നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും തനിക്കെതിരേയും കേസെടുത്തതില്‍ ദിലീപിന് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു നികേഷിന്റെ പ്രതികരണം.
റിപ്പോര്‍ട്ടര്‍ ടിവിക്കും തനിക്കുമെതിരെ പോലീസ് കേസെടുത്തെന്ന റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന തലക്കെട്ടോടെയാണ് നികേഷ് കുമാര്‍ പങ്കുവെച്ചത്. തനിക്കെതിരെ എത്ര കേസുകള്‍ വന്നാലും അതിജീവിതക്കൊപ്പമായിരിക്കും താനെന്ന് വ്യക്തമാക്കുകയാണ് നികേഷ് കുമാര്‍.
വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പോലീസ് സ്വമേധയാ കേസെടുത്തത. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പോലീസിലെ സൈബര്‍ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ടിവിക്കും എതിരെയാണ് കേസ്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന വിഷയം.
കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്ഐആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് നികേഷിനെതിരെയും ചാനലിനെതിരേയും കേസെടുത്തിരിക്കുന്നത്.
ദിലീപിന്റെ ഹര്‍ജിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പോലീസ് നികേഷിനെതിരെ കേസെടുക്കുകയായിരുന്നു
എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണ കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ട് വന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.
അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ
https://t.co/k92lXFQVLY— M V Nikesh Kumar (@mvnikeshkumar) January 30, 2022
ഒമ്പത് വയസ്സുള്ള കുട്ടിയുടെ പൊതുവായ ഹോബികൾ നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ്. ആഷിലൻ മഹൽ, ഫെരാരി, റോയൽസ് തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാങ്ങാൻ ഒമ്പത് വയസ്സുകാരന് താൽപ്പര്യമുണ്ടോ എന്ന് സങ്കൽപ്പിക്കുക? ഇല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂകൾ, വിലകൂടിയ വാച്ചുകൾ, ബംഗ്ലാവുകൾ, വിലകൂടിയ വാഹനങ്ങൾ എന്നിവയോട് ഇഷ്ടമാണ് നൈജീരിയയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള മോംഫ ജൂനിയർ എന്ന കുട്ടിക്ക്.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ഒമ്പത് വയസ്സുള്ള മോംഫ ജൂനിയറിന് വിലകൂടിയ സൂപ്പർ കാറുകളുടെ ഒരു നിര തന്നെയുണ്ട്. 6 വയസ്സുള്ളപ്പോൾ അവന്‍ ഒരു ആഡംബര കൊട്ടാരം വാങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ മോംഫ ജൂനിയർ ആണെന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. മോംഫ പ്രൈവറ്റ് ജെറ്റിലാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. മൊഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫയുടെ യഥാർത്ഥ പേര്. അവന്റെ ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
മോംഫയുടെ പിതാവ് ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരനാണ്. മോംഫയുടെ പിതാവ് ഇസ്മാലിയ മുസ്തഫയും ഇൻസ്റ്റാഗ്രാമിൽ തന്റെ ചെലവേറിയ ജീവിതശൈലി കാണിക്കുന്നതിൽ പ്രശസ്തനാണ്. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായുള്ള മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ അതായത് ഇസ്മയിലിയ മുസ്തഫ പലപ്പോഴും അയാളുടെ സ്വകാര്യ ജെറ്റിന്റെ ചിത്രങ്ങളും കാർ എക്സിബിഷനുകളുടെയും ബംഗ്ലാവുകളുടെയും ചിത്രങ്ങൾ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇസ്മയിലിയ മുസ്തഫയെപ്പോലെ അദ്ദേഹത്തിന്റെ മകൻ മോംഫയാണ്. അയാളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി ലോകത്തിലെ മറ്റ് കുട്ടികളിൽ നിന്ന് മോംഫയെ വ്യത്യസ്തമാക്കുന്നു. മോംഫയ്ക്ക് അയാളുടെതായ ആഡംബര മാളികയുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോംഫയ്ക്ക് സ്വന്തമായി ഒരു വിമാനമുണ്ട്, അതിനുള്ളിൽ ഇരിക്കുമ്പോൾ അദ്ദേഹം പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അഞ്ചാം വയസ്സിൽ അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ കാർ സിൽവർ ബെന്റ്ലി ആയിരുന്നു.
ദുബായും നൈജീരിയയും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും ഇസ്മാഈലിയ മുസ്തഫ തന്റെ ആഡംബര ബംഗ്ലാവുകൾ നിർമ്മിച്ചിട്ടുണ്ട്. മോംഫ ജൂനിയറിനെ പുകഴ്ത്തി ഗൂച്ചി വസ്ത്രം ധരിക്കുന്ന, സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമയെന്ന് അദ്ദേഹത്തിന്റെ പിതാവും എഴുതി. മഞ്ഞ ഫെരാരി ഉൾപ്പെടെയുള്ള ആകർഷകമായ വാഹനങ്ങളുമായി മോംഫയെ അവന്റെ ദുബായ് ബംഗ്ലാവിൽ പാർക്ക് ചെയ്യുന്നത് കാണാം.
മോംഫ പലപ്പോഴും ലാഗോസിലെയും യുഎഇയിലെയും വീടുകളിലേക്ക് യാത്ര ചെയ്യുകയും ഫോട്ടോകൾ പങ്കിടുകയും ചെയ്യാറുണ്ട്. 10 മില്യൺ പൗണ്ടിലധികം കള്ളപണം വെളുപ്പിച്ചതിന് മോംഫയുടെ പിതാവ് കുറ്റം നേരിടുന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞതായി റിപ്പോർട്ട്.
മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
ദിലീപിനെതിരെ സംസാരിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മാധ്യമ ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്‌സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇത്തത്തിലുള്ള സംഘങ്ങള്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.ഇത്തരം സംഘങ്ങള്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമമംഗലം, പിറവം സ്വദേശി ദിവ്യ മനോജ് (31) ഹൃദയ സ്തംഭനത്തെത്തുടർന്ന് ന്യൂസിലാൻഡിൽ വച്ച് മരണമടഞ്ഞു. ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമൺ- ഷേർലി ദമ്പതികളുടെ മകളാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. മനോജ് ഇടുക്കി സ്വദേശി ആണ്.
മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ.ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്. മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,’ സരസു പറയുന്നു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.
രാജി സന്നദ്ധത അറിയിച്ചിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചിരുന്നു.
അണ്ടര്‍ 19 ലോക കപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടം വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 112 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ മറികടന്നു.
65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ബോളുകള്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഭീഷണിയായിരുന്നെങ്കിലും, ക്ഷമയോടെ ബാറ്റ് ചെയ്ത് ടീം ജയം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനവീളം മികച്ച ബോളിംഗ് പ്രകടനമായിരുന്നു മോണ്ടലിന്റേത്.
നേരത്തെ ടോസ് നേടിയ എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ബംഗ്ളാദേശ് നിരയില്‍ 30 റണ്‍സ് എടുത്ത മെഹ്റോബ് ഒഴികെ ആര്‍ക്കും പൊരുതാന്‍ പോലുമായില്ല.
രവികുമാര്‍ തുടങ്ങിവെച്ച ബോളിംഗ് ആക്രമണം ഇന്ത്യന്‍ ബോളര്‍മാര്‍ ഒട്ടും വീര്യം ചോരാതെ പുറത്തെടുത്തതോടെ 38 ഓവറില്‍ ബംഗ്ളാദേശ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടു. മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെയും രവികുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ മദ്ധ്യനിരയെ ഓസ്റ്റാവലും ടാംബേയും ചേര്‍ന്നും വീഴ്ത്തി.
മഹ്ഫിജുല്‍ ഇസ്ളാം രണ്ടിനും ഇഫ്ത്താഖര്‍ ഹുസൈന്‍ ഒരു റണ്‍സിനും പ്രാന്തിക് ഏഴു റണ്‍സിനും രവികുമാറിന് മുന്നില്‍ വീണപ്പോള്‍ ആരിഫുല്‍ ഇസ്ളാമും പൂജ്യത്തിന് പുറത്തായ ഫാഹീമും ഓസ്റ്റാവലിന് മുന്നില്‍ വീണു. 17 റണ്‍സ് എടുത്ത മൊല്ല റണ്ണൗട്ട് ആകുകയു ചെയ്തു.
നായകന്‍ റാകിബുള്‍ ഹസനാണ് ടാംബേയക്ക് മുന്നില്‍ വീണത്. പിന്നാലെ വന്ന മെഹ്റോബ് 48 പന്തില്‍ 30 റണ്‍സ് എടുത്തു. 16 റണ്‍സ് എടുത്ത സമനൊപ്പം മികച്ച കൂട്ടുകെട്ട ഉണ്ടക്കിയെങ്കിലും സമന്‍ റണ്ണൗട്ടായതോടെ അതും അവസാനിച്ചു. പിന്നാലെ വന്ന രണ്ടുപേരും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ ബംഗ്ളാദേശിനെ പൂട്ടിക്കെട്ടി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയിലെ കിലോ ആറിലെ യമാനി ബേക്കറിയില്‍ സെയില്‍സ്‌മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഷബീർ. ശനിയാഴ്ച രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞു താമസസ്ഥലത്ത് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സമീറയാണ് ഷബീറിന്‍റെ ഭാര്യ. രണ്ട് പെൺകുട്ടികൾ
ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ഷബീറിന്‍റെ സുഹൃത്തുക്കൾ പറയുന്നത്.
ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായെത്തിയത്.
ചിത്രത്തില്‍ ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ഇതുമൂലം ചിലര്‍ക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത്. പിന്നണി പ്രവര്‍ത്തകരുടെ പേരു എഴുതി കാണിച്ചപ്പോള്‍ പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നും വിനീത് പറഞ്ഞു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.
ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന ടെന്‍ഷനുമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
വയനാട് എടവക പഞ്ചായത്തിലെ മൂളിത്തോടിൽ ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെ മകൾ റിനിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം റിമാൻഡിൽ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി.
ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 നവംബർ 18നാണ് ശക്തമായ പനിയും ഛർദിയുമായി റിനിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗർഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസിൽ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗർഭിണിയുമായിരുന്നു.
വിവാഹമോചന കേസിന്റെയും മറ്റും കാര്യങ്ങൾക്കായി റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ഓട്ടോ ഡ്രൈവർ റഹീമിന്റെ പേര് അന്നുതന്നെ ഉയർന്നിരുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തി റിനിക്ക് നൽകുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.
പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി. മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കള്‍ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നല്‍കാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി.
കച്ചവടക്കാരന്‍ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.
യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ റഹീം തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി. ഒളിവില്‍ പോയശേഷം തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരുകയായിരുന്നു റഹീം. കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലില്‍ റഹീം യുവതിക്ക് ജ്യൂസ് നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളില്‍ റഹീം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനല്‍കിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു.
ശാസ്ത്രീയതെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റഹീമിലേക്ക് എത്തിയത്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ. പരിശോധനാഫലവും വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.