തിരുവനന്തപുരം:സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ സംസ്ഥാനത്ത് 42 മരണങ്ങൾ സ്ഥിരീകരിച്ചു. ഈ മാസം 12 മുതലുള‌ള കണക്കാണിത്. ഇതിൽ ഉരുൾപൊട്ടലിൽ 19 പേർ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്‌തു. മഴക്കെടുതിയിൽ മരിച്ചവർക്ക് ഉചിതമായ നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശമേകി.

ഫയർഫോഴ്‌സ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെയും ജനങ്ങളുടെ സഹായത്തോടെയും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ചിലയിടങ്ങളിൽ സേനാ വാഹനങ്ങൾക്ക് പോകാൻ തന്നെ വെള‌ളപ്പൊക്കം മൂലം തടസമുണ്ടായി.

തെക്കൻ തമിഴ്‌നാട് തീരത്ത് പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു. ഇതുമൂലം 20 മുതൽ 24 വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ദുരന്തബാധിത മേഖലകളിലും മലയോര മേഖലയിലും ജാഗ്രത വേണം. 304 ദുരിതാശ്വാസ സ്ഥാപനങ്ങളിലായി 3859 കുടുംബങ്ങളാണുള‌ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തീരദേശത്ത് കനത്തമഴയുണ്ടാകാം.

ദുരിതാശ്വാസ ക്യാമ്പുകളിലുള‌ളവരിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ അയാളെ പ്രത്യേകം ചികിത്സിയ്‌ക്കും. ക്യാമ്പിലെ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തും. ആരെങ്കിലും കൊവിഡ് പോസിറ്റീവായാൽ അവരുമായി സമ്പർക്കമുള‌ളവരെ ക്വാറന്റൈനിലാക്കും. രണ്ട് വയസിന് മുകളിലുള‌ളവർ മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പകർച്ചവ്യാധി ഉണ്ടാകാതിരിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ക്യാമ്പിലുള‌ളവർ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.