Latest News

താൻ വട്ടിയൂർക്കാവിലെ ഫ്ളാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയെന്നും പണം തട്ടിയെടുത്തു എന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ഗായിക കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്ക് എതിരെ നടക്കുന്നത് കുപ്രചാരണം ആണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫ്ളാറ്റിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പ്രമോദ് എന്നയാളുടെ പരാതി വസ്തുതയില്ലാത്തതാണെന്നും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് കുപ്രചാരണം നടത്തുകയാണെന്നും വിജയ് ശങ്കർ പറയുന്നു.

വട്ടിയൂർക്കാവിൽ പേൾ മാനർ എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റ് വാങ്ങാൻ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടും ഫ്ളാറ്റുടമകൾ സെയിൽ ലെറ്റർ നൽകാതെ വഞ്ചിച്ചെന്നും കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു പ്രമോദ് എന്നയാൾ പരാതി നൽകിയത്. വിജയ് ശങ്കറാണ് ഫ്ളാറ്റുടമകൾക്ക് വേണ്ടി കൂടുതൽ പണം ആവശ്യപ്പെട്ടതെന്നും ഫ്ളാറ്റിൽ വന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

also read- സ്വത്ത് കൈക്കലാക്കാനായി അമ്മയെ ഉപദ്രവിച്ചു; ഭാര്യയേയും മകനേയും ഇറക്കിവിട്ടു;കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ മകന് എതിരെ യുവതിയുടെ ഗുരുതര ആരോപണം

എന്നാൽ ഫ്ളാറ്റുമായി ബന്ധപ്പെട്ട സാമ്പത്തികപരമോ അല്ലാത്തതോ ആയ കാര്യങ്ങളിൽ തനിക്ക് ഒരു ഇടപാടും ഇല്ലെന്നാണ് വിജയ് ശങ്കർ പ്രതികരിച്ചത്. പ്രമോദ് എന്നയാൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ഒത്തുതീർക്കുന്നതിന് വേണ്ടിയുള്ള സമ്മർദ്ദമാണ് ഈ വ്യാജപ്രചരണങ്ങളിലൂടെ നടക്കുന്നത്. തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ച പ്രമോദിനും വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വിജയ് ശങ്കർ കൂട്ടിച്ചേർത്തു. പ്രമോദ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നതെന്നും ഒളിവിലിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”പട്ടികജാതിയിൽ പെട്ട സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതിയാണ് പ്രമോദ്. ഇയാൾക്കെതിരെ വട്ടിയൂർക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും ഒരു ഗുണ്ടയും ചേർന്ന് ഇപ്പോൾ ആക്ഷേപങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്,” വിജയ് ശങ്കർ പറഞ്ഞു.

 

ബിഹാറിലെ മന്ത്രി പുത്രനെ ഗ്രാമവാസികൾ കല്ലെറിഞ്ഞും മർദ്ദിച്ചും നേരിട്ടതായി പോലീസ്. തോട്ടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തതിന് പിന്നാലെയാണ് മന്ത്രിയുടെ മകനെ ഗ്രാമവാസികൾ മർദ്ദിച്ചത്. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരൻ ജില്ലയിലായിരുന്നു സംഭവം. ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാറാണ് കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്ന് ഗ്രാമീണർ പറയുന്നു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങൾ കുട്ടികളെ മർദിച്ചുവെന്നും ബബ്ലു ആകാശത്തേക്ക് വെടിയുതിർത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം.

തുടർന്ന് മന്ത്രിയുടെ മകൻ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയിൽ നിന്ന് ഗ്രാമവാസികൾ തോക്ക് തട്ടിയെടുക്കുകയും ചെയ്തു. ഹർദിയ ഗ്രാമത്തിലാണ് മന്ത്രി നാരായൺ പ്രസാദ് സാഹയുടെ വീടുള്ളത്.

മന്ത്രിയുടെ മാമ്പഴ തോട്ടത്തിൽ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം മന്ത്രിയുടെ മകൻ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടികളും മന്ത്രി പുത്രനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ചില കുട്ടികൾക്ക് മർദനമേറ്റു. ശേഷം കുട്ടികളെ ഓടിക്കാൻ മന്ത്രിപുത്രൻ ആകാശത്തേക്ക് വെടിയുതിർത്തു.

കുട്ടികൾക്ക് മർദനമേറ്റതറിഞ്ഞ് ഗ്രാമവസികൾ സംഘടിച്ചെത്തി. മന്ത്രി പുത്രനേയും കൂട്ടാളികളേയും ഗ്രാമവാസികൾ മർദിച്ചു. സംഘർഷം രൂക്ഷമായതോടെ മന്ത്രിയുടെ കാറും ഗ്രാമവാസികൾ എറിഞ്ഞു തകർത്തു. സ്ഥിതിഗതികൾ ഗുരുതരമാകുന്നത് കണ്ട് മന്ത്രിയുടെ മകനും അമ്മാവൻ ഹരേന്ദ്ര പ്രസാദും ഒപ്പമുണ്ടായിരുന്നവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കല്ലേറിൽ ഇരുവിഭാഗത്തിനും പരിക്കേറ്റതായി ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹ പറഞ്ഞു. എതിരാളികൾ തന്നെ അപകീർത്തിപ്പെടുത്താനുള്ള കിംവദന്തികളാണ് പടച്ചുവിടുന്നതെന്നും വാക്കുതർക്കത്തിനിടെ കുട്ടികളുടെ ബന്ധുക്കൾ ഇഷ്ടികകൾ എറിയുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ മകൻ വെടിയുതിർത്തില്ല, റിവോൾവർ തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

 

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതിനിടെ കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ.

ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് വിലയിരുത്തൽ.

ഇതിനിടെ, വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്ന് സുഹൃത്ത് മുഖേനെ ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിന്റെ അടുത്തേത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചത് ശരത്താണെന്നാണ് വിലയിരുത്തൽ. എന്നാൽ ദിലീപിന് ജാമ്യം എടുക്കാൻ സഹായിക്കുകമാത്രമാണ് താൻ ചെയ്തത് എന്നാണ് ശരത്തിന്റെ വാദമെന്നാണ് റിപ്പോർട്ടുകൾ.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഇതിനിടെ സംവിധായകരായ അരുൺ ഗോപിയെയും റാഫിയേയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.

ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ഇരുവരേയും വിളിപ്പിച്ചത്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്.

നേരത്തെ ദിലീപിന്റെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.

കര്‍ഷകരായാല്‍ വില കൂടിയ വാഹനങ്ങളൊന്നും ഓടിയ്ക്കരുതെന്നാണ് ചിലരുടെ ധാരണ. മുഷിഞ്ഞ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കര്‍ഷകനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്.

ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്‌യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്‌യുവി.

കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്.

എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവര്‍ ചോദിച്ചു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണം.

ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.

കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പോലീസിന് പരാതി നല്‍കുകയും ചെയ്തു. തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂ കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ.

‘എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള താല്‍പര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയൽവാസിയുടെ വീട്ടിൽ നാലുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം സ്വർണമോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണം മോഷ്ടിക്കുകയായിരുന്നു വെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് മണവാളക്കുറിച്ചിക്കു സമീപം കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ജോൺ റിച്ചാർഡ്‌സഹായ സിൽജ ദമ്പതികളുടെ മകൻ ജോഹൻ റിഷിയാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ നിന്ന് കാണാതായ റിഷിയെ സമീപവാസിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ വായ്മൂടിക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർ കുട്ടിയുടെ ആഭരണങ്ങൾ പ്രദേശത്തെ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഫാത്തിമ തന്റെ വീടിന് മുന്നിൽ കളിച്ചു ക്കൊണ്ടിരുന്ന ജോഹൻ റിഷിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അണിഞ്ഞിരുന്ന ആഭരണം അഴിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

എന്നാൽ കുട്ടി ബഹളം വച്ചതിനെ തുടർന്ന് വായിൽ തുണികൊണ്ടു കെട്ടുകയും ചെയ്തു. തുടർന്ന് അബോധവസ്ഥയിലായ റിഷിയെ അലമാരയ്ക്കുള്ളിൽ വച്ച് പൂട്ടിയിട്ടു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഫാത്തിമ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

 

