48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള ലൈസന്‍സ് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതായാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ട്രക്കുകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പെടെ അയല്‍രാജ്യമായ ബ്രിട്ടനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഫ്രാന്‍സ് അറിയിച്ചു.

എന്നാല്‍ യുകെയുടെ അധികാരപരിധിയില്‍ വരുന്ന കടലില്‍ മുമ്പ് മത്സ്യബന്ധനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന കപ്പലുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതിന് മറുപടിയെന്നോണം കഴിഞ്ഞയാഴ്ച ലെ ഹാവറിനടുത്തുള്ള ഫ്രഞ്ച് തീരത്ത് വെച്ച് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് പറഞ്ഞ് ‘കോര്‍നെലിസ് ഗെര്‍ട്ട് ജാന്‍’ എന്ന ബ്രിട്ടീഷ് ഡ്രഡ്ജര്‍ ഫ്രഞ്ചുകാര്‍ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.

ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ബോട്ടിന്റെ ഉടമ പറഞ്ഞെങ്കിലും ഡ്രഡ്ജര്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകള്‍ ഫ്രഞ്ച് തുറമുഖങ്ങളില്‍ അടുക്കുന്നത് നിരോധിക്കാമെന്നും ബ്രിട്ടീഷ് കപ്പലുകളില്‍ കര്‍ശന ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്നും ഫ്രാന്‍സ് അറിയിച്ചു. അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ട്രക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കുകയും കസ്റ്റംസ്, ശുചിത്വ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫ്രാന്‍സ് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.

മത്സ്യബന്ധന പ്രശ്നം വര്‍ഷങ്ങളായി ബ്രെക്‌സിറ്റ് ചര്‍ച്ചകളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തര്‍ക്കത്തിന് സാമ്പത്തിക പ്രാധാന്യത്തിലുപരി രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്. എത്രയും വേഗം ഇത് പരിഹരിച്ചില്ലെങ്കില്‍, ഈ ആഴ്ച തന്നെ ബ്രെക്‌സിറ്റ് വ്യാപാര ഇടപാടിലെ തര്‍ക്ക-നിയമനടപടികളുടെ ആരംഭിക്കാന്‍ ഇത് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം ബ്രെക്‌സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ യുകെയ്‌ക്കെതിരായ പ്രതികാര നടപടികൾ ഫ്രാൻസ് വൈകിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനാൽ ഉപരോധം മാറ്റിവയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.