കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വ്യാപാര സ്ഥാപനത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ ജനത്തിരക്കിനിടയാക്കി. വിവരമറിഞ്ഞ് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.
ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരസഭ നല്‍കിയ മുന്നറിയിപ്പുകള്‍ സ്ഥാപനം ലംഘിച്ചിരുന്നു.
പോത്തീസിലെ 17 പേര്‍ക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കല്‍ നടപടി
ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി അതില്‍ച്ചാടി ആത്മഹത്യക്കുശ്രമിച്ച വയോധികന്‍ മരിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ ആണ് മരിച്ചത്.
പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് 72കാരന്‍ മരിച്ചത്. എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ സുധയും ഏകമകന്‍ ഹരിയും രോഗബാധിതരായി പത്തുവര്‍ഷംമുന്‍പ് മരിച്ചിരുന്നു.
തുടര്‍ന്ന് രാഘവന്‍ നായര്‍ തനിച്ചായിരുന്നു താമസം. തലവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.അരുവിത്തറ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഖജാന്‍ജിയും എക്‌സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിക്ക് ചുട്ട മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബികടലില്‍ എറിയണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇതിന് മറുപടിയായി അറബി കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുകയെന്നും ഹരീഷ് പറഞ്ഞു.
നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…
ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു.
ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം നടന്നത്. ഇതേകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്‌നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നെന്നും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് മകൻ ആബിദിനെതിരെ ഹംസ പോലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിലും കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി.
ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടു വീണത്. ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഡിപി സ്ഥാനാർത്ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സ്ഥാനാർത്ഥിയായ മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസ് പറഞ്ഞു.
പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് 100 കോടിയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടി തുടങ്ങിയിരിക്കുന്നത്.
ബോധപൂര്‍വ്വം സമൂഹമധ്യേ അപകീര്‍ത്തിപെടുത്താന്‍ വാര്‍ത്ത ചമക്കുകയായിരിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കടുത്ത നിയമ നടപടിയുമായി ലുലുഗ്രൂപ്പ് നീങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് വ്യാജവാര്‍ത്ത നല്‍തിയതിന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമ നടപടികള്‍ നടക്കുന്നത്.
വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാദമായ സ്വര്‍ണകടത്തില്‍ പിടികൂടിയ സ്വര്‍ണം യൂസഫിലയുടെ ബന്ധുമുഖേനെ യു എ ഇലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്ത.
ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് മടങ്ങാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.
ബ്രിട്ടനിലെ മലയാളി വ്യവസായിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ നേരത്തെ ഷാജന്‍ സ്‌കറിയ ഒരു കോടിയലധികം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. പരസ്യം നല്‍കാത്തതിന്റെ പേരില്‍ തന്റെ സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളി വ്യവസായി ബ്രിട്ടനിലെ കോടതിയെ സമീപിച്ചേെതാടെയാണ് ഷാജന്‍ സ്‌കറിയയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത. നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സി കാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഒാടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
‘പട്ടി ചത്താൽ നിനക്ക് എന്താടാ…’ കൺമുന്നിൽ കൊല്ലാക്കൊല നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത അഖിൽ എന്ന യുവാവിനോട് കാറിനുള്ളിൽ നിന്നും ഇറങ്ങിയ വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ നിന്നു തന്നെ മനപ്പൂർവം ചെയ്ത പ്രവൃത്തിയാണെന്ന കാര്യം വ്യക്തമാണെന്ന് അഖിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാറിനു പിന്നിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ ബൈക്കിലെത്തിയ അഖിലാണ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരുപാട് നേരം വലിച്ചിഴച്ച നായ തളർന്നു റോഡിൽ വീണിരുന്നു. എന്നിട്ടും ക്രൂരമായ ഡ്രൈവർ കാർ മുന്നോട്ട് ഓടിച്ചു. തളർന്നു വീണ നായയെ റോഡിലൂടെ വലിച്ചഴച്ചതോടെ നായയുടെ ശരീരം മുഴുവൻ പരുക്കേറ്റിരുന്നെന്നും യുവാവ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇത് ഇയാളുടെ വളർത്തുനായ തന്നെയാണെന്ന് അഖിൽ പറയുന്നു. കാറിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് റോഡിന്റെ വശത്ത് നിന്ന മറ്റൊരു നായ കാറിന് പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം.
‘മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പിൽ പറയുന്നു.
ശരീരത്തിലെ പരുക്കിന്റെ വേദനയും ആൾക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു. യൂസഫ് എന്ന വ്യക്തിയുടെ നായയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. സ്മരണയില്ലാത്ത എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മരണ വേണം, സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. അങ്ങനെ നെറികേടു കാണിച്ച ഒരു സര്‍ക്കാരിനെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്- അദ്ദേഹം പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. ലാത്വിയയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം വെള്ളിയാഴ്ച്ച മരിച്ചതായാണ് ലാത്വിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതോടെയാണ് കിം മലയാളികളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത്. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്‍കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി നിര്‍ത്തി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു കിം. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.
ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പെട്ടെന്ന് കാണാതായി, പിന്നീട് കണ്ടെത്തിയത് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവം നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. വീടീന്റെ പിന്‍ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു ഉമൈബ. അതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു.
ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും പെട്ടെന്ന് കാഴ്ച കണ്ട ഇവര്‍ ഒച്ചവച്ച് മറ്റ് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് അഗ്‌നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില് പ്രവേശിപ്പിച്ചു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ രാത്രി ഏഴരയോടെയാണു ശരത് ചന്ദ്രനും മരണത്തിന് കീഴടങ്ങിയത്.
ഒറ്റപ്പാലം ദേവാമൃതത്തില്‍ പരേതയായ ശൈലജയുടെ മകന്‍ ശരത്ചന്ദ്രന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുപ്പത് കൊല്ലത്തോളം നീണ്ട മാതൃത്വത്തിന്റെ പരിചരണത്തിനൊടുവിലാണ് ശൈലജ യാത്രയായത്.
കഴിഞ്ഞ ജനുവരിയിലാണു സംഭവം. തലച്ചോറിലേക്കു ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. ജന്മനാ ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രന്റെ ലോകം അമ്മയായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത മകനെ വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തു ശൈലജ വളര്‍ത്തി.
ശൈലജ എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു മകന്‍ ആദ്യമായി അമ്മേ എന്ന് ഉച്ചരിച്ചത്. കേള്‍ക്കാന്‍ കൊതിച്ച വിളിക്കു കാത്തു നില്‍ക്കാതെ അമ്മ യാത്രയായി. അതോടെ ശരത്ചന്ദ്രനു മാതൃത്വത്തിന്റെ പരിചരണവും നഷ്ടപ്പെട്ടു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന ശരത്ചന്ദ്രന്‍ ഇന്നലെ രാത്രി ഏഴരയോടെയാണു മരിച്ചത്. അച്ഛന്‍: രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പുര്‍), ശരണ്യചന്ദ്രന്‍.