തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ മാത്രം 13 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ 9 സെന്റിമീറ്ററും വയനാട് ജില്ലയിലെ വൈത്തിരിയിൽ 8 സെന്റിമീറ്റർ മഴയും ലഭിച്ചു. കോഴിക്കോട് 7 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇന്നും നാളെയും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ഇന്നും നാളെയും തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
*2020 ജൂലൈ 24 : ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.*
*2020 ജൂലൈ 25 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.*
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
*മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം*
കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. മുന്നറിയിപ്പ് കർശനമായി പാലിക്കേണ്ടതാണ്.
*24-07-2020 ന് : തെക്ക്-കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ്, കേരള, കർണാടക തീരങ്ങൾ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് മേൽപറഞ്ഞ ദിവസങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.*
പ്രത്യേക ജാഗ്രതാ നിർദ്ദേശം
24-07-2020 മുതൽ 28-07-2020 വരെ : തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
25-07-2020 മുതൽ 26-07-2020 വരെ : മധ്യ-കിഴക്കൻ അറബിക്കടൽ, മഹാരഷ്ട്ര, കർണാടക (25-07-2020), ഗോവ (26-07-2020), തെക്കൻ ഗുജറാത്ത് (26-07-2020) എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കോഴിക്കോട് ചെക്യാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനും ഡോക്ടറുമായ യുവാവിന്റെ വിവാഹപാർട്ടി ചെക്യാട് ഗ്രാമത്തെ കൊവിഡ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വടകര എംപി കെ മുരളീധരൻ അടക്കം പങ്കെടുത്ത ഡോക്ടറുടെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത 23 പേരുടെ ഫലമാണ് ഇതുവരെ കൊവിഡ് പോസിറ്റീവായിരിക്കുന്നത്. വരനും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങിൽ നിരവധി പേർ സംബന്ധിച്ചതാണ് നാടിനെ തന്നെ സമൂഹവ്യാപന ഭീതിയിലാക്കിയിരിക്കുന്നത്. ചടങ്ങിനെത്തിയവരുൾപ്പടെ 193 പേരുടെ ആന്റിജൻ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ വിവാഹ പാർട്ടിയുമായി ബന്ധപ്പെട്ടവർ അടക്കം 26 പേരുടെ ഫലം പോസിറ്റീവാവുകയായിരുന്നു. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കിൽ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്.
വിവാഹവീടുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ കോൺഗ്രസിന്റെ കെ മുരളീധരൻ എംപിക്ക് കോവിഡ് പരിശോധന നടത്താനും നിരീക്ഷണത്തിൽ പോവാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ വിവാഹസത്കാരത്തിലും ചോറോട് ഗ്രാമപഞ്ചായത്തിലെ വ്യക്തിയുടെ ജന്മദിനാഘോഷത്തിലും പങ്കെടുത്തവരും അടുത്തിടപഴകിയവരും ബന്ധപ്പെട്ട വാർഡ് ആർആർടിയെയോ മെഡിക്കൽ ഓഫീസറെയോ ഉടൻ വിവരമറിയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകണം.
സമ്പർക്ക രോഗവ്യാപനം ഒഴിവാക്കാൻ ഈ വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും നിർദേശിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹം ജൂലൈ ഒമ്പതിനായിരുന്നു. വിവാഹ പാർട്ടിക്ക് പുറമെ നവവരനും കോഴിക്കോട് സ്വദേശിയായ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്. ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടിൽ ജന്മദിനാഘോഷം നടത്തിയത് ജൂലൈ 15 നായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0495 2373901, 2371471
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെയും പാതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം എന്നല നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ അടക്കം അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ ഉണ്ടായതതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തേ രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.
അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.
ദുബായില്‍ ജോലി സ്ഥലത്ത് വെച്ച് മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.എന്‍.ഉണ്ണികൃഷ്ണന്‍ വനജ ദമ്പതികളുടെ മകന്‍ പി.എന്‍. ജിഷ്ണുവാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
ദുബായിലെ സോഡിയാക് മാനുഫാക്ചറിങ് എല്‍.എല്‍.സി കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. ജോലി സ്ഥലത്തുവെച്ച് മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ജിഷ്ണു തല്‍ക്ഷണം മരിച്ചു.
മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ ജിഷ്ണുവിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഹോദരി. അനുകൃഷ്ണ.
ഹൈദരാബാദ്: ലഡാകിലെ ഗല്‍വാനില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിനിടെ രാജ്യത്തിനായി വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് സന്തോഷി ബാബുവിന് നിയമനക്കത്ത് കൈമാറിയത്.
