മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു. അസുരന്‍ എന്ന തമിഴ് സിനിമയിലൂടെ തമിഴിലും തന്റെ കഴിവ് തെളിയിച്ചു മഞ്ജു. ഈ സിനിമയില്‍ രണ്ട് മക്കളുടെ അമ്മയായി ആണ് മഞ്ജു അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
താരത്തിന് തമിഴ് സിനിമയില്‍ കിട്ടിയ ഏറ്റവും നല്ല തുടക്കം തന്നെയായിരുന്നു അസുരന്‍ എന്ന സിനിമയിലെ കഥാപാത്രം. രണ്ട് മക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനുളള മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ”രണ്ടുപേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്താരു ചോദ്യമാണിത്” എന്നായിരുന്നു താരത്തിന്റെ മറുപടി.അസുരന്‍ വലിയ വിജയം കൈവരിച്ചതോടെ ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പോസിറ്റീവിറ്റി നിരക്കും ഏറ്റവും താഴ്ന്ന നിലകളിലാണ്. ജനജീവിതം പലയിടങ്ങളിലും സാധാരണ നിലയിലായി. കേരളത്തിലടക്കം സ്കൂളുകള്‍ വരെ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ കോവിഡിന്‍റെ ഒരു മൂന്നാം തരംഗം ഇന്ത്യയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നില്‍. AY4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ഥ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.
ഇന്ത്യയടക്കം 40ലധികം രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 17 കേസുകളാണ് ഡെല്‍റ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം AY4.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷണി പൂര്‍ണമായും അവസാനിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു. നാളിതു വരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകളെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നു.
ഈ മാസങ്ങളിലെ ഉത്സവാഘോഷ സീസണ്‍ വീണ്ടുമൊരു കോവിഡ് തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്.
ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്.
ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂര്‍ക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്.
മരിച്ച രണ്ട് പേരും മത്സ്യ വില്‍പ്പനക്കാരാണ്. ഇന്നലെ രാത്രി 8.30 ഓടെ മത്സ്യവില്‍പ്പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാല്‍ ഓട്ടോ വെള്ളക്കെട്ടില്‍ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട പ്രദേശവാസികള്‍ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
നടന്‍ ജോജു ജോര്‍ജുവിനെ വീണ്ടും കടന്നാക്രമിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൂക്ഷമായ വിമര്‍ശനം തൊടുത്തത്. ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നാല്‍ മരിച്ചുപോകുമോ എന്നും എന്നും പി.സി ജോര്‍ജ്ജ്. ജോജു മാനസിക രോഗിയാണെന്നും ഗോഡ്‌സെയ്ക്ക് തുല്യമാണെന്നും കേസെടുക്കണമെന്നും പിസി ആവശ്യപ്പെട്ടു.
പിസി ജോര്‍ജിന്റെ വാക്കുകളിലേയ്ക്ക്;
”എന്തിനും ഏതിനും സമരം ചെയ്യുന്ന ഡിവൈഎഫ്ഐയ്ക്കാര്‍ ഇപ്പോള്‍ ഒന്നിനും ഇറങ്ങുന്നില്ല. പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നത് കൊണ്ടാണിത്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. അപ്പോഴാണ് പണ്ട് സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് ഒരു മാനസിക രോഗി തെരുവിലേക്ക് ഇറങ്ങുകയാണ്. അയാളെ ശക്തമായി നേരിടുക തന്നെയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനത്ത് സിപിഎം കാരുടെ സമരമായിരുന്നുവെങ്കില്‍ കാണാമായിരുന്നു.
ഓട്ടോയില്‍ സ്ത്രീയും കുട്ടിയും കാത്ത് നില്‍ക്കുകയാണെന്ന് അയാള്‍ നുണ പറഞ്ഞു. അതെന്താ സ്ത്രീയും കുട്ടിയും ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കടത്തി വിടുമായിരുന്നുവല്ലോ. അവിടെ ഒരു ആംബുലന്‍സും പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്. ഈ ജോജു എന്ന മാന്യന്‍ ഇന്നലെ കാണിച്ചത് ശരിയാണെങ്കില്‍ മഹാത്മാഗാന്ധിയെ വെടിവെച്ചതും ശരിയാണെന്ന് പറയാന്‍ സാധ്യതയുണ്ട്. ഗോഡ്സെയ്ക്ക് തുല്യമാണ് ജോജു. അയാള്‍ക്കെതിരേ കേസെടുക്കണം”
വാക്‌സിനെടുക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. വാക്‌സിനേറ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
സിറ്റിയുടെ പേറോളില്‍ ആകെ 37000 ജീവനക്കാരാണുള്ളത്. ഇതില്‍ 12000 പേര്‍ മതപരമായ കാരണങ്ങളാലും വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ വാക്‌സിനേഷനില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാല്‍ വാക്‌സീന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാര്‍ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണെന്നും മേയര്‍ ഡി ബ്ലാഡിയോ പ്രസ്താവനയില്‍ പറഞ്ഞു.പന്ത്രണ്ട് ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സീന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്നും തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയിലെ സമയപരിധി മുനിസിപ്പല്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുഖ്യപ്രതി സ്വപ്‌ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും ജാമ്യം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യു.എ.പി.എ ചുമത്തിയ കേസിലാണ് സ്വപ്‌നയ്ക്ക് ഒടുവില്‍ ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരുക്കുന്നത്. കസ്റ്റംസ് കേസില്‍ അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാല്‍ ഇനി സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.
സ്വപ്‌ന സുരേഷിനൊപ്പം കേസിലെ മുഖ്യപ്രതികളായ പി.എസ് സരിത്ത്, കെ.ടി റമീസ്, ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ വാദിച്ചുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഉപാധികള്‍ പാലിച്ചാല്‍ ഉടന്‍ ജയില്‍ മോചിതരാകാം. എന്നാല്‍ റമീസ്, ജലീല്‍ എന്നിവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനമായിരിക്കും അവസാനിക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്നതാണ് പ്രതികള്‍ക്കെതിരായ ആരോപണം. എന്‍.ഐ.എ രാജ്യത്ത് രജിസ്്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു ഇത്. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്.
അകാലത്തിൽ വേർപിരിഞ്ഞുപോയ കല്പനയെക്കുറിച്ച് അമ്മയും മകളും പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടന്നത്, ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയത്, അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു .
വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചു, വിവാഹമോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നത്.
മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ, അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത് അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് കണ്ടിട്ടുള്ളത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.
2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.
48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള ലൈസന്‍സ് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതായാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ട്രക്കുകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പെടെ അയല്‍രാജ്യമായ ബ്രിട്ടനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
എന്നാല്‍ യുകെയുടെ അധികാരപരിധിയില്‍ വരുന്ന കടലില്‍ മുമ്പ് മത്സ്യബന്ധനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന കപ്പലുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതിന് മറുപടിയെന്നോണം കഴിഞ്ഞയാഴ്ച ലെ ഹാവറിനടുത്തുള്ള ഫ്രഞ്ച് തീരത്ത് വെച്ച് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് പറഞ്ഞ് ‘കോര്‍നെലിസ് ഗെര്‍ട്ട് ജാന്‍’ എന്ന ബ്രിട്ടീഷ് ഡ്രഡ്ജര്‍ ഫ്രഞ്ചുകാര്‍ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ബോട്ടിന്റെ ഉടമ പറഞ്ഞെങ്കിലും ഡ്രഡ്ജര്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകള്‍ ഫ്രഞ്ച് തുറമുഖങ്ങളില്‍ അടുക്കുന്നത് നിരോധിക്കാമെന്നും ബ്രിട്ടീഷ് കപ്പലുകളില്‍ കര്‍ശന ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്നും ഫ്രാന്‍സ് അറിയിച്ചു. അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ട്രക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കുകയും കസ്റ്റംസ്, ശുചിത്വ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫ്രാന്‍സ് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
മത്സ്യബന്ധന പ്രശ്നം വര്‍ഷങ്ങളായി ബ്രെക്‌സിറ്റ് ചര്‍ച്ചകളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തര്‍ക്കത്തിന് സാമ്പത്തിക പ്രാധാന്യത്തിലുപരി രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്. എത്രയും വേഗം ഇത് പരിഹരിച്ചില്ലെങ്കില്‍, ഈ ആഴ്ച തന്നെ ബ്രെക്‌സിറ്റ് വ്യാപാര ഇടപാടിലെ തര്‍ക്ക-നിയമനടപടികളുടെ ആരംഭിക്കാന്‍ ഇത് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം ബ്രെക്‌സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ യുകെയ്‌ക്കെതിരായ പ്രതികാര നടപടികൾ ഫ്രാൻസ് വൈകിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനാൽ ഉപരോധം മാറ്റിവയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടമായി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.
തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകൾക്ക് ശേഷം സ്കൂളുകൾ തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു
ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർഥിനി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.