കാർണിവൽ ക്രൂയിസ് ലൈൻ കമ്പനിയിൽ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ പൊസിഷൻ ലഭിച്ച ആദ്യ മലയാളിയായി പിറവം സ്വദേശി ബെൽസിൻ. 1996 മുതൽ വീഡിയോഗ്രാഫറായി ജോലി ആരംഭിച്ച ബെൽസിൻ, 2006-ൽ അമേരിക്ക ആസ്ഥാനമായുള്ള കാർണിവൽ ക്രൂയിസ് ലൈൻ എന്ന ആഡംബര കപ്പൽ കമ്പനിയിൽ ഫോട്ടോഗ്രാഫറായി ജോലി ലഭിച്ചു. 2007-ൽ ബ്രോഡ്കാസ്റ്റ് ടെക്നീഷ്യനായി ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിക്കുവാനുള്ള അവസരം ലഭിച്ചു. 2018-ലെ പ്രളയം മൂലം ഭീമമായ നഷ്ടങ്ങളുണ്ടായ കാർണിവൽ ഉദ്യോഗസ്ഥർക്കായി ഫണ്ട് ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു.

പല തവണ ബേസ് ഡ് എംപ്ലോയീ ഓഫ് ദി മന്ത് എന്ന അവാർഡും ഹീറോ ഓഫ് ദി മന്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ എന്ന തസ്‌തിക ലഭിച്ചു. കാർണിവൽ ക്രൂയിസ് ലൈൻ എന്ന കമ്പനിയിൽ ഈ തസ്‌തിക ലഭിച്ച ആദ്യ മലയാളിയാണ് ബെൽസിൻ. പത്താംതരം വരെ പിറവം ഫാത്തിമ മാത സ്കൂളിലും പ്രീഡിഗ്രി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലും, ഡിഗ്രി എറണാകുളം ഓൾ സൈന്റ്സ് കോളേജിലും പൂർത്തിയാക്കി. പിന്നീട് ഡിപ്ലോമ ഫ്രം അരേന മുൾട്ടീമീഡിയ എറണാകുളത്തുനിന്നും പഠിച്ചിറങ്ങുകയായിരുന്നു. യോഗ്യതയുള്ള പലരെയും കപ്പലിൽ ജോലി ലഭിക്കുവാൻ സഹായിച്ചിട്ടുള്ള ബെൽസിൻ, പിറവം ചേന്നാട്ട് പരേതനായ ജോസിന്റേയും ത്രേസ്യാമയുടേയും മകനാണ്. ഭാര്യ ജീന. മക്കൾ ജോസ്ബെൽ, മാത്യുബെൽ, റൂഹാബെൽ.

ജോർജ്‌ മാത്യൂ

ബിർമിങ്ഹാം സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും ,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു .ഇടവക വികാരി ഫാ എൽദോ വര്ഗീസ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,വചന വചനപ്രഘോഷണം എന്നിവ നടന്നു .

ഞായറാഴ്ച രാവിലേ 9 മണിക്ക്‌ പ്രഭാതനമസ്കാരം ,വി .കുർബാന ,പ്രസംഗം ,പ്രദിക്ഷണം ,ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന് നേര്ച്ച വിളമ്പ്‌ ,ലേലം ,സ്നേഹവിരുന്ന് എന്നിവ ക്രമീകരിച്ചിരുന്നു .ക്രിസ്തു പാത പിൻതുടർന്ന സ്തെഫനോസ് സഹദാ ത്യാഗത്തിന്റെയും ,സഹിഷ്ണത യുടെയും ആൾരൂപമായിരുന്നു എന്ന് കുർബാനമധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി .ഇടവകയിൽ നിന്ന് മാഞ്ചസ്റ്റർ പള്ളിയിലേക്ക്‌ മാറിപ്പോകുന്ന വികാരിയച്ചന് സമുചിതവും ,ഹൃദ്യവുമായ യാത്രയയപ്പ് നൽകി .വിവിധ അൽമീയ സംഘടന പ്രതിനിധികൾ ഉപഹാരങ്ങൾ നൽകി .


ഇടവകയുടെ പാരിതോഷികം സെക്രട്ടറി അച്ഛന് കൈമാറി. സെക്രട്ടറി എബ്രഹാം കുര്യൻ ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി .കൊടിയിറക്കോടെ പെരുന്നാളിന് സമാപനമായി .

 

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.

2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.

അതേസമയം, നുസ്‌റത്തിന്റെ ആരോപണങ്ങള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്‌പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.

താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ്. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.

മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.

”ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല.” ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഒന്‍പതാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമായത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്.

ഇതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. നാളെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

Copyright © . All rights reserved