Kerala

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍ഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3752 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്പോട്ടുകളാണുള്ളത്.

മുന്‍കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1950 – 60 കാലത്ത് സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി.

ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ കഴിയുവെന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. സ്ഥാനം ഒഴിയാൻ ഉമ്മൻചാണ്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സൗഹാർദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പറഞ്ഞു.

എൻഡിഎ സഖ്യത്തിന്റെ ശക്തമായ നെടുംതൂണുകളാണ് ശിവസേനയും അകാലിദളുമെന്നും, ഈ കക്ഷികളില്ലാതെ എൻഡിഎ എന്നൊരു സഖ്യമില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുയർന്ന വിയോജിപ്പുകളുടെ പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിനു പിന്നാലെയാണ് റൌത്തിന്റെ ഈ പ്രസ്താവന. ശനിയാഴ്ച രാത്രിയിലായിരുന്നു എൻഡിഎയുടെ ദീർഘകാല കക്ഷിയായ അകാലിദളിന്റെ വിടുതൽ പാർട്ടി തലവനായ സുഖ്ബീഡ സിങ് ബാദൽ പ്രഖ്യാപിച്ചത്. അകാലിദളിന്റെ മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് നേരത്തെ തന്നെ രാജി വെച്ചിരുന്നു. കാർഷികബില്ലുകളിൽ നിന്നും പിന്നാക്കം പോകാൻ ബിജെപി തയ്യാറല്ലെന്ന് വന്നതോടെയാണ് അകാലിദൾ പിൻവാങ്ങാൻ നിർബന്ധിതമായത്. ബില്ലുകൾ സംബന്ധിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന നിലപാടിലാണ് ബിജെപി ഇപ്പോഴുള്ളത്. പ്രധാനമന്ത്രി ഇതിനായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്യുകയുമുണ്ടായി.

എൻഡിഎക്ക് ഇപ്പോൾ ചില പുതിയ പങ്കാളികളെ കിട്ടിയിട്ടുണ്ടെന്നും അവർക്ക് താൻ നന്മകൾ നേരുന്നുവെന്നും സഞ്ജയ് റൌത്ത് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ എൻഡിഎയിൽ സംഭവിച്ച വലിയ കൊഴിഞ്ഞു പോക്കുകളാണ് സഖ്യത്തിൽ സംഭവിച്ചത്. തെലുഗുദേശം പാർട്ടി, ശിവസേന, അകാലിദൾ എന്നീ കക്ഷികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് സഖ്യം വിട്ടത്.

അസം ഗണപരിഷദ്, ഹരിയാന ജൻഹിത് കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേനാ പാർട്ടി, ആർഎസ്പി ബോൾഷെവിക്, ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രണ്ട് തുടങ്ങി ചെറുതും വലുതുമായി നിരവധി കക്ഷികൾ എൻഡിഎ വിടുകയുണ്ടായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ.

തങ്ങളുടെ അഭിപ്രായത്തെ മറികടന്നാണ് സർക്കാർ ബില്ലുകൾ പാസ്സാക്കിയെടുത്തതെന്നാണ് ശിരോമണി അകാലിദൾ പറയുന്നത്. എന്നാൽ തുടക്കത്തിൽ ബില്ലിനെ അനുകൂലിച്ച് നിലപാടെടുക്കുകയായിരുന്നു അകാലിദൾ എന്നാണ് വിമർശനമുയരുന്നത്. പിന്നീട് കർഷകർർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ അകാലിദൾ മറ്റ് മാർഗങ്ങളില്ലാതെ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. ബില്ലിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചാൽ സഖ്യത്തിൽ തുടരാമെന്ന ധാരണയിൽ അകാലിദൾ ആ സന്ദർഭത്തിൽ നിന്നുവെങ്കിലും ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതെത്തുടർന്നാണ് ഇന്നലെ സഖ്യം വിടുന്നതായി പാർട്ടി പ്രഖ്യാപിച്ചത്.

നേരത്തെ ജമ്മു കാശ്മീർ ഓഫീഷ്യൽ ലാംഗ്വേജസ് ബില്ലിൽ പഞ്ചാബി കൂടി ഉൾപ്പെടുത്തണമെന്ന അകാലിദളിന്റെ ആവശ്യവും എൻഡിഎ തള്ളിയിരുന്നു.അതെസമയം സഞ്ജയ് റൌത്ത് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹതയുണർത്തുന്നുണ്ട്. ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് റൌത്ത് പറയുന്നത്. തങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുകളുണ്ടെങ്കിലും ശത്രുക്കളല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം തങ്ങൾ കൂടിക്കാഴ്ച നടത്തിയത് സാമന പത്രത്തിലേക്കുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. സാമനയുടെ ചീഫ് എഡിറ്റർ കൂടിയാണ് റൌത്ത്.

