വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന റോസിലി ജോസിന്റെ മാതാവ് പരേതനായ തൊടുപുഴ മുതലക്കോടം,കുഞ്ചിറക്കാട്ട് ഉലഹന്നാന്റെ ഭാര്യ അന്നമ്മ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ മുതലക്കോടം സെൻറ് ജോർജ് ഫെറോന ദേവാലയത്തിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.
മക്കൾ: റോസിലി ജോസ് (യുകെ ),മേരി മധു, ജോൺ കെ. എസ്, ആലീസ് തോമസ് , ജോസ് കെ ജെ , റാണി പുരുഷോത്തമൻ, റ്റിസി ലാൽ, ജെസി സിബി,ഷീബ റെജി, നീതു ജിജു.
പരേതയുടെ നിര്യാണത്തിൽ ലീഡ്സ് സെന്റ് മേരിസ് സീറോ മലബാർ കാത്തലിക് ചർച്ച് ഡയറക്ടർ ഫാ. മാത്യു മുളയോലി അനുശോചനം രേഖപ്പെടുത്തി. റോസിലി ജോസിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ഉത്തർപ്രദേശിലെ കാണ്പൂരിൽ 45 വയസ്സുള്ള മുസ്ലീം പുരുഷനെ തെരുവിലൂടെ പരേഡ് ചെയ്യുകയും ആക്രമിക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത് ഹിന്ദുത്വ അക്രമികൾ. മർദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ അക്രമികൾ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മകൾ അദ്ദേഹത്തോട് ചേർന്ന് നിൽക്കുകയും അക്രമികളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസിന്റെ മുമ്പിൽ വച്ചും ഇദ്ദേഹത്തിന് മർദ്ദനമേറ്റതായി ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്തെ ഒരു കവലയിൽ ഹിന്ദുത്വ സംഘടനായ ബജ്‌രംഗ് ദളിന്റെ യോഗം നടന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെയാണ് മുസ്ലീം പുരുഷനെ ആക്രമിച്ചത്. പ്രദേശത്തെ മുസ്ലീങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ബജ്‌രംഗ് ദൾ യോഗത്തിൽ ആരോപിച്ചിരുന്നു. യോഗം കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിക്കും അയാളുടെ മകനും മറ്റ് അജ്ഞാതരായ 10 പേർക്കുമെതിരെ കലാപത്തിന് കേസെടുത്തതായി കാണ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കേസിൽ പ്രതികളായവർ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഉച്ചയ്ക്ക് 3 മണിയോടെ തന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്ന മുസ്ലീം പുരുഷനെ പ്രതികൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ ഇദ്ദേഹത്തിന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇ-റിക്ഷ ഡ്രൈവറായ മുസ്ലീം പുരുഷൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രദേശത്തെ ഒരു മുസ്ലീം കുടുംബവും അവരുടെ ഹിന്ദുക്കളായ അയൽക്കാരും തമ്മിൽ നിയമപരമായ തർക്കം നിലനിൽക്കുന്നുണ്ട്. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലീം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ടെന്നും കാൺപൂപൂർ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിനും ഭീഷണിക്കുമെതിരെയാണ് മുസ്ലീം കുടുംബം ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. തുടർന്ന് സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു പക്ഷം കേസ് ഫയൽ ചെയ്തത്. അടുത്തകാലത്ത് ഈ വിഷയത്തിൽ ബജ്‌റംഗ് ദൾ ഇടപെട്ടുവെന്നും മുസ്ലീം കുടുംബത്തിനെതിരെ നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നുമാണ് റിപ്പോർട്ട്.
യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതർ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പുറപ്പെട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
ഹിമാചൽ പ്രദേശിലെ കിന്നൗരിലെ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായ ബസ് കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ. കഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കനത്തമണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു.
മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്ന നിലയിലാണ്. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.
രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായ് വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് ചലച്ചിത്രതാരം മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.
ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആർ ശ്രീജേഷ് പറഞ്ഞു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.
നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു ഒളിമ്പിക്സിൽ മെഡലുമായി കിഴക്കമ്പലത്തെ വീട്ടിലെത്തിയ ശ്രീജേഷിനടുത്തേക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്.
കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പി ആർ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഈ മാസം അഞ്ചിനാണ് പി ആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻപുരുഷ ടീം വെങ്കലം നേടിയത്.നിലവിൽ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറാണ് പി.ആർ. ശ്രീജേഷ്.
മണർകാട്: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ട്വിസ്റ്റ്.സംഭവത്തിൽ പിടിയിലായ രണ്ടാനച്ഛനു നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളും. ഏന്തയാർ മണൽപാറയിൽ എം.വി. അരുണി (29)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതു പാന്പാടി പോലീസാണ്. പതിനാലു വയസുകാരിയായ പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ചിരുന്നു.
തുടർന്നു കുഞ്ഞ് മരിച്ചു പോയി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനുശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ പെരുമാനൂർകുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോകുകയും ലഹരി വസ്തുക്കൾ ചേർത്ത ഭക്ഷണം നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടി നൽകിയ മൊഴി.
എന്നാൽ പെണ്‍കുട്ടി നൽകുന്ന മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഏന്തയാൽ സ്വദേശിയായ അരുണ്‍ പെണ്‍കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴിയാണ് പരിചയത്തിലാകുന്നത്.
തുടർന്നു പ്രതി ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു.വിദ്യാർഥിനിയുടെ മൊഴിയിൽ സംശയം തോന്നിയതിനാൽ ഇയാളെയും പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും ഗർഭസ്ഥ ശിശുവിന്റെയും ഡിഎൻഎ സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചിരുന്നു.
ഇതിൽ നിന്നാണ് ഇയാളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്. കോട്ടയം തിരുനക്കരയിൽനിന്നാണു മണർകാട് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ലോകത്തിന്‍റെ ഏത് കോണിലെത്തിയാലും ഒരു മലയാളി ഉണ്ടാകുമെന്നാണ് ചൊല്ല്. പതിവ് പാരിസിലും തെറ്റിയില്ല. ബാഴ്സയിൽ നിന്നും സാക്ഷാൽ ലയണൽ മെസ്സി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.
മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യുേമ്പാൾ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത് തൃശൂർ തളിക്കുളം സ്വദേശിയായ അനസ് പി.എയാണ്. അലറി വിളിച്ച അനസിന്‍റെ വിളി മെസ്സി ആദ്യം കേട്ടില്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന് അനസിന് മെസ്സി അഭിവാദ്യമർപ്പിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന അനസ് അവധിക്കാലം ചിലവഴിക്കാനാണ് പാരിസിൽ എത്തിയത്. ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച് അനസിന് പറയാനുള്ളത്.
യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി മനോജ്(40) ആണ് കഴിഞ്ഞ ദിവസം ഇരുമ്പനത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപമാണ് മനോജിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മരിച്ച ദിവസം രാത്രി 7.30 വരെ മനോജ് വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുമ്പനത്ത് മനോജിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. അതുകൊണ്ടു തന്നെ അവിടേക്ക് പോകേണ്ട ആവശ്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കുറച്ചുകാലം മുമ്പ് വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂർണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്‍റെ സഹോദരൻ ബാബു പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ടീഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. മനോജ് രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകിയിരുന്നതായും ബാബു പറയുന്നു.
മനോജിന്‍റെ മൃതശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശരീരത്തിലും തലയിലും മുറിവുകളുണ്ട്. എന്നാൽ ഇത് വീഴ്ചയുടെ ഫലമായി ഉണ്ടായതാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുപ്പത്തി നാലാമത്തെ സാക്ഷിയാണ് നടി കാവ്യ മാധവന്‍. കഴിഞ്ഞ ദിവസമാണ് നടി സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയത് . എന്നാല്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കാവ്യമാധവന്‍ കൂറുമാറി എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. എന്നാല്‍ ഈ
കൂറുമാറ്റം മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് കേസ് പുരോഗതി വിലയിരുത്തുന്നവര്‍ അഭിപ്രായപ്പെടുന്നത് .
കഴിഞ്ഞ ദിവസമാണ് കാവ്യാമാധവന്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിയത്. നടി കോടതിവളപ്പില്‍ എത്തിയതും, പിന്നാലെ കോടതി മുറിയിലേക്ക് പോകുന്നതിന്റെയെല്ലാം വീഡിയോ പുറത്തുവന്നിരുന്നു. നിരവധി ചാനല്‍ പ്രവര്‍ത്തകരും കോടതിവളപ്പില്‍ ഉണ്ടായിരുന്നെങ്കിലും ക്യാമറയില്‍ നോക്കാതെയാണ് നടി കോടതിയിലേക്ക് കയറി പോയത്.
എന്നാല്‍ കാവ്യക്കൊപ്പം ദിലീപ് ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ കേസില്‍ കാവ്യയുടെ മൊഴി ദിലീപിനെ അനുകൂലിച്ച് തന്നെ ആയിരിക്കുമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. നേരത്തെ കേസിലെ മറ്റു സാക്ഷികളും കൂറുമാറിയിരുന്നു. ഒരു സാഹചര്യത്തില്‍ അന്വേഷണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീംകോടതിയിലേക്ക് കത്തഴച്ചു. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് വിചാരണ ഉടനെ പൂര്‍ത്തിയാക്കാനാവില്ല എന്നും കത്തില്‍ പറയുന്നുണ്ട് .
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ഇതിനാല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയുമായും ദിലീപും തമ്മില്‍ ശത്രുത ഉണ്ട് എന്ന വാദം തെളിയിക്കുന്നതാണ് കാവ്യ മാധവനെയും സാക്ഷിയായി ഉള്‍പ്പെടുത്തിയത്. ഈ സമയത്ത് കാവ്യയും അവിടെ ഉണ്ടായിരുന്നു എന്നതില്‍ മൊഴി ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.
കേരള തീരത്ത് വലയിൽ കുടുങ്ങി അലങ്കാര മത്സ്യമായ നെപ്പോളിയൻ റാസ് . വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ അപൂർവ്വമത്സ്യം കുടുങ്ങിയത്. ചക്രവർത്തി മത്സ്യം എന്നാണ് ഇവയെ അറിയപ്പെടുന്നത്.
ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരള തീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപെടാറുള്ളത്. 15 കിലോഗ്രാം ഭാരമുള്ള നെപ്പോളിയൻ റാസ് വിഴിഞ്ഞത്തെ ചാകരയ്‌ക്കിടയിലാണ് തീരത്തെത്തിയത്. രൂപഘടന കൊണ്ടാണ് ഇവയെ ചക്രവർത്തി മത്സ്യമെന്ന് വിളിക്കുന്നത്.
പവിഴ ദ്വീപുകൾക്ക് സമീപം കാണപ്പെടുന്ന ഈ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുള്ളത്. നെറ്റിയിൽ മുഴ പോലുള്ള ഉയർന്ന ഭാഗമുള്ളതിനാൽ ഹംപ് ഹെഡ് റാസ് എന്നും ഇതിന് പേരുണ്ട്. മാംസഭോജികളാണ് ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ.