രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക.
വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്.
അതേ സമയം കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ ഉപയോഗത്തിന് ശിപാർശ ചെയ്തു.
വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശിപാർശ.വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശിപാർശയിൽ തീരുമാനം എടുക്കും.
തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറി ബസ് മറിയുകയായിരുന്നു. 19 യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടം നടന്നയുടൻ നാട്ടുകാർ ഇടപെട്ടു. യാത്രക്കാരെ പല വണ്ടികളിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയത് നാട്ടുകാരാണ്. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് മണ്ണുത്തി പൊലീസ് എത്തി ഗതാഗതം സാധാരണ നിലയിലാക്കി.
മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.
പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതേസമയം അമൃത പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം ഗായകനും വോക്കലിസ്റ്റുമായ സാംസണ് സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് ക്യാപ്ഷനായി ഞങ്ങടെ സംസണ് എന്നായിരുന്നു ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ആ ബാല എത്ര ഭാഗ്യവാന് ആണ് ഈ മാരണം തലയില്‍ നിന്ന് പോയതിന് ദൈവത്തോട് നന്ദി പറയണം ബാല എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്റുകള്‍. ഇതിന് പ്രതികരണമൊന്നും ഗായികയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മലയാളിയുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അൻപതാം ജന്മദിനമാണിന്ന്. മറ്റൊരു നടന്റെ വിയോഗത്തിലും കേരളം ഇത്രമാത്രം കണ്ണീരണിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഒരു നടനും കിട്ടാത്ത വിടവാങ്ങലിനാണ് 2016ൽ കേരളം സാക്ഷ്യം വഹിച്ചത്. പുതുവർഷദിനത്തിൽ ജനിച്ച മണിയുടെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്.
കലാഭവൻ മണിയുടെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വിഡിയോയിലൂടെ കൊണ്ടുവരുന്നു.ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമാ പ്രേമികളെയും കണ്ണീരിലാഴ്ത്തും. മലയാളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ. വിഡിയോ കാണാം.
പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പതിവായി പാല് നല്‍കിയിരുന്ന അയല്പക്കത്തെ വീടിന്റെ മതിലില്‍ രണ്ട് കുറിപ്പുകളാണ് മരിക്കുന്നതിനു മുന്‍പ് ബിജു എഴുതിവച്ചിരുന്നത്.
ഒന്ന് അയല്പക്കത്തെ വീട്ടമ്മയ്ക്കും മറ്റൊന്ന് എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറിക്കും. കത്തുകളിലൊന്നില്‍ അമ്പിളിയുടെ താലിയും മകള്‍ ആദിത്യയുടെ രണ്ട് കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. ‘ഞങ്ങള്‍ പോവുകയാണ്’ എന്നും ‘ശവസംസ്കാരത്തിനുള്ള പണം സ്വര്‍ണം വിറ്റ് ഉണ്ടാക്കണം’ എന്നും കത്തില്‍ എഴുതിയിരുന്നു.
വീടിന്റെ ഭിത്തിയില്‍ പലയിടത്തും ‘മൃതദേഹങ്ങള്‍ ആരേയും കാണിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച ഡയറിയില്‍ പണം നല്കാനുള്ളതും കിട്ടാനുള്ളതുമായ വിവരങ്ങളും ബിജു എഴുവച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചിട്ടിനടത്തിയും പശുവിനെ വളര്‍ത്തിയും കുടുംബം പുലര്‍ത്തിയ ബിജു, കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ചിട്ടിയില്‍ പണമിറക്കിയവരും കടം നല്കിയവരും പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.
31-നകം പണം തിരിച്ചുനല്‍കാമെന്ന് ബിജു പലരോടും വാക്കു പറഞ്ഞിരുന്നതായും കേള്‍ക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കള്‍ അടുത്തുതന്നെ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.
ചേലാമറ്റത്ത് എം.സി. റോഡില്‍ നിന്ന് കുന്നേക്കാട്ടു മലയിലേക്കുള്ള വഴിയാണ് ഇവരുടെ വീട്. കുടുംബം വകയായി ലഭിച്ച പത്തര സെന്റ് സ്ഥലത്ത് 10 കൊല്ലം മുന്‍പാണ് ബിജു വീടുവച്ചത്. വീടിന് പിന്നിലെ തൊഴുത്തില്‍ മൂന്ന് പശുക്കളെ വളര്‍ത്തിയിരുന്നു.
ബുധനാഴ്ച രാത്രി 11 മണി വരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് അടുത്ത് താമസിക്കുന്ന അനുജനുമായി അതിര്‍ത്തിയില്‍ നില്ക്കുന്ന മാവിന്റെ ചില്ല വെട്ടുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇരുവരേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു.
മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2 ഒടിടി റിലീസായി എത്തും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവത്സര ദിനത്തിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ ആഗോള പ്രീമിയർ ഞങ്ങളിലൂടെ എന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തീയ്യേറ്ററിലെത്തി കാണാമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയായിരുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനത്തോടൊപ്പം മോഹൻലാലും ആമസോൺ പ്രൈം വീഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ചിത്രത്തിൽ ആദ്യഭാഗത്തിലെ താരങ്ങളോടൊപ്പം മുരളി ഗോപി, സായ്കുമാർ തുടങ്ങിയവർ കൂടി എത്തും. ദൃശ്യത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ, എന്നിവരെല്ലാം ദൃശ്യം2വിലും ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.
‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോറന്‍സിക് വിദഗ്ധനായ കൃഷ്ണന് ബാലേന്ദ്രന്.
അഭയ കേസിന്റെ വിധി നിര്‍ണയിച്ചത് രണ്ടു കന്യാസ്ത്രീകളുടെ ദേഹപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രപരമായ തെളിവുകളാണ്. ഇതില്‍ ഒന്നില്‍ മെഡിക്കല്‍ തെളിവുകളേക്കാള്‍ സാക്ഷിമൊഴിക്കു കോടതി പ്രാധാന്യം നല്‍കിയെന്നും രണ്ടാമത്തേത് തീര്‍ത്തും അശാസ്ത്രീയാണെന്നും കൃഷ്ണന് ബാലേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണന് ബാലേന്ദ്രന് ഇക്കാര്യം പറഞ്ഞത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിന്റെ വിധി നിര്‍ണയിച്ച ഒന്നാമത്തെ മെഡിക്കല്‍ തെളിവ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ മൃതദേഹം ഫോട്ടോയെടുത്തയാളുടെ മൊഴിയാണ് കോടതി വിശ്വസിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലോ ഒന്നും ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ല. വിധിയില്‍ എടുത്തു പറയുന്ന ഡോ. കന്തസ്വാമിയുടെ മൊഴിയിലെ നിര്‍ണായകമായ പലതും തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാവും.
വിധിയില്‍ പറഞ്ഞിരിക്കുന്ന, രണ്ടു ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മിക്കതും അശാസ്ത്രീയവും അപ്പാടെ തെറ്റുമാണ്. ശാസ്ത്രീയതയുടെ അളവുകോല്‍ പോയിട്ട്, സാമാന്യ ബുദ്ധിയുടെ പരിശോധനയില്‍ പോലും നില്ക്കാത്തവയാണ് അവയെന്ന് കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടും കന്യാചര്‍മ പരിശോധനാ ഫലവുമാണ് രണ്ടാമത്തെ മെഡിക്കല്‍ തെളിവുകള്‍. സിബിഐ ആവശ്യപ്പെട്ട പ്രകാരം നാര്‍ക്കോ അനാലിസിസിന് വിധേയയാവും മുമ്പ് കൂടുതല്‍ വിശ്വസനീയമായ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഫിംഗര്പ്രിന്റിങ്ങിനും സിസ്റ്റര്‍ സെഫി വിധേയയായിരുന്നു.
ഈ രണ്ടു പരിശോധനകളിലും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട യാതൊന്നും കിട്ടിയില്ല. അതിനു ശേഷമാണ്, കൂടുതല്‍ ഭാവനാത്കകത നിറഞ്ഞതും കൃത്രിമത്വത്തിനു സാധ്യതയുമുള്ള നാര്‍ക്കോ അനാലിസിസിന് അവരെ വിധേയയാക്കിയത്.
നിരന്തരമായ എഡിറ്റിങ്ങിനു വിധേയമാക്കിയ ആ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിസ്റ്റര്‍ സെഫിയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് പൊതുബോധം നിര്‍മിച്ചെടുക്കുകയായിരുന്നെന്ന് കൃഷ്ണന് ബാലേന്ദ്രന് കുറിപ്പില്‍ പറയുന്നു. ഒടുവില്‍ സ്വന്തം നിരപരാധിത്വം സ്ഥാപിച്ചെടുക്കാനായി, സിബിഐ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ കന്യകാത്വ പരിശോധനയ്ക്കും തയാറായി.
ആധുനിക പൗര സമൂഹത്തില്‍ ഒരിടത്തും നടക്കാത്ത പരിശോധനയാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന് മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുടെ ‘വിദഗ്ധ’ സംഘമാണ് അവരെ പരിശോധിച്ചത്.
പരിശോധനയില്‍ അവരുടെ കന്യാചര്‍മം കേടുപാടൊന്നും കൂടാതെ അക്ഷതമായ നിലയില്‍ കണ്ടിരുന്നു. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു റിപ്പോര്‍ട്ട് നല്‍കുകയാണ് പരിശോധന നടത്തിയവര്‍ ചെയ്തത്.
