കഴക്കൂട്ടത്തേക്ക് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനെയാണ് പരിഗണിക്കുന്നതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് മുന്നിൽ പതറാതെ വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. താൻ വിശ്വാസികൾക്കുവേണ്ടിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രഖ്യാപിച്ചു.
കഴിഞ്ഞ അഞ്ചുവർഷക്കാലം വിശ്വാസികൾക്ക് ദ്രോഹം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളിയ്‌ക്കെതിരായി മത്സരിക്കണമെന്നതാണ് വിശ്വാസികളുടെ പ്രതിനിധിയെന്ന നിലയിൽ തന്റെ നിലപാട്. മത്സരിക്കില്ലെന്ന് മുൻപ് പറഞ്ഞതെന്തുകൊണ്ട് എന്നതല്ല, ഇപ്പോൾ എന്തുകൊണ്ട് മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യമെന്ന് ശോഭ പ്രതികരിച്ചു. വ്യക്തിപരമായ അസൗകര്യമുള്ളതിനാൽ ഇത്തവണ മത്സരത്തിനിറങ്ങുന്നില്ലെന്നായിരുന്നു ശോഭ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നത്.
‘കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നു എന്നത് തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നതിന്റെ സാംഗത്യം. തെരഞ്ഞെടുപ്പായതിനാൽ ഓരോ മിനിറ്റും സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണോ, അതോ മത്സരിക്കാതെ പ്രചരണപരിപാടികളിൽ സജീവമാകുകയാണോ ഉചിതം എന്നുള്ളതെല്ലാം ബിജെപി ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ പലവട്ടം ചർച്ചചെയ്ത് തീരുമാനമെടുത്തതായാണ് മനസിലാക്കുന്നത്. ഇനി അതിൽ ഇടയ്ക്ക് ഇടപെടേണ്ട ആവശ്യമില്ല. ഞാൻ സ്ഥാനാർഥിയായേക്കുമെന്ന വാർത്ത പക്ഷേ ഞാൻ അറിയുന്നത് ടെലിവിഷനിലൂടെയാണ്. കെ സുരേന്ദ്രനോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല’. ശോഭ പറയുന്നു.
ചങ്ങനാശേരി ∙ റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ എറണാകുളം സ്വദേശി പിടിയിൽ. പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന നോർബിൻ നോബിയെ(40) ആലപ്പുഴയിൽ നിന്നാണു ചങ്ങനാശേരി പൊലീസ് പിടികൂടിയത്.
പ്രാർഥനാ ചടങ്ങുകൾക്കിടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോർബിൻ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
പ്രാർഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർഥനയ്ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യിൽ നിന്നു വാങ്ങിയിരുന്നത്. വായ്പയായും ഇയാൾ ഭീമമായ തുക വാങ്ങി.
2 വർഷമായിട്ടും പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു.
ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എഎസ്ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സിപിഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അന്വേഷണം നടത്തിയത്.
ആറിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാരശ്രമങ്ങള്‍ തുടരുന്നു. വട്ടിയൂര്‍ക്കാവില്‍ പി.സി.വിഷ്ണുനാഥാണു പരിഗണനയില്‍. കല്‍പറ്റയില്‍ ടി.സിദ്ദീഖിനു സാധ്യത തെളിഞ്ഞു. അവസാന നിമിഷമാണ് കല്‍പറ്റയിലെ പ്രഖ്യാപനം മാറ്റിവച്ചത്. ആറു സീറ്റുകളിൽ അനിശ്ചിതത്വം നിലനിർത്തിയാണ് 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
നിലമ്പൂർ, കൽപറ്റ, തവനൂർ, വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി എന്നീ 6 മണ്ഡലങ്ങളിലാണു തീരുമാനം മാറ്റിവച്ചത്. ഈ സീറ്റുകളിൽ തിങ്കളാഴ്ച തീരുമാനമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തവനൂരില്‍ റിയാസ് മുക്കോളി, പട്ടാമ്പി– ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍– വി.വി.പ്രകാശ്, കുണ്ടറ– പി.എ.ബാലന്‍ എന്നിവരാണ് പരിഗണനയിൽ.
നേമത്ത് കെ.മുരളീധൻ എംപി മത്സരിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകി. പിണറായി സർക്കാരിന്റെ കുറവുകൾ അക്കമിട്ട് നിരത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് നിരയെ മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.
20 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമ്പോൾ കെ.സി.ജോസഫിനു സീറ്റില്ല. തർക്കം നിലനിന്നിരുന്ന തൃപ്പൂണിത്തുറയിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദഫലമായി കെ.ബാബു വീണ്ടും രംഗത്തിറങ്ങും. പെരിയ ഇരട്ടക്കൊലപാതകം ചർച്ചയായ ഉദുമയില്‍ പെരിയ ബാലകൃഷ്ണനെയാണ് പോരാട്ടത്തിന് നിയോഗിച്ചിട്ടുള്ളത്.
കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ഥികളായേക്കും. ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ ഇറക്കാനാണ് ആലോചന.
പ്രതിഷേധങ്ങള്‍ തുടരുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാല് ദിവസം മാത്രം അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകരുതെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പരാതികളുന്നയിച്ചിരുന്ന മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായും സംസാരിച്ചു. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചതോടെയാണ് ഏകദേശ ധാരണയിലെത്തിയത്.
കുണ്ടറയില്‍ മല്‍സരിക്കുമെന്ന് കരുതിയ പി.സി. വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ ഇറങ്ങും. ഇവിടെ ആദ്യം നിശ്ചയിച്ചിരുന്ന കെ.പി. അനില്‍കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നതും തീരുമാനം മാറ്റാന്‍ കാരണമായി. പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റില്ല. പകരം തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി മല്‍സരിക്കും. നിലമ്പൂരില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിനെ നിര്‍ത്തുമ്പോള്‍ പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് പരിഗണിക്കുന്നത്. എതിര്‍പ്പുകളുണ്ടങ്കിലും ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ നിര്‍ത്താനാണ് ആലോചന. ഇന്ന് വയനാട്ടിലെത്തുന്ന രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായത് അരിത ബാബുവാണ്.
27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
അതേസമയം, അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുക നടന്‍ സലീം കുമാര്‍ നല്‍കും. ഹൈബി ഈഡന്‍ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.
പാല്‍ വിറ്റാണ് അരിതയുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു. അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ പറഞ്ഞു.
ബിജെപി മാനന്തവാടിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയെന്ന് മണിക്കുട്ടൻ. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ സ്ഥാനാർത്ഥിത്വം നിരസിക്കുകയും ചെയ്തു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ എംബിഎക്കാരനാണ് 31കാരനായ മണികണ്ഠൻ.
ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തിൽപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്തതിൽ അഭിമാനമുണ്ട്. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണ്. ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് വിവരം അറിഞ്ഞത്. നേതാക്കൾ ആരും അറിയിച്ചിരുന്നില്ലെന്നും മണികണ്ഠൻ പറയുന്നു.
‘സ്ഥാനാർത്ഥിയായി നിൽക്കാൻ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം’. താൻ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കി.
‘ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാർത്ത കാണുമ്പോഴാണ് സ്ഥാനാർത്ഥിയായ വിവരം ഇദ്ദേഹമറിയുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്ന മണിക്കുട്ടൻ എന്നപേര് കണ്ടപ്പോൾ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബിജെപി ജില്ലാകമ്മിറ്റിയംഗങ്ങൾ വിളിക്കുന്നതും സ്ഥാനാർത്ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബിജെപി സ്ഥാനാർത്ഥിയായി നിയോജകമണ്ഡലത്തിൽ മത്സരിക്കണമോ എന്നകാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാർത്ഥിയാകേണ്ട എന്നാണ് തീരുമാനം’, മണികണ്ഠൻ പറഞ്ഞു .
മണികണ്ഠൻ മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കൾ. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്‌കൂളിലും മാനന്തവാടി ജിയുപി സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.
എംപി സ്ഥാനം രാജി വെക്കാതെയാവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ എംപി.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് ജയിക്കുമെന്നും ഗവണമെന്റ് ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നും മുരളീധരന്‍ പ്രതികരിച്ചു. വര്‍ഗീയതക്ക് എതിരായ തെരഞ്ഞെടുപ്പാകുമിത്.
നേമത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ വളര്‍ച്ചയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ പരസ്യ പ്രതിഷേധമറിയിച്ച ലതിക സുഭാഷിന്റെ നടപടി വികാര പ്രകടനമായേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്ന് പോയി. അവരോട് സംസാരിക്കുന്നതിന് മടിയില്ല. ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയ്ക്ക് വന്‍ അംഗീകാരമുള്ള സ്ഥാനാര്‍ഥി പട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത് സീറ്റ് ലഭിക്കാത്തതുകൊണ്ടാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല.
ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയതാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച്
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഒപ്പം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവച്ചു.
മാത്രമല്ല, സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് രമണി പി നായര്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസുകാരിയായി തുടരുമെന്നും രമണി പറഞ്ഞു.
നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയിൽ വ്യാജവാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻ മരിച്ചതായാണ് ചരമകോളത്തിൽ ജന്മഭൂമി ഫോട്ടോ സഹിതം വാർത്ത നൽകിയിരിക്കുന്നത്.
ജന്മഭൂമിയുടെ തൃശ്ശൂർ എഡിഷനിലാണ് വാർത്ത അച്ചടിച്ചുവന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
അതേസമയം, ബിജെപി മുഖപത്രത്തിന്റേത് മനഃപൂർവ്വമായ നടപടിയാണെന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ ചരമകോളങ്ങളിൽ കാണുന്ന വാർത്തയുടെ മാതൃകയിൽ എല്ലാവ്യക്തി വിവരങ്ങളും ഉൾപ്പെടുത്തിയാണ് വാർത്ത എന്നതിനാൽ തന്നെ അച്ചടി പിശകല്ലെന്ന് വ്യക്തമാണെന്ന് സോഷ്യൽമീഡിയ ആരോപിക്കുന്നു.
കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.
അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.