Kerala

ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.

”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. അര്‍ധരാത്രി സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണം.

മണ്ണുമാന്തി ഉടമ സജു അടക്കമുളള അക്രമികള്‍ കൊലയ്ക്കുശേഷം രക്ഷപെട്ടു. മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മണ്ണെടുക്കുന്നത് അറിഞ്ഞ് സംഗീത് ഓടിയെത്തുകയായിരുന്നു. കാറിട്ട് മണ്ണുമാന്തി തടഞ്ഞ സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് കൊലപാതകം. മണ്ണുമാന്തി കൊണ്ട് കാറ് നീക്കി പോകാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ സംഗീതിനെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.

മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.

പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.

സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.

മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെ‍ഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.

പൗരത്വബില്ലിലെ എതിർത്ത് ബോളിവുഡും മല്ലുവുഡും ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ പ്രതികരിക്കുമ്പോൾ മോഹൻലാലിന് തുറന്ന കത്തുമായി സംവിധയകാൻ ആലപ്പി അഷറഫ്. ” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….” എന്ന അഭ്യർത്ഥനയുമായി തുടങ്ങുന്ന കത്തിൽ, ലാലിൻറെ പല സാമൂഹ്യ വിഷയത്തിലും എഴുതിയ ബ്ലോഗിനെ പരമർശിക്കുന്നു. കേരളത്തിന്റെ മത സ്വാഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ പൗരത്വ പ്രശ്‌നം കേരളത്തിലും മാറുന്നത് നമ്മൾ കണ്ടതാണ്, അതുകൊണ്ടും തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ ഇതേ പറ്റി പ്രതികരിക്കണ്ടത്തിന്റെ ആവിശ്യകത വർധിച്ചു വരുവാണ്. സാമ്പത്തികമാന്യം, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടികൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ പൗരത്വബില്ലിന്റെ പേരിൽ ഉള്ള പ്രശ്ങ്ങൾ മറ്റൊരു വിധത്തിൽ ജനശ്രദ്ധ മാറിപ്പോകുന്നതിനും കാരണം ആകുന്നുണ്ട്.

അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

പ്രിയ മോഹൻലാലിന് ഒരു
തുറന്ന കത്ത്..

പ്രിയ മോഹൻലാൽ ..
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ….
സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,

” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….”

പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.
തുറന്നു പറയുമ്പോൾ നീരസമരുത്… മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുൻപ് പല പല
പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?
എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,
ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരുജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ… ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ…

സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ചത് മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീ. യുവതിയെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് പോലീസ്. ബക്കറ്റില്‍ മുക്കി കൊന്നശേഷം കടലില്‍ ഉപേക്ഷിച്ചതാണെന്നാണ് വിവരം.

സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ വെങ്കിട്ട രമണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.

വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍  കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഒരു ഉമ്മ കൊടുക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ രണ്ടു പേർക്കും നാണം, പിന്നെ നിറഞ്ഞ ചിരി. ചുമ്മാതെ ഉമ്മ വെച്ചാൽ മതിയെന്നേ എന്നാൽ ഭാര്യ മുൻകൈ എടുക്കും. എന്നാൽ പിന്നെ അങ്ങനെ ആയ്ക്കോട്ടെ എന്ന് കവിളിൽ ഒരു ചെറുമുത്തം നൽകി ഭർത്താവും. കണ്ട് നിൽക്കുന്നവർക്ക് പോലും കണ്ണും മനസ്സും നിറയും. എങ്കിലും, സംഭവം ക്യാമറയിൽ പതിഞ്ഞോ എന്ന് ആരായാൻ മറക്കാറില്ല ഇരുവരും. കോട്ടയം ജില്ലയിലെ മാധവൻനായരും മീനാക്ഷി അമ്മയുമാണ് ഈ മാതൃകാ ദമ്പതികൾ.

മാധവൻനായർക്ക് പ്രായത്തിൽ സെഞ്ചുറി തികഞ്ഞു, മീനാക്ഷിയമ്മ ഒരു വയസ് ഇളയതാണ് 99. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായത്തിന്റെ അവശതകൾ ഒട്ടും ബാധിച്ചിട്ടില്ല. നാൾക്കുനാൾ അതിങ്ങനെ ശക്തിപ്പെട്ട് തുടർന്നുകൊണ്ടിരിക്കുന്നു.എൺപത്തി രണ്ട് വർഷമായി ജീവിതത്തിലെ ഓരോ നിമിഷവും ഒരുമിച്ചാണ് കഴിച്ചുകൂട്ടുന്നത് എങ്കിലും വിവാഹ ദിവസത്തെ കുറിച്ച് ചോദിച്ചാൽ ഇരുവരുടേയും മുഖം നാണം കൊണ്ട് ചുവക്കും. തങ്ങളുടേത് ഒരു സാധാരണ വിവാഹമായിരുന്നു എന്ന് മാധവൻ നായർ വിനയം കൊള്ളും. പണ്ടത്തെ വിവാഹങ്ങൾക്ക് ഇന്നത്തെ പോലെയുള്ള ആഡംബരമോ ആഘോഷമോ ഒന്നും ഇല്ലായിരുന്നു എന്ന് അഭിമാനിക്കും.

