Kerala

സ്വന്തം ലേഖകന്‍
കൊച്ചി : കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കായിക മന്ത്രി ഇപി ജയരാജന്‍ . കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം . ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നല്‍കി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയയ്ച്ചത് . അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്‍പ് പലതവണ ഈ ആരോപണം ഉയര്‍ന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍, അവര്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പോള്‍ പുറത്ത് വന്നിരുന്നു . യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേര്‍സ്ഷ്വറിയില്‍ ഇവര്‍ ആരംഭിച്ചത്. രേഖകള്‍ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.

2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 34 ലക്ഷം രൂപയോളം ഇവര്‍ക്ക് നല്‍കി. ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. ഇത് മറികടന്നാണ് ഇവര്‍ കമ്പനി രൂപീകരിച്ചത്. ഭര്‍ത്താവിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ 10 വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്

കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കോടതി നിര്‍ദ്ദേശം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 85.13% പേരാണ് പ്ലസ് ടുവില്‍ വിജയിച്ചത്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് മന്ത്രി രവീന്ദ്രനാഥ്.

234 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ ഈ വര്‍ഷം വിജയശതമാനം. എറണാകുളം ജില്ല ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി. 12,510 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

ഫലമറിയാന്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ നിന്നും പിആര്‍ഡി ലൈവ് ( PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലെറെ സമയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്തല്‍ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്. ചോദ്യം ചെയ്യല്‍ വീണ്ടും നടന്നേക്കുമെന്നാണ് സൂചന. ശിവശങ്കറിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റ്ംസ് അധികൃതര്‍ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശിവശങ്കര്‍ സെക്രട്ടറിയേറ്റിന് സമീപിത്തെ കസ്റ്റ്ംസ് ഓഫീസില്‍ എത്തുകയായിരുന്നു.

പിന്നീടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്‌ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുമായി ശിവശങ്കരനുള്ള ബന്ധത്തെക്കുറിച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതായാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകാന്‍ കാരണമെന്ന് സൂചനയുണ്ട്. കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മീഷണർ ഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ഇതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന വാര്‍ത്തകളും പരന്നു. രാത്രി 12 മണിയോടെ കസ്റ്റംസ് ആസ്ഥാനത്തി്‌ന് മുന്നില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി ആസ്ഥാനത്തിന്റെ ഗേറ്റ് ഉദ്യോഗസഥര്‍ അടയ്ക്കുകയും ചെയ്തു. ഇതാണ് അറസ്റ്റ് നടക്കാാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇന്ന് കസ്റ്റംസ് കടന്നേക്കുമെന്ന് സൂചനയുണ്ട്.

പുലര്‍ച്ച രണ്ടേ മുപ്പതോടെയാണ് കസ്റ്റംസ് ആസ്ഥാനത്തുനിന്ന് ഒരു വാഹനം പുറപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള വാഹനമായിരുന്നു അത്. പിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കര്‍ കടന്നുപോയത്. അദ്ദേഹത്തിന്റെ വാഹനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് കണ്ടതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ശിവശങ്കര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തോടൊപ്പം പൂജപ്പുരയിലെ വസതിയില്‍ എത്തിയത്. ഇതോടെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമമായത്. അത്തരം നടപടികളിലേക്ക് അധികൃതര്‍ ഇന്ന് കടന്നേക്കുമെന്ന സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിളിച്ചുവരുത്തിയത്. ഡി ആര്‍ ഐ സംഘവും ചോദ്യം ചെയ്യലിലുണ്ടായിരുന്നു. ശിവശങ്കറിന്റെ നമ്പറിലേക്ക് സരിത്ത് ഒമ്പത് തവണയാണ് വിളിച്ചത്. ശിവശങ്കര്‍ തിരിച്ച് അഞ്ച് തവണയും വിളിച്ചു. ശിവശങ്കറിന്റെ വിവാദ ഫോണ്‍ വിളികളെ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് ശിവശങ്കറിന്റെ ഫ്‌ളാറ്റിന് തൊട്ടുമുന്നിലുളള ഹില്‍ട്ടന്‍ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയും സരിത്തും ഇവിടെ എത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക റജിസറ്റരും കസ്റ്റംസ് പരിശോധിച്ചു. ഹോട്ടലില്‍ ഈ മാസം ഒന്ന് രണ്ട് തീയതികളില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ കസ്റ്റംസ് അധികൃതര്‍ വീണ്ടും തിരച്ചല്‍ നടത്തി. ഇവിടെനിന്നും ഫോണുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 13 കോടതിയിൽ ഹാജരാകാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്. ബിഷപിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് കോൺവന്റിലെ 2 കന്യാസ്ത്രീകൾക്ക് കോവിഡ്. ഇരുവരും പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഒരാൾ സൈക്യാട്രി വാർഡിലും മറ്റേയാൾ കമ്യൂണിറ്റി സർവീസിലും.35 അംഗങ്ങളുള്ള കോൺവന്റ് അടച്ചു.

