Kerala

റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാപോലീസ് മെയിൽ അയച്ചിരിക്കുന്നത്. ഇഡിയുടെ റെയ്ഡിൽ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു പോലീസിന്റെ നടപടി.

പിന്നീട്, റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൂജപ്പുര സിഐ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിലിൽ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും അവരുടെ മൊഴി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ബിനീഷിന്റെ ഭാര്യാപിതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതിയും അയച്ചിട്ടുണ്ട്. തന്റെ മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും ആ പരാതിയിൽ പറയുന്നു. രാത്രിയോടെ വീട്ടിൽ നിന്നും തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്നും ്‌ദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.‍ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.

നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.

കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാ‍ഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാ‍ഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീ‍ഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയാണ് നടനെതിരെ പരാതി നല്‍കിയത്.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്. കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് വേഷമിട്ടിട്ടുണ്ട്.

വാളയാർ കേസിലെ പ്രതിയായിരുന്ന ആൾ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് ആണ് ജീവനൊടുക്കിയത്.

ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. നേരത്തെ, പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രദീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ രോഷം ഉയരുകയും സർക്കാർ കേസിൽ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.

കേസ് പുനരന്വേഷിക്കുന്നതിനായി അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. മരിച്ച പെൺകുട്ടികളും മാതാപിതാക്കൾ സമരവും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എടത്വ: വളർത്ത് നായ്ക്ക് ബെൽറ്റ് മേടിച്ചപ്പോൾ ‘ 11 ലക്ഷം’രൂപ ‘ഭാഗ്യ’ സമ്മാനമായി എത്തി.ചില മാസങ്ങൾക്ക് മുമ്പ് ഇളയ മകൻ ദാനിയേലിൻ്റെ താത്പര്യ പ്രകാരം വളർത്ത് നായ്ക്ക് കഴുത്തിൽ അണിയുന്ന ബെൽറ്റ് ‘സ്നാപ്ഡീൽ ‘ കമ്പിനിയിൽ നിന്ന് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള വാങ്ങിയത്.

കഴിഞ്ഞ ദിവസം ഒരു കവർ തപാലിൽ കൽക്കട്ടയിൽ നിന്നും എത്തി.കവറിനുള്ളിൽ ഉണ്ടായിരുന്ന വിശദമായ അറിയിപ്പുകൾ അടങ്ങിയ കത്തിനോടൊപ്പം 2 കൂപ്പണുകൾ ഉണ്ടായിരുന്നു.സ്ക്രാച്ച് ആന്റ് വിൻ എന്ന പദ്ധതിയിലൂടെ നേടുന്നതിന് ഉള്ള കൂപ്പൺ ആയിരുന്നു കവറിനുള്ളിൽ .സ്നാപ്ഡീൽ കമ്പിനിയിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുള്ളതിനാലും യാതൊരു വിധ സംശയങ്ങൾ ഉണ്ടാകാത്ത വിധം ഉള്ള അറിയിപ്പ് ആയിരുന്നു കവറിനുള്ളിലെ നോട്ടീസിൽ പ്രതിപാദിച്ചിരുന്നത്.കൂടുതൽ വിവരം അറിയാൻ ഒരു ‘ഹെൽപ് ലൈൻ’ നമ്പരും.ചുരണ്ടി നോക്കിയപ്പോഴേക്കും 11 ലക്ഷം രൂപ ‘ഭാഗ്യ സമ്മാനം ‘

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഓൺ ലൈൻ തട്ടിപ്പിന്റെ യഥാർത്ഥ മുഖം വ്യക്തമായത്.പലരും മാറി മാറി അദ്ദേഹത്തെ വിളിക്കുവാൻ തുടങ്ങി. ഇംഗ്ലീഷും ഹിന്ദിയും കലർന്ന വാചാലമായ സംസാരം.”ആപ് ഹമാരാ ഗോൾഡൻ കസ്റ്റമർ ലിസ്റ്റ് മെ ആയാ ”.തൊട്ടടുത്ത ദിവസം തന്നെ 11 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഉടൻ തന്നെ അക്കൗണ്ട് നമ്പർ കൊടുക്കണമെന്നും ജി.എസ്.ടിയായുള്ള അയ്യായിരം രൂപ ഉടൻ അവർ നല്കുന്ന അക്കൗണ്ടിലേക്ക് ‘ അടയ്ക്കണമെന്നും ആവശ്യപെട്ടു. ഫോൺ വിളികൾ തുടർന്നു.11 ലക്ഷം രൂപായിൽ നിന്നും ജി.എസ്.ടിയായുള്ള തുക കുറവ് ചെയ്തിട്ട് അക്കൗണ്ടിലേക്ക് അയച്ചാൽ മതി എന്ന് സാമൂഹ്യ പ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള മറുപടി നല്കിയപ്പോൾ വിളിയുടെ ആവേശം കുറഞ്ഞു.

