Kerala

ഹൈന്ദവർക്കൊപ്പം മുസ്‌ലിംകളും കൈകോർത്തു. 100 വർഷം മുൻപ് മുടങ്ങിയ ക്ഷേത്ര ഉത്സവം ഏഴൂർ ഗ്രാമം നാടിന്റെ ജനകീയ ആഘോഷമായി. ഏഴൂർ കൊറ്റംകുളങ്ങര ശിവ, പാർവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവമാണ് നാട് മുന്നിട്ടിറങ്ങിതോടെ സൗഹാർദത്തിന്റെ പുതിയ അധ്യായം കുറിച്ചത്. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധി പ്രകാരം അറിയിച്ചത്.

ഇതോടെ ഉത്സവം നടത്തുന്നതിനായി എല്ലാ വിഭാഗങ്ങളും രംഗത്തെത്തി. തുടർന്ന് ക്ഷേത്ര മുറ്റത്ത് യോഗം ചേർന്ന് നടത്തിപ്പിനുള്ള കമ്മിറ്റി രൂപീകരിച്ചു. ഏഴൂരിലെ പുരാതന മുസ്‍ലിം കുടുംബങ്ങളിലെ കാരണവൻമാരും യുവാക്കളും കമ്മിറ്റി ഭാരവാഹികളായി. ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഉത്സവത്തിനും ക്ഷേത്രത്തിൽ നടന്ന സ്നേഹസദ്യയിലും പങ്കെടുത്തത്.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷൻ കെ.ബാവഹാജി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഗായകൻ കെ.ഫിറോസ് ബാബു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സാരഥികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്ഷേത്രത്തിൽ എത്തി. ഉത്സവ കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ പറൂർ, എ.കെ.സെയ്താലിക്കുട്ടി, കെ.സുനിൽ കുമാർ, അജേഷ് പറൂർ എന്നിവർ ചേർന്ന് അതിഥികൾക്ക് സ്വീകരണം ഒരുക്കി.വെട്ടത്ത് രാജാവ് 800 വർഷം മുൻപ് സേവകർക്കായി പണിത ക്ഷേത്രത്തിൽ ഒരു നൂറ്റാണ്ട് മുൻപ് മുടങ്ങിയ ഉത്സവമാണ് തിരൂരിന്റെ മത മൈത്രിയുടെ കരുത്തിൽ വീണ്ടും ആഘോഷമായത്.

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ച്‌ രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1946ലാണ് രാഷ്ട്രീയത്തിൽ എത്തിയ കമലം, കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു എം കമലം. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ഇവർ.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം കമലം.

എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതു രംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ഭര്‍ത്താവ് പരേതനായ മാമ്ബറ്റ സാമിക്കുട്ടി. എം. യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

 

കൊറോണ ഭീതി ഒഴിയാതെ ചൈന. ഇന്നലെ 38പേര്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. 1700പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴായിരത്തി എഴുന്നൂറു കടന്നു. കൊറോണ ബാധിച്ച് ടിബറ്റിലും ഒരാള്‍ മരിച്ചു. ചൈനയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നീളുകയാണ്. ഒഴിപ്പിക്കലിനു പോകുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി പൈലറ്റ്സ് യൂണിയനും രംഗത്തെത്തി.‌‍
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് അമേരിക്ക പൗരന്‍മാരെ ഒഴിപ്പിച്ചത്. പ്രത്യേക വിമാനത്തില്‍ ഇവരെ കാലിഫോര്‍ണിയയില്‍ എത്തിച്ചു.

വൈറസ് ബാധ സ്ഥിരീകരിക്കാത്ത രാജ്യങ്ങളും വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാര്യോഗസംഘടന ആവശ്യപ്പെട്ടു. വൈറസ് ബാധ ചൈനയില്‍ മാത്രമാണ് നിയന്ത്രാണീതമായി തുടരുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. അതിനിടെ വുഹാനില്‍ പോയി ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പേക്കണ്ടി വന്നാല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍ രംഗത്തെത്തി. രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ട സുരക്ഷയൊരുക്കണം.