പരുമല ആശുപത്രിയിലെ കാന്റീൻ കിച്ചൺ സൂപ്പർവൈസർക്കും കോവിഡ്. പൂന്തുറ സ്വദേശിയായ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കിച്ചനിലെ 20 പേരെ നിരീക്ഷണത്തിലാക്കി.

 

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ ചുനക്കര നസീര് ഉസ്മാന്‍ കുട്ടി (47) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 8 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ബിഎസ്എഫ് ഐടിബിപി 2, സിഐഎസ്എഫിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

183 പേര്‍ക്കാണ് ഇന്നു രോഗമുക്തി. രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44 എന്നിങ്ങനെയാണ്. നെഗറ്റീവ് ആയവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്] ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്] പ്രവേശിപ്പിച്ചത്. 4454 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതി സൂരജ് പരസ്യമായി കുറ്റം സമ്മതിച്ചിരിക്കുകയാണ്. മെയ് ഏഴിനാണ് കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. പാമ്പുകടിയേറ്റ് ചികിൽസയിലരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഉത്രയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

മേയ് 25 ന് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ ഉത്രയുടെ അച്ഛനോട് കരഞ്ഞുകൊണ്ടാണ് ‘ഞാൻ ചെയ്തിട്ടില്ല അച്ഛാ’ എന്ന് സൂരജ് പറഞ്ഞത്. പിന്നീട ്പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. സൂരജിന്റെ വീട്ടുകാരും മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് ആണയിട്ടു. ക്രിമിനൽ ബുദ്ധിയുള്ള ആളല്ലെന്നും നാട്ടിലും പരിസരത്തും അന്വേഷിച്ചു നോക്കൂവെന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെയും ക്രൂര കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.

മേയ് ഏഴിന് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനായി യൂട്യൂബിന്റെയും സുരേഷിന്റെയും സഹായം സൂരജ് തേടിയിരുന്നു.

തലേന്ന് ഉത്രയുടെ വീട്ടിൽ പാമ്പുമായെത്തിയ സൂരജ് ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് സൂക്ഷിച്ച് വച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം സൂരജ് മുറിയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. ആറരയോടെ മുറിയിലെത്തിയ അമ്മയായിരുന്നു ഉത്രയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.

10,000 രൂപയ്ക്ക് സൂരജിന് പാമ്പിനെ വിറ്റ സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ കുരുക്കുകൾ കൂടുതൽ മുറുകി. മാസങ്ങൾ പിന്നിട്ടപ്പോൾ വനംവകുപ്പിന്റെ തെളിവെടുപ്പിനിടയിലാണ് സൂരജ് പരസ്യമായി കുറ്റം സമ്മതിക്കുന്നത്. ഞാനാണ് ചെയ്തതെന്നും വേറെ ആരുമല്ലെന്നും. കൊല്ലാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും സൂരജ് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. മാർച്ച് രണ്ടിനും ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും ഉത്ര ഇതിനെ അതിജീവിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയവേയാണ് സൂരജ് കൊലപ്പെടുത്തിയത്.

നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

സംസ്ഥാന എക്‌സൈസ് വകുപ്പിലെ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടറായി ചുമതലയേറ്റ് ഇതുവരെയുള്ള എക്‌സൈസ് വകുപ്പിന്റെ ചരിത്രം തിരുത്തി ഒ സജിത. വനിതകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ സജിതയാണ് ഇന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റത്.

എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി 2014ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്. എക്‌സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു സജിത. കഴിഞ്ഞ വർഷം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.

സജിതയ്ക്ക് എക്‌സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫീസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെയു മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂർ സ്വദേശി അജി ഗംഗാധരന്റെ ഭാര്യയാണ്. ഷൊർണൂർ കാർമൽ സിഎംഐ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇന്ദുവാണ് മകൾ.

RECENT POSTS
Copyright © . All rights reserved