Latest News

വിമാനയാത്രയ്ക്കിടെ ആകാശത്ത് പിറന്ന മലയാളി യുവതിയുടെ കുഞ്ഞ് ഉടന്‍ കേരളത്തിലെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്.

കുഞ്ഞിന് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തര പാസ്പോര്‍ട്ട് അനുവദിച്ചു. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും.

ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.

ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റില്‍ കുറിച്ചു.

സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണു മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുൻപു രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണിത്. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യവകുപ്പ് തയാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പിഎച്ച്‌സികള്‍ വഴിയും അപേക്ഷിക്കാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായും സുതാര്യമായും പരാതികള്‍ തീര്‍പ്പാക്കും. സിറോ പ്രിവലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഉടൻ തയാറാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണു പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ് പറയുന്നു. ദുബായ് ഭരണാധികാരിയുടെ നടപടി ബ്രീട്ടീഷ് നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തിയതിന് തുല്യമാണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയ രാജകുമാരിയും തമ്മില്‍ മക്കളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള കേസ് നടക്കുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്തിയത്.

ഹയയുടെയും രണ്ട് അഭിഭാഷകരുടെയും സഹായിയുടെയും രണ്ടു സുരക്ഷാ ജീവനക്കാരുടെയും ഫോണ്‍ ആണ് ചോര്‍ത്തിയിരിക്കുന്നത്. ഒഴിയാബാധ തന്നെ വേട്ടയാടുകയാണെന്നാണ് ഫോണ്‍ ചോര്‍ത്തല്‍ വിവരം സ്ഥിരീകരിച്ച ശേഷം ഹയ രാജകുമാരി പറഞ്ഞതെന്ന് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഷെയ്ഖ് വ്യക്തമാക്കി.

”ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. യുഎഇയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. രാജ്യത്തിന്റെ തലവനായതിനാല്‍ വിദേശ കോടതിയില്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ പറയാനാവില്ല. ദുബായ്യോ യുഎഇയോ കോടതി നടപടികളില്‍ കക്ഷിയല്ല. പൂര്‍ണ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി വിധി പറഞ്ഞിരിക്കുന്നത്. കോടതി പരിഗണിച്ച തെളിവുകള്‍ എനിക്കോ അഭിഭാഷകര്‍ക്കോ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അനീതിയാണ്”–ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും പ്രസ്താവനയില്‍ പറഞ്ഞു.

ദുബായ് ഭരണാധാകാരിയും കോടീശ്വരനുമായ ഷെയ്ഖിന് ബ്രിട്ടനില്‍ നിരവധി വസ്തുവകകള്‍ ഉണ്ട്. ബ്രിട്ടന്റെ അടുത്ത സഖ്യകക്ഷി കൂടിയാണ് യുഎഇ. കൂടാതെ എലിസബത്ത് രാജ്ഞിയുമായി അടുത്ത ബന്ധവുമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിനെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബി.ബി.സിയിലെ റിപ്പോര്‍ട്ട് പറയുന്നത്. യുഎഇയുടെ തലവന്‍ പദവി വഹിക്കുന്നതിനാല്‍ നിയമനടപടികളില്‍ നിന്ന പരിപൂര്‍ണ സംരക്ഷണവുമുണ്ട്.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യമകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.

ജര്‍മന്‍ പൗരത്വത്തിന് ഹയ അപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ഇക്കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. ഈ കേസിലെ നിര്‍ണായക വാദം നടക്കുന്ന 2020 ജൂലൈ -ഓഗസ്റ്റ്് സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഷെയ്ഖിന് മറ്റൊരു ഭാര്യയിലുണ്ടായ ഷെയ്ഖ ഷംസയെ 2000 ആഗസ്റ്റില്‍ ഒരു സംഘം ബ്രിട്ടണിലെ കേംബ്രിഡ്ജില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. ഇവര്‍ പിന്നീട് ദുബായില്‍ എത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.

മറ്റൊരു മകളായ ഷെയ്ഖ ലത്തീഫ ബോട്ടില്‍ കയറി രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇന്ത്യന്‍ സൈനികര്‍ ഇവരെ പിടികൂടി ദുബായ്ക്കു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചിലായിരുന്നു സംഭവം. ദുബായിലെ വീട്ടില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്ന ലത്തീഫ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്‍കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഹയയെയ നേരിട്ടും അല്ലാതെയും നിരീക്ഷിക്കാന്‍ സാധിക്കും.

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം.

2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തങ്ങളുടെ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ ആഗോള ക്ലയന്റുകൾക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ്‌ ബാങ്ക്. രാജ്യത്ത് തന്നെ അഞ്ചാമത്തെ വലിയ റീട്ടെയിൽ ബാങ്കായ യു എസ്‌ ബാങ്കിന്റെ ഇത്തരമൊരു പ്രഖ്യാപനം ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നതിന് തെളിവാണ്. ന്യൂയോർക്ക് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ( എൻ വൈ ഡി ഐ ജി ) യോട് ചേർന്നാണ് ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, ലൈറ്റ് കോയിൻ എന്നിവയ്ക്ക് കസ്റ്റഡി സർവീസുകൾ നൽകുവാൻ യു എസ്‌ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതെർ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്കും ഭാവിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് യു എസ്‌ ബാങ്ക് വെൽത്ത് മാനേജ്മെന്റ് & ഇൻവെസ്റ്മെന്റ് ഡിവിഷൻ സീനിയർ എക്സിക്യൂട്ടീവ് ഗുജ്ഞൻ കേഡിയ പറഞ്ഞു. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ നൽകുന്ന ആദ്യ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് യു എസ് ബാങ്ക്.


മറ്റു ബാങ്കുകളായ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ,സ്റ്റേറ്റ് സ്ട്രീറ്റ്, നോർത്തേൺ ട്രസ്റ്റ്‌ തുടങ്ങിയവയും ഡിജിറ്റൽ അസറ്റുകളുടെ കസ്റ്റഡി സർവീസുകൾ ആരംഭിക്കാൻ പരിശ്രമിക്കുകയാണ്. ബിറ്റ് കോയിൻ ഈ ഈ വർഷം ഏപ്രിൽ മാസത്തിൽ എക്കാലത്തെയും ഉയർന്ന റേറ്റായ 64000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ വില ഇടിയുകയും ചെയ്തു. എന്നിരുന്നാൽ തന്നെയും നിരവധി പ്രതിസന്ധിഘട്ടങ്ങളെ ബിറ്റ് കോയിൻ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കറൻസികളുടെ നിരോധിക്കാനുള്ള ചൈനയുടെ നീക്കം പോലും ബിറ്റ് കോയിന്റെ വില നിലവാരത്തെ അധികം ബാധിച്ചിട്ടില്ല.


പ്രൈവറ്റ് ഫണ്ടുകളുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാർക്കാണ് ഇപ്പോൾ കസ്റ്റഡി സർവീസുകൾ ലഭ്യമാകുക. ആവശ്യക്കാർ ഏറെ ആയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

തായിഫ്: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനം നിർവഹിക്കുന്നവർക്ക് സൗദ്യ മിനിസ്ടി ഓഫ് ഹെൽത്ത് ഏർപ്പെടുത്തിയ ബെസ്റ്റ് നേഴ്സ് അവാർഡിന് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിങ് ഡയറക്ടർ ജിജി ജോൺസൺ അർഹയായി. കിങ്ങ് അബ്ദുൾലസീസ് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെൽത്ത് അഫയേഴ്സ് ഡയറക്ടർ സയീദ് ബിൻ ജാബർ അൽ ഖഹ്താനിയിൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി.ആതുരശുശ്രൂഷക്കിടയിൽ കോവിഡ് ബാധിതയായെങ്കിലും പത്താം ദിനം ജോലിയിൽ പ്രവേശിച്ചിരുന്നു. പ്രൊഫഷണൽ കർത്തവ്യം നിർവഹിക്കുന്നതിലും മാതൃകപരമായ ആതുരശുശ്രൂഷയ്ക്ക് പങ്ക് വഹിച്ചതിലുള്ള പരിശ്രമത്തെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി പുരസ്ക്കാര പത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ

ഭാര്യയെ കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണു മരിച്ചത്. ഭർത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഇരുവരും അമ്പലത്തിൽ പോയിരുന്നതായി നാട്ടുകാർ പറയുന്നു.

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.രാത്രി കൊലപാതകം നടത്തിയ ശേഷം അടുത്ത വീട്ടിലെത്തി താൻ അവളെ കൊന്നു എന്നു പറഞ്ഞു സ്ഥലം വിട്ടു. ഈ വീട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ബാബുവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.

സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ ഇതൊരു നല്ല തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിയിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.

‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’

‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ.’–മീര ജാസ്മിൻ പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

ബിജെപി ദേശീയ-സംസ്ഥാന തലത്തിലെ പുനഃസംഘടനയുടെ പേരിൽ വലിയ പൊട്ടിത്തെറി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.

ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് ഇതിൽ നിർണായകമാകും. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം.

ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.

കെ സുരേന്ദ്രന് കീഴിൽ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ഘടകത്തിൽ പികെ കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചിരുന്നു. ഇതിനെ ചൊല്ലി വയനാട്ടിൽനിന്നാണ് ആദ്യ അപസ്വരം ഉയർന്നത്.

ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെബി മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സികെ ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാട് സ്വീകരിക്കാത്ത സജി ശങ്കറിനെ ഒതുക്കിയതാണെന്നാണ് ആക്ഷേപം.

അതേസമയം, മാസങ്ങൾക്കുമുമ്പ് പികെ കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മീഷൻ ചെയർമാനാക്കിയത് തന്നെ മാറ്റി നിർത്തൽ ലക്ഷ്യമിട്ടാണ്. പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനം നിരസിച്ചത്.

ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.

അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.

കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.

ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.

RECENT POSTS
Copyright © . All rights reserved