വിവാഹത്തിനു മുൻപേ ഇരുവർക്കും പരസ്പരം പരിചയമുണ്ട്. ഒരേ പള്ളിക്കൂടത്തിൽ ഒരേ ക്ലാസ്സിൽ കുറെ നാൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പക്ഷെ ക്ലാസ്സിൽ വച്ച് അധികം സംസാരിച്ചിട്ടൊന്നുമില്ല. പള്ളിക്കൂടത്തിൽ പോകുന്ന പിള്ളേർക്ക് എന്താ കൂടുതൽ സംസാരിക്കാനിരിക്കുന്നത് എന്ന് അറുത്തുമുറിച്ചു ചോദിച്ചു കളയും അദ്ദേഹം. 4 ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട് അതിനുശേഷം വെവ്വേറെ പള്ളിക്കൂടങ്ങളിൽ ആയിരുന്നു.

കല്യാണം നടന്നത് വീട്ടിൽ വച്ചായിരുന്നു. അന്നത്തെ പതിവ് അതാണ്. മുറ്റത്തൊരു പന്തൽ ഇടും, അവിടെയാണ് ചടങ്ങുകൾ എല്ലാം. കല്യാണങ്ങൾ ഒക്കെ അമ്പലത്തിൽ വച്ച് നടത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അന്നൊന്നും ആരും ഒളിച്ചോടി പോയി കല്യാണം കഴിച്ചതായും ഓർമ്മയില്ല എന്നും അദ്ദേഹം പറയുന്നു.

മാധവൻനായർ ഒരു സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. വീട്ടിൽനിന്ന് അകന്നുള്ള നിൽപ്പും, രാത്രിയിലുള്ള ജോലി സമയവുമൊന്നും അത്ര സുഖകരമായിരുന്നില്ല എന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ മീനാക്ഷി അമ്മയ്ക്ക് തന്റെ ഭർത്താവിനെ ഒറ്റയ്ക്ക് അങ്ങനെ വിടാനൊട്ട് ഉദ്ദേശവും ഇല്ലായിരുന്നു. ജോലി കാര്യത്തിനായി എത്ര ദൂരെ പോയാലും എത്ര ആളുകളോട് ഇടപഴകിയാലും തന്റെ ആൾ കൂടുതൽ വളരുകയേ ഉള്ളൂ എന്ന് മീനാക്ഷി അമ്മയ്ക്കറിയാമായിരുന്നു. അതിനാൽ ഭർത്താവ് വീട്ടിൽ നിന്ന് എത്ര അകലെ പോകുന്നതിനോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.

വിവാഹദിനം എന്നായിരുന്നു എന്ന് ചോദിച്ചാൽ മാധവൻനായർ കിറു കൃത്യമായി പറയും. കൊല്ലവർഷം പ്രകാരം, 1111 വൃശ്ചികത്തിൽ ആയിരുന്നു കല്യാണം. ഈ കണക്കിന്റെ കണിശതയിൽ മീനാക്ഷി അമ്മയ്ക്കാകട്ടെ പെരുത്ത് സന്തോഷം. അതവർ പ്രകടിപ്പിക്കുകയും ചെയ്യും. വിവാഹ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പിടിവാശി കാണിക്കുകയും, വിവാഹമോചനത്തെ പറ്റി ചിന്തിക്കുകയും ചെയ്യുന്ന യുവ ദമ്പതിമാർക്ക് പകർത്താവുന്ന ഏറ്റവും മികച്ച ഒരു മാതൃകയാണ് ഇരുവരുടേയും ജീവിതം.

ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. 1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ ഒമ്പത്‌ ഏക്കറിലെ മരങ്ങൾ രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്.

ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ദിവസേന 7 ട്രെയിൻ സർവ്വീസുകൾ നടത്തുന്നുണ്ട്. 16349 കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, 56611 പാലക്കാട് – നിലമ്പൂർ പാസഞ്ചർ, 56613 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56362 കോട്ടയം – നിലമ്പൂർ പാസഞ്ചർ, 56617 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56619 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56621 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ എന്നിവയാണ് അവ. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് 20 രൂപയാണ് പാസഞ്ചർ ട്രെയിനിന്റെ നിരക്ക്. രാജ്യറാണി എക്സ്പ്രസ്സ് ആണെങ്കിൽ 40 രൂപ ചാർജാകും.

ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്. ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്നവയാണ് ഈ സ്റ്റേഷനുകൾ.

മഴക്കാലമാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിൻ യാത്ര നടത്തുവാൻ നല്ലത്. കാരണം ആ സമയത്ത് റെയിൽപ്പാതയ്ക്കിരുവശവും നല്ല പച്ചപ്പ് ആയിരിക്കും. നനഞ്ഞു കുതിർന്നു നിൽക്കുന്ന ഓരോ സ്റ്റേഷനുകളും നയനാനന്ദകരമായ ഒരു ദൃശ്യമാണ് നമുക്ക് നൽകുക. എന്തായാലും യാത്രാപ്രേമികൾ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിലെ ഈ ട്രെയിൻ യാത്ര.

നിലവിൽ ഇതുവഴിയുള്ള റെയിൽപ്പാത നിലമ്പൂരിൽ അവസാനിക്കുന്നുവെങ്കിലും, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016 ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് 1 15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി.

തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ, ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു.

സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.

വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved