Kerala

യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4മാസം) എന്നിവരാണു മരിച്ചത്.

കടപ്പുറത്തോടു ചേര്‍ന്നു തന്നെയാണു കൂട്ടമരണം നടന്ന വീട്. അയല്‍വാസികളാണു മരണവിവരം പൊലീസില്‍ വിവരമറിയിച്ചത്. വിനീതയുടെ ഭര്‍ത്താവ് സനല്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ രാത്രി വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്കു വിഷം നല്‍കിയ ശേഷം വിനീത ജീവനൊടുക്കുകയായിരുന്നുവെന്നാണു നിഗമനം.

വീടിന്റെ ഹാളില്‍ ഉറങ്ങിയിരുന്ന താന്‍ രാവിലെ മത്സ്യബന്ധനത്തിനു പോകാന്‍ വസ്ത്രം മാറുന്നതിനു മുറിയിലെത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടതെന്നു സനല്‍ പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും വിനീത സമീപത്തു തന്നെ തൂങ്ങിയ നിലയിലുമായിരുന്നു.

വിനീത എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബപ്രശ്‌നങ്ങളാണു പ്രേരണയായതെന്നാണു സൂചനയെന്നും പൊലീസ് പറഞ്ഞു. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും.

കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.

മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത പിന്‍വലിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിര്‍ദേശത്തിലെ മാറ്റം.

വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് ബുറെവി കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.

അടുത്ത 3 മണിക്കൂറില്‍ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയാണ് സഞ്ചരിക്കുന്നത്.

അതിതീവ്ര ന്യൂനമര്‍ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.

ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.

കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.

വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.

വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.

ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..

ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും

ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. അര്‍ധരാത്രിക്കുശേഷം രാമനാഥപുരത്തിനും തൂത്തുക്കുടിക്കുമിടയില്‍ കരയിലെത്തും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. കേരളത്തിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകും എന്നാണ് അനുമാനം.

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാണ്. ദുരന്ത നിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് ‌ അവധി ബാധകമല്ല.

തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍കലക്ടര്‍മാരും താലൂക്കുകളില്‍തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.

സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.വിവിധ സേനാവിഭാഗങ്ങളുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2891 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരെ സഹായിക്കാന്‍ സെക്രട്ടറിമാരെയും നിയോഗിക്കും. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം രാവിലെ പത്തുമുതല്‍ ആറുവരെ അടച്ചിടും. എറണാകുളം വരെ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. അതിതീവ്രമായി മഴ പെയ്താല്‍ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.

ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.

ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.

നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.

എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്?  എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.

അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.

പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.

അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.

ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് നിര്‍ത്തിവയ്ക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.

തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

Copyright © . All rights reserved