Latest News

അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം

അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിനോട് അടുക്കുന്നതായി സൂചന. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യ വിമര്‍ശനങ്ങള്‍ പുതിയ ചുവടു മാറ്റത്തിന്റെ സൂചനകളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നേരത്തെ സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍, വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയുകയും പ്രതീക്ഷ പുലര്‍ത്തിയ രാജ്യസഭാ സീറ്റ് ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയോട് ഇടഞ്ഞത്. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചിരുന്നു. സിപിഎം വിട്ടേക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയ ചെറിയാന്‍ ഫിലിപ്പ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

പരസ്യമായി ഇടതുചേരിയെ തളളിപ്പറഞ്ഞ് പഴയ കൂടാരത്തിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ചെറിയാന്‍ ഫിലിപ്പെന്നാണ് സൂചന. ഇരുകൈയും നീട്ടി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് ബലംപകരുന്ന തരത്തില്‍ കേരള സഹൃദയവേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭാവിയില്‍ ലഭിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് ഉപകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവന്ന ശേഷം മതി പരസ്യനീക്കങ്ങളെന്നാണ് ധാരണ. പദവികള്‍ പ്രതീക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലെത്തിയെന്ന ആക്ഷേപം ഒഴിവാക്കാനാണിത്.

നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്കു വന്ന കെടി ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു.

വിഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സിപിഎമ്മില്‍ തഴയപ്പെട്ടപ്പോള്‍ത്തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങള്‍ സജീവമായത്..സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ- ‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.’ ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. ചെറിയാന് മാന്യമായ ഒരു സ്‌ഥാനം നല്കാൻ കോണ്‍ഗ്രസിൽ ആർക്കും എതിരഭിപ്രായമില്ല .
ഭാവിയിൽ ആൻറണി ഒഴിയുന്ന രാജ്യസഭാ സീറ്റൂൾപ്പെടെ ചെറിയാൻ ഫിലിപ്പിന് നലകിയാലും അത്ഭുതപ്പെടാനില്ല .

മുംബൈ ∙ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന നടത്തി. ചില ‘പേപ്പർ വർക്കുകൾ’ പൂർത്തിയാക്കാനാണ് പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻസിബി റെയ്ഡ് നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

ഷാറുഖിന്റെ മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യനെ ഇന്ന് ജയിലിലെത്തി കണ്ടതിനു പിന്നാലെയാണു താരത്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഷാറുഖ് 20 മിനിറ്റോളം ജയിലിൽ ചെലവഴിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായ ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു.

അതേസമയം, ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വസതിയിലും എൻസിബി പരിശോധന നടത്തി. ചോദ്യം ചെയ്യലിനായി എൻസിബിയുടെ മുംബൈ ഓഫിസിൽ നടിയെ വിളിച്ചുവരുത്തി.

തിരുവനന്തപുരം:സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ സംസ്ഥാനത്ത് 42 മരണങ്ങൾ സ്ഥിരീകരിച്ചു. ഈ മാസം 12 മുതലുള‌ള കണക്കാണിത്. ഇതിൽ ഉരുൾപൊട്ടലിൽ 19 പേർ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്‌തു. മഴക്കെടുതിയിൽ മരിച്ചവർക്ക് ഉചിതമായ നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശമേകി.

ഫയർഫോഴ്‌സ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെയും ജനങ്ങളുടെ സഹായത്തോടെയും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ചിലയിടങ്ങളിൽ സേനാ വാഹനങ്ങൾക്ക് പോകാൻ തന്നെ വെള‌ളപ്പൊക്കം മൂലം തടസമുണ്ടായി.

തെക്കൻ തമിഴ്‌നാട് തീരത്ത് പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു. ഇതുമൂലം 20 മുതൽ 24 വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ദുരന്തബാധിത മേഖലകളിലും മലയോര മേഖലയിലും ജാഗ്രത വേണം. 304 ദുരിതാശ്വാസ സ്ഥാപനങ്ങളിലായി 3859 കുടുംബങ്ങളാണുള‌ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തീരദേശത്ത് കനത്തമഴയുണ്ടാകാം.

