കൊച്ചി : സംസ്‌ഥാനത്ത്‌ കോവിഡ്‌ പാരമ്യഘട്ടം പിന്നിട്ടതായി സൂചന. നൂറുപേരെ പരിശോധിക്കുമ്പോള്‍ 11.22 ശതമാനമായി ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറഞ്ഞതാണ്‌ ആശ്വാസമായത്‌. കഴിഞ്ഞ മാസത്തില്‍ തന്നെ 18 % പോസിറ്റിവിറ്റി രേഖപ്പെടുത്തിയതില്‍നിന്നാണ്‌ ഇത്രയും കുറഞ്ഞത്‌.

തിങ്കളാഴ്‌ച പോസിറ്റിവിറ്റി നിരക്ക്‌ 12.41 ശതമാനമായിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക്‌ ഒരു ശതമാനത്തോളം കുറഞ്ഞു. ഇന്നലെ 61138 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 11.22 % ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്‌. തിങ്കളാഴ്‌ച 33345 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 12.41 ശതമാനമായിരുന്നു പോസിറ്റിവിറ്റി. പരിശോധന ഇരട്ടിയോളമാക്കിയപ്പോഴും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി കുറഞ്ഞതാണ്‌ സംസ്‌ഥാനം കോവിഡ്‌ പീക്ക്‌ പിന്നിട്ടുവെന്ന സൂചന നല്‍കുന്നത്‌. സംസ്‌ഥാനത്ത്‌ ഒക്‌ടോബറില്‍ പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നനിലയില്‍ എത്തുമെന്നും പിന്നീട്‌ താഴുമെന്നുമായിരുന്നു വിലയിരുത്തല്‍.

പോസിറ്റിവിറ്റി നിരക്ക്‌ പത്തിനു താഴേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ച്ചിട്ടുള്ളത്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കൂടരുതെന്നാണ്‌.
ഇന്നലെ 6862 പേര്‍ക്കാണ്‌ പുതുതായി രോഗബാധ കണ്ടെത്തിയത്‌. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കുറഞ്ഞതും ആശ്വാസകരമാണ്‌. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്‌.
സംസ്‌ഥാനത്താകെ 84,714 പേരാണ്‌ ചികിത്സയിലുള്ളത്‌. ഒരു ജില്ലയിലും 10000 മുകളില്‍ രോഗികളില്ല. തിരുവനന്തപുരം ഉള്‍പ്പെടെ രോഗവ്യാപനമുണ്ടായ സ്‌ഥലങ്ങളില്‍ സ്‌ഥിതി നിയന്ത്രണവിധേയമായെന്നാണു വിലയിരുത്തല്‍. ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണത്തിലും കുറവുണ്ട്‌. ഇന്നലെ നാല്‌ ഹോട്ട്‌ സ്‌പോട്ടുകളാണ്‌ കണ്ടെത്തിയത്‌. തിങ്കളാഴ്‌ച അഞ്ചു ഹോട്ട്‌ സ്‌പോട്ടുകളാണ്‌ ഉണ്ടായിരുന്നത്‌.