മലയാള സിനിമയില്‍ മികച്ച നടന്മാരായ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിരുന്നു.
പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്. ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണെന്നും ഷോബി തിലകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കില്‍ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേര്‍ക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാന്‍ വഴക്കുകള്‍ കാണുന്നത്.
എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു.’
ഷിബു മാത്യൂ.
ചിത്രങ്ങള്‍: ജോഫി ജോസ്
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിച്ച കലാവിരുന്ന് ഇന്നലെ ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മുപ്പതിന് കലാവിരുന്നിന് തുടക്കം കുറിച്ചു. ഭാരവാഹികളുടെ
ആമുഖ സന്ദേശത്തോടെ ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്ന ചടങ്ങ് ആദ്യമേ നടന്നു. ഏകദേശം അറുപതോളം പുതിയ മലയാളി കുടുംബങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് പഴയ തലമുറയും പുതിയ തലമുറയും ഉള്‍പ്പെട്ട് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണമുള്ള ഗെയിംസ് നടന്നു. പന്ത്രണ്ട് മണിയോടെ ഔദ്യോഗീക ചടങ്ങുകള്‍ ആരംഭിച്ചു.
ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരില്‍, ട്രഷറര്‍ സിജോ ചാക്കോ, കമ്മറ്റി മെമ്പേഴ്‌സുമാരായ ഫിലിപ്പ് കടവില്‍, ബീനാ തോമസ്, മഹേഷ് മാധവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ജിത വിജി, റെജി ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ ലിമയുടെ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്‍ നിലവിളക്ക് കൊളുത്തി കലാവിരുന്ന് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലിമയിലെ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. കേരളത്തിലെ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ദൈവത്തിന്റെ സ്വന്തം നാട് എന്ന വിഷയത്തെ ആസ്പദമാക്കി അജി ഷൈജു അവതരിപ്പിച്ച മോണോ ആക്ട് ജനശ്രദ്ധ നേടി. സോളോ സോംഗ്, പ്രസംഗം, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ് തുടങ്ങി കലയുടെ എല്ലാ മേഖലകളെയും കോര്‍ത്തിണക്കിയ ഒരു കലാവിരുന്നാണ് ലീഡ്‌സില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് ലീഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. GCSE യിലും A ലെവലിലും ഉന്നത വിജയം നേടി വരുന്ന കുട്ടികളെ പതിവായി ലിമ ആദരിക്കുന്ന ചടങ്ങും നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം കലാപരിപാടികള്‍ തുടര്‍ന്നു. കലാവിരുന്നിന്റെ പ്രധാന ഇനമായ ലിമ കലാവേദിയുടെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന നാടകം
അരങ്ങേറി. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ യുകെയിലെ അരങ്ങേറ്റമാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്. ലീഡ്‌സിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി മലയാളികളാണ് നാടകം കാണുവാനായെത്തിയത്. മലയാള സിനിമയില്‍ നിരവധി റോളുകളില്‍ അഭിനയിച്ച സാബുഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. മലയാള നാടക ശാഖയ്ക്ക് വലിയൊരു സംഭാവനയാണ് ലിമ കലാവേദി നല്‍കിയത് എന്ന് എടുത്ത് പറയേണ്ടി വരും.
കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷം ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളേയും കൂട്ടിച്ചേര്‍ത്തുള്ള ആദ്യ കൂട്ടായ്മയാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്.
അഞ്ച് മണി വരെ നീണ്ട് നിന്ന കലാവിരുന്നിനവസാനം ലിമയിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് ആനന്ദനൃത്തം ചെയ്തു. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആലപ്പുഴ: ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കങ്ങൾ മാറ്റിവെച്ച് സ്മരണകൾ പുതുക്കി ഒരു ദിനം അവർ ഓളപരപ്പിൽ വീണ്ടും ഒന്നിച്ചു കൂടി. ഫസ്റ്റ് പി എസ് സി ഫയർ എന്ന പേരിൽ നടന്ന സ്നേഹ സൗഹൃദ സംഗമം സമാപിച്ച് സായാഹ്ന സൂര്യൻ്റെ കിരണങ്ങളേറ്റ് മടങ്ങുമ്പോൾ അറ്റുപോയ സ്നേഹബന്ധങ്ങൾ കൂട്ടി ചേർക്കുവാൻ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യ നിമിഷങ്ങൾക്ക് നന്ദി അർപ്പിച്ച് അവർ സംതൃപ്തരായി.
1987 വരെ കേരള ഫയർ ഫോഴ്സ് ജീവനക്കാരെ എടുത്തു കൊണ്ടിരുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിച്ചാലേ ഏതൊരു പ്രസ്ഥാനത്തിനും ക്രിയാത്മകമായ ഇടപെടൽ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ കേരള ഫയർ ഫോഴ്സ് പിന്നീടുള്ള നിയമങ്ങളെല്ലാം പിഎസ്സി യിലൂടെ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു. അപ്രകാരം കേരള ഫയർഫോഴ്സിലെ ആദ്യത്തെ നിയമനം 1996 നടക്കുകയും തൃശ്ശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ച് ക്യാമ്പിൽ ആയി ഇതിനെ പരിശീലനം നല്കുകയും ചെയ്തു.
1996 നവംബർ 11ന് പരിശീലനം പൂർത്തികരിച്ച തൃശ്ശൂർ ക്യാമ്പിൽ ഉണ്ടായിരുന്നതും നിലവിൽ തൃശ്രൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്നുള്ള 50-ൽ അധികം ഓഫിസർമാരാണ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുന്നമട കായലിലെ ഓളപരപ്പിൽ ഒന്നിച്ചു കൂടിയത്.ഷാൻ വട്ടപ്പള്ളിയാണ് ഇതിന് നേതൃത്വം നല്കിയത്.

വഞ്ചിവീട്ടിൽ നടന്ന സംഗമത്തിൽ കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള സൗഹൃദ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.സബർമതി ചെയർമാൻ രാജു പള്ളിപറമ്പിൽ മുഖ്യ സന്ദേശം നല്കി. രാഷ്ട്രപതി -മുഖ്യമന്ത്രി പുരസ്ക്കാര ജേതാക്കളായ ബൽറാം ബാബു, ബൈജു പണിക്കർ, എൻ.ജിജി. പി.വി.രാജൻ ,ടി.ബി രാമകൃഷ്ണൻ എന്നിവരെയും റൈൻ ഫൗണ്ടേഷൻ ഏർപെടുത്തിയ വ്യക്തി മുദ്ര അവാർഡിന് അർഹരായ വി.എസ്.നവാസ്, ബെന്നി ജോസഫ്, ബൈജു പണിക്കർ എന്നിവരെയും അനുമോദിച്ചു. ഷാൻ വട്ടപ്പള്ളി,ഗോപകുമാർ, മോഹൻദാസ്, അബു ഏബ്രഹാം, ടി.ബി.രാമകൃഷ്ണൻ, ഷെഫീഖ്, അസീസ്, സുധീഷ് പി.എൻ, വേണുഗോപാൻ, പ്രതാപ് കുമാർ, എ ഹരീഷ് പറക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നലകി. സേവനത്തിൽ നിന്നും വിരമിച്ചവരായ പ്രവീൺ കുമാർ, വി.മോഹൻ, കെ.കെ.സുരേന്ദ്രൻ ,ജയ് സിംങ് ടി.കെ, സുരേഷ് എ.പി.’ കെ.ജയചന്ദ്രൻ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.കൂടാതെ കാക്കിക്കുള്ളിലെ കഴിവുകൾ സംഗീതമായും, കവിതകളായും ,പദ്യങ്ങളായും അവർ അവതരിപ്പിപ്പോൾ എല്ലാം മറന്ന് അവർ ഓള പരപ്പിൽ താളം പിടിച്ചു.വിരമിച്ചു കഴിഞ്ഞാലും ഇനിയും ഒരുമിച്ചുള്ള യാത്രക്ക് ഈ കൂട്ടായ്മ തുടരണമെന്ന് അവർ ആഗ്രഹിച്ചാണ് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയത്.
അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം.കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 121 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരുന്നൂറോളം മിനിസ്‌റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട്.തിരുവനന്തപുരത്തുള്ള ചെങ്കൽചൂളയിലാണ് ആസ്ഥാനം. “രക്ഷാപ്രവർത്തനം സേവനം” എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.വകുപ്പിന്റെ മേധാവി ഡോ.ബി സന്ധ്യ ഐ.പി.എസ് ആണ്.
മലയാളി യുവതിയെ പൂനെയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം പൊടിയാട്ടുവിളയിലെ പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് ബന്ധുക്കൾ ആവർത്തിക്കുന്നത്. പൂനെ ഭോസരി പ്രാധികിരൺ സ്‌പൈൻ റോഡിലെ റിച്ച്‌വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭർതൃവീട്ടിൽ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരിൽ കൊടിയപീഡനമാണ് മകൾ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’- പ്രീതിയുടെ അച്ഛൻ മധുസൂദനൻപിള്ള പറയുന്നു.
വിവാഹസമയത്ത് 85 ലക്ഷം രൂപയും 120 പവൻ സ്വർണവുമാണ് ഭർതൃവീട്ടുകാർക്ക് നൽകിയതെന്ന് പ്രീതിയുടെ അച്ഛൻ പറഞ്ഞു. മൃതദേഹം പൂനെയിൽനിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഫാഷൻ ഡിസൈനിങ് കോഴ്‌സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.
പ്രീതിയുടെ ഭർത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെയാണ് കുടുംബത്തിന്റെ ആരോപണം. പ്രീതിക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും കേസിൽ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് കൈമാറിയത്.
പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയിൽ അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച നാരായണേട്ടനും ഭാര്യ ഇന്ദിരയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരുടേതും അല്ലലില്ലാത്ത ജീവിതവും. എന്നാൽ ശനിയാഴ്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിറകുപുരയിൽ നിന്നും ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുവരും തീകൊളുത്തി ജീവിതമവസാനിപ്പിച്ചെന്ന് ഇനിയും ആർക്കും വിശ്വസിക്കാനാകുന്നില്ല.
വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ് നാരായണൻ. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായാണ് കത്തിൽ സൂചനയുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണ് നൽകേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദമ്പതികൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്ത രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.കൂടാതെ, വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ് കാലിയാക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഓടിയെത്തിയാലും തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു.
ഷൊർണൂർ ഡിവൈഎസ്പി സുരേഷ്, ചാലിശ്ശേരി സിഐ കെസി വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും വിശദമായ പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.
ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ നെടുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരേ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30)യാണ് അറസ്‌റ്റിലായത്. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്. മറ്റൊരുസ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്‌ഥാപിക്കാനും ആ സ്‌ത്രീയുടെ മുഖത്ത് ആസിഡ് ആക്രമണം നടത്തി കുറ്റം ഭര്‍ത്താവിനെതിരേ ചുമത്താനുമായിരുന്നു പദ്ധതി.
സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരേ ക്വട്ടേഷന്‍ നല്‍കുന്ന ശബ്‌ദ സന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്‌റ്റ് ചെയ്‌തത്. യുവതിക്കെതിരേ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് ജാമ്യംകിട്ടി
റഷ്യയിലെ ടാട്ടർസ്താൻ മേഖലയിൽ വിമാനം തകർന്ന് വീണ് 15 പേർ മരിച്ചതായി ആർ.ഐ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പാരച്യൂട്ട് ജംപർമാരാണ് എൽ-410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമർജൻസി സർവിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപെടുത്തി.
രാവിലെ 9.23നായിരുന്നു അപകടം. രക്ഷപെടുത്തി ആശുപത്രിയിൽ പ്രേവശിപ്പിച്ച ഏഴുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ഏവിയേഷൻ സുരക്ഷ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
സെപ്റ്റംബർ അവസാന വാരം റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിെൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പൊന്നാനി എം.പിയും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി രംഗത്തെത്തിയത്.
200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍ മുന്നോട്ട് പോവുന്നത്. ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി.
വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കോഴിക്കോട് സി.ജെ.എം കോടതിയുടെ ഉത്തരവ് ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുക്കണം എന്നാണ് കോടതി നിര്‍ദേശം.
ഇ.ടി. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറും ജപതിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം, വായ്പ തിരിച്ചടയ്ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്.
കാന്‍സര്‍ എന്ന ഭീകരനെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത മോഹന്‍ദാസ് ഒരു പ്രചോദനം തന്നെയാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും പലര്‍ക്കും ഉന്മേഷം നല്‍കും വിധമാണ്. ഏറ്റവും ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ഫോട്ടോകള്‍ മംമ്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. ‘മരിക്കാന്‍ സമയമില്ല’ എന്നാണ് ഒരു ഫോട്ടോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍. 007 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിറ്റേജുമായി മംമ്ത നില്‍ക്കുന്ന ഫോട്ടോകളാണ് കാണുന്നത്.
മണലാരണ്യങ്ങളിലെ ഒരു റോഡില്‍ നിന്ന് കൊണ്ടുള്ള റിച്ച് ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് ചിത്രത്തില്‍ നിന്നും വ്യക്തം. മൂന്ന് ചിത്രങ്ങള്‍ക്കും മൂന്ന് ക്യാപ്ഷനാണ് നല്‍കിയത്. ഇത് പറക്കാനുള്ള സമയമാണ്, മരിക്കാന്‍ സമയമില്ല, ഉയര്‍ന്ന് നില്‍ക്കാനും എഴുന്നേല്‍ക്കാനുമുള്ള സമയമാണ്’ എന്നിങ്ങനെയാണ് ഓരോ ഫോട്ടോയ്ക്കും നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് മംമ്ത ഒരു പോര്‍ഷെ 911 കരേര എസ് റൈസിങ് യെല്ലോ കളര്‍ കാര്‍ വാങ്ങിയത്. ഒരു കോടിയില്‍ അധികം വിലവരുന്ന ഈ വാഹനം കഴിഞ്ഞ ഒരു ദശകമായി തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞുകൊണ്ട് മംമ്ത തന്നെയാണ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാര്‍ ഗുരുവായൂരില്‍ കൊണ്ടു പോയി പൂജിച്ച സന്തോഷവും മംമ്ത പങ്കുവച്ചിരുന്നു.
24 വയസിലാണ് ആദ്യമായി താരത്തിന് ക്യാൻസർ വന്നത്. അതിനെ അതിജീവിച്ച മമതയ്ക്ക് വീണ്ടും രോഗം പിടിപെട്ടു. ദൈവ വിശ്വസികളായ എന്റെ കുടുബവും ഒട്ടും വിശ്വാസം ഇല്ലാത്ത മുൻ ഭർത്താവിന്റെ കുടുംബവും ഒരിക്കലും ഒത്തുപോകില്ലന്നു തിരുമാനിച്ചതുകൊണ്ടാണ് വിവാഹംമോചനം നടന്നത്. എന്റെ ഭർത്താവിനെ സ്വന്തം മകനെപ്പോലെ കണ്ട എന്റെ വീട്ടുകാരുടെയും എന്റെ വീട്ടുകാരെ ഒരു സഹകരണം ഇല്ലാതിരുന്ന ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അന്തരം വിവാഹ ശേഷം കൂടി കൂടി വരികമാത്രമാണ് ചെയ്തത്. രണ്ടാമതും ക്യാൻസർ വന്നപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ ഭർത്താവിന്റെ നിഴൽ പോലും കണ്ടില്ല മമ്ത പറയുന്നു
മമ്തയുടെതായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുതിയ ചിത്രം ഭ്രമം ആണ്. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം അന്ധധം എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. ചിത്രത്തില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെയാണ് മലയാളത്തില്‍ മംമ്ത മോഹന്‍ദാസ് ചെയ്യുന്നത്. പൃഥ്വിരാജും രാശി ഖന്നയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍.
ഇന്റസ്ട്രിയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷവും കഴിഞ്ഞ ദിവസം മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 2005 ല്‍ റിലീസ് ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ സിനിമാ പ്രവേശനം. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ മലയാളം റീമേക്ക് ചിത്രമാണ് ഭ്രമം. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.
അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത് ശരത് ബാലനും ബാദുഷ എന്‍.എം ലൈന്‍ പ്രൊഡ്യൂസറുമാണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വയനാട്ടില്‍ അറസ്റ്റിലായവരില്‍ ‘നന്മമരം’ ഷംസാദും . സാമൂഹികമാധ്യമങ്ങളില്‍ ഷംസാദ് വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദി(24)നെയാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ്(23) അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്മാന്‍(26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും നിലവില്‍ റിമാന്‍ഡിലാണ്.
ചാരിറ്റി പ്രവര്‍ത്തകനെന്ന പേരിലാണ് ഷംസാദ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാള്‍ ചാരിറ്റി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്‌നേഹദാനം ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 26-നാണ് ഷംസാദും മറ്റുപ്രതികളും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരരോഗം ബാധിച്ച മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് ഷംസാദ് യുവതിയെ ആദ്യം സമീപിക്കുന്നത്. തുടര്‍ന്ന് യുവതിക്കും മകനും ഒപ്പം വീഡിയോയും തയ്യാറാക്കി. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അപ് ലോഡ് ചെയ്ത ഈ വീഡിയോയില്‍ കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്‍കി സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
യുവതിക്ക് ഹൃദ്രോഗമുണ്ടെന്നും മകന് ഗുരുതരമായ രക്താര്‍ബുദമാണെന്നുമാണ് ഷംസാദ് വീഡിയോയില്‍ പറഞ്ഞിരുന്നത്. കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നും മരിച്ചു പോകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോവില്ലെന്നും ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും ഷംസാദ് വീഡിയോക്കൊപ്പം എഴുതിയിരുന്നു. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഷംസാദും കൂട്ടാളികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.
ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് സെപ്റ്റംബര്‍ 26-നാണ് യുവതിയെ പ്രതികള്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്. ഇവിടെ ഹോട്ടല്‍മുറിയില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി മൂവരും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പുല്പള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബത്തേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ചാരിറ്റിയുടെ മറവില്‍ പ്രതികള്‍ ഇത്തരത്തില്‍ കൂടുതല്‍പേരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.