ബുധനാഴ്ചയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത ഉച്ചഭക്ഷണവേളയക്ക് ശേഷമാണ് മുഖ്യമന്ത്രി നിയമനക്കത്ത് കേണലിന്റെ ഭാര്യയ്ക്ക് കൈമാറിയത്. അതേസമയം ഹൈദരാബാദിലെ ഉയര്‍ന്ന നിലവരാത്തിലുള്ള ബഞ്ചാര ഹില്‍സിലെ 711 ചതുരശ്ര യാര്‍ഡ് ഹൗസ് സൈറ്റിനുള്ള രേഖകളും കളക്ടര്‍ ശ്വേത മൊഹന്ദി കൈമാറി.
നാല് വയസുള്ളമകനും എട്ട് വയസുള്ള മകളുമുള്ള സന്തോഷിയെ ഹൈദരാബാദിനടുത്ത പ്രദേശത്ത് മാത്രമേ നിയമിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ജോലിക്കായി ശരിയായ പരിശീലനം ലഭിക്കുന്നതു വരെ ഇവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്മിത സഭര്‍വാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേണല്‍ സന്തോഷ് ബാബുവിന്റെ വീട് നേരിട്ട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബത്തിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക; സുരക്ഷിതത്വം ഉറപ്പാക്കുക. വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ.
സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. 115 അന്യസംസ്ഥാനം. ആരോഗ്യപ്രവർത്തകർ.
കേരളത്തില്‍ ഇന്ന് കൊവിഡ്-19 രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 222
കൊല്ലം 106
ആലപ്പുഴ 82
പത്തനംതിട്ട 27
കോട്ടയം 80
ഇടുക്കി 63
എറണാകുളം 100
തൃശൂർ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂർ 51
കാസർകോട് 47
ഹയർെ സക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി ഒന്നാം വർഷ പ്രവേശന നടപടികൾ ജലായ് 29 മുതൽ ആരംഭിക്കുന്നതാണ്.ജൂലായ് 24 എന്നത് മാറ്റിയിരിക്കുന്നു.ആഗസ്റ്റ് 14 വരെ സമയമുണ്ടാകും, ഈ വർഷം മുതൽ പ്രവേശനം പൂർണമായും ഓൺലൈൻ ആയിരിക്കും.
ആലപ്പുഴ ജില്ലയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൈക്രോഫിനാൻസ് / ധനകാര്യസ്ഥാപനങ്ങൾ / ചിട്ടി കമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു .
ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ദുരന്തനിവാരണ നിയമം വകുപ്പ് 5 ബി പ്രകാരവും , 2020 പകർച്ച വ്യാധി നിയന്ത്രണ നിയമം ഓർഡിനൻസ് എന്നിവ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഇക്കാര്യത്തില്‍, തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കാനും യോഗം തീരുമാനിച്ചു.
സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും. വെള്ളിയാഴ്ച വൈകീട്ടാണു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരും. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ധനബില്‍ പാസാക്കും.
അതേസമയം, നിയമസഭാ സമ്മേളനം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണത്താലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളത് കൊണ്ടാണ് അത് മാറ്റിവച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന സൂചനകളിലേക്കും അന്വേഷണം വ്യാപി പ്പിക്കാൻ എന്‍ ഐ എ. വിദേശത്തു നിന്നും കടത്തുന്ന സ്വര്‍ണം മെറ്റല്‍ മണിയായി സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം മറ്റൊരു പ്രതിയായ സരിത്ത് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ സിനിമ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തു വരുന്നത്. നാല് മലയാള ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നിലും തന്നെ ഫൈസല്‍ തന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനൊപ്പമാണ് 2014 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ദുബായ് പൊലീസിന്റെ വേഷത്തില്‍ നിമിഷ നേരത്തേക്ക് പ്രത്യക്ഷപ്പെട്ട നടന്‍ ഫൈസല്‍ ആണെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. എന്നാല്‍ ഇതിലൊന്നും ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് ഒട്ടേറെകഥകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എല്ലാകഥകളിലും ഒരുപോലെ പറഞ്ഞിരുന്ന കാര്യമാണ് ഫൈസലിന്റെ സിനിമബന്ധം. ദുബായില്‍ എത്തുന്ന സിനിമാക്കാരുമായെല്ലാം ഇയാള്‍ ബന്ധം സ്ഥാപിക്കാറുണ്ടെന്നാണ് പറയുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലെ താരങ്ങളോടും ഇയാള്‍ അടുപ്പമുണ്ടാക്കിയിരുന്നു. ഫൈസലിന്റെ ജിനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. കാര്‍ റേസിംഗിലും ആഢംബര കാറുകളിലും അതീവതത്പരനെന്നറിയപ്പെടുന്ന ഫൈസല്‍ തന്റെ ആതിഥേയത്വം സ്വീകരിക്കുന്ന സിനിമ താരങ്ങള്‍ക്ക് ആഢംബരകാറുകള്‍ ഉപയോഗിക്കാനും വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ അണിയറക്കാര്‍ക്കും ഒരു ആഡംബരകാര്‍ വിട്ടുനല്‍കിയാണ് അവരോട് അടുപ്പത്തിലായതെന്നു പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ബന്ധം വഴിയാണ്് സിനിമയില്‍ ചെറിയൊരു വേഷത്തില്‍ ഫൈസല്‍ ഫരീദ് എത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