ദുരിതാശ്വാസ ക്യാമ്പുകളിലുള‌ളവരിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ അയാളെ പ്രത്യേകം ചികിത്സിയ്‌ക്കും. ക്യാമ്പിലെ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തും. ആരെങ്കിലും കൊവിഡ് പോസിറ്റീവായാൽ അവരുമായി സമ്പർക്കമുള‌ളവരെ ക്വാറന്റൈനിലാക്കും. രണ്ട് വയസിന് മുകളിലുള‌ളവർ മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പകർച്ചവ്യാധി ഉണ്ടാകാതിരിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ക്യാമ്പിലുള‌ളവർ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് ടെക്‌നോളജി ബ്ലോഗ് ആയ ‘വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ അഭ്യൂഹങ്ങളെ സംബന്ധിച്ച് ഫേസ്‌ബുക്ക് പ്രതികരിച്ചിട്ടില്ല.

ഇന്‍സ്റ്റഗ്രാം, വാട്‌‌സപ്പ്, ഒക്കുലസ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫേസ്‌ബുക്കിന് കീഴിലാണ്. പുതിയ ബ്രാന്‍ഡ് വരുന്നതോടെ ഇവയെ എല്ലാം ഒരു മാതൃകമ്പനിക്ക് കീഴിലാക്കുമെന്നാണ് വിലയിരുത്തല്‍. ഫേസ്‌ബുക്ക് ആപ്പും മാതൃകമ്പിനിക്ക് കീഴിലാകും. സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഫേസ്‌ബുക്ക് ലക്ഷ്യമിടുന്നതെന്നും വെര്‍ജ് റിപ്പോര്‍ട്ട് ചെയ്‌തു.

ഫേസ്‌ബുക്കിന്റെ നടത്തിപ്പിനെ സംബന്ധിച്ച് സൂക്ഷമ പരിശോധനകള്‍ അമേരിക്കയില്‍ നടക്കവെയാണ് കമ്പനിയുടെ മാറ്റങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫേസ്‌ബുക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത കവരുന്നുവെന്നും, വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. വിദ്വേഷവും ധ്രുവീകരണവും വര്‍ധിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രോത്സാഹിപ്പിച്ച് ഫേസ്‌ബുക്ക് ലാഭം കൊയ്യുന്നെന്ന് മുന്‍ ജീവനക്കാരി ഫ്രാന്‍സെസ് ഹോഗന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

യുവതിയായ വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താനുള്ള പരിചിതനായ യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ’ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പെ‍ാലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭിന്നതയെത്തുടർന്ന്, യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

മാധ്യമങ്ങളിലൂടെ ലൈംഗിക പീഡനമാരോപണമുന്നയിച്ച മോഡല്‍ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.

അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഷെര്‍ലിന്‍ വ്യാജ പരാതി നല്‍കിയത്. രാജ് കുന്ദ്രയുടെ ബിസിനസുമായി ബന്ധമില്ലാത്ത ശില്‍പയെ കേസിലേക്ക് വലിച്ചിഴച്ചെന്നും ദമ്പതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കുന്ദ്രക്കെതിരെ നേരത്തെ ഉന്നയിച്ച ലൈംഗിക ആരോപണം വ്യാജമായിരുന്നെന്ന് ഷെര്‍ലില്‍ ശില്‍പയോട് നേരത്തെ സമ്മതിച്ചിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

2019 മര്‍ച്ച് 27ന് രാത്രി രാജ് കുന്ദ്ര വീട്ടില്‍ എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഷെര്‍ലിന്റെ പരാതി. കഴിഞ്ഞ വര്‍ഷം ഇതിനെപ്പറ്റി പരാതി നല്‍കിയപ്പോള്‍ കുന്ദ്ര ഭീഷണിപ്പെടത്തിയതിനാല്‍ പരാതി പിന്‍വലിച്ചിരുന്നു. ജുഹു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെര്‍ലിന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതക വിവരം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലകൻ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കഴുത്തറുത്ത് കൊല്ലപ്പെട്ട മഹ്ജബിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകൻ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

1978-ലാണ് അഫ്ഗാനിസ്ഥാൻ ദേശീയ വനിതാ വോളിബോള്‍ ടീം (Women’s National Volleyball Team) നിലവില്‍ വന്നത്. അഷറഫ് ഗനി (Ashraf Ghani) അധികാരത്തിലിരിക്കെ കാബൂള്‍ (Kabul) മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്ഥാൻ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ഭരണം പിടിച്ചതിന് ശേഷം സ്ത്രീ വിഭാഗത്തെ അടിച്ചമർത്തുകയാണ് താലിബാൻ. പൊതു ഇടങ്ങളിൽ നിന്ന് അവരെ പൂർണമായി വിലക്കുകയും, പഠിക്കാനും ജോലി ചെയ്യാനും അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. കായിക ഇനങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, എന്നിങ്ങനെയുള്ള കളികളിൽ നിന്നെല്ലാം സ്ത്രീകളെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ഐപിഎൽ സംപ്രേക്ഷണത്തിനും താലിബാൻ രാജ്യത്ത് വിലക്ക് കൊണ്ടുവന്നു. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാൻ ടൂർണമെന്റ് സംപ്രേക്ഷണത്തിന് വിലക്ക് കൊണ്ടുവന്നത്.

 

വളര്‍ത്തുനായയെ ക്രൂരമായി ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈമാസം പതിമൂന്നാം തീയതി കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിനു പിന്നിലുള്ള വഴിയില്‍ വച്ച് രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ വണ്ടിക്കടിയില്‍ നിന്ന് രക്ഷപെട്ട് ഓടിയെങ്കിലും 25 മിനിറ്റിന് ശേഷം ചത്തു.

ജാക്കി എന്ന് പേരുള്ള നായ പറയഞ്ചേരി സ്വദേശിയായ മറ്റൊരു സന്തോഷിന്റേതാണ്. ഓട്ടോറിക്ഷയേയും ഡ്രൈവര്‍ സന്തോഷ്‌കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

തെക്കൻജില്ലകളിൽ പേമാരി വരുത്തിവെച്ചത് ജീവഹാനിക്ക് പുറമെ കോടികളുടെ നാശനഷ്ടവും. ശക്തമായ വെള്ളമൊഴുക്കിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാപകനാശം. 184 വീടുകൾ പൂർണമായും 455 വീടുകൾ ഭാഗികമായും 646 വീടുകളിൽ വെള്ളംകയറിയും നശിച്ചതായിട്ടാണ് കണക്കാക്കുന്നത്.

കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 82 വീടുകൾ ഭാഗികമായും തകർന്നു.

കാഞ്ഞിരപ്പള്ളി വില്ലേജിൽ ഏഴ് വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗികനാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു.

മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകളാണ് പൂർണമായി തകർന്നത്. ചെറുവള്ളിയിൽ 45, മണിമലയിൽ ഏഴ്, ചിറക്കടവിൽ രണ്ട്, കോരൂത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരമാണിത്. വരും ദിവസങ്ങളിലെ കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യത.

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കണക്കെടുപ്പിൽ 6.75 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ വിലയിരുത്തിയത്. മേഖലയിലെ 120 കടകളിൽനിന്നുള്ള വിവര ശേഖരണത്തിലാണ് കോടികളുടെ നഷ്ടം കണക്കാക്കിയത്. കടയിലെ സാധനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായിട്ടുണ്ടാകുന്ന വെള്ളപ്പൊക്കമായതിനാൽ മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നതും നഷ്ടങ്ങളുടെ ആക്കം വർധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്കിൽ 13.99 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ-12.33 കോടി, കാഞ്ഞിരപ്പള്ളി-65 ലക്ഷം, പാറത്തോട്-58.6 ലക്ഷം, എരുമേലി-18 ലക്ഷം, മുണ്ടക്കയം-15.6 ലക്ഷം, മണിമല-7.5 ലക്ഷം, കോരൂത്തോട്-5.46 ലക്ഷം. വാഴ, കപ്പ, ജാതി, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്.

Copyright © . All rights reserved