Latest News

‘കുറുപ്പ്’ ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. റോസമ്മാ പാട്ട് എന്ന പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സിനിമയാണ് ‘കുറുപ്പ്’. ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. ‘റോസമ്മാ പാട്ട്’ എന്ന് പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തലമുറ പണ്ടേക്കും പണ്ടേ ഗാനമേളകളില്‍ പാടിയിരുന്ന ഗാനമാണിതെന്ന് വിജു പറഞ്ഞു.

കുറുപ്പിന്റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിനു
ശേഷം സിനിമയെ പിന്തുണച്ച് ജിതിന്‍ രംഗത്തുവരികയും ചെയ്തു. ലോകം അറിയേണ്ട ഒരുപാടു കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജിതിന്‍ വ്യക്തമാക്കി. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പാകിസ്‌ഥാന്‌ അത്യാധുനിക പടക്കപ്പൽ നൽകി ചൈന. ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്‌ഥാൻെറ നാവിക ശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാസമുദ്രത്തിലാവും പാകിസ്ഥാൻ ഇത് വിന്യസിക്കുക.

ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ നിർമ്മിച്ച്‌ കൈമാറിയ 054 എ/പി ടൈപ്പ് പടക്കപ്പലിന് പാക്ക് നാവികസേന പിഎൻഎസ് തുഗ്‌റിൽ എന്ന പേരാണ് നൽകിയിരിക്കുന്നത്.

പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കല്‍ക്കിയുമാണ് മരിച്ചത്.

ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് അദിതി. രണ്ട് മാസം മുമ്പാണ് അദിതിയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാകാം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെങ്ങന്നൂര്‍ ആലയിലെ സ്വന്തം വീട്ടിലാണ് അദിതിയെയും കുഞ്ഞിനെയും വിഷംഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നല്കിയ ശേഷം അദിതിയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.

ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

പൂർണമായും വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ യു​.കെയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന്​ ട്രാൻസ്​പോർട്ട്​ ഡിപ്പാർട്ട്​മെന്‍റും അറിയിച്ചു.

“യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കോവാക്‌സിന്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 വാക്‌സിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായി വരില്ല. ഇതോടെ കോവിഷീല്‍ഡിനൊപ്പം, ഈ വാക്‌സിനും എത്തിച്ചേരും,“ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

കോവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫാം എന്നിവയ്ക്കും ഡബ്യുഎച്ച്ഒ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യുകെ ഗവണ്‍മെന്റ് അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ഗവണ്‍മെന്റ് സുതാര്യമാക്കി. ഇവരെ അതിര്‍ത്തികളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായി പരിഗണിക്കും.

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ സെല്‍ഫ് ഐസൊലേഷനും, 8-ാം ദിന ടെസ്റ്റിംഗും, യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള ടെസ്റ്റും വേണ്ടിവരില്ല. എത്തിച്ചേരുന്ന ശേഷം ഒരു ടെസ്റ്റും, പോസിറ്റീവായാല്‍ സ്ഥിരീകരിക്കാന്‍ സൗജന്യ പിസിആര്‍ ടെസ്റ്റുമാണ് വേണ്ടിവരിക. യുഎസില്‍ കോവാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധശേഷി നേടിയവര്‍ക്ക് രാജ്യത്ത് പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വാക്സിനുകളുടെ അംഗീകരവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും ആരോഗ്യ മേഖലയും ചര്‍ച്ചയിൽ ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി സൂചന നൽകുകയും ചെയ്തു.

കണ്‍മുന്നില്‍ പ്രിയതമനെയും സഹോദരനെയും നഷ്ടമായതിന്റെ ഞെട്ടലിലാണ് അല്‍ഫിയ. വിവാഹം കഴിഞ്ഞ് ഒരുമാസം ആകുംമുമ്പേയാണ് അന്‍സലിന്റെ വിയോഗം, അല്‍ഫിയയെ ആശ്വസിപ്പിക്കാനാകാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

കഴിഞ്ഞദിവസമാണ് പരപ്പാര്‍ ഡാമിനുസമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ
കരുനാഗപ്പള്ളി പുതുക്കാട് വടക്കേതില്‍ (പുത്തന്‍പുരയ്ക്കല്‍) അന്‍സല്‍ (26), ഭാര്യാസഹോദരന്‍ പുത്തന്‍വീട്ടില്‍ കിഴക്കേതില്‍ അല്‍ത്താഫും(23) മുങ്ങിമരിച്ചത്.

അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. നവംബര്‍ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഏര്‍വാടി പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്.

പള്ളിയില്‍ പോയി തിരികെവരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താന്‍ തടസ്സമായി.

പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ നീരൊഴുക്ക് ശക്തമായിരുന്നു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹമീദ്കുഞ്ഞ് സജീല ദമ്പതികളുടെ മകനാണ് അന്‍സില്‍. ഭാര്യ: അല്‍ഫിയ. സഹോദരങ്ങള്‍: അസ്ലാം, ആദില. അന്‍സര്‍ ജാസ്മിയ ദമ്പതികളുടെ മകനാണ് അല്‍ത്താഫ്. സഹോദരങ്ങള്‍: അല്‍ഫിയ, ആഫിയ. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട് ജമാഅത്ത്പള്ളിയിലും, അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.

വീടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിടേണ്ടി വന്ന വേദനയില്‍ നീറി നീറി കഴിയുകയാണ് കാസര്‍കോട് വിദ്യാനഗറില്‍ അമ്മ രാജേശ്വരി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ അഞ്ജലിയുടെ മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് ഈ അമ്മയ്ക്ക് മകളെ പൂട്ടിയിടേണ്ടി വരുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയിലാണ് 20 വയസുകാരിയായ അഞ്ജലി ജീവിക്കുന്നത്. ഓട്ടിസം ബാധിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് ഈ അമ്മ പറയുന്നു. ചെറുതായിരുന്നപ്പോള്‍, രാജേശ്വരിക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയാത്ത സാഹചര്യമാണുള്ളത്.

അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കും. ഈ പാടുകളെല്ലാം അവള്‍ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന് കൈയ്യിലെ കറുത്ത പാടുകളെല്ലാം കാണിച്ച് അവളുടെ അമ്മ ദയനീയമായി പറഞ്ഞു. ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. കുളിപ്പിക്കാനും കക്കൂസില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെയാണ് അജ്ഞലിയെ പുറത്തേക്ക് കൊണ്ടുവരുന്നത്. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്നും ഈ അമ്മ നിറകണ്ണുകളോടെ പറയുന്നു.

ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ആ മരുന്ന് കഴിച്ച് തുടങ്ങിയതില്‍ പിന്നെ കുറച്ച് ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മാവന്റെ വീട്ടിലാണ് താമസം. സ്വന്തമായി വീടെന്ന സ്വപ്‌നമാണ് ഈ അമ്മയ്ക്ക് ഇനി ബാക്കിയുള്ളത്.

അക്കൌണ്ട് വിവരങ്ങൾ
RAJESHWARI
AC NO: 42042010108320
IFSC: CNRB0014204
CANARA BANK
KASARAGOD BRANCH

ന്യൂസിലന്‍ഡില്‍ കോവിഡ് വാക്‌സിനേഷനും ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്‌സിനേഷന്‍ പിന്‍വലിക്കണമെന്നും ലോക്ക്ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പാര്‍ലമെന്റിലടക്കം വന്‍ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കെട്ടിടത്തിലേക്കുള്ള രണ്ട് കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയാണ് ആയിരങ്ങള്‍ സെന്‍ട്രല്‍ വെല്ലിംഗ്ടണില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. 2018 തിരിച്ചുതരണമെന്നാണ് മിക്കവരും പ്ലാക്കാര്‍ഡുകളില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ തനിക്ക് വേണ്ടാത്തൊരു വസ്തു എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നു. ലാബോറട്ടറിയിലെ എലികളല്ല ന്യൂസിലന്‍ഡ് ജനങ്ങളെന്നും പ്ലാക്കാര്‍ഡുകളുര്‍ന്നിരുന്നു.

ലോകത്ത് കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് 200 കടക്കുന്നത്. രാജ്യത്ത് എണ്‍പത് ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അഭ്യൂഹങ്ങൾക്കും ആകാംക്ഷാനിർഭരമായ കാത്തിരിപ്പിനു വിട. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ ഇനി മുതിർന്ന താരം രോഹിത് ശർമ നയിക്കും. രോഹിത്തിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിൽ) 14–ാം സീസണിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചു. മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.

നവംബർ 17ന് ജയ്പുർ, 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും പ്രഖ്യാപിച്ചു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലാണ് ക്യാപ്റ്റൻ. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന രാഹുൽ ചാഹറിനെ എ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയിലെ അതിവേഗ ബോളറെന്ന് പേരെടുത്ത ജമ്മു കശ്മീർ താരം ഉമ്രാൻ മാലിക്കും എ ടീമിൽ ഇടംനേടി. മലയാളി താരം സ‍ഞ്ജു സാംസണിന് രണ്ടു ടീമിലും ഇടമില്ല.

ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ യുസ്‌വേന്ദ്ര ചെഹൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കിവീസിനെതിരെ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. അതേസമയം, ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന ശിഖർ ധവാനെ ഇത്തവണയും പരിഗണിച്ചില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷാർദുൽ ഠാക്കൂറിനും ടീമിൽ ഇടംലഭിച്ചില്ല.

ഐപിഎലിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. നീണ്ട കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ രവിചന്ദ്രൻ അശ്വിൻ സ്ഥാനം നിലനിർത്തി. ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീം: പ്രിയങ്ക് പഞ്ചൽ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, സൗരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോറെൽ, അർസാൻ നഗ്വാസ്‌വല്ല

ബ്രഹ്മമംഗലത്ത് ആസിഡ്‌ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ പിതാവും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ഭാര്യ സീന, മൂത്തമകൾ സൂര്യ എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇളയമകൾ സുവർണ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവർ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്.

അടുത്തിടെ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെൺകുട്ടികളും അടുത്തിടെ മാനസികചികിത്സ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

വിവാഹം നിശ്ചയിച്ചിരുന്നത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.സുകുമാരന്റെ മകൾ സുവര്‍ണയാണ് ഇന്നലെ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജോജുവിന്‍റെ കാര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായി ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

നടന്‍ ജോജു ജോര്‍ജ് അഭിനയിച്ച സ്റ്റാര്‍ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോള്‍ ഷേണായീസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റര്‍ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും മുദ്രാവാക്യംവിളികളുമായി എത്തിയത്.

ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടായതില്‍ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാര്‍ അടിച്ച് തകര്‍ത്തത്. ഈ കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

RECENT POSTS
Copyright © . All rights reserved