ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ്. പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനാലാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതെന്ന് പിസി പറഞ്ഞു.

ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ട് ചോദിച്ച് എത്തിയപ്പോള്‍ പി.സി.ജോര്‍ജിന് നേരെ ചിലര്‍ കൂക്കി വിളിച്ചിരുന്നു. നിന്റെയൊന്നും വോട്ട് വേണ്ടട എന്നും കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞിരുന്നു. കൂവിയ നാട്ടുകാരോട് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി.സി. മറുപടി പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും.

നിന്റെയൊക്കെ വീട്ടിലെ കാരണവന്മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞു. അസഭ്യം പറഞ്ഞ നാട്ടുകാരെ നോക്കി തിരിച്ചു പിസി അസഭ്യം പറയുകയും ചെയ്തു.