‘വിദഗ്ധ’ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി കാണുകയോ അതില്‍ സഹായിക്കുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തിട്ടുള്ളവരല്ലെന്ന്, കൃഷ്ണന് ബാലേന്ദ്രന് പറയുന്നു.
ഹൈമനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത് എന്നുപോലും അറിയാത്ത, അങ്ങനെയുള്ള ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍ക്ക് കേടുപാടില്ലാത്ത കന്യാചര്‍മം കണ്ടപ്പോള്‍ അത് ഹൈമനോപ്ലാസ്റ്റി ചെയ്തതാണെന്നു പറയാന്‍ കഴിഞ്ഞു.
അവര്‍ കണ്ട സത്യത്തെ തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്കു യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവയ്ക്കുകയാണ് ചെയ്തത്. ഈ അഭിപ്രായം കോടതിയില്‍ എത്തുന്നതിനു മുമ്പു തന്നെ തല്‍പ്പരകക്ഷികള്‍ സിസ്റ്റര്‍ സെഫിയെ തെറ്റായി ജീവിക്കുന്നവളും പെരുങ്കള്ളിയും ആയി പൊതുമണ്ഡലത്തില്‍ ചിത്രീകരിക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.
മരുന്ന് വാങ്ങിക്കാനായി ഇളയ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് ഷെഹനുൽ ഉസ്ന മരുന്ന് വാങ്ങിക്കാൻ പോയത്, ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നു; ഇതുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്നയെയാണ് രണ്ടുമാസം മുൻപ് ഒക്ടോബർ 29ന് രാവിലെ കാണാതായത്. കാണാതായ അന്നുതൊട്ട് പോലീസ് സ്റ്റേഷനിൽ നിരന്തരം കയറി ഇറങ്ങുന്ന ഷെഹനുലിന്റെ ഭർത്താവ് സൗമേഷിനെ വിവരം കിട്ടിയാൽ അറിയിക്കാം എന്ന വാക്കിനപ്പുറത്തേക്ക് ഒരു വിവരം നൽകാൻ പോലീസും തയ്യാറല്ല.
ഷെഹനുലിനെ കാണാതായ അന്നുതൊട്ട് കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും. പതിനൊന്ന് മാസം പ്രായമായ ഇളയകുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി കിടത്തിയാണ് ഷെഹനുൽ പോയത്. ഇപ്പോൾ ഉമ്മയെന്ന് അവ്യക്തമായി ഉച്ചരിച്ച് കരയുന്ന ഒരു വയസുകാരനായിരിക്കുന്നു ഈ കുഞ്ഞ്. മൂന്നും അഞ്ചും വയസുള്ള രണ്ട് മൂത്ത കുട്ടികളും ഷെഹനുൽ-സൗമേഷ് ദമ്പതികൾക്കുണ്ട്. മൂന്ന് പിഞ്ചുപൈതലുകളേയും മാറോട് അടക്കി പിടിച്ച് അവരുടെ ഉമ്മയ്ക്കായി കാത്തിരിക്കുകയാണ് സൗമേഷ്.
സൗമേഷും ഷെഹനുലും ആറുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹം കഴിച്ച ഷെഹനുൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടായതെന്ന് സൗമേഷം പറയുന്നു. എങ്ങനെയെങ്കിലും ഷെഹനുലിനെ കമ്ടെത്തി തരണമെന്നും അവൾ തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് എന്നും സൗമേഷ് പറയുന്നു.
ഷെഹനുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും ഷെഹനുലിനെ കണ്ടെത്തിയാൽ പോലീസിൽ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യർഥന.
പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ 16കാരിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയെ പോലീസെത്തി മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ ലക്ഷങ്ങൾ നൽകിയാണ് ഇടനിലക്കാർ മുഖേനെ പെൺകുട്ടിയെ കണ്ടെത്തിയതും വിവാഹം ചെയ്തതും.
വിവാഹം നടത്താനായി അബ്ദുൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനും വീതിച്ചുനൽകി.
പെൺകുട്ടിയുടെ പിതൃസഹോദരിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്. വിവാഹം ചെയ്ത അബ്ദുൽ ലത്തീഫിനെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പോക്സോ നിയമപ്രകാരം വരനെതിരെ പോലീസ് കേസെടുത്തു.
ഇയാൾക്കെതിരെ ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.
പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് കിടപ്പ് രോഗിയാണ്. ഈ ദുരിതാവസ്ഥ മുതലെടുത്താണ് ബന്ധുവായ സ്ത്രീ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പോലീസിൽ പരാതി നൽകിയത്.