Latest News

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടണിലെ അതിതീവ്ര കോവിഡ് വൈറസ്. ശ്രീലങ്കന്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

രാജ്യത്ത് ആദ്യമായാണ് അതിതീവ്ര കോവിഡ് വൈറസ് ബാധ സ്ഥീരീകരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഹേമന്ത ഹെരാത്ത് പറയുന്നു. അതിനാല്‍ തന്നെ രാജ്യത്ത് മോയിന്‍ അലിയില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

ശ്രീലങ്കയില്‍ എത്തിയതിന് ശേഷം ജനുവരി നാലിനാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. അലിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, വോക്സിന്റെ ഫലം നെഗറ്റീവായിരുന്നു.

മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

2014 ഏപ്രിൽ 27നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.

ഖദീജയെ കാണാതായ സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത.

ഈ കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടി. എന്നാൽ കഴിഞ്ഞദിവസം ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവർ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.

അതേസമയം, ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.

കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ചലച്ചിത്ര താരം ലെന. തനിക്ക് കോവിഡ് ബാധിച്ചെന്നും ബംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായും ഇത് വ്യാജമാണെന്നും ലെന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലെന വാര്‍ത്തയോട് പ്രതികരിച്ചത്.

യുകെയില്‍ നിന്നും തിരികെ വന്ന തന്റെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്നും നിലവിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രകാരം ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണെന്നും ലെന പറഞ്ഞു.

നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന genome sequencing ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ലെന പറഞ്ഞു.

മാധ്യമങ്ങള്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായും താന്‍ സുരക്ഷിതയാണെന്നും അവര്‍ പ്രതികരിച്ചു. കോവിഡ് ടെസ്റ്റ് ഫലത്തിന്റെ നെഗറ്റീവ് ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചാണ് ലെന വിവാദങ്ങളോട് പ്രതികരിച്ചത്.

 

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് പിതാവ് ഇസ്മയിൽ ആരോപിച്ചു.ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്.

‘അങ്ങനെ സംഭവിക്കണമെന്നു പൊലീസിന് ഉദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്തു നിന്നു കൊണ്ടുവന്നതു പോലും അറിയിക്കാതിരുന്നത്. പൊലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്’. ഇസ്മയിൽ വിതുമ്പി പറയുന്നു.

ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മർദിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരൻ സമീർ വെളിപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസിന്റെ വാക്ചാതുരിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനാണ് മുംതാസിന് അഭിനന്ദനം തേടിയെത്തിയത്. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചത്.

കഴിഞ്ഞദിവസം ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്‌കാര മികവുമായി മുംതാസ് മികവ് പുലര്‍ത്തിയെന്നും മോഡി പറഞ്ഞു. എന്നാല്‍ മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്.

മോഡിയുടെ അഭിനന്ദനം നേടിയതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തമായിരിക്കുകയാണ്. മുംതാസിന്റെ നേട്ടത്തില്‍ കോളേജിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലാണ് മാനേജ്‌മെന്റ്.

കോളേജ് രാജ്യത്തിനു നല്‍കിയ നല്‍കിയ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിലെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. മുംതാസ് മടങ്ങിയെത്തുമ്പോള്‍ രാജകീയ സ്വീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

എംജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എംഇ ഷാജി-റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.

 

സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം അന്തിമഘട്ടത്തോട് അടുത്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.

അതേസമയം, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്ക് അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇംപീച്ച്‌മെന്റ് നടപ്പാകൂ.

എന്നാൽ, ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.

യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നാണക്കേടും ട്രംപ് ചുമക്കുകയാണ്. നേരത്തെ, 2019ൽ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.

ട്രംപിനെ പുറത്താക്കാൻ 25ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഒട്ടേറെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ വന്നുപോകുമെങ്കിലും ചില അധികാരികൾ ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം പിടിക്കുക. അതൊരു നിയോഗമാണ്, കർമ്മപഥത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്ന്. ഇത്തരത്തിൽ, പത്തനംതിട്ടയുടെ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ തന്നെ സ്വന്തം കളക്ടറായി മാറിയ പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ഐഎഎസ് പടിയിറങ്ങുകയാണ്.

മഹാമാരിയുടെ കാലത്തും മഹാപ്രളയം കേരളത്തെ വേട്ടയാടിയപ്പോഴും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പിബി നൂഹ് തന്നെയാണ് പത്തനംതിട്ടയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് തന്റെ വിടവാങ്ങൽ അറിയിച്ചിരിക്കുന്നത്. കളക്ടർ പദവി ഒഴിഞ്ഞ് സഹകരണ രജിസ്ട്രാർ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടർദൗത്യം.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ, വരുന്ന കമന്റുകൾ കേരളത്തിലെ മറ്റെവിടെയുമുള്ളവരുടെയും കണ്ണുനനയിക്കുന്നതാണ്. ‘ഒരിക്കലും മറക്കില്ല, സർ, നന്ദി മാത്രമെ പറയാനുള്ളൂ, ഞങ്ങളെ വിട്ടിട്ടുപോകല്ലേ സർ, പിബി നൂഹിന് മുമ്പും ശേഷവും എന്ന് പത്തനംതിട്ട ചരിത്രം രേഖപ്പെടുത്തും’ ഇങ്ങനെ പോകുന്നു ജനങ്ങളുടെ സ്‌നേഹത്തിൽ പൊതിഞ്ഞുള്ള വിലാപം.

ഒട്ടേറെ പ്രതിസന്ധിയിലൂടെ നാട് കടന്നുപോയപ്പോൾ നിശ്ചയദാർഢ്യം കൊണ്ട് നാടിന്റെ ഒരുമയും സ്‌നേഹവും കെട്ടുറപ്പും ഊട്ടി ഇറപ്പിക്കുകയും കൃത്യമായ വിവരങ്ങളും സഹായവും എത്തിച്ച് മികച്ച ഭരണ നിർവ്വഹണമാണ് നൂഹ് പത്തനംതിട്ടയിൽ നടത്തിയത്.

2018 ജൂൺ മൂന്നിനാണ് പിബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. തൊട്ടുപിന്നാലെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാപ്രളയം നാടിനെ വിറപ്പിച്ചെത്തി. എന്നാൽ പത്തനംതിട്ട മുങ്ങിപ്പോകാതെ കൈപിടിച്ചുയർത്താൻ പിബി നൂഹും സഹപ്രവർത്തകരും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്നുതൊട്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോ മലയാളിയും ശ്രദ്ധിച്ചുതുടങ്ങിയത്. അപകടഘട്ടത്തിൽ കൃത്യമായ വിവരങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മുന്നിൽ നിന്നു നയിച്ചും അദ്ദേഹം ഉത്തമ മാതൃകയായി. നേരിട്ടെത്തി തന്നെ സഹായം ഉറപ്പാക്കുന്ന കളക്ടറെ ജനങ്ങളും സോഷ്യൽമീഡിയയും ഏറ്റെടുത്തു. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങൾ അന്ന് സോഷ്യൽമീഡിയയിൽ വലിയ ശ്രദ്ധ നേടി.

ശബരിമല യുവതീപ്രവേശനത്തെ ചൊല്ലി പലയിടത്തും പ്രതിഷേധം അക്രമാസക്തമായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ നിരന്തരശ്രദ്ധ പുലർത്തി. പിന്നാലോ ലോകത്തെ തന്നെ മരവിപ്പിച്ച കോവിഡ് പത്തനംതിട്ടയിൽ എത്തിയപ്പോഴും പിബി നൂഹിന്റെ ഭരണപാടവം ജനങ്ങൾ കണ്ടു. കേരളത്തിൽ കോവിഡിന്റെ രണ്ടാംഘട്ടം ആരംഭിച്ചതു തന്നെ പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു. ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയെ കേരള ജനതയെ ഞെട്ടിച്ചു. എന്താണ് കോവിഡ് രോഗമെന്ന് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്തത് ജനകീയനായ ഈ കളക്ടറായിരുന്നു.

ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗത്തിൽ ഇദ്ദേഹത്തെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു. കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ കാത്തിരുന്നു.

പ്രളയകാലത്തേതിനു സമാനമായി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാനും ജനങ്ങളോട് സംവദിക്കാനും നാടിനെ ഒപ്പം ചേർക്കുന്നതിന് ഇദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി.

കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കുന്ന ജില്ലാ കളക്ടർ കേരളമാകെ ‘വൈറലായി’. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു.

മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ഇദ്ദേഹം ശബരിമലയിലെത്തുന്നുണ്ട്. സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടർ. പിബി നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

മിനി സുരേഷ്

കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച്‌ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും. എങ്കിലും ഭർത്താവിനോട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന
അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽ കിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും.

“അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്.
ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും
അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത ഏതോഒരു പാഴ് വസ്തു മാത്രമാണന്ന ചിന്തയായിരുന്നു.

ഒരാൾ എപ്പോഴും മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും?അയാളുടെ
മനോവീര്യത്തിന്റെയും,ആത്മവിശ്വാസത്തിന്റെയും സൂചിക താഴ്ന്നു താഴ്ന്നു പോകും. അതു തന്നെ
ആയിരുന്നു പത്മജയുടെ ജീവിതത്തിലും സംഭവിച്ചത്.

സ്കൂളിലും,കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും ,ഡാൻസ് കളിക്കുവാനുമൊക്കെ മിടുക്കിയായിരുന്നപത്മജ വിവാഹശേഷം ഒരു മണുങ്ങൂസ് ആയതിന്റെപൂർണ്ണ ഉത്തരവാദിത്വം ഭർത്താവ് സോമക്കുറുപ്പിനുമാത്രമാണെന്നായിരുന്നു ,സുമേഷിനെ കണ്ടുമുട്ടും വരെ പത്മജ കരുതിയിരുന്നത്. ഒരു പാടു തിരുത്തലുകൾക്ക് സ്വയം വിധേയയാകേണ്ടതുണ്ടെന്ന ബോധം അവൾക്കു തോന്നിതുടങ്ങിയതും അതിൽ പിന്നെയാണ്.
നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വച്ചാണ് പത്മജ കോളേജിലെ പഴയസുഹൃത്തായ സുമേഷിനെ വീണ്ടും കണ്ടു മുട്ടിയത്. എന്നു വച്ചാൽ അവർ പ്രണയിതാക്കളൊന്നുമായിരുന്നില്ല കേട്ടോ. കോളേജിലെ ഇടനാഴികളിലോ,ലൈബ്രറിയിലോ ഒക്കെ ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പുഞ്ചിരിതൂകി നടന്നു നീങ്ങുന്ന വെറും സുഹൃത്തുക്കൾ , പത്മജയെക്കാൾ ഒരു വർഷം സീനിയറായിരുന്നു സുമേഷ്.

കോളേജ് ഡേയ്ക്ക് പത്മജ പാടിയ പാട്ട് കോളേജിലെങ്ങും ഹിറ്റായ സമയം. എല്ലാവരേയും പോലെ അഭിനന്ദിച്ച ഒരാൾ,കോളേജിന്റെ കവാടംഇറങ്ങിയപ്പോൾ മറന്ന മുഖം. ഇത്രയൊക്കെയേ പത്മജയ്ക്ക് സുമേഷിനെ പറ്റി പറയാനുണ്ടാവൂ.
പക്ഷേ സുമേഷിന് അങ്ങനെയായിരുന്നില്ല നെഞ്ചോട് ചേർത്തു ആരും അറിയാതെ സൂക്ഷിച്ച പ്രണയം. പത്മജയുടെ പാട്ട്,ഡാൻസ് എല്ലാം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുഞ്ചിരി തൂകി പത്മജ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നു മറയുന്നതു വരെ അവളറിയാതെ അയാൾ നോക്കി നിൽക്കാറുണ്ടായിരുന്നു.കോളേജ് കാലം കഴിഞ്ഞ് പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവളുടെ ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ലായിരുന്നു.

വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളമ്പരന്നു പോയി. നരകയറിതുടങ്ങിയ തലമുടിയും ,തടിച്ചു വീർത്ത ദേഹവും,അലസമായ വസ്ത്രധാരണവും .പത്മജ തന്നെയാണെന്ന് മനസ്സിലാക്കാൻ ഏറെ നേരമെടുത്തു.
“എന്തൊരു കോലമാടോ ” ? യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.
ബില്ലടിച്ചു തള്ളി വിടുന്ന സാധനങ്ങൾ വലിയൊരു ക്യാരിബാഗിലേക്ക് കുത്തി നിറക്കുന്നതിനിടയിൽ ചോദ്യം കേട്ട് ഞെട്ടി പത്മജ അയാളെ നോക്കി.
പരിചയക്കുറവിന്റെ അമ്പരപ്പൊന്നു മാറിയപ്പോൾ അവൾക്കും സന്തോഷമായി.
കോളേജിൽ വച്ച് കണ്ടതിലും അയാൾ സുമുഖനായിരിക്കുന്നു. ഡൈ തേച്ച് കറുത്തിരുണ്ട മുടിയിഴകകളും,ചുളിവു വിഴാത്ത വസ്ത്രധാരണവും മദ്‌ധ്യവയസ്സിലും അയാൾക്ക് നല്ല പ്രൗഢത നൽകുന്നുണ്ട്.
“താനൊരു കാര്യം ചെയ്യ് ഈ സാധനങ്ങളെല്ലാം എടുത്ത് എന്റെ കാറിലേക്ക് വയ്ക്കു,നമ്മൾക്ക് അപ്പുറത്തെ എ.എൻ ബേക്കേഴ്സ്ൽ കയറി ഒരു ഐസ്ക്രീം കഴിക്കാം…ബാടോ..സുമേഷ് അവളെ ക്ഷണിച്ചു.
“അയ്യോ,വീട്ടിൽ പോയിട്ട് ഒരു പാടു പണികൾ ഉണ്ട്. പിന്നെ ഐസ്ക്രീമൊന്നും ഞാനിപ്പോൾ കഴിക്കാറില്ല. തൊണ്ടക്ക് പിടിക്കും..കൊളസ്ട്രോൾ..
സുമേഷിനറിയില്ലേ പ്രായമായാൽ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.അവൾ മടിയോടെ പറഞ്ഞു.
“ഞാനിപ്പോൾ തന്റെ തൊണ്ടക്കു കേറിപ്പിടിക്കും. മര്യാദക്കു വാടോ.” അയാൾ അവളെ നിർബന്ധിച്ചു,
ബാക്കി കഥ പറയാതെ തന്നെ ഊഹിക്കാമല്ലോ?
ഐസ്ക്രീം നുണയുന്നതിനിടയിൽ പഴയ സൗഹൃദത്തിന്റെ സമരണകളും അവർ പങ്കുവച്ചു.
അവർ കണ്ടു പിരിഞ്ഞതിനു ശേഷം സാധാരണ പൈങ്കിളിക്കഥകളിലെപ്പോലെ സന്ദേശങ്ങൾ, കൈമാറി സൗഹൃദം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു.വേണമെങ്കിൽ അക്ഷരത്തെറ്റുകളുടെ കുറെ ചുമന്ന മഷിപ്പാടുകൾ കൂടി കോറിയിടാം. ഇങ്ങനെയൊക്കെയല്ലേ നിങ്ങൾ ചിന്തിച്ചത്?

പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. അവരിരുവരും പതിവായി സന്ദേശങ്ങൾ കൈ മാറി.അതിലൂടെ സുമേഷ് പഴയ പാവാടക്കാരി പത്മജയെ അവൾക്ക് തിരിച്ചു നൽകി. ഒരു പുരുഷനു സ്ത്രീയിലെ ആത്മധൈര്യം ഉയർത്തുവാനും,താഴ്ത്തുവാനും കഴിയുമെന്നവൾ മനസ്സിലാക്കി.

അതിനുശേഷം അവളും സൂംബ ക്ലാസ്സിലും,ബ്യൂട്ടി പാർലറിലുമൊക്കെ പോകുവാൻ തുടങ്ങി. പച്ചക്കറി കൃഷിയും,യു-ട്യൂബിൽ കുക്കിംഗ് ചാനലുമൊക്കെയായി അടിപൊളിയായി.ഒരു ശില്‌പി തന്റെ ശില്പത്തെ മിനുക്കുന്ന ചാരുതയോടെ സ്വയം അവളെത്തന്നെ മിനുക്കിയെടുത്തു.
അതോടെ അവളുടെ കുട്ടികൾക്ക് അമ്മയെ ക്ഷ പിടിക്കാനുംതുടങ്ങി.
സഹിക്കാൻ പറ്റാതിരുന്നത് ഒരാൾക്ക് മാത്രം.
അവൾ ചിറകടിച്ചു പറന്നുയരുന്നത് സഹിക്കാനാവാതെ അവളുടെ ഭർത്താവ് എരിപിരികൊള്ളുമ്പോഴും അസ്വസ്ഥയാകാതെ അവൾ ആ ജല്പനങ്ങളെ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിട്ടു.
ഒരിക്കൽ പോലും നന്മ നിറഞ്ഞ ഉപദേശങ്ങൾ പകർന്നു കൊടുക്കുന്ന പ്രിയസുഹൃത്തിന്റെ പേര് അവൾ ഭർത്താവിനോട് പറഞ്ഞില്ല. ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി സമരസപ്പെട്ടു പോകുന്ന നല്ല വീട്ടമമയായിരുന്നു പത്മജ എന്നും. പക്ഷേ ഒരു ദിവസം മാത്രം ,ഒരു ദിവസം മാത്രം അവളയാൾക്ക് മറുപടി കൊടുത്തു.
പതിവു പോലെ ശകാരവണ്ടി ഓടിച്ച് ” അല്ലേലും നീയങ്ങനെയാണ് എന്നയാൾ പറഞ്ഞു ബ്രേക്കിടാനൊരുങ്ങിയപ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ പറയാതെ തന്നെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം.ഇനി മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്.”
ഒരു കയ്യടി കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ടി.വി യിലെ പരിപാടി ആസ്വദിക്കുന്നു എന്ന മട്ടിൽ
മകൾ കയ്യടിക്കുന്നുണ്ടായിരുന്നു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

 

 

സ്പിരിച്വല്‍ ഡെസ്‌ക് മലയാളം യുകെ.
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട ആദ്യ അല്‍മായനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓര്‍മ്മ ദിനം ഇന്ന് കൊണ്ടാടുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭാരതത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എത്തുന്ന ആദ്യ അല്‍മായനാണ് ദൈവസഹായം പിള്ള.

നീലകണ്ഠപിള്ള ദൈവസഹായം പിള്ളയായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട കഥ ക്ലാരീഷ്യല്‍ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് CMF പറയുന്നു.
മന്ന.. എന്ന അനുദിന സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
മന്നയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി മാറിയ നായികയാണ് പ്രയാ​ഗ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്ന് തുറന്നുപറയുകയാണ് താരം. ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്.

എല്ലാവർക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണം എന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെൻഡർ ആകണമെന്നോ ഒന്നുമില്ല.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച്‌ നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, പ്രയാഗ പറയുന്നു. ഇത് പുരുഷൻമാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും വോയ്‌സ് ഉണ്ടെന്ന് പുരുഷൻമാർ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

RECENT POSTS
Copyright © . All rights reserved