Latest News

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളും ഉന്നതരും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ ഗായകന്‍ എം.ജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയും ചര്‍ച്ചയാവുകയാണ്.

ടോപ് സിംഗര്‍ പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.

”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്.

മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.

കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.

വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ്​ അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.

ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.

മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്.

“വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് റിലേഷൻ വിഭാഗം ട്വിറ്ററിൽ കുറിച്ചു.

ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നൽകേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറഞ്ഞു. നമ്മുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോഷോപ്പ് കഴിവുകൾ ലോകമറിഞ്ഞുവെന്നും അവർ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നൽകിയതാണെന്ന് പറഞ്ഞാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുൻ മന്ത്രി അടക്കം നിരവധി പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നുഎന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.

ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്നഭ്യര്‍ഥിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന് കത്തെഴുതി താലിബാന്‍ ഭരണകൂടം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് കത്ത്. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ ഏഴ് തീയതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാനസര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാക്കിസ്ഥാനുമാണ്. ഇതിന് പുറമേ യുഎഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂള്‍ കീഴടക്കിയത് മുതല്‍ ഇന്ത്യ അഫ്ഗാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്.

തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആയിഷയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് സ്വദേശി വൃന്ദയെയാണ് ഭര്‍തൃസഹോദരനായ സുബിന്‍ലാല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തയ്യല്‍ക്കടയില്‍ ജോലിചെയ്യുന്നതിനിടെയാണ് വൃന്ദയ്ക്ക് നേരേ ഭര്‍തൃസഹോദരന്‍ ആക്രമണം നടത്തിയത്. കാറിലെത്തിയ പ്രതി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്നാലെ ഓടിയെത്തി തീകൊളുത്തി. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, സുബിന്‍ലാലിനെ ഇഞ്ചയ്ക്കല്‍ ബൈപ്പാസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ അമ്പലത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

വധശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വൃന്ദ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പോലീസ് പറഞ്ഞു.

 

അടിമാലി: ഇടുക്കിയില്‍ ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാജക്കാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്താണ് ജോലിചെയ്തിരുന്നത്. അതിനാല്‍ നാട്ടിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബുധനാഴ്ച രാവിലെ വരെ ആരുമറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അസഹ്യമായതോടെയാണ് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ രാജക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്നും പോലീസ് അറിയിച്ചു.

കേരള തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട് വാളയാര്‍ ഡാം അപകട മുനമ്പാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഡാമില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരുപത്തി ആറായി. ഇതില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ തമിഴ്നാട്ടുകാരാണ്.

ഡാമിൽ കുളിക്കാനിറങ്ങി മണൽക്കുഴികളിൽ അകപ്പെട്ടു കാണാതായ 3 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സഹപാഠികളും അയൽവാസികളുമായ കോയമ്പത്തൂർ സുന്ദരാപുരം വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ്‌ (16), കാമരാജ്‌ നഗർ ഷൺമുഖന്റെ മകൻ പൂർണേശ് (16), ഫേസ്‌ ടു തെരുവ്‌ ജോസഫിന്റെ മകൻ ആന്റോ (16) എന്നിവരാണു മുങ്ങിമരിച്ചത്‌. ഇന്നലെ പുലർച്ചെ പൂർണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. മറ്റു രണ്ടു പേർക്കായി ഏഴു മണിക്കൂറിലേറെ പരിശോധന നീണ്ടു.

കൊച്ചിയിൽ നിന്നുള്ള നേവി സ്പെഷൽ ഡൈവിങ് ടീമും പാലക്കാട്–കഞ്ചിക്കോട് അഗ്നിരക്ഷാസേനയും മലപ്പുറത്തു നിന്നെത്തിയ സ്വകാര്യ ഏജൻസിയുടെ നീന്തൽ വിദഗ്ധരും സിവിൽ ഡിഫൻസ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ടാല്‍ ശാന്തം. തടസങ്ങളില്ലാതെ കുളിക്കാനുള്ള സൗകര്യം. മനോഹാരിത മാത്രം കണ്ട് ഡാമിലിറങ്ങുന്നവര്‍ക്ക് അടിയൊഴുക്കും മണലെടുത്ത കുഴികളും തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ അത്യാഹിതം. ജലനിരപ്പിനടിയില്‍ അപകടക്കുഴികളും ചുഴികളുമാണുള്ളത്. അടിയിലേക്കെത്തിയാല്‍ അസാധ്യ തണുപ്പും. കഴിഞ്ഞദിവസം മരിച്ച മൂന്ന് വിദ്യാര്‍ഥികളും കരയില്‍ നിന്ന് അധിക ദൂരെയല്ലാത്തിടത്താണ് ഡാമിലെ കുഴിയില്‍പ്പെട്ടത്.

നടപടിയും പരിശോധനയും കര്‍ക്കശമാക്കിയപ്പോള്‍ അനധികൃത മണല്‍വാരലിന് കുറവുണ്ടായി. ഡാം ഭാഗികമായി സുരക്ഷിതമായി. എങ്കിലും പഴയ കുഴികള്‍ ഇപ്പോഴും കയങ്ങള്‍ക്ക് സമാനമായി തുടരുന്നു എന്നതാണ് ഓരോ അപകടവും സൂചിപ്പിക്കുന്നത്. കരയില്‍ നിന്ന് അധിക ദൂരമില്ലാത്തിടത്ത് നിരവധി ഗര്‍ത്തങ്ങളുണ്ട്.

പലതും മണല്‍വാരലിന് ശേഷം ഉപേക്ഷിച്ച കുഴികളാണ്. കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ഇറങ്ങിയ ഭാഗത്ത് പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള ചെറുതും വലുതുമായ കുഴികളുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. പലയിടത്തും ചതുപ്പും ചെരിവും കാണപ്പെട്ടിരുന്നതായും വെള്ളത്തിനടിയിലൂടെ സഞ്ചരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. വാളയാര്‍ ചെക്പോസ്റ്റിലെത്താതെ ചെറുവഴികളിലൂടെ ഡാമിലെത്താനുള്ള സൗകര്യമാണ് തമിഴ്നാട്ടുകാരെ കൂടൂതല്‍ ആകര്‍ഷിക്കുന്നത്.

വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ജോട്ടെ ചത്തു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് സുല്‍ത്താന്റെ ജീവനെടുത്തത്. നെയ്യ് അടക്കം കഴിച്ചിരുന്ന സുല്‍ത്താന് വൈകുന്നേരം മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുല്‍ത്താന്‍ പോത്ത്. കോടികള്‍ വാഗ്ദാനം വന്നപ്പോഴും സുല്‍ത്താനെ വില്‍ക്കുന്നില്ലെന്നായിരുന്നു ഉടമസ്ഥന്‍ നരേഷ് ബെനിവാളിന്റെ നിലപാട്.

1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമന്‍ പോത്തായിരുന്നു സുല്‍ത്താന്‍. ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന്‍ 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും അകത്താക്കിയിരുന്നത്. ഇതിന് പറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതയായിരുന്നു.

2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവുമായിരുന്നു സുല്‍ത്താന്‍ ജോട്ടെ. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് തയ്യാറായിരുന്നില്ല. സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുല്‍ത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ സുല്‍ത്താന്റെ ബീജത്തിനായുള്ള ആവശ്യവും വര്‍ധിച്ചു. ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved