന്നാതിരിക്കാൻ ബന്ധു വീട്ടിലേക്ക് പോകുന്ന പ്രീതിക്കു വേണ്ടിയാണ് ഇയാൾ ബിസ്‌കറ്റ് വാങ്ങിയത്. പ്രസ്തുത കടയിൽനിന്നും കയ്യുറയും ഇയാൾ വാങ്ങിയിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വനിതാ ദിനത്തിൽ വയോധികയ്ക്ക് എതിരെ നടന്ന ആക്രമണം പ്രദേശവാസികളെ രോഷാകുലരാക്കിയിരുന്നു. ജനങ്ങൾ പ്രതിഷേധമുയർത്തിയതോടെ തളിപ്പറമ്പ് ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സിഐ വി ജയകുമാർ എസ്‌ഐ പിഎം സുനിൽകുമാർ, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗമായ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കാര്യക്ഷമമായ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കും, എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് കുന്നുംപറമ്പില്‍ ഇടംപിടിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ വിളിച്ചു.
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : പാർലമെന്റിൽ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ക്രിപ്റ്റോകറൻസി ബില്ലിനെപ്പറ്റി ശുഭപ്രതീക്ഷയോടെ ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി : നിർമല സീതാരാമൻ. ക്രിപ്റ്റോ കറൻസി നിരോധനത്തെപ്പറ്റി നാളിതുവരെ സംസാരിക്കാതെയിരുന്ന മന്ത്രി ഈ രംഗത്തെ നൂതനമായ സാധ്യതകൾ സ്വാഗതം ചെയ്യുന്നതായി വെളിപ്പെടുത്തി. സിഎൻബിസി – ടിവി 18 ചാനലിന് നൽകിയ മറുപടിയിലാണ് നിർമല സീതാരാമൻ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോ കറൻസി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വിവരം പുറത്ത് വന്നശേഷം ആദ്യമായാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നത്.
ക്രിപ്റ്റോകറൻസിയെ പറ്റി വിശാലമായ തലത്തിലുള്ള ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാടെടുക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ റിസർവ് ബാങ്കുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എത് തരത്തിലുള്ള ഔദ്യോഗികമായ കറൻസി ആയിരിക്കണം ക്രിപ്റ്റോ കറൻസി എന്നതിനെപ്പറ്റി റിസർവ് ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും . ഈ മേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു കേൾക്കുന്നത്. ലോകം ഈ സാങ്കേതിക വിദ്യയ്‌ക്കൊപ്പം അതിവേഗം കുതിച്ചു മുന്നേറുകയാണ്, ദ്രുത ഗതിയിലുള്ള ഈ വളർച്ച നമ്മൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. നമ്മൾക്ക് അത് ആവശ്യമില്ലെന്ന് പറയാനും കഴിയില്ല. അതിനാൽ തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും വളരെ തുറന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടാവുക .
ഡിജിറ്റൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ഉറ്റുനോക്കി അതേ നിലവാരത്തിൽ തന്നെ നമ്മളും ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലും നിലപാടെടുക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. ക്രിപ്റ്റോ കറൻസിയെ ഒഴിവാക്കുന്ന ഒരു നിലപാട് ഒരിക്കലും ഉണ്ടാവില്ലെന്ന സൂചന ഇപ്പോൾ നൽകാൻ കഴിയുമെന്നും , ഡിജിറ്റൽ ലോകത്തും ക്രിപ്‌റ്റോ കറൻസിയിലും നടക്കുന്ന പരീക്ഷണങ്ങൾ നടത്തുവാനുള്ള വഴികൾ തീർച്ചയായും നമ്മളും നോക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ക്രിപ്റ്റോകറൻസി നിയമനിർമ്മാണത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മന്ത്രി അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു. ഭരണം മെച്ചപ്പെടുത്തുന്നതിനായി ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു .
പുതുമയെയും പുതിയ സാങ്കേതികവിദ്യയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും , ബ്ലോക്ക്ചെയിൻ വളർന്നുവരുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണെന്നും, വെർച്വൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്‌റ്റോകറൻസിയെന്നും , തുറന്ന മനസ്സോടെ പുതിയ ആശയങ്ങൾ വിലയിരുത്തുകയും പര്യവേക്ഷണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കൊപ്പം , ഈ രണ്ട് മന്ത്രിമാരുടെ പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ച തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പല ലോകരാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ലക്ഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിഷേധം നടന്നത്. ബജറ്റ് അവതരണത്തിന് ശ്രമിച്ച കെ.എം. മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചു. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധപ്രകടനം അരങ്ങേറുകയും ഇത് കൈയാങ്കളിയിലും പൊതുമുതല്‍ നശിപ്പിക്കലിലും കലാശിക്കുകയായിരുന്നു.
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തു. വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.
കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയില്‍ സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി വന്നത്. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസ് നിലനില്‍ക്കുമെന്നും അതിനാൽ പ്രതികൾ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ നടി മേനക സുരേഷിന്റെ പേരും. ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം സീറ്റിലാണ് മേനകയുടെ പേരും പരിഗണനയിലുള്ളത്. സുരേഷ് ഗോപി, വി.വി.രാജേഷ് എന്നിവരുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്. ശോഭ സുരേന്ദ്രന്റെ പേര് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇല്ല.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് കോന്നിയിലാണ് പരിഗണിക്കുന്നത്. നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് അറിഞ്ഞ ശേഷമായിരിക്കും ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കുക. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, തൃശൂർ എന്നീ സീറ്റുകളിലും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
കാട്ടാക്കടയിൽ പി.കെ.കൃഷ്‌ണദാസ്, കോഴിക്കോട് നോർത്തിൽ എം.ടി.രമേശ്, മണലൂരിൽ എ.എൻ.രാധാകൃഷ്‌ണൻ, മലമ്പുഴയിൽ സി.കൃഷ്‌ണകുമാർ, നെടുമങ്ങാട് ജെ.ആർ.പത്മകുമാർ, അരുവിക്കരയിൽ സി.ശിവൻകുട്ടി, പാറശാലയിൽ കരമന ജയൻ, ചാത്തന്നൂരിൽ ഗോപകുമാർ എന്നിവരുടെ പേരാണ് അന്തിമ സാധ്യത പട്ടികയിൽ. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും.
രണ്ട് ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡൽഹിയിൽ വച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ രാഹുൽ ഗാന്ധിയോ മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.