Latest News

മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.

ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പോലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സഹയാത്രക്കാരന് വൈദ്യസഹായം നല്‍കി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കരാഡ്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള ഇന്‍ഡിഗോ 6ഇ 171 വിമാനത്തിലാണ് ഭഗവത് കിഷന്റാവു കരാഡ് യാത്ര ചെയ്തത്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരന് ശാരീരിക അസ്വസ്ഥതയും, തലകറക്കവും ഉണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം. യാത്രയ്ക്കിടെ അടുത്തിരുന്ന യാത്രക്കാരന്‍ വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെയ്യുന്നത് കരാഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ സമീപമെത്തി പരിശോധിച്ചു. അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നെന്നും രക്തസമ്മര്‍ദം കുറഞ്ഞിരുന്നെന്നും ഡോ.കരാഡ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരന്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സമയോചിതമായ ഇടപെടലിലൂടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച കേന്ദ്രമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഹൃദയം കൊണ്ട് അദ്ദേഹം എന്നും ഡോക്ടറാണ്. എന്റെ സഹപ്രവര്‍ത്തകന്റെ മഹത്തായ പ്രവൃത്തി’ എന്നാണ് സംഭവം വിശദീകരിച്ചും മന്ത്രിക്ക് നന്ദി അറിയിച്ചും ഇന്‍ഡിയോ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോഡി പറഞ്ഞത്.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ കാരട്, സര്‍ജനാണ്. ഔറംഗാബാദില്‍ അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട്. ഔറംഗാബാദ് മേയറായിരുന്നു.

ചെന്നൈ: വീരോചിതമായ പ്രവർത്തിയുടെ പേരിൽ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും ഇൻസ്പെക്ടർ രാജേശ്വരി പറയുന്നു: “ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിൾ”കനത്ത മഴയിൽ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകൾ ശ്രദ്ധയാകർഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിൾ പ്രബോധനവും പിതാവ് പകർന്നു തന്ന പാഠങ്ങളുമാണെന്ന് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരിന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ,ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി.ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു.

ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു.രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉൾപ്പെടെയുള്ള നിരവധിപേർ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവർത്തിയുടെ പേരിൽ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകർന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍(61) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

സംവിധായകന്‍ കെഎസ് രവികുമാറിന്റെ അസിസ്റ്റന്റായി ബാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മനോഹര്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്‌. പിന്നീട് രവികുമാറിനൈാപ്പം തന്നെ അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.

ഐവി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ദില്‍, വീരം, സലിം, മിരുതന്‍, കാഞ്ചന 3 തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാനചിത്രം.

2012ല്‍ മനോഹറിന്റെ പത്ത് വയസുകാരന്‍ മകന്‍ സ്‌കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പരിശീലകനടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

കുറവിലങ്ങാട് ഇടവകയിൽ ജനിച്ചു വളർന്ന്, ഡൽഹി കർമ്മഭൂമിയായി തെരഞ്ഞെടുത്ത കോഴാ, തുണ്ടത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌ക്കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ, ടി. കെ. ഉലഹന്നന്റെയും അമനകര വാലുമ്മേൽ പരേതയായ മേരിയുടെയും മൂത്ത മകൻ സിറിൾ ജോൺ ഇനി ഷെവലിയാർ സിറിൾ ജോൺ. പ്രഗത്ഭ വചന പ്രഘോഷകനും ആഗോള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുൻനിര ശുശ്രൂഷകനുമാണ് സിറിൾ ജോൺ.അദ്ദേഹത്തിന്റെ മികവുറ്റ കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങളിൽ സംപ്രീതനായ ഫ്രാൻസിസ് മാർപാപ്പാ നൽകിയ ഷെവലിയാർ പദവി ഔദ്യോഗികമായി മാർപ്പാപ്പയുടെ പ്രതിനിധിയും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച്ബിഷപ് ഡോ. ലിയോപോൾഡോ ജിറേല്ലി സമ്മാനിച്ചു. നൈറ്റ് ഓഫ് ദി ഓർഡർ ഓഫ്സെന്റ് ജോർജ് ഗ്രിഗോറി ദി ഗ്രേറ്റ് “എന്ന ടൈറ്റിൽ ആണ് അദ്ദേഹത്തിന് നൽകിയത്.