യൂട്യൂബിലൂടെ അശ്ലീല വീഡിയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബറെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

എന്നാല്‍, അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് വീഡിയോകളിലൂടെ നിരന്തരം അപമാനിച്ച യൂട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തത്. മുഖത്ത് കരിഓയില്‍ ഒഴിച്ചും മുഖത്തടിച്ചുമായിരുന്നു രോഷം തീര്‍ത്തത്.

മന്ത്രിയുടെ വാക്കുകള്‍;

ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം.

സിഎഫ് തോമസ് എംഎല്‍എയുടെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമാവുന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകരില്‍ ഒരാളെ കൂടിയാണ്. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് എറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എക്കാലത്തും കെഎം മാണിയുടെ അടിയുറച്ച പിന്തുണക്കാരനായിരുന്നു സിഎഫ് തോമസ് എന്ന ചെന്നിക്കര ഫ്രാന്‍സിസ് തോമസ്. എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ ജോസഫ് പക്ഷത്തിനോടൊപ്പം നിന്ന് ജോസ് പക്ഷത്തെ ഞെട്ടിക്കുകയായിരുന്നു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം.

1956 ല്‍ കെ എസ് യുവിലൂടെയാണ് സിഎഫ് തോമസ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. പിടി ചാക്കോയായിരുന്നു ആരാധ്യനായ നേതാവ്. വിമോചന സമരത്തിന്‍റെ ഭാഗമായി പിടി ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സിഎഫ് തോമസ് സജീവ പങ്കാളിയായിരുന്നു. പിടി ചാക്കോയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികള്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മുന്‍നിരയില്‍ സിഎഫ് തോമസും ഉണ്ടായിരുന്നു.

കേരള കോണ്‍ഗ്രസിന്‍റെ ആദ്യത്തെ ചങ്ങനാശ്ശേരി നിയോജക മണ്ഡലം സെക്രട്ടിയായിരുന്നു സിഎഫ് തോമസ്. പാര്‍ട്ടി രൂപീകരണം മുതല്‍ കെഎം മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് പല വിഭാഗങ്ങളായി പിളര്‍ന്നപ്പോഴും എക്കാലത്തും സിഎ​ഫ് തോമസ് കെഎം മാണിക്കൊപ്പം ഉറച്ചു നിന്നു. ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവില്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനാണ്

തുടര്‍ച്ചയായി 9 തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1980 ലായിരുന്നു ആദ്യവിജയം. പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ചങ്ങനാശ്ശേരിയുടെ പ്രതിനിധി സിഎഫ് തോമസ് തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി, എകെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

പലപ്പോഴും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ അടിയുറച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായതും സിഎഫ് തോമസിന്‍റെ ഇടപെടലുകളായിരുന്നു. കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ മറിച്ചിടാനുള്ള ഇടത് നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തടയിട്ടതില്‍ സിഎഫ് തോമസിന്‍റെ പങ്ക് ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസിന് അകത്തെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് മാണിയെ പിന്തിരിപ്പിച്ച് മാണിയെ യുഡിഎഫില്‍ തന്നെ നിര്‍ത്തുന്നതിലും പ്രധാന സ്വാധീനമായത് തോമസിന്‍റെ ഇടപെടലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിട്ടെങ്കിലും പിന്നീട് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിലും സിഎഫ് തോമസിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നു.

മാണിയുടെ നിര്യാണത്തിന് പിന്നാലെ നടന്ന പിളര്‍പ്പില്‍ പിജെ ജോസഫ് പക്ഷത്തേക്ക് നിങ്ങാനുള്ള സിഎഫ് തോമസിന്‍റെ തീരുമാനത്തിന് പിന്നിലേയും പ്രധാന കാരണം യുഡിഎഫ് സ്വാധീനമായിരുന്നു. ജോസഫിനെ വെട്ടാന്‍ സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ആവട്ടെ എന്ന അടവ് ജോസ് മുന്നോട്ട് വെച്ചെങ്കിലും അതിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

പഴയ മാണി ഗ്രൂപ്പില്‍ നിന്നുള്ള പലരേയും ജോസഫിന് കീഴിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് സിഎഫ് തോമസിന്‍റെ കടന്നു വരവായിരുന്നു. ജോസഫുമായുള്ള തര്‍ക്കങ്ങളില്‍ ജോസ് കെ മാണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയും സിഎഫ് തോമസിന്‍റെ നിലപാടായിരുന്നു. ജോസഫ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും ഒരു ഘട്ടത്തിലും സിഎഫ് തോമസിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ജോസ് പക്ഷം തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് കേരള കോണ്‍ഗ്രസ് അണികളിലുള്ള സ്വാധീനം കണക്കിലെടുത്ത് കൊണ്ടുകൂടിയായിരുന്നു.