ഇതാവശ്യപ്പെട്ട് എയര്‍ ഇന്ത്യ തലവന്‍ അഷ്‌വാനി ലോഹനിക്ക് പൈലറ്റ്സ് യൂണിയന്‍ കത്തയച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വുഹാനില്‍ കുടുങ്ങിക്കിടന്നവരെ തിരികെയെത്തിക്കുന്നതിന് ചൈനയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.

കാരൂർ സോമൻ

കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങൾ ലോക മലയാളികൾ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മിടുക്കർ എന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവർണർ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുള്ളപ്പോൾ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്‌കാർ ആകർഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവർണർ പദവിയിൽ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഒരു ഗവർണറെ മാറ്റുന്നതിനെക്കാൾ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര൦ ഒരു ഗവർണർക്ക് കൊടുത്തിട്ട് ഓരോ ജില്ലകൾ ഭരിക്കാൻ കളക്ടർമാർ പോരായോ? അങ്ങനെയുണ്ടായാൽ പാവങ്ങളുടെ നികുതി പണം ധൂർത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായമയും തുടച്ചു മാറ്റാൻ കഴിയാത്ത വ്യവസ്ഥിതി ഇങ്ങനെ എന്തിന് തുടരണം? യൂവ ജനങ്ങൾ ഇത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അലങ്കാര മത്സ്യങ്ങളെ ചില്ലിലടച്ചു സൂക്ഷിക്കുന്നതുപോലെ ഇവരെ പോലീസ് വലയത്തിൽ സൂക്ഷിക്കുന്നത് ആർക്കുവേണ്ടി?

വികസനത്തിൽ ഇന്ത്യൻ ജനാധിപത്യം കുറെ സമ്പന്നന്മാരെ വളർത്തി വലുതാക്കി നമുക്ക് തന്നു. അവരൊക്കെ തെരെഞ്ഞുടുപ്പുകളിൽ കോടികളാണ് മുടക്കുന്നത്? ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ കാലമായിരിക്കെ അധികാരമെന്ന ആനന്ദസാഗരത്തിൽ മുങ്ങികുളിക്കുന്ന ഈ അലങ്കാരമത്സ്യങ്ങളെക്കുടി ഉൾപ്പെടുത്താവുന്നതാണ്. ആനയുടെ പിറകെ കുട്ടികൾ പോകുന്നതുപോലെയാണ് പാവങ്ങൾ മാത്രമല്ല കലാ -സാംസ്‌കാരിക -കായിക രംഗത്തുള്ളവരും തിരുവായ്ക്കെതിർവായില്ലെന്ന ഭാവത്തിൽ ഓച്ഛാനിച്ചു നിൽക്കുന്നത്. ഒന്ന് നിന്നുകൊടുത്താൽ മതി മധുരം ഇരട്ടിയാണ്. ഇത് കേരളം മാത്രമല്ല ഇന്ത്യയാനുഭവിക്കുന്ന ദുരവസ്ഥയാണ്. എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നവർ.

സർക്കാർ തെറ്റ് ചെയ്താൽ തിരുത്തേണ്ടത് ഗവർണറുടെ ചുമതലയാണ്. നിയമപരമായി കടലാസിന്റ് വിലയില്ലാത്ത ഒരു പ്രമേയത്തിൽ കഥാപാത്രങ്ങളായത് ജനങ്ങൾ മാത്രമല്ല 163-244 (2) റൂൾ 18 (3) 356 തുടങ്ങി ധാരാളം വകുപ്പുകളാണ്. ഒരു ഫോണിൽ, കത്തിൽ അല്ലെങ്കിൽ ഒരു കൂടിക്കാഴ്ചയിൽ തീരേണ്ട വിഷയത്തെ കാട്ടുതീപോലെയാണ് ലോകമെങ്ങും കത്തിച്ചുവിട്ടത്.

ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി നിന്നത് രാജ്യത്തിന് മാതൃകയായി. ഗവർണർ എതിർപ്പുകളൊന്നും കൂടാതെ സർക്കാരിന്റ നയപ്രഖ്യാപന൦ വായിച്ചതും നന്ന്.
ഇന്ന് ഗവർണർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. ഏതാനം ആഴ്ചകളായി അദ്ദേഹവും സർക്കാരും നടത്തിക്കൊണ്ടിരുന്ന പരസ്യവിവാദങ്ങൾ എത്ര വേഗത്തിലാണ് കെട്ടടങ്ങിയത്. ഈ വിവാദങ്ങൾ സജീവമായി നിലനിർത്തിയത് എന്തിനാണ്? ഇതിലൂടെ മുട്ടുമടക്കിയത് ആരാണ്? പറഞ്ഞതെല്ലാം വെറും പാഴ്വാക്കുകളോ? ബി.ജെ.പി. മുന്നോട്ട് വെച്ച പൗരത്വ നിയമം കോടതിയുടെ മുന്നിലുള്ള കാര്യമാണ്. പരസ്പരം പോരടിച്ചതല്ലാതെ എന്ത് നേട്ടമാണ് കേരള ജനതക്കുണ്ടായത്? എല്ലാം വോട്ടിന് വേണ്ടിയെന്ന് തുറന്നു പറയുമോ? ഒന്നും നേടിയെടുക്കാതെ അബദ്ധജടിലങ്ങളായ വിവാദങ്ങളുണ്ടാക്കിയവർ കേരള ജനതയോട് മാപ്പു പറയാൻ തയ്യാറാണോ?

കേരള നിയമ നിർമ്മാണസഭ 1957 മാർച്ച് 16 ന് നിലവിൽ വന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് 1888 ൽ തിരുവിതാംകൂറിൽ ആദ്യമായിയുണ്ടാക്കിയ നിയമനിർമ്മാണ സഭയാണ് പിന്നീട് കേരള നിയമസഭയായി മാറിയത്. ജനാധിപത്യത്തിൽ നിയമസഭകൾക്ക് പരമോന്നതസ്ഥാനമുള്ളതുപോലെ സംസ്ഥാനത്തിന്റ പരമാധികാരി ഗവർണറാണ്. കേരള സംസ്ഥാനം ജന്മമെടുത്തതിന് ശേഷം 22 സർക്കാരുകളും 21 ഗവർണറന്മാരും കേരളം ഭരിച്ചു. ഇ.എം.എസിന്റ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1959 ജൂലൈ 31 ന് രാഷ്ട്രപതി വിമോചന സമരത്തിന്റ പേരിൽ പിരിച്ചുവിട്ടു. അന്ന് കാണാത്ത ഒരു പോരാട്ട വീര്യമാണ് ഇന്ന് എല്ലാം മാധ്യമങ്ങളിലും കണ്ടത്. ഒടുവിലത് പൊറാട്ട് നാടകമായി മാറുകയും ചെയ്തു. ഇതിനുള്ളിലെ ഗുഢലക്ഷ്യം ലാവലിൻ കേസെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ ജനത്തിന് നൽകുന്ന സന്ദേശമെന്താണ്? അധികാരികൾ കോടതികളെക്കുടി കാൽചുവട്ടിലാക്കിയോ? കുറ്റവാളികളെ സൃഷ്ഠിക്കുന്നതിൽ സർക്കാരുകൾക്ക് നല്ലൊരു പങ്കുള്ളത് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഗുരുതരമായ കേസുകളിൽ അധികാരികൾ എന്തിനാണ് ഇടപെടുന്നത്? എന്തിനാണിവർ പ്രതിബന്ധം സൃഷ്ഠിക്കുന്നത്? എതിർശബ്തങ്ങളെ എന്തിന് ഭയക്കുന്നു?കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനല്ലേ ഒരു ജനപ്രിയ സർക്കാർ കൂട്ടുനിൽകേണ്ടത്?

