Kerala

പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിൽ. ഇന്നലെ ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു.

വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.

ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹം. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.

ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന്‍ പോര്. അമ്മ ബിജെപിയുടേയും മകന്‍ സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.

രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.

‘വീട്ടില്‍ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ഈ അമ്മയ്ക്കും മകനും അച്ഛന്‍ ദേവരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡായിരുന്ന ഇവിടെ സുധര്‍മ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി.

വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡില്‍ സുധര്‍മയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭര്‍ത്താവ് ദേവരാജന്‍ ബി.ജെ.പി. അനുഭാവിയാണ്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണിപ്പോള്‍.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാര്‍ട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം.

”മകനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഞാന്‍ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാര്‍ട്ടിക്ക് കൊടുത്ത വാക്കാണ്. ഞാന്‍ അത് മാറ്റില്ല”- സുധര്‍മ പറഞ്ഞു. ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.

”രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ” -ദിനുരാജ് പറയുന്നു. ഇരുവരുടെയും വാശിയേറിയ പോരാട്ടം ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.

കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകി . ആരോഗ്യ കാരണത്താൽ തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ച ആവശ്യം അനുവദിക്കുകയായിരുന്നു .

കൊടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ സ്ഥാനമൊഴിയും എന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു എങ്കിലും സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വം പൂർണ്ണ അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.

 

ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.

ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.

അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

മാർത്തോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മത മൈത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ബുധനാഴ്ച പള്ളി മുറ്റത്ത് വിശ്വാസികൾ ആരംഭിച്ച സമരം തുടരുകയാണ്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ സമയം നീട്ടികിട്ടണമെന്ന് ആവശ്യപെട്ട് സർക്കാർ കോടതിയെ സമീപിച്ചേക്കും.

പള്ളി വിട്ടുനൽകി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവർത്തിക്കുകയാണ് യാക്കോബായ സഭ. ഈ സാഹചര്യത്തിലാണ് കോതമംഗലത്ത് മതമൈത്രി സംരക്ഷണസമിതി ഹർത്താൽ പ്രഖ്യാപിച്ചതും. കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വിശ്വാസികളെ എത്തിച്ച് പ്രതിരോധവലയം തീർക്കുമെന്നും ജീവൻ കൊടുത്തും പള്ളി നിലനിർത്തുമെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു.

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനിടെ യാക്കോബായ സഭ വിശ്വാസികൾ പ്രാർഥനയും പ്രതിഷേധവും തുടരുകയാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.

ലോക്കറിലെ പണം ശിവശങ്കറിന്റേതു തന്നെയെന്ന് ആവര്‍ത്തിച്ച് ഇഡി. ഇതുകൊണ്ടാണ് ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ലോക്കറിന്റെ കൂട്ടുടമ ആയത്. ലൈഫ് മിഷനില്‍ ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി പറഞ്ഞു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാം എന്നതിന് തെളിവ് ഇ.ഡി കോടതിയില്‍ നല്‍കി. സ്വപ്നയുടെ മൊഴിയും വാട്സാപ് സന്ദേശങ്ങളുമാണ് കൈമാറിയത്. തെളിവുകള്‍ മുദ്രവച്ച കവറിലാണ് എന്‍ഫോഴ്സ്മെന്റ് നല്‍കിയത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിനുള്ള കോഴയാണ് കണ്ടെത്തൽ ഇ.ഡിയുടെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ നുണയാണെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കലാഭവൻ സോബി. അന്വേഷണത്തെ അട്ടിമറിക്കുന്നതിനായാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിക്കും മുൻപ് മൊഴി പുറത്ത് വിടില്ലെന്നും സോബി പറയുന്നു.

വാർത്തയിൽ വന്ന അതേ വിവരം തന്റടുത്ത് ഇടനിലക്കാരെ അയച്ച ഇസ്രയേലിലുള്ള യുവതി ഒരാഴ്ച മുമ്പ് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞതായി അറിഞ്ഞിരുന്നു. ഇക്കാര്യം ഡിവൈഎസ്പി അനന്തകൃഷ്ണനെ അറിയിക്കുകയും ചെയ്തിരുന്നു. കേസിന്റെ അവസാനം ഇങ്ങനെയെ വരൂ എന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ ഈ വിവരം വാർത്തയാകുമ്പോൾ കേസ് അട്ടിമറിക്കാനല്ലാതെ മറ്റെന്തിനാണെന്നും സോബി ചോദിക്കുന്നു.

മൊഴി നുണയാണെന്നും അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും പറഞ്ഞാൽ സമ്മതിച്ചു നൽകാനാവില്ല. ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഒമ്പതു മണിക്കു തന്നെ സിബിഐ ഓഫിസിലെത്തിയ ഞാൻ സഹകരിച്ചില്ലെന്നു പറഞ്ഞാൽ അത് എപ്പോഴാണെന്നു പറയാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ കോടതിയിൽ മറുപടി പറയേണ്ടി വരും.

ബ്രെയിൻ മാപ്പിങ് വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ നുണപരിശോധനയിൽ ഒതുക്കിയതിൽ തന്നെ ദുരൂഹത സംശയിക്കുന്നുണ്ട്. നുണപരിശോധന സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് അന്വേഷണ സംഘം പുറത്തു വിടില്ലെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. അദ്ദേഹത്തെ വിശ്വാസമുണ്ട്. താനിപ്പോഴും അന്വേഷണ സംഘത്തിന്റെ പ്രധാന സാക്ഷിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് എന്തെങ്കിലും സംഭവിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണെന്നും സോബി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബീഫ് വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പന തുടങ്ങിയതോടെയാണ് ബീഫ് വില കുത്തനെ കുറഞ്ഞത്. ഇതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഏറെ നേരം ക്യൂ നില്‍ക്കാനും പലരും തയ്യാറായി.

കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന്‍ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരന്‍ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി.

ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കില്‍ ഇറച്ചി വില്‍ക്കുമെന്നാണ് ഒരു കടക്കാരന്‍ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു. നിരവധി ആളുകളാണ് വിലക്കുറവ് വാര്‍ത്ത കേട്ട് ഇവിടേക്ക് എത്തിയത്.

RECENT POSTS
Copyright © . All rights reserved