അസുഖ ബാധയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ സിഎഫ് തോമസിന് സാധിച്ചിരുന്നില്ല. വിപ്പ് ലംഘനം ആരോപിച്ച് ജോസഫിനും മോന്‍സ് ജോസഫിനും എതിരെ അയോഗ്യതാ നോട്ടീസ് നല്‍കുമ്പോള്‍ സിഎഫ് തോമസിനെ ഒഴിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ജോസ് വിഭാഗം ആശ്വാസമായി കണ്ടിരുന്നു.

നിയമസഭയില്‍ എത്തിയവരില്‍ സിഎഫ് തോമസും ഉണ്ടായിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവിനെതിരെ അയോഗ്യത നടപടി സ്വീകരിക്കുന്നതിലെ ധാര്‍മിക പ്രശ്നം ജോസ് വിഭാഗത്തെ അലട്ടുമായിരുന്നു. സിഎഫ് തോമസ് സഭയില്‍ എത്താതിരുന്നതിനാല്‍ മാത്രമാണ് ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാന്‍ സാധിച്ചത്.

ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നാണ് സിഎഫ് തോമസ് ജനിക്കുന്നത്. എസ്ബി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ അദ്ദേഹം എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു…

1980 ൽ കേരള കോൺഗ്രസ്സ് (എം) ഇടത് മുന്നണിയിലായിരുന്നത് കൊണ്ട് സാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് ആദ്യമായി ചങ്ങനാശേരി എം എൽ എ ആവുന്നത്. പിന്നീട് ഇതുവരെ 40 വർഷം ചങ്ങനാശേരിയുടെ അനിഷേധ്യ ജനപ്രതിനിധിയായി തുടർന്നു. കൂപ്പു കൈകളോടെ സിഎഫ് സാറിന് ആദരാഞ്ജലികൾ

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഞായറാഴ്ച രാവിലെയാണ് മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍.

1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു.

2010ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ കരിമഷി പ്രയോഗം നടത്തിയത് സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും
നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും
സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയും. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവരുടെ പ്രതികരണം.

ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ

സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.
സർ,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിംഗ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ ‘അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ’ , ‘രതിമൂർച്ഛ നൽകിയ മകൻ ‘ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.

കണ്ണിറുക്കി ലോകം എമ്പാടും ആരാധകരെ സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലാണ് പ്രിയ വാര്യർ ആദ്യമായി അഭിനയിച്ചത്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയതോടെ പ്രിയ വാര്യർ ലോകം മുഴുവനും വൈറലാവുകയും പിന്നീട് ഇന്ത്യയിലെ ഏറെ സെൻസേഷണൽ താരമായി മാറുകയും ചെയ്തു.

വീഡിയോ ഒരുപാട് ആളുകളാണ് യൂട്യൂബിൽ കണ്ടത്. എന്നാൽ തിയേറ്ററിൽ സിനിമ എത്തിയപ്പോൾ വലിയ വിജയം കൈവരിച്ചില്ല. പാട്ട് ഇറങ്ങി പ്രിയ വൈറലായതോടെ പതിയെ പ്രിയയ്ക്ക് എതിരെ ഒരുപാട് ട്രോളുകളും പിന്നീട് അത് വിമർശനങ്ങളായി മാറുകയും ചെയ്തു. എന്നാൽ പ്രിയയെ തേടി അവസരങ്ങൾ ഒരുപാട് വന്നിരുന്നു. ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ എത്തി.

പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ സൽമാൻ ഖാന്റെ അനിയൻ അർബാസ് ഖാനും സിനിമയിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

കുറച്ചു നാളുകളായി ട്രോളുകളും വിമർശനങ്ങളും മാത്രം കേൾക്കേണ്ടി വന്നിട്ടുള്ള പ്രിയ വാര്യരുടെ ഈ ട്രൈലെറിന് പക്ഷേ സോഷ്യൽ മീഡിയയിൽ കൈയടിയാണ് ലഭിക്കുന്നത്. ബോളിവുഡിലെ പലരേക്കാളും പ്രിയ ആയിരം മടങ്ങ് മികച്ചതാണെന്നാണ് യൂട്യൂബിൽ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകൾ. ബോളിവുഡിൽ നല്ലൊരു സ്ഥാനം നേടാൻ കഴിയട്ടെയെന്നും ചിലർ ആശംസിക്കുന്നുണ്ട്.

 

ഇന്നലെ പുലർച്ചെയാണ് നാടിനെ അമ്പരപ്പിച്ച വാർത്ത പുറത്ത് വരുന്നത്. തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ക്രൂരതയിൽ വിട്ടുമാറാതെയാണ് നാട്ടുകാരും വീട്ടുകാരും. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. എന്നാൽ കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തിരുവല്ലം പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണന്‍ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.

കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടര്‍ന്ന് അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണന്‍ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ഗര്‍ഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ല്‍ പറയുന്നു.

കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved