കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.
കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.
കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.
ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.
രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.
കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.
എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ ശാസിച്ച് സ്പീക്കർ. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോർജ് മോശം പരാമർശം നടത്തിയത്.
എന്നാൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും പി.സി. ജോർജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു.
സോഷ്യൽമീഡിയയിൽ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശി അൻസിയെയാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയിൽനിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അൻസി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യൽമീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി ഒളിച്ചോടിയത്.
കഴിഞ്ഞ 18 മുതൽ അൻസിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയതെന്നും ഭർത്താവ് പറയുന്നു.
റംസി ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സേനയില്‍ അംഗമാകാന്‍ ഒരുങ്ങി തിരുവനന്തപുരത്തുകാരി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പാലോടുകാരിയായ വൈഎസ് യാസിയ.
പോലീസുകാരനായിരുന്ന പിതാവിന്റെ സ്വപ്‌നത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് യാസിയ ഈ പദവിയിലെത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് 13 പേര്‍ക്കായി നടത്തിയ പരീക്ഷകളിലും അഭിമുഖത്തിലും നിന്നാണ് 34-കാരിയായ യാസിയ ഈ പദവിയിലേയ്ക്ക് എത്തിയത്. പോലീസ് സര്‍വീസിലിരിക്കേ രോഗബാധിതനായാണ് യാസിയയുടെ പിതാവ് പാലോട് ഇലവുപാലം വൈഎസ് മന്‍സിലില്‍ എം യഹിയ മരണപ്പെട്ടത്.
പെണ്‍മക്കളില്‍ ഒരാളെയെങ്കിലും പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാക്കുകയെന്നത് യഹിയയുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണ് ഇന്ന് മകള്‍ യാസിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂത്തമകളാണ് യാസിയ. ഇക്ബാല്‍ കോളേജില്‍നിന്നു ബിരുദപഠനം കഴിഞ്ഞ് 2010-ലാണ് യാസിയ പോലീസ് സേനയില്‍ ചേരുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ അവസരമുണ്ടെന്നറിഞ്ഞാണ് അപേക്ഷയയച്ചത്. തുടര്‍ന്ന് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷകളും കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു പരിശീലനത്തിനെത്തിയ 20 പേരില്‍ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 12 പേരായിരുന്നു. അതില്‍ ഒന്നാമതായിരുന്നു യാസിയ. സുബൈലാണ് യാസിയയുടെ മാതാവ്. ഷിബു ഷംസുദീന്‍ ഭര്‍ത്താവും സാറായാസി, ആദംസ്മിത്ത് എന്നിവര്‍ മക്കളുമാണ്.
സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസില് പിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി പറയുന്നു. താഴെ തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മേജര്‍ രവി. ഈ അടുത്ത കാലത്താണ് അദ്ദേഹം ബിജെപിയില്‍ നിന്ന് വിട്ടുമാറാന്‍ തുടങ്ങിയത്.
ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. പങ്കാളി മനോജ് ശ്രീധറാണ് ഇരുവരും വേര്‍പിരിഞ്ഞ കാര്യം അറിയിച്ചത്.
എന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും. സാധാരണ വീടുകളില്‍ ഉള്ള ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് യാതൊരു പ്രശ്‌നങ്ങളും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു.
കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി. ഇരുവര്‍ക്കും രണ്ട് മക്കള്‍ ഉണ്ട്.
ശബരിമല സന്ദര്‍ശനമടക്കമുള്ള വിഷയത്തിന്റെ പേരിലുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി രഹനയെ ബിഎസ്എന്‍എല്‍ പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് പനമ്പിള്ളി നഗറിലെ ക്വാര്‍ടേഴ്സ് ഒഴിയേണ്ടിവന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ രഹനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
”ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹ്നയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, മാതാപിതാക്കള്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നിതിനടയില്‍ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്.
ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തില്‍ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലര്‍ത്തനം. സന്തുഷ്ടരായ മാതാ പിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വ്വം പെരുമാറാന്‍ സാധിക്കൂ. ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഞങ്ങള്‍ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങള്‍ക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങള്‍ക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല.
ഭാര്യ – ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ വ്യക്തിപരമായി പുനര്‍ നിര്‍വചിക്കുകയും, വ്യക്തിപരമായി പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസ്സിച്ച് നിര്‍വ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങള്‍ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേര്‍പിരിയുകയും ചെയ്യുന്നു”.
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പിടിയില്‍. മുരുക്കുംപുഴയിലാണ് സംഭവം. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ ആണ് പോലീസിന്റെ പിടിയിലായത്.
മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് 65കാരന്റെ ഇരയായത്. വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയം നോക്കി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണമാണ് കുട്ടികള്‍ ആരോടും പറയാതെ ഇരുന്നത്.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്. കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വൃദ്ധ ദമ്പതികളുടെ ദാരുണാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.
നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.
ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.
സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം, പഞ്ചായത്തംഗം സിനിമോൾ തടത്തിലാണ് പൊലീസിനെയും കൂട്ടി വീട്ടിലെത്തിയത്.
പിന്നാലെ നാട്ടുകാരുമെത്തി. പൊടിയനെയും അമ്മിണിയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു.
ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.
ജസ്നാതിരോധാനക്കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി.
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.