ദുബായ്: കോവിഡ് കാലത്തു ഗര്‍ഭിണികള്‍ അടക്കമുള്ളവരെ അടിയന്തരമായി നാട്ടില്‍പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി എസ് ആതിരയുടെ ഭര്‍ത്താവ് നിഥിന്‍ ചന്ദ്രന്‍ (29) ദുബായില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ദുബായില്‍ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്നു നിഥിന്‍. ഇന്ന് പുലര്‍ച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുവരവെയാണ് ആകസ്മിക മരണം. നിഥിന്‍ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ ഓര്‍ഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ പേര് ‘നിഥിന്‍ സി ഒ പോസിറ്റീവെ’ന്നാണ്.

റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ്. ദുബായ് റാഷിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ പറക്കാനായത് വലിയ വാര്‍ത്തയായിരുന്നു. ജൂലൈ ആദ്യം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിഥിന്റെ മരണം. ആതിരക്കൊപ്പം സഞ്ചരിക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അത് അത്യാവശ്യക്കാർക്ക് നൽകി നിതിൻ പിന്മാറുകയായിരുന്നു എന്നാണ് അറിയുന്നത്. ഗൾഫിൽ ഇതുവരെ 200 മലയാളികൾ ആണ് മരിച്ചിട്ടുള്ളത്.