Kerala

കൊച്ചി ഉദയംപേരൂർ കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിനും മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിക്കാനും പ്രതികൾക്ക് മറ്റു ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശ്യം. മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും. അജ്ഞാത മൃതദേഹമെന്ന നിഗമനത്തിൽ തമിഴ്‌നാട് പോലീസ് മറവുചെയ്‌ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളത്തിലെ ‘ദൃശ്യം’, തമിഴിലെ ‘96’ എന്നീ സിനിമകൾ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യ കൊലപാതക ക്കേസിലെ പ്രതികൾ പറഞ്ഞതായി തൃക്കാക്കര എസിപി ആർ. വിശ്വനാഥ്. അന്വേഷണം വഴിതെറ്റിക്കാനാണ് ‘ദൃശ്യ’ത്തിലെ തന്ത്രം പ്രതികൾ പരീക്ഷിച്ചത്. വിദ്യയെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രേംകുമാർ വിദ്യയുടെ ഫോൺ മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചു. സെപ്റ്റംബർ 23ന് പരാതി ലഭിച്ച ശേഷം പൊലീസ് വിദ്യയുടെ മൊബൈൽ ലൊക്കേഷൻ എടുത്തപ്പോൾ, സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുള്ള ലൊക്കേഷൻ കാണിച്ചത് മംഗളൂരുവിനടുത്തായിരുന്നു.

സ്കൂൾ കാലത്തെ പ്രണയികൾ പിരിഞ്ഞു പോയ ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 96 എന്ന തമിഴ് സിനിമയുടെ പ്രമേയം. എസ്എസ്എൽസി ബാച്ചിന്റെ രജതജൂബിലി സംഗമത്തിലാണ് പ്രേംകുമാറും സുനിതയും അടുക്കുന്നത്. എന്നാൽ, പ്രേംകുമാർ ആ സ്കൂളിൽ 9 വരെയേ പഠിച്ചിരുന്നൂള്ളൂ. 96 സിനിമയിലും സമാനമാണു കഥ.

ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഒരു വാട്സാപ് സന്ദേശവും പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണു പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു സന്ദേശം. കുറ്റബോധം കാരണവും സുനിതയെ രക്ഷിക്കാനും വേണ്ടി പ്രേംകുമാർ മനഃപൂർവം അയച്ചാതാകാമെന്നും അതല്ല പ്രേംകുമാറിന്റെ സൃഹൃത്തുക്കളിലൊരാൾ പൊലീസിനു വിവരം ചോർത്തുകയായിരുന്നുവെന്നും സംശയമുണ്ട്. പ്രേംകുമാർ നേരത്തെ സഹായം തേടിയ സുഹൃത്താണിതെന്നാണു സൂചന.

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ കസ്റ്റഡിയിലെടുത്തു‍. മകളെ സ്കൂളിലാക്കി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വച്ചുതന്നെ ഷൈല മരിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമല്ല.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നു. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാറാണ് ഉപയോഗിച്ചത്.

നാലാം വട്ടമാണ് ഇതേ കാര്‍ ലേലത്തിന് വയ്ക്കുന്നതെന്നതാണ് കൗതുകം. ഈ കാര്‍ നായാനാര്‍ കാര്‍ ആയതിനു പിന്നിലും ഒരു കഥയുണ്ട്. അംബാസഡർ കാറുകളെ സ്‍നേഹിച്ചിരുന്ന നായനാരെ അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്‍റെ ഈ ഉപദേശം.

എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എ കെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സിനെ ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ‘നായനാരുടെ കാര്‍’ എന്നാണ് ടൂറിസം വകുപ്പില്‍ ഈ ബെന്‍സ് അറിയപ്പെടുന്നത്.

രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്‍തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍പനക്കാരേ ഇനി ഈ കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതിനാലാണ് ‘ഇരുമ്പു വില’ കണക്കാക്കി നാലാം ലേലത്തിനു തുക നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യം. മുൻകൂർ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭർത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്.

വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രേംകുമാര്‍ നേരെയെത്തിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പരാതി നല്‍കി. മുമ്പും പലതവണ വിദ്യയെ കാണാതായിട്ടുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാനായിരുന്നു പ്രേംകുമാറിന്‍റെ ശ്രമം. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.

ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്‍റെ കാമുകി സുനിതയുമുണ്ടായിരുന്നു. അവിടെവച്ചാണ് പ്രേംകുമാര്‍ അമിതമായി മദ്യം നല്‍കിയശേഷം വിദ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു.

തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.

കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.

എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.

എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതിയെ വകവരുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഭർ‌ത്താവും പെണ്‍സുഹൃത്തും അറസ്റ്റിൽ.‌‌‌‌ ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവന്തപുരം വെള്ളറടയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകി. ഇതിന് ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നണ് പോലീസ് പറയുന്നത്. വിദ്യയെ ഭർത്താവും ഇയാളുടെ കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.

തുടർന്ന് തിരുനെൽവേലിയിൽ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാർ നൽകിയ കാണാതായെന്നുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

എന്നാൽ‌, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബർ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

അതിനിടെ തിരുന്നൽവേലിക്ക് സമീപം മള്ളിയൂർ എന്ന സ്ഥലത്ത് നിന്നും തമിഴ്നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ ഇത് സംസ്കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാർ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്യ്തു. ‌‌മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സഹപാഠിയായിരുന്ന കാമുകിയോടൊപ്പം ജീവിക്കുന്നതിമനാണ് ഭാര്യയെ വകരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് പിന്നലെ മറ്റ് കാരണങ്ങലും കൂടുതൽ പേരുടെ പങ്കും അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്െപൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്പെൻഷൻ.

രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിനു പിന്നാലെയാണ് നടപടി.

സദാചാര ആക്രമണം പ്രമേയമാക്കിയ ‘ഇഷ്ക്’ സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ഫെസ്റ്റിവലിനെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ശനിയാഴ്ച രാത്രി, ആൺ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണൻ ആക്രമണം നടത്തിയെന്നാണ് പരാതി.

ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം. ഇന്ന് രാവിലെ മേള നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ബുക്ക് ഫെയര്‍ താത്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായാണ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി രംഗത്തുവന്നത്. പുസ്തകം പുറത്തുവന്നതിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.

പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്.എം.ഐ സന്യാസിനിസഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.ചെയർമാൻ സാമുവൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചങ്ങനാശേരി മുൻസിപ്പൽ ഉപാധ്യക്ഷ അംബികാ വിജയൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ ദീപം പദ്ധതിയുടെ ഉദ്ഘാടനം ഷെമീഷ് ഖാൻ മൗലവിയും മുൻസിപ്പൽ ആരോഗ്യ ക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ സജി തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.

പ്രസിദ്ധ നെഫ്രോജിസ്റ്റ് ഡോ.സതീഷ് ബാലകൃഷ്ണന്റെയും പ്രഗത്ഭരായ ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിലാണ് ഡയാലിസിസ് നടത്തുന്നത്. ഹാജി ഹലീൽ റഹ്മാൻ, ഹനീഫാ കുട്ടി, എൻ ഹബീബ് ,സുജിത് എ.എം എന്നിവർ പ്രസംഗിച്ചു.

അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തുന അർഹരായ ഒരു വ്യക്കരോഗിക്ക് പ്രതിമാസം സൗജന്യമായി കാരുണ്യം പദ്ധതിയിലൂടെ ഡയാലിസിസ് ചെയ്തു കൊടുക്കുമെന്ന് ചെയർമാൻ ഡോ.സാമുവൽ ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .7559097071

സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.

‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ…’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.

തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോഴായിരുന്നു അവന്റെ കൂട്ടുകാരുടെ വിളി വന്നത്. ‘അഫീലിനു നെറ്റിയിൽ ചെറിയൊരു പരുക്കു പറ്റി. പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു’ ഞങ്ങൾ വേഗം പണിസ്ഥലത്തു നിന്നു വന്ന് ഡ്രസ്സ് മാറി പുറപ്പെട്ടു. വണ്ടിയിലിരിക്കുമ്പോൾ വീണ്ടും ഫോൺ വന്നു. ‘കോട്ടയം മെഡിക്കൽ കോളജിലേക്കു വന്നാൽ മതി. ആരെയെങ്കിലും കൂടെ കൂട്ടണം.’ ഗുരുതരമല്ലെന്നു തോന്നി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. വേഗം ജോൺസന്റെ അനിയനെ വിളിച്ചു.

ഞങ്ങൾ മോനെ കാണുമ്പോൾ ഇടതു കണ്ണ് ചുവന്നു പുറത്തേക്കു തള്ളി വീഴാറായി നിൽക്കുകയായിരുന്നു.വേറെയെന്തെങ്കിലും പരുക്കുണ്ടോയെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നു വേഗം അവനെ കൊണ്ടുപോയി. തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്ക് അമർന്നിരിക്കുന്ന നിലയിലായിരുന്നു. അന്നു തന്നെ തലയിൽ ഒാപ്പറേഷൻ ചെയ്തു. പിന്നീട് 17 ദിവസം മോൻ വെന്റിലേറ്ററിൽ കിടന്നു. ഒരിക്കൽ ജോൺസൺ കയറിയപ്പോൾ കൈ ചെറുതായി അനക്കിയെന്നു പറഞ്ഞു. അതു ഹൈ ഡോസ് മരുന്നു ചെല്ലുന്നതു കൊണ്ടാണ് എന്നു ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഞങ്ങളിവിടെയുണ്ട് കേട്ടോ എന്ന് പല തവണ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ ആവോ?’’

കരച്ചിൽ മറയ്ക്കാൻ മുഖം കുനിച്ചിരുന്ന അഫീലിന്റെ അച്ഛൻ ജോൺസൺ പതിയെ മുഖമുയർത്തി. ‘‘കുടുംബത്തീന്ന് ഭാഗം കിട്ടിയ പറമ്പിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അവിടെ ഒരു കുടിലു കെട്ടി ഞങ്ങൾ താമസം തുടങ്ങുന്നത്. കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം തലച്ചുമടായി താഴെനിന്നു കൊണ്ടുപോണം. കുഞ്ഞിന് ഓടി കളിക്കാൻ മുറ്റമുള്ള ഒരു വീടിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ?

ഇപ്പോഴത്തെ വീടു പണിയുന്ന സമയത്ത് അവൻ എൽകെ ജിയിലാണ്. തൊഴിലുറപ്പു പണി കഴിഞ്ഞു വന്ന് രാത്രി കല്ലും കട്ടയും മണലും ചുമന്നു കൊണ്ടു വരുമ്പോൾ ആരും പറയാതെ അവനും തലയിൽ ഓരോ കട്ട വച്ച് കൊണ്ടു വരും. എല്ലാ പണിക്കും ഞങ്ങളുടെയൊപ്പം കൂടും. മൂന്നു മാസം മുൻപ് ഈ വീട് മുഴുവൻ പെയിന്റ് ചെയ്തത് ഞങ്ങൾ മൂന്നുപേരും കൂടിയാണ്. എന്നാലും എന്തിനാണ് അവനിത്ര വേഗം പോയത്?’

വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.

”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.

”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.

”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.

അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.

RECENT POSTS
Copyright © . All rights reserved