Kerala

പാലക്കാട് ∙ ബ്യൂട്ടിഷ്യൻ സ്ഥാപനത്തിൽ കയറി വിദ്യാർഥികളുടെ മുന്നിൽ ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ഭർത്താവിന്റെ ശ്രമം. ഭാര്യ ഓടി മാറിയതിനാൽ അപകടം ഒഴിവായി. മലമ്പുഴ തെക്കേ മലമ്പുഴ തോണിക്കടവ് സ്വദേശി ബാബുരാജാണ് (46) ഭാര്യ സരിതയുടെ ദേഹത്തു പെട്രോൾ ഒഴിച്ചത്.

ഇന്നലെ രാവിലെ 11ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യൻ വിദ്യാർഥിയാണു സരിത. സ്ഥാപനത്തിൽ കയറിയ ബാബുരാജ് കന്നാസിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ചെന്നാണു സരിത പൊലീസിനു നൽകിയ മൊഴി. തീപ്പെട്ടി തട്ടിമാറ്റി ഓടി മാറിയതു രക്ഷയായി.

വിദ്യാർഥികളുടെ നിലവിളി കേട്ടു നാട്ടുകാരെത്തിയതോടെ ബാബുരാജ് ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പൊലീസിൽ കീഴടങ്ങിയ ഇയാളെ നോർത്ത് പൊലീസെത്തി അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണു കേസ്. കുടുംബപ്രശ്നമാണു കാരണമെന്നു പൊലീസ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കോടതി കയറുന്നു. കണാതായ ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി.

പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. 2018 മാർച്ച് 22 ന് കാണാതായ ജെസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ, ജെസ്‌ന എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞത്.

അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.

അതിക്രമിച്ച് ക്ലാസ്സിലെത്തി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന് കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശിയായ സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സരിതയുടെ ഭര്‍ത്താവ് ബാബുരാജാണ് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. സരിതയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട ബാബുരാജ് ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തുകയായിരുന്നു.

ശേഷം ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബാബുരാജ് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു.

അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.

ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോം മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

അതേസമയം, പ്രതികൾ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ സ്ഥാനം തെറിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥർക്കാണ്. ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്‌സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികൾ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടിറ്റുവിനു മർദനമേറ്റെന്നു സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനത്തെക്കുറിച്ച് ഫോൺ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടൽ വേഗത്തിലായി.

ടിറ്റു ജെറോമിനു മർദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.

പൊലീസ് സാന്നിധ്യമില്ലാതെ ജയിലില്‍ ജോളിയുമായി സംസാരിക്കണമെന്നായിരുന്നു അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വാദം. ഇത് വിചിത്രമെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് രഹസ്യങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ജോളിയോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നു. ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജയില്‍ അധികാരിയെന്ന നിലയില്‍ വിഷയത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാമെന്ന് കോടതി അറിയിച്ചു. അഭിഭാഷകനെ കാണുന്നതിന് ജയിലില്‍ ജോളിക്ക് നിയന്ത്രണമുണ്ടോ. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളെന്തെങ്കിലും സൂപ്രണ്ടിന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈമാസം 22 ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്ന് സമന്‍സിലൂടെ ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിന് ജോളി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വക്കാലത്ത് പവര്‍ അറ്റോര്‍ണി പോലെയാണെന്നും കിട്ടാനുള്ള പണം തിരികെ വാങ്ങാന്‍ അഭിഭാഷകന് അധികാരമുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജോളി ജയിലിലായതിനാല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട കാര്യമില്ല. അത്തരമൊരു കീഴ്്വഴക്കമില്ലെന്നും സാധാരണക്കാരന്റേതായ മുഴുവന്‍ അവകാശങ്ങളും പ്രതിക്കുണ്ടെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജോളി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ഒരു വക്കീലിനെ കേസില്‍ സാക്ഷിയാക്കി. ഇനി തന്നെയും സാക്ഷിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരാഞ്ഞു. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്സീൻ കയറ്റി അയച്ച് തുടങ്ങി. കൊവിഷീൽഡിന്റെ ആദ്യ ലോഡുകൾ പൂണെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സീൻ കൊണ്ടുപോകുന്നത്. ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സീൻ ഇന്നെത്തും.