കേരള രാഷ്ട്രീയം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നത് കാണുമ്പൊൾ മൈതാനത്തു് നടക്കുന്ന പന്തുകളിപോലുണ്ട് . റഫറിമാരായി വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്. കളിക്കാരായി വരുന്നത് ജാതി മത, സമുദായ നേതാക്കന്മാർ. കളി കണ്ടിരുന്ന് കയ്യടിക്കുന്നത് ജാതിമതങ്ങളിൽ മുങ്ങിപോയവർ. ഗോളടിച്ചു ജയിച്ചാൽ ഭരണം കിട്ടും. കേസുകളുണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തും. പരീക്ഷ എഴുതിയില്ലെങ്കിലും പാസാക്കും. പദവിയും പത്രാസും കിട്ടും. എന്തും സർക്കാർ ചിലവിൽ നടത്തി കൊടുക്കും. അവരുടെ മുന്നിൽ പാവങ്ങളുടെ കണ്ണീർപ്രവാഹത്തിന് എന്ത് വില. വോട്ടിനും അധികാരം നിലനിർത്താനും എന്തെല്ലാം അഭ്യാസങ്ങളാണ് നടക്കുന്നത്. സമൂഹത്തിൽ എതിർത്ത് തോൽപ്പിക്കേണ്ട എത്രയോ തിന്മകൾ, നീറുന്ന പ്രശ്നങ്ങളുണ്ട്. രാഷ്ട്രം നേരിടുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധിയേക്കാൾ എല്ലാവര്ക്കും വലുത് രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രശ്നങ്ങളാണ്. അധികാരമാണ് ഇവരുടെയെല്ലാം ഏക ലക്ഷ്യ൦. അതിന് ഏത് ചെകുത്താനെയും കുട്ടുപിടിക്കും. പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾ എന്തിനറിയണം? ഇത് സമൂഹത്തിന് നൽകുന്നത് അരക്ഷിതാവസ്ഥയാണ്. ഗാന്ധിജി മുതൽ പടുത്തുയർത്തിയ ജനാധിപത്യ സൗന്ദര്യ ബോധം ജാതിമതങ്ങളുടെ ഉല്പന്നങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലം നിർവികാരതയോടെയാണ് വിവേകമുള്ള മനുഷ്യർ, നിഷ്പക്ഷമതികൾ, മതേതര ജനാധിപത്യവാദികൾ കാണുന്നത്.

രണ്ട് അധികാര കേന്ദ്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എഴുതി “ഗവർണറുടെ രാഷ്ട്രീയക്കളി”. ഈ പത്രം ഇങ്ങനെ പലരെപ്പറ്റിയും എഴുതാറുണ്ട്. ഗവർണർ അങ്ങനെയൊരു രാഷ്ട്രീയക്കളി നടത്തിയെങ്കിൽ ആ കളി എന്തുകൊണ്ട് നിയമസഭയിൽ കണ്ടില്ല? മുൻപ് പറഞ്ഞ ശക്തമായ വികാരം അവിടെ നിന്നപ്പോൾ ഒലിച്ചുപോയോ? അദ്ദേഹത്തെ നിയമ സഭയിൽ തടഞ്ഞത് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി. അംഗം ഒ.രാജഗോപാൽ പറഞ്ഞത് നമ്മുടെ സംസ്കാരത്തിന് ചേർന്ന കാര്യമല്ല. അതെ സമയം നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതും ഒരു കുറ്റമായി കാണാനാകില്ല. ഏത് പാർട്ടിയായാലും എന്തിനും ജനപിന്തുണയാണ് പ്രധാനം. പല ജനകിയ വിഷയങ്ങളിലും പാർട്ടികൾ സ്വീകരിക്കുന്ന നിഗുഢതകൾ അവർ ബോധപൂർവ്വം മറച്ചുവെക്കുന്നു. ജനത്തിന് മുന്നിൽ നിസ്വാർത്ഥ സേവകരെന്ന് തോന്നിപ്പിക്കു൦ വിധമാണ് നല്ലൊരു പറ്റം സാമുഹ്യ പ്രവർത്തകരും രംഗത്തു വരുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികളേക്കാൾ അധികാരത്തിലിരിന്ന് സമ്പത്തുണ്ടാക്കുന്ന വെല്ലുവിളിയാണ് ഇവർ ഏറ്റെടുക്കുന്നത്. അവരുണ്ടാക്കിയ സമ്പത്തു പരിശോധിച്ചാൽ നിസ്വാർത്ഥ സേവനത്തേക്കാൾ സ്വാർത്ഥന്മാരെന്ന് മനസ്സിലാകും. എത്രയോ രാഷ്ട്രീയ തൊഴിലാളികൾ മുതലാളിമാരായി വാഴുന്ന കാലമാണ്. അനാവശ്യങ്ങളായ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന അടുത്ത പൊറാട്ട് നാടക൦ ഏത് ഗോദയിലാണ് അരങ്ങേറുക. കണ്ടതെല്ലാം പറയുന്നതിനേക്കാൾ കാണാനിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി മാറ്റത്തിന് ആരാണ് മുന്നിട്ടിറങ്ങുക? (www.karoorsoman.net)