അൽമായർക്ക് സഭ നൽകുന്ന വലിയ അംഗീകാരത്തിന്റെ പ്രതീകമാണ് തനിക്ക് ലഭിച്ച ഈ ആദരവെന്ന് മറുപടി പ്രസംഗത്തിൽ ഷെവലിയാർ സിറിൾ ജോൺ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത അനിൽ കൂട്ടോ മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങുകളിൽ ഫരീദാബാദ് രൂപതാ മെത്രാൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ് (മീററ്റ്), ബിഷപ്പ് ഇഗ്‌നേഷ്യസ് മസ്‌കാരനാസ് (സിംല) , ബിഷപ്പ് ഐവാൻ പെരേര (ജമ്മു കാശ്മീർ), ഗുഡ്‌ഗാവ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ വിജയാനന്ദ്, മോൺസിഞ്ഞോർ സൂസൈ സെബാസ്റ്റ്യൻ, തുടങ്ങിയവർ സഹകാർമ്മികരായി. ഭാരത കത്തോലിക്കാ സഭയിലെ വൈദികരും മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെട്ട ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ എൽസമ്മ, മക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പ്രത്യേകം ക്ഷണിക്കപ്പെട്ടവർ ഗോൾഡാഖന കത്തീഡ്രലിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. കുറവിലങ്ങാട്, കോഴാ തുണ്ടത്തിൽ കുടുംബാംഗമായ സിറിൾ ജോൺ കുടുംബത്തോടൊപ്പം ഡൽഹിയിലെ ദ്വാരകയിലാണ് താമസം. ഇന്ത്യൻ പാർലമെൻറിൽ ജോയിന്റ് സെക്രട്ടറി, ചീഫ് പ്രോട്ടോകോൾ ഓഫീസർ എന്നീ പദവികളിൽ അഭിമാനാർഹമായ സേവനം കാഴ്ചവച്ച അദ്ദേഹം 2016ൽ വിരമിച്ചു. ഭാര്യ എൽസമ്മ, മക്കൾ യൂജിൻ, ജെറിൽ, മെർലിൻ, കരോളിൻ. സഹോദരങ്ങൾ: ഡൊമിനിക്ക്, മരിയാ, റീത്താ, ആൻഡ്രുസ്, ബേസിൽ, ഏർണെസ്റ്റിൻ.

ഡൽഹിയിലെ കത്തീഡ്രൽ പ്രാർത്ഥനാഗ്രൂപ്പിന്റെ കോർഡിനേറ്ററായി 1993ൽ ശുശ്രൂഷാ ജീവിതം ആരംഭിച്ച അദ്ദേഹം, തുടർന്നുള്ള 6 വർഷം (1994-2000) ഡൽഹി സർവീസ് ടീമിന്റെ ചെയർമാനായിരുന്നു; ഇന്ത്യയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ദേശീയ സേവന സമിതി അംഗം (1995-1998); നാഷണൽ സർവീസ് ടീം ഓഫ് ഇന്ത്യ (2001-2010) ചെയർമാൻ; ഇന്റർനാഷണൽ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസ് (ഐസിസിആർഎസ്) (2004-2007), ന്റെ വൈസ് പ്രസിഡന്റ് (2007-2015) ഐസിസി ആർ എസ് സബ് കമ്മിറ്റി ഫോർ ഏഷ്യ-ഓഷ്യാനിയ (2006-2019) ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും ഏഷ്യ ഓഷ്യാന മേഖലകളിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തെ പടുത്തുയർത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും, ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തിപരമായി മുൻകൈ എടുത്ത് 2018 ൽ രൂപീകരിച്ച കാരിസ് ഇന്റർനാഷണൽ സർവീസ് ഓഫ് കമ്മ്യൂണിയനിലെ അംഗമാണ് ഇപ്പോൾ സിറിൾ ജോൺ. കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാസാമൂഹികസേവനങ്ങൾ നൽകുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ മാർപാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ പ്രത്യേക പദവികളായി നൽകുന്നത്.

മുംബൈ: അയ്യായിരത്തോളം പ്രസവ ശുശ്രൂഷകളി‌ൽ പങ്കാളിയായ നേഴ്‌സ് ജ്യോതി ഗാവ്‍ലി (38) സ്വന്തം പ്രസവത്തിനു പിന്നാലെയുണ്ടായ ന്യുമോണിയ അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. അവർ ജോലി ചെയ്യുന്ന മറാഠ്‌വാഡ മേഖലയിലെ ഹിൻഗോളി സിവിൽ ആശുപത്രിയിൽ ഈ മാസം രണ്ടിനാണു രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ രക്തസ്രാവം നിലയ്ക്കാതെ ആരോഗ്യനില മോശമായി. ഇതിനിടെ ന്യുമോണിയയും കണ്ടെത്തി. തുടർന്ന് നാന്ദേഡിലെ വിദഗ്ധ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