ട്രക്കുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാർഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക.ആദ്യ ലോഡ് എയർ ഇന്ത്യാ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗവും വാക്സീൻ കൊണ്ടു പോവും.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ വാക്സീൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സീനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

കേരളത്തിന് ആദ്യ ബാച്ചിൽ 4.35 ലക്ഷം ഡോസ് വാക്സിൻ

കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന്‍ ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും

അധികാര സ്ഥാനത്തേക്ക് ഉയർന്ന സഹോദരി ജാങിനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തരംതാഴ്ത്തിയതായി റിപ്പോർട്ട്. കൊറിയൻ വർക്കേഴ്സ് പാർട്ടിയിലും ഭരണകൂടത്തിലും നിർണായക സാന്നിധ്യമായി ജാങ് മാറുന്നത് ഭീഷണിയായേക്കുമെന്ന തോന്നലിനെ തുടർന്നാണ് കിം വെട്ടിനിരത്തിൽ നടത്തിയതെന്നാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലേക്ക് ജാങിനെ എത്തിക്കുന്നത് തടഞ്ഞ് സെൻട്രൽ കമ്മിറ്റിയിൽ തന്നെ നിലനിർത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ.

2017ൽ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹു‌യ്‌യിക്കുശേഷം ആദ്യമായി കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിച്ച വനിതാനേതാവാണ് ജാങ്. രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ജാങ്ങിനെ പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കിയത് ഇതിനകം തന്നെ വാർത്താപ്രധാന്യം നേടുകയും ചെയ്തു.

ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ തുടങ്ങിയവരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന സൂചനകൾ.

പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യന്‍ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

രണ്ടായിരത്തിലാണ് അഭിലാഷ് ടോമി നാവിക സേനയില്‍ ചേര്‍ന്നത്. 2013ല്‍ പായ്വഞ്ചിയില്‍ ഒറ്റയ്ക്കു ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന് രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിലെ മികവിന് ടെന്‍സിങ് നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലില്‍ മുംബൈയില്‍ തന്നെ തിരിച്ചെത്തി.

42 വയസായ അഭിലാഷ് പായ്വഞ്ചി ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകാനാണ് വിരമിച്ചത്. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ മല്‍സരം പൂര്‍ത്തിയാക്കണമെന്നും വിരമിക്കലിനോട് പ്രതികരിച്ച് അദ്ദേഹം വ്യക്തമാക്കി.

2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി സഞ്ചാരത്തില്‍ പങ്കെടുത്ത അഭിലാഷ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയായിരുന്നു അപകടം.

ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. നടുവിന് പരുക്കേറ്റ അഭിലാഷ് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. നാവികസേനയിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും സെയിലിങ്ങിലേക്ക് തിരിച്ചെത്താനായാരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. നിരവധി അന്താരാഷ്ട്ര സെയിലിങ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊച്ചി കണ്ടനാട് വെല്യാറ വീട്ടില്‍, നാവികസേന റിട്ട. ലഫ്. കമാന്‍ഡര്‍ വി.സി.ടോമിയുടെയും വല്‍സമ്മയുടെയും മകനാണ്.

മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.

തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,’ മമ്മൂട്ടി കുറിച്ചു

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ,’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ പരാർമശത്തിൽ മാപ്പുപറഞ്ഞ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തന്റെ വാക്കുകൾ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാൽ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോൾ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാൻ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പരസ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു.’- പിസി ജോർജ് പറഞ്ഞു.

തുടർന്നങ്ങോട്ട് ഒറ്റക്കെട്ടായി പോകുമെന്നും അല്പം മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ താൻ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നുവെന്നും പിസി ജോർജ് സ്വയം വിമർശനം നടത്തി.ഈരാറ്റുപേട്ടയിലെ മുസ്ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പിസി ജോർജ്ജിന്റെ വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നത്. മുസ്ലീങ്ങൾ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം.

Copyright © . All rights reserved