നിത്യാനന്ദയുടെ ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേക മരുന്ന് നിത്യാനന്ദ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെണ്‍കുട്ടികള്‍ എപ്പോഴും ചുറ്റില്‍ വേണമെന്നു നിത്യാനന്ദയ്ക്കു നിര്‍ബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.- പറയുന്നത് നിത്യാനന്ദയുടെ കലങ്ങളായുള്ള അനുയായി വിജയകുമാര്‍.

താന്‍ പത്തുവര്‍ഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. തന്റെ ശരീരം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് താന്‍ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ ഇന്ന് പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്..’ വിജയകുമാര്‍ പറയുന്നു. ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല നിത്യാനന്ദ എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു ഈ യുവാവ്. കലൈഞ്ജര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്.

വിജയകുമാറിന്റെ വാക്കുകളിങ്ങനെ: നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരില്‍ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് തന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസം. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്? 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും നെറികേടിനും കൂട്ടുനിന്നു. അമ്പരപ്പിക്കുന്ന വാക്‌സാമാര്‍ഥ്യമാണ് അയാള്‍ക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്.

അവിടെയുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയും ഇതുതന്നെയാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തുനോക്കൂ അയാളുടെ വാക്കുകള്‍ എത്രമാത്രം ശക്തമാണെന്ന്.

മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. ഇതിനു പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും.

ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവളുടെ മരണം.

ഞാനും 2015 മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞാന്‍ അതിന് ഇരയാണ്. കേട്ടാലറയ്ക്കുന്ന തരത്തില്‍ എന്നോട് അശ്ലീലമായി അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ 2018ലാണ് ഞാന്‍ രക്ഷപ്പെടുന്നത്.

അത്രനാള്‍ പുറത്തുപറയാന്‍ കഴിയാത്ത വിധമുള്ള ലൈംഗികാതിക്രമങ്ങളാണു ഞാന്‍ നേരിട്ടത്. എന്റെ അനുഭവം ഇതാണെങ്കില്‍ അവിടെ നടക്കുന്ന മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ ഊഹിച്ചു നോക്കൂ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ഞാന്‍ കോടതിയില്‍ മാപ്പുസാക്ഷിയാകാനും തയാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിത്യാനന്ദയായിരിക്കും- വിജയകുമാര്‍ പറഞ്ഞു.

മലയാളത്തിലെ യുവനടൻമാരിൽ താരത്തിളക്കമുള്ള അഭിനേതാവാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുൻനിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത ടൊവീനോ ജനപ്രീതിയിലും മുൻപന്തിയിലാണ്. താരപ്രഭയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴികളെക്കുറിച്ചുള്ള ഓർമകൾ ടൊവീനോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ടൊവീനോ പങ്കുവച്ച ഒരു ഓർമക്കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു.

ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെക്കുറിച്ചായിരുന്നു ടൊവീനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവത്തെപ്പറ്റി ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ: “ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ ഒരു മൂവിക്യാമറയ്ക്കു മുൻപിൽ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.”

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിൻനിരയിൽ നിൽക്കുന്ന സ്വന്തം മുഖം പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വൃത്താകൃതിയിൽ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല. ഇത്രയും ലളിതമായി തന്റെ കരിയറിനെ പരിചയപ്പെടുത്തിയ ടൊവീനോ ആരാധകരുടെ കയ്യടി നേടി.

‘ആത്മാർത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല’ എന്നായിരുന്നു താരത്തിന്റെ ഓർമക്കുറിപ്പിന് ഒരു ആരാധകൻ നൽകിയ മറുപടി. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയരങ്ങളിലെത്തുമെന്നതിന് ഉദാഹരണമാണ് ടൊവീനോയുടെ ജീവിതമെന്നും ആരാധകർ കുറിച്ചു.

വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് നേരെ ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തുടരെ തുടരെ ഇയാള്‍ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇത് എവിടെ നിന്നാണ് വരുതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകളാണ് കഴിഞ്ഞ രണ്ടുമാസമായി നടക്കുന്നത്. തമിഴകത്തെ വാര്‍ത്താ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ നടന്ന കൊടുംക്രൂരതകള്‍ പുറത്തുവിട്ടതോടെ രോഷം പുകയുകയാണ്.

ഇക്കൂട്ടത്തില്‍ ചില ടിവി പുറത്തുവിട്ട അഭിമുഖങ്ങള്‍ രാജ്യത്തെ തന്നെ നടുക്കുന്നതാണ്. ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികള്‍ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്‌ക്കൊപ്പം നിന്ന വിശ്വസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തില്‍ സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അമ്മയുടെ വാക്കുകള്‍ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.

2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതല്‍ നീതിക്കായി ഈ അമ്മ പോരാടുകയാണ്. ഇതിന് പിന്നാെലയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട് നിത്യനന്ദ ഒളിവില്‍ പോയിരിക്കുന്നത്. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ജോലിയാണ് മകള്‍ക്ക് അവര്‍ െകാടുത്തത്. പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകള്‍. ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് ഒരു എന്‍ജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന്‍ പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്.

ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം. ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫോണ്‍ വന്നു ആശ്രമത്തില്‍ നിന്നും. മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ അറ്റാക്ക് വരും. ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചെന്നാണ് കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ഞാന്‍ പറഞ്ഞു.

അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ പരാതി നല്‍കി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ‘ ഝാന്‍സി റാണി അഭിമുഖത്തില്‍ പറഞ്ഞു.

പതിനൊന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വഴിക്കടവിൽ ആണ് കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായത്. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്‌ടറുടെ കൂടെ യുവതി ഒളിച്ചോടിയത്.

ലിസയുടെ ഭർത്താവിന്റെ പരാതിയിലാണ് കണ്ണൂർ ഇരിട്ടിയിൽ വെച്ച് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടുന്നത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയുന്നത്. കൈ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം∙ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം സസ്പെന്‍ഷനിലായത്. കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്.

എഫ്ഐആറിന്‍റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണു ചട്ടം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുന്നത്.

സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായ സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കി. കേസിലെ ഇരുപത്തൊമ്പതാം സാക്ഷിയായ ഡോ. രമയോട് രേഖകൾ ഹാജരാക്കാൻ കോടതി അന്ത്യശാസനം നൽകിയിരുന്നു. ഫയൽ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സി ബി ഐ മുഖേന നോട്ടീസ് നൽകിയിട്ടും ഹാജരാക്കാത്തത് കോടതിയെ ചൊടിപ്പിച്ചിരുന്നു. 10 നകം ഹാജരാക്കാത്ത പക്ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് അന്ത്യശാസനം ഡോക്ടർക്ക് നൽകിയത്.

അതേ സമയം കേസിലെ എൺപത്തിയേഴാം സാക്ഷിയും രാജസ്ഥാൻ സംസ്ഥാനത്തെ ഫോറൻസിക് ഡയറക്ടറുമായ ഡോ. പഥക്കിനോട് ജയ്പൂർ കോടതിയിൽ ജനുവരി 29 ന് ഹാജരാകാൻ സി ബി ഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. പ്രായാഥിക്യത്താലുള്ള ശാരീരിക അസ്വാസ്ഥ്യം കാരണം തിരുവനന്തപുരം സിബിഐ കോടതിയിലെത്താനുള്ള സാക്ഷിയുടെ ബുദ്ധിമുട്ട് പരിഗണിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ സാക്ഷി വിസ്സാരം നടത്തുന്നതിലേക്കായാണ് ഡോക്ടറോട് രാജസ്ഥാനിലെ ജയ്പൂർ കോടതിയിൽ 29 ന് ഹാജരാകാൻ നിർദേശിച്ചത്. തൽസമയം തിരുവനന്തപുരം സിബിഐ ജഡ്ജി കോടതി ഹാളിൽ ഘടിപ്പിച്ചിട്ടുള്ള സ്ക്രീനിൽ നോക്കി പഥക്കിനെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും നടത്തും. അതിലേക്കായി പ്രതികളായ ഫാ.തോമസ് കോട്ടൂരിനോടും സിസ്റ്റർ സ്റ്റെഫിയോടും അവരുടെ അഭിഭാഷകരോടും സിബിഐ പ്രോസിക്യൂട്ടറോടും 29 ന് ഹാജരാൻ കോടതി ഉത്തരവിട്ടു.

