മൂവാറ്റുപുഴ തൃക്കളത്തൂരിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തോടെ മരിച്ചത്. അപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവർ ഇന്നലെ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാരും, പോലീസും,അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ഇന്നലെ മരണപ്പെട്ടിരുന്നു.
ബാംഗ്ലൂരിൽ നിന്നും ബന്ധുവിന് കാർ വാങ്ങിയ ശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും, വിഷ്ണുവിന്റെയും, അരുണിന്റെയും സംസ്ക്കാരം ഇന്നലെ നടത്തി. അമർനാഥിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കെഎസ്ഇബി സബ് എഞ്ചിനിയറായ സുരേഷ് ബാബുവും കുടുംബവും സഹോദരിമാരായ രജനിയുടെയും സജിനിയുടെയും മക്കളായ ആദിത്യൻ, അമർനാഥ്, വിഷ്ണു, ബാബു എന്നിവർക്കൊപ്പമാണ് മൂന്നു ദിവസം മുമ്പ് ബംഗളൂരുവിലേക്ക് തിരിച്ചത്. ഓൺലൈൻ വാഹനവിപണന സൈറ്റ് വഴി വാങ്ങിയ രണ്ടു കാറുകൾ വില പറഞ്ഞുറപ്പിച്ച് വാങ്ങാൻ കൂടിയായിരുന്നു ഈ യാത്ര. ബംഗളുരുവിൽനിന്ന് വാങ്ങിയ രണ്ടു കാറുകളിലായി ഇവർ നാട്ടിലേക്ക് തിരിച്ചു. ഒരു കാറിൽ സുരേഷ് ബാബുവും കുടുംബവും മറ്റൊന്നിൽ സഹോദരിയുടെ മക്കളുമാണ് ഉണ്ടായിരുന്നത്. പെരുമ്പാവൂരിൽ ഇന്ധനം നിറയ്ക്കാനും ചായ കുടിക്കാനുമായി ഇരു കാറുകളും നിർത്തിയിരുന്നു. അവിടെ നിന്ന് സുരേഷ് ബാബുവിന്‍റെ കാറാണ് മുന്നിൽ വന്നത്. പിന്നാലെ യുവാക്കളുടെ കാറും.
പിന്നാലെയുള്ള കാർ കാണാതായതോടെ സുരേഷ് ബാബു തിരികെ വന്നപ്പോഴാണ് ലോറിയുമായി ഇടിച്ച് സഹോദരിയുടെ മക്കൾ അപകടത്തിൽപ്പെട്ടത് കണ്ടത്. അപകട ദൃശ്യം കണ്ട് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട സുരേഷ് ബാബുവിനെ സമീപത്തുള്ള സുഗതൻ എന്നയാളുടെ വീട്ടിലേക്ക് മാറ്റി. അതിനിടെ ആശുപത്രിയിൽനിന്ന് മൂന്നു പേരുടെ മരണ വാർത്ത അറിഞ്ഞതോടെ സുരേഷ് ബാബു അവിടെനിന്ന് കാർ ഓടിച്ചു പോയി. ‘എന്നെ അന്വേഷിക്കേണ്ട ഞാൻ പോകുകയാണ്…’ എന്ന് മൊബൈലിൽ സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹം പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചേർത്തലയിലെ ബന്ധുവിന്‍റെ വീട്ടിൽനിന്ന് സുരേഷ് ബാബുവിനെ കണ്ടെത്തുകയായിരുന്നു.
കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ യുഡിഎഫിലേക്ക് പോകാനാണ് താൽപര്യമെന്ന് അറിയിച്ച് ജനപക്ഷം നേതാവും മുൻഎംഎൽഎയുമായ പിസി ജോർജ്. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും താൽപര്യമെന്നും പിസി ജോർജ് പറഞ്ഞു. കോൺഗ്രസിലെ നിലവിലെ പ്രശനങ്ങൾ തീർന്നാൽ ഉടൻ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
കോൺഗ്രസിലെ പുതിയ മാറ്റങ്ങൾ ജനാധിപത്യത്തിന് ഗുണകരമാണ്. പാർട്ടിക്ക് ഉള്ളിലെ ജനാധിപത്യ ചർച്ചകൾക്ക് ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവർ തന്നെയാണ്. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാൽ ചില സത്യങ്ങൾ പറയുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടവർ തിരിച്ച് വന്നേക്കുമെന്നും പിസി ജോർജ് പറഞ്ഞു. കെസി വേണുഗോപാലിനെതിരെയുള്ള വിമർശനം കുശുമ്പു കൊണ്ടാണ്. അദ്ദേഹം എഐസിസിയുടെ ഉയർന്ന തലത്തിൽ എത്തിയതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും പിസി ജോർജ് പറഞ്ഞു.
കൂടാതെ, താൻ ഒരുവട്ടം കൂടി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കിൽ താൻ പേടിച്ച് ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നിൽക്കുമെന്നും പിസി ജോർജ് പറഞ്ഞു.
വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.
കൊൽക്കത്ത (ഇന്ത്യ) :പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച് ലോകത്തിന് മാതൃകയായ മദർ തെരേസയുടെ ദർശനം ഉൾകൊണ്ട് സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സിസ്റ്റർ വൈൽഡാനി കപ്പിഡണിന് (41) യൂണിവേഴ്സൽ റിക്കോർഡ് ബുക്ക് ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് പുരസ്ക്കാരത്തിന് അർഹയായി. യു.ആർ.എഫ് ഇൻറർനാഷണൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ്, സി.ഇ.ഒ:ഡോ.സൗദീപ് ചാറ്റർജി, അംബാസിഡർ ഡോ.ബെർനാൾഡ് ഹോളെ (ജർമനി) ,യുആർഎഫ് ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തത്.
വൈൽഡാനി കപ്പിഡൺ 1980 സെപ്റ്റംബർ 1ന് ഹെയ്തിയിലെ കെയ്സ് ജാക്മെലിൽ ജനിച്ചു.കുട്ടിക്കാലത്ത് തന്നെ തന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച് 14-ാം വയസ്സിൽ കോൺവെൻ്റിലെത്തി. സന്യാസിനിയായി വൈൽഡാനി സഭാ വസ്ത്രം സ്വീകരിച്ചതിന് ശേഷം നിരാലംബർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ഉന്നമനം ലക്ഷ്യമാക്കി 2009ൽ ഫൗണ്ടേഷൻ ഫോർ വൈൽഡാനി കപ്പിഡൺ എന്ന സംഘടന രൂപികരിച്ചിട്ടുണ്ട്. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. ‘ഹെയ്തിയിലെ മദർ തെരേസ ‘ എന്നറിയപ്പെടുന്ന വൈൽഡാനി കപ്പിഡൺ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് അർഹയായിട്ടുണ്ട്. അവരുടെ സേവനത്തിനുള്ള ബഹുമതിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.സമൂഹത്തിലും ലോകമെമ്പാടും സ്നേഹം, സമാധാനം, മാനവികത,ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കുള അംഗികാരമായാണ് പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തതെന്ന് ചീഫ് എഡിറ്റർ ഡോ. ഗിന്നസ് സുനിൽ ജോസഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
2008 ലെ മിലേവ വനിതാ ഓർഗനൈസേഷൻ അവാർഡ്,ഗ്ലോബൽ ദവാ ടെലിവിഷൻ ” ലൗ ആൻ്റ് പീസ് ” അവാർഡ്, ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അവാർഡ്,ചേംബർ ഓഫ് ഡെപ്യൂട്ടി, ഡ്രഗ് ഹീറോ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ ജനറൽ ഇന്റർനാഷണൽ ചാപ്ലെയിൻ എന്ന നിലയിലും ഹെയ്തിയിലെ പ്രധാന വനിതയാണ്.
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയായ സിസ്റ്റർ വൈൽഡാനി കപ്പിഡൺ ഐകൃ രാഷ്ട്ര സഭ ആസ്ഥാനത്ത് നടത്തിയിട്ടുള്ള അഭിസംബോധനകളെ വിവിധ രാഷ്ട്രത്തലവൻമാർ പോലും അഭിനന്ദിച്ചിട്ടുണ്ട്.
എല്ലാ അതുല്യ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ, സഹിഷ്ണുത, നേട്ടങ്ങൾ എന്നിവ ലോകമെമ്പാടും പ്രദർശിപ്പിക്കാൻ അർഹമായ പ്ലാറ്റ്ഫോം നൽകാനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് യുആർഎഫ് വേൾഡ് റെക്കോർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് & യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം.
മദര്‍ തെരേസയുടെ 111-ാം ജന്മദിനമായ ഓഗസ്റ്റ് 26ന് ആദരണാർത്ഥം ഐക്യരാഷ്ട്ര സഭ തപാൽ സ്റ്റാമ്പ് പ്രസിദ്ധികരിച്ചു.ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അന്തർദേശിയ പ്രസിഡൻ്റ് പ്രൊഫ. എഫ്രീം സ്റ്റീഫൻ എസൈൻ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അറ്റോർണിയ ഗുട്ടറസ് എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.
അനുകമ്പയുടേയും, പ്രതീക്ഷയുടേയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനത്തേക്കാള്‍ അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ യോഗ്യമായ മറ്റൊരു ദിനമില്ലെന്ന് കത്തിലൂടെ സൂചിപ്പിച്ചു
പാവപ്പെട്ടവര്‍, വിശന്നു വലയുന്നവര്‍, ഭവനരഹിതര്‍, അംഗവൈകല്യമുള്ളവര്‍, കുഷ്ഠരോഗികള്‍ തുടങ്ങി സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെയിടയില്‍ മദര്‍ തെരേസ നടത്തിയ കാരുണ്യപ്രവര്‍ത്തികളുടെ ആദരണാര്‍ത്ഥം മദറിന്റെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കത്തിൽ ഉൾപെടുത്തി.
ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്. കർണാകയിൽനിന്നുള്ള പേസ് ബോളിങ് ഓൾറൗണ്ടറായ സ്റ്റുവാർട്ട് ബിന്നി, ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു.
1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ്. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡിസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. രണ്ടു വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 400ലധികം റൺസും 24 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
‘രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. ഏറ്റവും ഉയർന്ന തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ – വിരമിക്കൽ പ്രസ്താവനയിൽ ബിന്നി പറഞ്ഞു.
‘എന്റെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വഹിച്ച വലിയ പങ്ക് എടുത്തു പറയുന്നു. വർഷങ്ങളായി എന്നിവർ അവർ അർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയും എന്നെ കരുത്തനാക്കി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല. കർണാടകയെ നയിക്കാനും ട്രോഫികൾ നേടാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു’ – ബിന്നി പറഞ്ഞു.
രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014 ജൂൺ 17ന് ധാക്കയിൽ ബംഗ്ലദേശിനെതിരെ 4.4 ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത പ്രകടനമാണ് ബിന്നിക്ക് റെക്കോർഡ് സമ്മാനിച്ചത്.
ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽനിന്ന് 21.55 ശരാശരിയിൽ 194 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങാമിൽ നേടിയ 78 റൺസ് തന്നെ. അന്ന് 114 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് ബിന്നി 78 റൺസെടുത്തത്. ടെസ്റ്റിൽ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 11 ഇന്നിങ്സുകളിൽനിന്ന് 28.75 ശരാശരിയിൽ 230 റൺസും നേടി. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. ഉയർന്ന സ്കോർ 77 റൺസ്. 20 വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20യിൽ മൂന്നു കളികളിൽനിന്ന് 35 റൺസ് നേടി. ഉയർന്ന സ്കോർ 24 റൺസ്. ഒരു വിക്കറ്റും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4796 റൺസും 148 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫി നേടിയ കർണാടക ടീമിൽ അംഗമായിരുന്നു. ട്വന്റി20യിൽ 1641 റൺസും 73 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 1788 റൺസും 99 വിക്കറ്റുകളുമാണ് സമ്പാദ്യം. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ആകെ 65 ഐപിഎൽ മത്സരങ്ങളിൽനിന്നായി 880 റൺസും 22 വിക്കറ്റുകളും സ്വന്തമാക്കി.
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.
എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ നേട്ടം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എ 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ഫൈനലില്‍ മൂന്ന് തവണ ലോക റെക്കോര്‍ഡ് ഭേദിച്ച സുമിത് 68.55 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് ലോക റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. ശേഷം 5ാം ശ്രമത്തിലാണ് വീണ്ടും താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തിരുത്തി സുമിത് 68.55 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണനേട്ടം കൈവരിച്ചത്. സുമിത്തിനൊപ്പം മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്ഥാനവും സ്വന്തമാക്കി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ നേട്ടം.
ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ 66.29 മീറ്റര്‍ എറിഞ്ഞ് ജാവലിന്‍ ത്രോയില്‍ വെള്ളിയും, ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു 65.61 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
അതേസമയം തന്നെ പാരാലിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അവനി ലേഖര നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കൂടിയാണ് അവനി സ്വന്തമാക്കിയത്. ഇന്ത്യ ഇതുവരെ 7 മെഡലുകളാണ് നേടിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുകയാണ്. പതിനെട്ടടവും കടന്ന് പുതിയ രൂപത്തിലും ഭാവത്തിലുമാണ് സ്വര്‍ണ്ണക്കടത്തിന്. അത്തരത്തില്‍ ന്യൂജെന്‍ ഐഡിയയിലൂടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ പിടികൂടിയത്.
ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞദിവസം പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ആണ് സ്വര്‍ണം പിടികൂടിയത്. 302ഗ്രാം സ്വര്‍ണം ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു .
വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. ഏകദേശം 14 ലക്ഷം രൂപ വില വരും. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Air Intelligence Unit at Kannur airport has seized 302 grams of gold in the form of a very thin paste, concealed within the double-layered pants worn by a passenger: Customs Preventive Unit, Kochi in Kerala pic.twitter.com/XYf3V6TJMz
— ANI (@ANI) August 30, 2021
വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് മാരകമായി കുത്തിപരുക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സൂര്യ ഗായത്രിയും അച്ഛനും അമ്മയും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.