Kerala

വിദേശങ്ങളിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ‘ഡ്രൈവ് ഇന്‍’ സിനിമാ പ്രദര്‍ശനം ഇനി മുതല്‍ കേരളത്തിലും. ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനവുമായി എത്തുന്നത്.

കൊച്ചിയില്‍ അടുത്ത മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സോയ അഖ്തറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘സിന്ദഗി ന മിലേഗി ദൊബാര’യാണ് ഉദ്ഘാടന ചിത്രം.

തുറസ്സായ സ്ഥലത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

 

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. പ്രായമായവര്‍ക്ക് മാത്രമല്ല, രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.

രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നും മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്.

മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരുമാണ് ഇതുവരെ മരണപ്പെട്ടത്.

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത്. മൂവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.

മൂന്ന് പേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്..

മലയാളി യുവാവ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍ക്കുളത്തിലാണ് അജീര്‍ പാണൂസാ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. കാസര്‍കോട് ചെങ്കള സ്വദേശിയാണ് മരണപ്പെട്ട അജീര്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ് അജീര്‍. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷമാണ് ജനുവരിയില്‍ മരണപ്പെട്ടത്. ദുബായിയില്‍ വെച്ച് തന്നെയായിരുന്നു മരണം. ഒരാളെ വിട്ടു പിരിഞ്ഞതില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ് മറ്റൊരു സഹോദരനെ കൂടി ഇവര്‍ക്ക് നഷ്ടമായത്. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.

ബിജെപി നടത്തുന്ന സമരങ്ങളില്‍ നിന്ന് സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. പാര്‍ട്ടിയില്‍ പോരിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇരുപക്ഷവും. ശോഭയുടെ പിന്‍മാറ്റം ഇപ്പോള്‍ ചര്‍ച്ചയാക്കിയതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കെ സുരേന്ദ്രനെന്നാണ് വിവരം. ബിജെപി പ്രതിഷേധങ്ങളിലും സമരങ്ങളില്‍ നിന്നെല്ലാം ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണിപ്പോള്‍. ബിജെപി മുഖമായി ചാനല്‍ ചര്‍ച്ചകള്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശോഭാ സുരേന്ദ്രന്‍ നിലവില്‍ ഫേസ്ബുക്കിലൂടെ മാത്രമാണ് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നത്.

എന്നാല്‍ തന്റെ നേതത്വത്തില്‍ നടക്കുന്ന സമരങ്ങളെല്ലാം വന്‍ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ശോഭാ സുരേന്ദ്രന്റെ അഭാവം ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നതെന്നുമാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ ഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പിഎസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ശോഭാ സുരേന്ദ്രന്‍.

എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കരുക്കള്‍ നീക്കിയതോടെയാണ് ശോഭാ സുരേന്ദ്രന്‍ പുറത്തായത്. കെ സുരേന്ദ്രന്‍ അധ്യക്ഷനാവുകയും ചെയ്തു. ഇപ്പോഴുള്ള ശോഭ സുരേന്ദ്രന്റെ പിണക്കം മാറ്റാന്‍ ഇവരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കോട്ടയ്ക്കൽ ∙ കോവിഡ് മൂർഛിച്ചതിനെത്തുടർന്ന് ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ അനീഷാണ് ഒതുക്കുങ്ങൽ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. കഴിഞ്ഞദിവസം രാവിലെ കോട്ടയ്ക്കലിൽനിന്നു വേങ്ങരയിലേക്കു ബൈക്കിൽ പോവുകയായിരുന്നു അനീഷ്. ഇതിനിടെയാണ് ഇരിങ്ങല്ലൂർ കുറ്റിത്തറ പെട്രോൾ പമ്പിനു സമീപം ആൾക്കൂട്ടം കണ്ടത്.

പെട്രോൾ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റിൽ ഒരു യുവാവ് ബോധരഹിതനായി കിടക്കുന്നു. യുവാവിന്റെ കൂടെയുള്ള മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ആരും സഹായിക്കാൻ മുതിർന്നില്ല. ബാസിൽ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനാ ഫലം വന്നപ്പോൾ യുവാവിന് പോസിറ്റീവാണെന്നും കോവിഡ് ബാധയുടെ മൂർധന്യത്തിലാണ് ബോധരഹിതനായതെന്നും കണ്ടെത്തി. യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷും ബാസിൽ മുഹമ്മദും സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.

കോട്ടയം: സി.പി.ഐക്കു സമ്മതം, കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം ഉറപ്പിച്ചു. തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ ജോസ് വിഭാഗത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനെ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് അനുകൂലിച്ചത്.

ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ചു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നു.

ഇന്നലെ ഇടതുപക്ഷ എം.പി.മാര്‍ കര്‍ഷക ബില്ലിനെതിരേ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസ് കെ. മാണിയും പങ്കെടുത്തതു മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളുടെ പട്ടിക സി.പി.എം. നേതൃത്വത്തിന് കൈമാറിയിരുന്നു.

കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരുമായി നടത്തിയ ചര്‍ച്ചയില്‍ രൂപീകരിച്ച പട്ടികയാണ് കൈമാറിയത്. യുഡിഎഫില്‍നിന്ന് മത്സരിച്ച സീറ്റുകളോടൊപ്പം പുതിയതായി ആവശ്യപ്പെടാനിരിക്കുന്ന സീറ്റുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നാണു സൂചന.

യു.ഡി.എഫില്‍ നിന്നപ്പോഴുള്ളതിലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ജോസ് വിഭാഗത്തെ മുന്‍നിര്‍ത്തി യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തേക്കും.

കേരള കോണ്‍ഗ്രസിന് സ്വാധീനമുളള കോട്ടയത്ത് സി.പി.ഐയും കേരള കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം കാഞ്ഞിരിപ്പളളി മാത്രമാണ്. കാഞ്ഞിരപ്പളളി വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്നത്. ഈ സീറ്റില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നപരിഹാരം എളുപ്പമാണെന്ന എല്‍.ഡി.എഫ് നേതൃത്വവും കണക്കുകൂട്ടുന്നു.

സാൻഫ്രാൻസിസ്കോ (യുഎസ്) ∙ സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷൻ.

സ്വീകരിച്ചയാളുടെ ഫോൺ ഗാലറിയിൽ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.

കൊച്ചി വൈപ്പിനില്‍ ചൊവ്വ പുലര്‍ച്ചെയുണ്ടായ അരുംകൊലക്ക് കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം. യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ചാണ് കൊലപ്പെടുത്താനായി പ്രതികള്‍ പ്രണവിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണവ് ശല്യം ചെയ്യുന്നതായി കാമുകി ശരത്തിനോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയെന്ന വ്യാജേന ശരത് പ്രണവുമായി ചാറ്റിങ് തുടങ്ങി. വൈപ്പിനിലെത്താനാണ് സന്ദേശം അയച്ചത്. ഇത് കിട്ടിയയുടന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തി. ‌

കത്തികൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപിച്ചു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. ചൊവ്വ പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. മുഖ്യപ്രതി ശരത് കൊലപാതകശ്രമക്കേസിലും പ്രതിയാണ്.. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്.

2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.

സന്ദര്‍ശകര്‍ അതിക്രമിച്ചുകയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലായി, രാവിലെ വിവരം അറിഞ്ഞയുടന്‍തന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്ഷനു സമീപം റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, നീല പോളിത്തീന്‍ കവറില്‍ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു.

സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിച്ചതില്‍ മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാല്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികള്‍ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയില്‍ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. ഒരു നാടോടിസ്ത്രീ മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞത് താല്‍ക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസ്സിലായി.

‘മൃതദേഹത്തില്‍ കണ്ട ഒരു സാധനവും കളയരുത്’ എന്ന്് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീന്‍ ബാഗിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ആ കവര്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു.

അന്വേഷണോദ്യോഗസ്ഥനായ എന്‍.രാമചന്ദ്രന്റെ കണ്ണിലുടക്കിയത് കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാര്‍കോഡ് ആണ്. MQ എന്നു തുടങ്ങുന്ന ബാര്‍കോഡാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ചയായി. ഏതോ ഒരു കണ്‍സൈന്‍മെന്റ് ആര്‍ക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടന്‍തന്നെ ഈ ബാര്‍കോഡ് എല്ലാ തദ്ദേശ, വിദേശ കുറിയര്‍ കമ്പനികള്‍ക്കും അയച്ചുകൊടുത്തു.

GATI എന്ന കുറിയര്‍ കമ്പനിയില്‍ നിന്ന്, ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ അവര്‍ വിതരണം ചെയ്ത ഒരു പാഴ്‌സലിന്റേതാണെന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ അവരുടെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്‌സല്‍ ആര്‍ക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകള്‍ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്‌സല്‍ ഒന്നര വര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്ന് അയച്ചതാണെന്നും അത് ആദ്യം ഡല്‍ഹിയില്‍ വന്നെത്തിയെന്നും തുടര്‍ന്ന് മംഗലാപുരത്തുള്ള ഓഫിസില്‍ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്‌സല്‍ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.

ഡല്‍ഹിയിലെയും മംഗലാപുരത്തെയും ഓഫിസുകള്‍ കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ പാഴ്‌സലിന്റെ നീക്കം കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ഗോഡൗണില്‍ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.

കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോര്‍ഡ് ബുക്കുകള്‍ മാത്രമായിരുന്നു അഭയം. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തില്‍ നടത്തിയാല്‍ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേല്‍പിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ കണ്‍സൈന്‍മെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാന്‍ ചുമതലപ്പെടുത്തി. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്‌കരമായ കാര്യമാണെന്നതിനു സംശയമില്ല.

കോട്ടയത്തിനടുത്ത് ഖാദര്‍ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്‌സല്‍ നമ്പറാണ് അതെന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്‍സൈന്‍മെന്റിലെ കോണ്‍ടാക്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതു ഖാദര്‍ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാള്‍ കുറെ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു നാട്ടില്‍ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്‌സലിന്റെ ബാര്‍കോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീന്‍ കവര്‍ ഖാദര്‍ യൂസഫിന്റേതു തന്നെ.

മൃതദേഹത്തിന്റെ ഒരു ഫോട്ടോ ഖാദര്‍ യൂസഫിനെ കാണിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. കോട്ടയത്തെ ഒരു സര്‍ജിക്കല്‍ എക്യുപ്‌മെന്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു അപ്പോള്‍ ഖാദര്‍ യൂസഫ് (ബഷീര്‍). ഫോട്ടോ കാട്ടി ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാള്‍ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു.

അയാളുടെ വീട്ടില്‍ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലില്‍ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങള്‍ക്കു ബലം കൂട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അയാള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.

അയാളുടെ വീടിനു സമീപം താമസിക്കുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തില്‍ തന്റെ വീട്ടില്‍ പലപ്പോഴും ആ പെണ്‍കുട്ടി വരാറുണ്ടായിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. അയാളില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി.

ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറായില്ല. ഇതില്‍ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് നീല പോളിത്തീന്‍ കവറിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറില്‍കയറ്റി റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ കൊലപാതകം നടന്ന ശേഷവും എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദര്‍ യൂസഫിന്റെ പൈശാചിക ബുദ്ധി തെളിയുന്നത്. 2015-ല്‍ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയില്‍പോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടില്‍നിന്ന് അവള്‍ അപ്രത്യക്ഷയായി. ഖാദര്‍ യൂസഫിന്റെ നിര്‍ബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അവളെ കാണ്‍മാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടില്‍ ആരുമറിയാതെ രഹസ്യമായി പാര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുന്‍പിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദര്‍ യൂസഫിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്.

ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി എടുത്തിരുന്നു. എന്നാല്‍ അശ്വതിയെ കാണാനില്ല എന്ന പരാതി പത്തനംതിട്ട ജില്ലയില്‍പെടുന്ന ആറന്മുള പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുപ്പിച്ചിരുന്നത്.

പോളിത്തീന്‍ കവറിലെ ഒരു ചെറിയ ബാര്‍കോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാര്‍കോഡില്ലായിരുന്നുവെങ്കില്‍ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമായി മാറിയേനെ.

(കേരള പൊലീസില്‍ സീനിയര്‍ പദവികള്‍ വഹിച്ച എന്‍.രാമചന്ദ്രന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)

RECENT POSTS
Copyright © . All rights reserved