Kerala

പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎൽഎയും തമ്മിൽ ഭിന്നതയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎൽഎ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുൾപ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് എംഎൽഎ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമർശം.

തനിക്കെതിരെ ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ യുവജന സംഘടനയുടെ നിലപാടാക്കി വാർത്ത് നല്‍കിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം പ്രസ്താവനകൾ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവിൽ പറയുന്നു.

കായംകുളം മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്കാളിത്തമില്ലെന്ന് ആരോപിച്ച് ചില ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകി നേരത്തെയും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ നടത്തിയ പരാമര്‍ശം. പിന്നാലെയാണ് ആരോപണങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിച്ച് എംഎൽഎ വീണ്ടും രംഗത്തെത്തുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സെപ്റ്റംബർ പകുതിവരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൻ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂൺ അവസാന വാരത്തിനും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയ്ക്കേ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നീളാൻ സാധ്യതയേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂൺ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.

മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേർക്കാണ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്

 

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരമായിരുന്നു ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ താരം വിശേഷങ്ങള്‍ പങ്കുവെച്ച്‌ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ കുടുംബത്തെക്കുറിച്ച്‌ പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍.

കഴിഞ്ഞ ദിവസം ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കുടുംബത്തെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദയ, ‘തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച്‌ പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച്‌ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച്‌ തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോ. നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങള്‍ ആല്ല. ഞാന്‍ ഒരു സിന്ദൂരം ചാര്‍ത്തി ഫോട്ടോ ഇട്ടപ്പോള്‍ അല്ലെങ്കില്‍ വീഡിയോ ഇട്ടാല്‍ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി.

അത് ഏതുവകുപ്പില്‍ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭര്‍ത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോള്‍ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാന്‍ സിന്ദൂരം തൊട്ടതെന്നും’ ദയ പറയുന്നു. മക്കളെക്കുറിച്ചും ദയ പങ്കുവയ്ക്കുന്നുണ്ട്. ‘ എനിക്ക് പെണ്‍കുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. കാര്യങ്ങള്‍ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകള്‍ പറഞ്ഞു ഇറക്കരുത്.

എനിക്ക് പെണ്‍കുട്ടികള്‍ ആരുന്നെകിലും ഞാന്‍ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ പണിയെടുത്താണ് എന്റെ ഭര്‍ത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നല്‍കുന്നുണ്ട്. ബിഗ് ബോസില്‍ വെച്ചു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത് വിവാദമായിരുന്നു. അതിനെക്കുറിച്ച്‌ താരം പങ്കുവയ്ക്കുന്നതിങ്ങനെ .. ‘പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സില്‍ ആണ് ഭര്‍ത്താവുമായി പിരിയുന്നത്.

ഞാന്‍ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല. ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അര്‍ഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോള്‍, പറ്റിച്ച വേദനയാണ് ഞാന്‍ ബിഗ് ബോസില്‍ വച്ച്‌ കാണിച്ചത്’ താരം വെളിപ്പെടുത്തി.

അഞ്ചാലുംമൂട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ മതിലില്‍ ജിബിന്‍ വില്ലയില്‍ ജോര്‍ജ് ബര്‍ണാബാസിനെ(65)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ജെയിന്‍ കഴിഞ്ഞ 12-ന് മകള്‍ ആനിക്കൊപ്പം വിദേശത്തേക്കു പോയിരുന്നു തുടര്‍ന്നു ജോര്‍ജും മകന്‍ ജോബിനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

ഇന്നലെ രാത്രിയോടെ ജോര്‍ജിനെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ജോബിന്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

എന്നാല്‍ മരണം കോവിഡ് ബാധ മൂലമാണോ എന്നറിയാന്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.

14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.

ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.

കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 53 ഒമാന്‍ സ്വദേശികള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കും. മസ്‌കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം, 2.30ഓടെ കൊച്ചിയില്‍ എത്തും. പ്രത്യേക പരിശോധനകള്‍ നടത്തി 53 പേരുമായി മടങ്ങുന്ന വിമാനം, പിന്നീട് ബംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍ ഇറങ്ങും.

ഇവിടെ കുടുങ്ങിയവരെ കയറ്റിയ ശേഷം വൈകിട്ടോടെ മസ്‌കറ്റിലേക്ക് പുറപ്പെടും.ആയുർവേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാർച്ച് ആദ്യ ആഴ്ചയിൽ കൊച്ചിയിലെത്തിയ വരാണ് ഇവർ. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാൻ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്.

അതേസമയം, രാജ്യത്ത് കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. നാളെ രാവിലെ ബംഗളൂരുവില്‍ നിന്നും വിമാനം നെടുമ്പാശേരിയിലെത്തും.

കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്പത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. മൊബൈല്‍,ടോര്‍ച്ച് എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പ്രധാനമന്ത്രി പ്രത്യേകം പറയുന്നുണ്ട്. അതിനെയാണ്, ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് എന്‍ ബി ഇട്ട് ഇതേ പോസ്റ്റില്‍ ലിജോ ട്രോളുന്നത്.

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്

കമ്മിറ്റി

വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ വേണം വെളിച്ചം തെളിയിക്കേണ്ടതെന്നും രാജ്യത്തിന്റെ ഐക്യം ഇതിലൂടെ കാണിക്കാനാകുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും ഇതുപോലൊരു ആഹ്വാനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ ശബ്ദം ഉണ്ടാക്കണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടിയാണ് ജനത കര്‍ഫ്യു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമക്കാന്‍ ഉത്തരേന്ത്യയില്‍ കൂട്ടത്തോടെ കൈകൊട്ടിയും പാത്രം മുട്ടിച്ചുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തവണയും അതേമാതിരി തെരുവകളിലൂടെ മൊബൈലും ടോര്‍ച്ചും തെളിച്ചു ആള്‍ക്കൂട്ടം ആഘോഷമായി കറങ്ങുമോ എന്നോര്‍ത്താണ് ആശങ്ക. രാജ്യം സമ്പൂര്‍ണ അടച്ചു പൂട്ടലിലും കൊറോണ ഭീതി അതിന്റെ മൂര്‍ദ്ധന്യതയിലും നില്‍ക്കുന്ന സമയമാണിതെന്നു കൂടിയോര്‍ക്കണം.

രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52 മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്. ത‍ിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.

പല്ലന പുത്തൻവീട്ടിൽ പടീറ്റതിൽ യു.വിഷ്ണുവും വൃന്ദയും ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ്. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതിനാവശ്യമായ 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറിൽ വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്.

സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.

ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .

പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .

ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved