Latest News

ഹരീഷ് പേരടി എന്ന നടന്‍ ഒരു അഭിനേതാവ് എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കുന്ന വ്യക്തി കൂടിയാണ്. നാടക വേദിയില്‍ നിന്ന് ആയിരുന്നു വെള്ളിത്തിരയിലേക്കുള്ള നടന്റെ വരവ്. താരം തന്‌റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് വന്ന അവാര്‍ഡിനെ കുറിച്ചും അത് നിരസിക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ചുമാണ് നടന്‍ തുറന്നു പറയുന്നത്. ജനാധിപന്‍ സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച മുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. ആശംസകള്‍, ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു. ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെയ്ക്കുമ്പോളും

നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം, എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നുമായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

പോര്‍ച്ചുഗലിന്റെ ലോക കപ്പ് യോഗ്യത തുലാസില്‍. ലിസ്ബണില്‍ ഇന്നലെ സെര്‍ബിയക്കെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പട തോല്‍വി വഴങ്ങിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അലക്സാണ്ടര്‍ മിത്രോവിച് നേടിയ ഹെഡ്ഡര്‍ ഗോളാണ് പോര്‍ച്ചുഗലിന്റെ ലോക കപ്പ് സ്വപ്നങ്ങളെ തുലാസിലാക്കിയത്.

മത്സരത്തില്‍ വിജയമോ സമനിലയോ നേടിയിരുന്നെങ്കില്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും ലോക കപ്പ് യോഗ്യത ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാലിനി അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്ലേ ഓഫ് റൗണ്ടിലാകും ഇനി പോര്‍ച്ചുഗലിന്റെ ലോക കപ്പ് ഭാവി നിര്‍ണയിക്കപ്പെടുക.

ഗ്രൂപ്പ് എ യില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റ് നേടിയാണ് സെര്‍ബിയ ലോക കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. 17 പോയിന്റു നേടിയാണ് പോര്‍ച്ചുഗല്‍ പ്ലേ ഓഫ് റൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫ് ഗ്രൂപ്പുകളെ തീരുമാനിക്കാനുള്ള ഡ്രോ ഈ മാസം അവസാനം നടക്കും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട 12 മുന്‍ ഭരണ സമിതി അംഗങ്ങളില്‍ ഇനി പിടികൂടാനുള്ള രണ്ട് പേരില്‍ ഒരാളാണ് അമ്പിളി. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതിനിടെയാണ് ഒക്ടോബര്‍ 24 ന് അമ്പിളിയുടെ മകളുടെ വിവാഹം നടന്നതും, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍ ബിന്ദു ഇതില്‍ പങ്കെടുത്തതും. എന്നാല്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.

കരുവന്നൂര്‍ കേസില്‍ സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസും ബിജെപിയും നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.

മുൻ മിസ് കേരളം അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്നായിരുന്നു അപകടകാരണം എന്നാണ് മരിച്ചവരുടെ സുഹൃത്തിന്റെ മൊഴി. ഡി.ജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ, ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് നല്‍കിയ മൊഴി.

ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.

കൊച്ചി: എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകർത്ത ശേഷം മരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. 13 വാഹനങ്ങൾ തകർന്നിട്ടുണ്ട്. റോഡിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവർക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടക്കൊച്ചിയിൽ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡൽ തകർന്നതായി ആർടിഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് നേരത്തെ തന്നെ പൊട്ടിയിരുന്നത് ആവാം എന്നാണ് വിലയിരുത്തൽ. കോവിഡ് ലോക്ഡൗൺ സമയത്ത് നിർത്തിയിട്ടിരുന്ന ബസുകൾ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെ അപകടമുണ്ടാക്കിയത് ആശങ്കയുയർത്തുന്നുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.

നിർമാതാവ് സുപ്രിയ മേനോന്റെ അച്ഛൻ മനമ്പറക്കാട്ട് വിജയകുമാർ മേനോൻ (71) അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: എത്തന്നൂർ പ്ലാക്കോട്ട് പത്മ മേനോൻ. മകൾ സുപ്രിയ മേനോൻ. മരുമകൻ: ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ.

ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.

മധുര കെ പുദൂര്‍ ഗവ.ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു ദാരുണമായ സംഭവം നടന്നത്. കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്തുവെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ആണ് ഹോട്ടല്‍ ഉടമ മുത്തുകുമാറിനെ അടിച്ചുകൊലപ്പെടുത്തിയത്. കണ്ണന്‍ ഇഡ്ഡലി മാത്രമാണ് കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തര്‍ക്കം കൈയ്യാങ്കളിയായി. രോഷം പൂണ്ട കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാര്‍ തല്‍ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പോലീസ് പിടികൂടി. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു. സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന്‍ ആണ് മരിച്ചത്. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.

ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.

എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്‍. സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി മണ്ഡലത്തിലെ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് മരിച്ചത്. 27 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു ദാരുണമായ കൊലപാതകം. മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം നടന്നത്. പിറകില്‍ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ വെട്ടുകയായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് – എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിയിരുന്നു. ശേഷം തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊടിയ പീഡനത്തിന് ഇരയായതായി പരാതി. ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്നാണ് നല്‍കിയിരിക്കുന്ന പരാതി. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

16കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനു ശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര മര്‍ദനത്തിനും പീഡനത്തിനും പെണ്‍കുട്ടി ഇരയായിട്ടുണ്ട്.

ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ പിതാവും തയ്യാറായില്ല. മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി ഇറങ്ങി. ഈ സാഹചര്യമാണ് അക്രമികള്‍ മുതലെടുത്തത്.

Copyright © . All rights reserved