എന്നാല്‍ സിനിമയുടെ സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സീനിലേക്ക് പൊലീസ് വേഷം ചെയ്യാന്‍, അറബി ഭാഷ അറിയുന്നവരും അവിടുത്തെ പൗരന്മാരുടെ മുഖച്ഛായ ഉള്ളവരുമായ രണ്ടു യുവാക്കളെ വേണമെന്ന ആവശ്യം കോര്‍ഡിനേറ്ററെ അറിയിച്ചതിന്‍ പ്രകാരം എത്തിയവരാണ് തന്റെ സിനിമയില്‍ അറബ് പൊലീസുകാരുടെ വേഷം ചെയ്തതെന്നാണ് വാസുദേവന്‍ സനല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. അത്രപ്രാധാന്യമൊന്നുമില്ലാത്ത റോള്‍ ആയിരുന്നതുകൊണ്ട് അഭിനയിച്ചതാരാണെന്ന് ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളില്‍ ഫൈസലിന്റെ മുഖം കണ്ടിട്ടും അയാളാണോ ആ വേഷം ചെയ്തതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവന്‍ സനല്‍ അദ്ദേഹം വിശദീകരിച്ചു. . സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫൈസല്‍ ഫരീദ് തന്നെയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചതെന്ന് സ്ഥരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
അതേസമയം രണ്ടോ മൂന്നോ സെക്കന്‍ഡുകളില്‍ വന്നുപോകുന്നൊരു കഥാപാത്രമായിട്ടും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. വിക്കീപീഡിയയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ അഭിനേതാക്കളുടെ ലിസ്റ്റിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്(ഫൈസല്‍ ഫരീദ്- ഷാര്‍ജ പൊലീസ് ഓഫിസര്‍).മാത്രമല്ല, സിനിമയുടെ സഹ നിര്‍മാതാക്കളുടെ കൂട്ടത്തിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. സംവിധായകന് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മൂന്നു സെക്കന്‍ഡില്‍ മാത്രം വന്നുപോയൊരു നടന്റെ പേര് ടൈറ്റില്‍ കാര്‍ഡിലും വിക്കിപീഡിയയിലും ഉള്‍പ്പെടുന്നത് സിനിമയില്‍ അത്ര സാധാരണമല്ല. ഈ സംശയങ്ങളൊക്കെ ഫൈസല്‍ ഫരീദിന്റെ സിനിമബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി ഉയര്‍ന്നു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 104 പേര്‍ വിദേശത്ത് നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കോഴിക്കോട് കല്ലായി സ്വദേശി 57 വയസ്സുള്ള കോയോട്ടി. മുവാറ്റുപുഴ മടക്കത്താനം ലക്ഷമി കുഞ്ഞന്‍പിള്ള (79), പാറശ്ശാല നഞ്ചന്‍കുഴി രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരം റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂര്‍ സന്ദാനന്ദന്‍(60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികേ ബാക്കിയയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‌കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 9458 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
സാമൂഹികമാധ്യമത്തിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്ത് അമ്മയും മകനും ആരോടും ഒന്നും പറയാതെ ലോകത്ത് നിന്നും വിടപറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മൂരാട് ആലയാറിൽ ലളിത (62), മകൻ അരുൺ (32) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പോസ്റ്റ്മാൻ വന്നുവിളിച്ചപ്പോൾ ആരും വിളി കേട്ടില്ല. തുടർന്ന് സമീപവീട്ടുകാർ പിറകുവശത്തെ വാതിൽ വഴി അകത്ത് കയറിപ്പോഴാണ് കിടപ്പുമുറിയിൽ അമ്മയെയും നടുമുറിയിൽ മകനെയും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. മൊബൈൽ ഫോണിൽ പാട്ടും വെച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പാണ് അരുൺ ഇരുവരും കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലിട്ടിരുന്നത്. ഫോട്ടോയുടെ താഴെ ലൈക്കും കമന്റുകളും ചൊരിഞ്ഞവർക്ക് അധികം വൈകാതെ കേട്ട മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. പത്ത് വർഷത്തിലേറെയായി അർബുദ രോഗിയാണ് ലളിത. മൂത്ത മകൻ വിപിൻ വീട്ടിലുണ്ടായിരുന്നില്ല.
പയ്യോളി എസ്‌ഐ പിപി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഭർത്താവ്: പരേതനായ പവിത്രൻ. ലളിതയുടെ സഹോദരങ്ങൾ: ബാബു, രഞ്ജിത്ത്, പ്രേമി, അനിത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക പ്രതിസന്ധി നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)