മുണ്ടക്കയം, ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുണ്ടക്കയം , കരിനിലം, കാരയ്ക്കാട്ട് കെ. കെ കുര്യൻ (കുഞ്ഞാക്കോ ചേട്ടൻ ) 93 നിര്യാതനായി. ചെമ്പകപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുഞ്ഞാക്കോ ചേട്ടൻ മുണ്ടക്കയം വ്യാകുല മാതാ ദേവാലയം, ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് ദേവാലയം എന്നിവയുടെ ട്രസ്റ്റിയായി നിരവധി കാലം സേവനമനുഷ്ഠിച്ചിരുന്നു. ചെമ്പകപ്പാറയിലെ ആദ്യകാല സാമൂഹിക വികസന പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത കുഞ്ഞാക്കോചേട്ടൻ ആയിരുന്നു കുടിയേറ്റ കർഷകരുടെ ആത്മീയ ആവശ്യങ്ങൾക്കായി സെന്റ് പീറ്റേഴ്‌സ് ദേവാലയം നിർമ്മിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചത്. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുണ്ടക്കയം, കരിനിലത്തുള്ള വീട്ടിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ക​ട്ട​പ്പ​ന കൈ​ത​ക്കു​ളം കു​ടും​ബാം​ഗമാണ്.  മ​ക്ക​ൾ: വ​ൽ​സ​മ്മ, ജോ​യി, റോ​സ​മ്മ, ഗ്രേ​സി​ക്കു​ട്ടി, സെ​ലീ​നാ​മ്മ, സോ​ണി (ബി​എ​സ്എ​ൻ​എ​ൽ). മ​രു​മ​ക്ക​ൾ: ജോ​യി തീമ്പലങ്ങാട്ട് ( റി​ട്ട. ടീച്ചർ സി സി എം കരിക്കാട്ടൂർ ), പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി മ​റ്റ​മു​ണ്ട​യി​ൽ, ജോ​സ് കു​ന്നും​പു​റ​ത്ത്, മാ​ണി​ച്ച​ൻ വെ​ള്ളു​ക്കു​ന്നേ​ൽ, സ​ണ്ണി​ക്കു​ട്ടി വ​ള്ളി​ക്കു​ന്നേ​ൽ (റി​ട്ട. പ്ര​ഫ​സ​ർ എസ് ഡി കോളേജ് കാഞ്ഞിരപ്പള്ളി ), റോ​സ്മി ക​ണ്ട​ത്തി​ൽ (വെ​റ്റ​റി​ന​റി സ​ർ​ജ​ൻ).

പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച്‌ മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.

അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ഭാര്യ അർഷിക പറഞ്ഞു.

രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കി. കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നു. അവർ അഞ്ചു പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടാൽ തിരിച്ചറിയും. സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിയത്. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടു…അര്‍ഷിക പറഞ്ഞു.

അതേസമയം സഞ്ജിതിന്‍റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

കൺമുന്നിൽ സഞ്ജിത്ത്‌ വെട്ടേറ്റ് വീഴുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴും അവൻ തിരിച്ച് വരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു അർഷിത. സഞ്ജിത്തിന്റെ മരണ വാർത്ത കേട്ടത് മുതൽ മരവിച്ച അവസ്ഥയിൽ ഇരിക്കുകയായിരുന്നു അർഷിത. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മാറോടണച്ച് സമാധാനിപ്പിച്ചു.

എലപ്പുള്ളിയിലെ വീട്ടിൽ സഞ്ജിതിന്റെ മൃദദേഹം എത്തിയപ്പോൾ ഹരേ രാമാ പ്രാർത്ഥയും, ഭാരത് മാതാ കി ജയ് വിളികളും ഉയർന്നു. സഞ്ജിതിന്റെ മൃദദേഹത്തിൽ കെട്ടിപിടിച്ച് നിലവിളിച്ച ഹർഷിതയെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കായില്ല. ഇനി അവൻ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവളെ തളർത്തിയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർത്തെടുത്ത് അത് പറഞ്ഞുകൊണ്ടായിരുന്നു അർഷിത നിലവിളിച്ചത്. കൂടി നിന്നവർക്കും സങ്കടം അടക്കാനായില്ല.

സഞ്ജിത്തിന്റെ പിതാവ് ആറുച്ചാമി സങ്കടം ഉള്ളിലൊതുക്കി കലങ്ങിയ കണ്ണുകളുമായി എത്തി മകന് അന്തിമോപചാരമർപ്പിച്ചു. മകന്റെ മൃദദേഹം വീട്ട് പടിക്കലെത്തിയത് മുതൽ വീടിന്റെ കതകിനു സമീപത്ത് ഇരുന്ന് കരയുന്ന അമ്മയെ സമാധാനിപ്പിക്കാനും കുടുംബാംഗങ്ങൾ പാട് പെടുന്നുണ്ടായിരുന്നു. “പൊന്നുമോനെ അമ്മയാടാ വിളിക്കുന്നത് ഞാനിപ്പോ ആശുപത്രിയിൽ കൊണ്ടുപോകാട” എന്ന് പറഞ്ഞ് ‘അമ്മ നിലവിളിക്കുകയിരുന്നു. ഒരു നാട് മുഴുവൻ സഞ്ജിതിന്റെ മൃദദേഹത്തിന് മുന്നിൽ നിന്ന് തേങ്ങി. വൈകിട്ട് ഏഴരയോടെ മൃദദേഹം ചന്ദ്രനഗറിലുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി ബിജെപി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

തമിഴ് നടന്‍ വിജയ്ക്ക് ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഭീഷണി വ്യാജമാണ് എന്ന് പൊലീസ് അറിയിച്ചു.തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.

സംഭവത്തില്‍ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അതേസമയം ബീസ്റ്റ് എന്ന സിനിമയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Copyright © . All rights reserved