യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്.
യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി 29 മുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടും, റോഡ് ഉപയോക്താക്കളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് അവതരിപ്പിക്കുക.
സൈക്ലിംഗ് പ്രചാരകർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവ ആശയവിനിമയം നടത്തുന്നതിൽ സർക്കാർ വളരെ നിശബ്ദത പാലിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കാൽനടയാത്രക്കാർ, കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് നിയമങ്ങൾ.
ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന. ഒരു ജംഗ്ഷനിൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാർക്ക് ക്രോസ് ചെയ്യുന്നതിനോ ക്രോസ് ചെയ്യാൻ കാത്തിരിക്കുന്നവർക്കോ വഴി നൽകണം. മുമ്പ് ജംഗ്ഷനുകളിൽ വാഹനങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്. കൂടാതെ, സൈക്കിൾ യാത്രക്കാർ പങ്കിട്ട സൈക്കിൾ ട്രാക്കുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം.
ചില സാഹചര്യങ്ങളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകേണ്ട ഡ്രൈവർമാർ ഉദാഹരണത്തിന് റൗണ്ട് എബൗട്ടിൽ, ജംഗ്ഷനിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ തിരിയുമ്പോഴോ പാത മാറുമ്പോഴോ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന് പുതിയ നിയമങ്ങൾ ഡ്രൈവർമാരോടും മോട്ടോർ സൈക്കിൾ യാത്രക്കാരോടും ആവശ്യപ്പെടുന്നു. റൗണ്ട് എബൗട്ടുകളിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം നൽകാനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.
അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.
പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.
പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.
സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.
വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.
അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ
ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.
നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.
ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.
പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു.
ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ച മാലിക് ഫൈസൽ അക്രമിനെ(44) എഫ്ബിഐ കമാൻഡോ സംഘം വധിച്ചിരുന്നു. ‘ലേഡി അൽ ഖായിദ’ എന്നു വിളിപ്പേരുള്ള വിവാദ പാക്ക് ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ യുഎസ് ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അക്രമിന്റെ ആവശ്യം.
വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ നിവാസിയായിരുന്ന ഇയാൾ ടെക്സസിലെ അതിക്രമത്തിനിടെ സഹോദരൻ ഗുൽബാറിനെ ഫോൺ ചെയ്തിരുന്നു. ബ്രിട്ടനിലിരുന്ന് സഹോദരൻ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മാനസികദൗർബല്യമുള്ള അക്രം എങ്ങനെ യുഎസിൽ എത്തിയെന്നാണ് ബ്രിട്ടനിലെ പരിചയക്കാർ അദ്ഭുതപ്പെടുന്നത്.
ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, മെക്സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.fifa.com/tickets എന്നാണ് ലിങ്ക്. 30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ടിക്കറ്റ് വില ഇത്തവണത്തെ ലോകക്കപ്പിനാണ്. കൂടാതെ 2022 ഖത്തർ ലോകകപ്പിന് നിരവധി പ്രത്യേകതകൾ ഉണ്ട്.
ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ)ക്ക് ടിക്കറ്റ് ലഭിക്കും. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം നടക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫെെനൽ മത്സരങ്ങൾ നടക്കുക. രണ്ടാം ഘട്ടം ടിക്കറ്റ് ബുക്കിങ്ങ് 2022 ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
ഫൈനൽ മത്സരം കാണാൻ ആണ് കാണികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫെെനൽ മത്സരം കാണാൻ വേണ്ടിയുള്ള ടിക്കറ്റിന് വേണ്ടി എത്തിയിരിക്കുന്നത്. അതുപോലെ തന്നയാണ് ഉദ്ഘാടന മത്സരം കാണുന്നതിന് 80,000 ടിക്കറ്റുകളാണ് ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാസ്‌ക് വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിബന്ധന അനുസരിക്കില്ലെന്നും, ക്ലാസ്മുറികളില്‍ കുട്ടികളെ നിര്‍ബന്ധമായി മാസ്‌ക് ധരിപ്പിക്കുമെന്നും സ്‌കൂളുകള്‍ തീരുമാനിച്ചതോടെ ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
പ്ലാന്‍ ബി വിലക്കുകള്‍ റദ്ദാക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് പാലിക്കില്ലെന്ന് ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചര്‍മാര്‍ പറയുന്നു. സ്വന്തം സ്ഥാനം സംരക്ഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് രാജ്യത്തെ വലിയ ടീച്ചിംഗ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.
പാര്‍ട്ടിഗേറ്റില്‍ പെട്ടതോടെ രാഷ്ട്രീയ കരിയര്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ ആരോഗ്യ, ശാസ്ത്ര ഉപദേശമില്ലെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഒമിക്രോണ്‍ നടപടികള്‍ വളരെ വേഗത്തില്‍ നീക്കുന്നതിന് എതിരെ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി ഡോ. മേരി ബൗസ്‌റ്റെഡ് പറഞ്ഞു.
പ്രതിസന്ധി അവസാനിച്ചെന്ന ചിന്തയിലാണ് സര്‍ക്കാര്‍ തങ്ങളെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതെന്ന് എഎസ്‌സിഎല്‍ മേധാവി ജെഫ് ബാര്‍ടണും പ്രതികരിച്ചു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നതിന് എതിരെയാണ് മൂന്നില്‍ രണ്ട് രക്ഷിതാക്കളും അടുത്തിടെ നടന്ന സര്‍വെയില്‍ വോട്ട് ചെയ്തത്.
ഇംഗ്ലണ്ടിന്റെ കോവിഡ് പ്ലാന്‍ ബി നടപടികള്‍ വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധിത ഫെയ്‌സ് മാസ്‌ക് നിയമങ്ങളും കോവിഡ് പാസ്‌പോര്‍ട്ടുകളും ഉപേക്ഷിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉപദേശം സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബൂസ്റ്ററുകള്‍ കാരണം ഇംഗ്ലണ്ട് ‘പ്ലാന്‍ എ’ യിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഒമിക്രോണ്‍ തരംഗം പീക്ക് കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതായി അദ്ദേഹം എംപിമാരോട് പറഞ്ഞു.
നിശാക്ലബ്ബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിന് നിര്‍ബന്ധിത കോവിഡ് പാസ്‌പോര്‍ട്ടുകള്‍ അവസാനിക്കും, എന്നിരുന്നാലും സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കോവിഡ് പാസ് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കാം
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകളെ ഇനി ഉപദേശിക്കില്ല, ഓഫീസുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. അടച്ചിട്ടതോ തിരക്കേറിയതോ ആയ ഇടങ്ങളിലും അപരിചിതരെ കാണുമ്പോഴും മുഖാവരണം ധരിക്കാന്‍ ആളുകളോട് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, മാസ്‌ക്കുകള്‍ ഇനി നിര്‍ബന്ധമാക്കില്ല.
വ്യാഴാഴ്ച മുതല്‍, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ മാസ്ക്ക് ധരിക്കേണ്ടതില്ല, കമ്യൂണല്‍ മേഖലകളില്‍ അവരുടെ ഉപയോഗത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ നീക്കം ചെയ്യും. യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതും ഇംഗ്ലണ്ടിലെ കെയര്‍ ഹോം സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.