ഒടുവിൽ സ്നാപ്ഡീൽ കമ്പിനി അധികൃതരുമായി ബന്ധപെട്ട് തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ചു.അങ്ങനെ യാതൊരു വിധ പദ്ധതികളും കമ്പിനിക്ക് ഇല്ലെന്നും ഇതുപോലെയുള്ള ഒരു ഓഫറുകളിലും കസ്റ്റമേഴ്സ് ബാങ്ക് വിവരങ്ങൾ നല്കരുതെന്നും കമ്പിനി അധികൃതർ വ്യക്തമാക്കി..

ഒരു ദിവസം നിരവധി പേർക്കാണ് ഓൺലൈനിലൂടെ സാധനങ്ങൾ എത്തുന്നത്.സമാനമായ നിലയിൽ ഉള്ള ധാരാളം തട്ടിപ്പുകൾ ആണ് ഇപ്പോൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത്.രാജ്യവ്യാപകമായി നൂറു കണക്കിന് വ്യക്തികൾ ഇവരുടെ കെണിയിൽ വീഴുന്നുണ്ടെങ്കിലും ആരും പുറത്തു പറയാത്തതുമൂലവും നിയമനടപടികൾ സ്വീകരിക്കാത്തതു മൂലവും വർദ്ധിച്ചു വരികയാണ്.

സമാന്തരമായി പ്രവർത്തിക്കുന്ന ഇത്തരം വ്യാജ കമ്പിനികൾ തപാൽ വകുപ്പിനെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന് പരാതി നല്കി.

കൂടാതെ അനധികൃതമായി പ്രവർത്തിച്ചു വരുന്ന കമ്പനി നേടിയെടുത്തിരിക്കുന്ന പ്രി പെയ്ഡ് പോസ്റ്റൽ ഫെസിലിറ്റി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ബംഗാൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, പി.എം.ജി, ഡയറക്ടർ എന്നിവർക്കും പരാതി നല്കി.

കൊച്ചി : സംസ്‌ഥാനത്ത്‌ കോവിഡ്‌ പാരമ്യഘട്ടം പിന്നിട്ടതായി സൂചന. നൂറുപേരെ പരിശോധിക്കുമ്പോള്‍ 11.22 ശതമാനമായി ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറഞ്ഞതാണ്‌ ആശ്വാസമായത്‌. കഴിഞ്ഞ മാസത്തില്‍ തന്നെ 18 % പോസിറ്റിവിറ്റി രേഖപ്പെടുത്തിയതില്‍നിന്നാണ്‌ ഇത്രയും കുറഞ്ഞത്‌.

തിങ്കളാഴ്‌ച പോസിറ്റിവിറ്റി നിരക്ക്‌ 12.41 ശതമാനമായിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക്‌ ഒരു ശതമാനത്തോളം കുറഞ്ഞു. ഇന്നലെ 61138 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 11.22 % ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്‌. തിങ്കളാഴ്‌ച 33345 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 12.41 ശതമാനമായിരുന്നു പോസിറ്റിവിറ്റി. പരിശോധന ഇരട്ടിയോളമാക്കിയപ്പോഴും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി കുറഞ്ഞതാണ്‌ സംസ്‌ഥാനം കോവിഡ്‌ പീക്ക്‌ പിന്നിട്ടുവെന്ന സൂചന നല്‍കുന്നത്‌. സംസ്‌ഥാനത്ത്‌ ഒക്‌ടോബറില്‍ പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നനിലയില്‍ എത്തുമെന്നും പിന്നീട്‌ താഴുമെന്നുമായിരുന്നു വിലയിരുത്തല്‍.

പോസിറ്റിവിറ്റി നിരക്ക്‌ പത്തിനു താഴേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ച്ചിട്ടുള്ളത്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കൂടരുതെന്നാണ്‌.
ഇന്നലെ 6862 പേര്‍ക്കാണ്‌ പുതുതായി രോഗബാധ കണ്ടെത്തിയത്‌. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കുറഞ്ഞതും ആശ്വാസകരമാണ്‌. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്‌.
സംസ്‌ഥാനത്താകെ 84,714 പേരാണ്‌ ചികിത്സയിലുള്ളത്‌. ഒരു ജില്ലയിലും 10000 മുകളില്‍ രോഗികളില്ല. തിരുവനന്തപുരം ഉള്‍പ്പെടെ രോഗവ്യാപനമുണ്ടായ സ്‌ഥലങ്ങളില്‍ സ്‌ഥിതി നിയന്ത്രണവിധേയമായെന്നാണു വിലയിരുത്തല്‍. ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണത്തിലും കുറവുണ്ട്‌. ഇന്നലെ നാല്‌ ഹോട്ട്‌ സ്‌പോട്ടുകളാണ്‌ കണ്ടെത്തിയത്‌. തിങ്കളാഴ്‌ച അഞ്ചു ഹോട്ട്‌ സ്‌പോട്ടുകളാണ്‌ ഉണ്ടായിരുന്നത്‌.

Copyright © . All rights reserved