മൂന്നാഴ്ച മുമ്പ് സി ബി ഐ കോടതി ഉത്തരവ് പ്രകാരം മജിസ്ട്രേട്രേട്ട് ദീപാ മോഹൻ കമ്മീഷൻ ഡോ. രമയെ കരമനയിലെ വസതിയിൽ ചെന്ന് സാക്ഷി വിസ്താരം നടത്തി കമ്മീഷൻ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സി ബി ഐ പ്രോസിക്യൂട്ടർ പ്രതികളായ ഫാ.തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി , പ്രതിഭാഗം അഭിഭാഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സാക്ഷി വിസ്താരം നടത്തിയത്. വിസ്താര വേളയിൽ രഹസ്യ സ്വഭാവമുള്ള ഫയൽ ഡോക്ടർ കമ്മീഷൻ മുമ്പാകെ ഹാജരാക്കി മൊഴി നൽകിയിരുന്നു. ഫയൽ സിബിഐ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കമ്മീഷൻ ഡോക്ടർക്ക് നിർദേശം നൽകി.

സി ബി ഐ അറസ്റ്റ് ചെയ്ത സ്റ്റെഫിയെ കന്യകാത്വ പരിശോധന നടത്താൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ.രമയുടെ മുന്നിൽ ഹാജരാക്കിയിരുന്നു. പരിശോധന ഫയൽ ഡോക്ടർ രഹസ്യമായി സൂക്ഷിക്കാനും കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാനും സി ബി ഐ നിർദേശിച്ചു.അതിനാൽ ഡോക്ടർ റിട്ടയർ ആയിട്ടും മെഡിക്കൽ സൂപ്രണ്ടിനെ ഏൽപ്പിക്കാതെ തന്റെ വസതിയിൽ സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിച്ചു. ഈ ഫയലാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ട പ്രകാരം ഡോ.രമ ഹാജരാക്കിയത്.

ഡോ. രമയെ മെഡിക്കൽ ബോർഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹർജി ജഡ്ജി സനിൽകുമാർ നേരത്തേ തള്ളിയിരുന്നു. സാക്ഷി മൊഴി നൽകാൻ പ്രാപ്തയല്ലെങ്കിൽ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാൻ ചെല്ലുന്ന മജിസ്ട്രേട്ട് കമ്മീഷൻ വിവരംകോടതിക്ക് റിപ്പോർട്ടായി സമർപ്പിച്ചോളുമെന്നും അക്കാര്യത്തിൽ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല ക്രിമിനൽ കോടതിക്ക് ഒരിക്കൽ പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് ഹർജി തള്ളിയത്. ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ മജിസ്ട്രേട്ട് ദീപാ മോഹൻ കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സി ബി ഐ അന്വേഷണം ഏറ്റെടുത്ത ഉടനെ താൻ കന്യകയെന്ന് വരുത്താൻ ബാംഗ്ളൂരിൽ ചെന്ന് സ്റ്റെഫി ഓപ്പറേഷൻ നടത്തി കീറിപ്പോയ കന്യാചർമ്മം കൃത്രിമമായി തുന്നിചേർത്തിരുന്നു.

സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി , ഹൈമനോട്ടമി (യോനീ ഭാഗം സുഗമമായ ലൈംഗിക ബന്ധത്തിനായും മറ്റുമുള്ള തടസ്സം മാറ്റി വിസ്തൃതി കൂട്ടൽ) എന്നീ ഓപ്പറേഷനുകൾ സ്റ്റെഫി നടത്തിയെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved