Latest News

ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.

ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.

ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.

ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് മഹാരാഷ്ട്ര. മഴക്കെടുതികളിൽ ഇതുവരെ 129 പേർ മരിച്ചതായാണ് കണക്ക്. തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമായത്. ഗ്രാമവാസികളായ ആയിരങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിട്ടുണ്ട്.

പേമാരിയെ തുടർന്ന് മരങ്ങൾ കടപുഴകി വീണതോടെ ടെലിഫോൺ– വൈദ്യുതി ബന്ധങ്ങൾ നിലച്ചു. ഇതോടെ ദുരന്തം ഇരട്ടിയാകുകയായിരുന്നു. റായ്ഗഡിലും സത്താറയിലുമുണ്ടായ മണ്ണിടിച്ചിലിൽ 61 പേരും മുംബൈയിൽ കെട്ടിടം തകർന്ന് നാലു പേരും മരിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ഹെലികോപ്റ്ററുകളിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.

നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.

ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.

അതിനിടെ, ഈ വിഡിയോകൾ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും ഇതിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റർ റൈഫിളിൽ ചൈനീസ് താരം ക്വാൻ ചാങ്ങാണ് സ്വർണം നേടിയത്.251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് നേട്ടം.

റഷ്യയുടെ അനസ്തേസ്യ വെള്ളിയും, സ്വിറ്റ്‌സർലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എലവേനില്‍ വേലറിവാനും, അപൂര്‍വി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായിരുന്നു.

ഒളിമ്പിക്‌സ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു.

ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തളർത്തിയത്. വേദനകള്‍ക്ക് തൽക്കാലം ബൈ പറഞ്ഞ് നടി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്കെത്തുകയാണ്. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. മകൻ ചീരുവിിന് ഒമ്പത് മാസം പൂർത്തിയായി. അഭിനയരംഗത്ത് സജീവമാകാനുള്ള മേഘ്നയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് സൂഹൃത്തുക്കളെല്ലാം. ചിത്രത്തിന് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയ കമന്റ് ചെയ്തിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു.

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണ്. 1154 പേര്‍ ആണ് ഇവിടെ മരിച്ചത്. യു.എ.ഇയിൽ 894 ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരിച്ചു.ഒമാനിൽ 384 പേരും, ബഹ്റൈനിൽ 196 പേരും, ഖത്തറിൽ 106 പേരും, കുവൈറ്റിൽ 546 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ഗൾഫ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് നൈജീരിയയിലാണ്. 36 പേര്‍ ആണ് ഇലിടെ കൊവിഡ് ബാധിച്ച് മരിച്ചത്. സുഡാനിൽ 26, മലേഷ്യ 21 ഉന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

22 രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ മരണവും അമേരിക്ക അടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് ആണ് വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.

യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അവശ്യ ഗതാഗതം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ വിതരണങ്ങൾ, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, അവശ്യ പ്രതിരോധ സേവനങ്ങൾ, തദ്ദേശ സ്വയംഭരണം എന്നീ മേഖലകൾക്കാണ് പുതിയ ഇളവ് ബാധകം.

ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സെൽഫ് ഐസോലേഷൻ മതിയാക്കി ജോലിസ്ഥലത്തേക്ക് പോകാനും ദിവസേനയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ ജോലി തുടരാനും അനുമതിയുണ്ട്. എന്നാൽ ടെസ്റ്റിൽ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ തുടരുകയും ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കുകയും വേണം.

പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ. മാത്രമല്ല ഇവർ രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ക്വാറൻ്റീനിൽ നിന്ന് ഒഴിവാക്കാവുന്ന നിർണായക ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മേഖലകൾ ഒഴികെ ജോലികളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല.

ഉത്തരവിലെ അവ്യക്തത മൂലം നിർണായക സേവനങ്ങളിൽ പരിമിതമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നാണ് സൂചന. മാത്രമല്ല, ഓഗസ്റ്റ് 16 വരെ മാത്രമാണ് ഈ ഇളവുകൾക്ക് പ്രാബല്യം.

വാഹനാപകടത്തില്‍ മരിച്ച റമീസ് ഉപയോഗിച്ചത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്. വ്യാഴാഴ്ചയാണ് റമീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.

കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ റമീസ് അപകടത്തില്‍പ്പെട്ടത് ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റമീസിന്റെ വാഹനമിടിച്ചത് അര്‍ജുന്റെ തന്നെ കൂട്ടാളികളുടെ കാറുമായിട്ടാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്.

അശ്വിനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് റമീസിനേയോ അര്‍ജുനേയോ പരിചയമില്ലെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.

രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌വുമൺ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവിനേയും മരിച്ച നിലയിൽ കണ്ടെത്തി. അനന്യയുടെ സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെ കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്.

കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വലിയ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.

അതേസമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിച്ചു.

മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ. പലയിടത്തും മണ്ണിച്ചിടിലും വെള്ളപ്പൊക്കവുമുണ്ടായി. റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.

ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് തന്നെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി.

RECENT POSTS
Copyright © . All rights reserved