താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുന്നോട്ട്. കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ശിവ പ്രസാദിനെ കെടിയു വിസിയായുമാണ് വീണ്ടും നിയമിച്ചത്.
സർക്കാർ പാനൽ തള്ളി കൊണ്ടാണ് ഗവർണർ വിഞാപനം ഇറക്കിയിരിക്കുന്നത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തി. രാജ്ഭവൻ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാമ് സർക്കാർ കുറ്റപ്പെടുത്തുന്നത്. പുനർ നിയമനം സർക്കാരുമായി ആലോചിച്ചാകണം എന്നാണ് വിധി എന്നും സര്‍ക്കാര്‍ വാദിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ ഇന്ന് മാഞ്ചസ്റ്ററിൽ വന്നെത്തും. ബർമിങ്ങാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.
യു.കെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രെജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു. ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
ബെർമിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർത്ഥാടന കേന്ദ്രവുമായ എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിലും ആഗസ്റ്റ് 6 ,7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.
യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ബിജു കുളങ്ങര
ലണ്ടൻ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ക്രോയിഡോണിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഐഒസി യുകെ കേരള ചാപ്റ്ററിന്റെ സറെ റീജൻ കമിറ്റിയുടെ നേതൃത്വത്തിൽ ആണ് അനുസ്മരണവും തിരഞ്ഞെടുപ്പും നടത്തിയത്. ക്രോയിഡോണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത അനുസ്മരണ യോഗം ഐഒസി യുകെ കേരള ചാപ്റ്റർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിലെ പകരം വയ്ക്കാനില്ലാത്ത അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അസഹിഷ്ണുതയുടെ കാലത്ത് ഏവരെയും ചേർത്തു പിടിച്ച് മുന്നോട്ട് നയിച്ച ഉമ്മൻ ചാണ്ടിയുടെ നേതൃ പാടവം ഏവർക്കും അനുകരണീയം ആണെന്നും സുജു കെ ഡാനിയേൽ പറഞ്ഞു. സറെ റീജൻ പ്രസിഡന്റ് വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ, പിആർഒ അജി ജോർജ്, ഒഐസിസി യുകെ മുൻ പ്രസിഡന്റ് കെ കെ മോഹൻദാസ്, നേതാക്കളായ ജോർജ് ജോസഫ്, സാബു ജോർജ്, നന്ദിത നന്ദൻ, നടരാജൻ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
നിലവിൽ ഉണ്ടായിരുന്ന ഒഐസിസി കമ്മിറ്റി ഐഒസി യുകെ കേരള ചാപ്റ്റർ കമ്മിറ്റിയായി പുന:ക്രമീകരിച്ച് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികൾ ചുമതലയേറ്റു. വിൽസൻ ജോർജ് (പ്രസിഡന്റ്), ജെറിൻ ജേക്കബ്, നന്ദിത നന്ദൻ (വൈസ് പ്രസിഡന്റുമാർ), ഗ്ലോബിറ്റ് ഒലിവർ (ജനറൽ സെക്രട്ടറി), സനൽ ജേക്കബ് (ജോയിന്റ് സെക്രട്ടറി), അജി ജോർജ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലീന ഒലിവർ, അസ്റുദ്ധീൻ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ നടന്ന ഐഒസി, ഒഐസിസി ലയനത്തെ സ്വാഗതം ചെയ്യുന്നതായി പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.
മധ്യകേരളത്തിലെ വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു.
ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണത്തിന് തുടക്കമിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ പദ്ധതി.
നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള സോളാര്‍ പാടത്തോട് ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താവുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയില്‍ നിര്‍മിക്കുക.
അത്താണി ജങ്ഷന്‍-എയര്‍പോര്‍ട്ട് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുക. ഹൈലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉണ്ടാകും.
ചൊവ്വര-നെടുവണ്ണൂര്‍ -എയര്‍പോര്‍ട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം. ‘കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേര് ശിപാര്‍ശ ചെയ്തിട്ടുള്ള റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്‌ട്രിക് ബസുകളില്‍ എത്തിക്കും. 19 കോടി രൂപയാണ് നിര്‍മാണചെലവ്.
കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.
ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്.
നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതൽ കൊടി സുനി പരോളിലാണ്. ഏഴിന് സെൻട്രൽ ജയിലിൽ തിരിച്ചെത്തണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതും മറ്റു പ്രതിസന്ധികൾ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡോക്‌ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.കാരണം കാണിക്കൽ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടും.
വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു.
ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. ‘എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു.
എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഡോക്‌ടറുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചിരുന്നു. പിന്നാലെ മാറ്റിവച്ച ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിച്ചത്.
അതേസമയം, ഹാരിസ് സത്യസന്ധനായ ഡോക്‌ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്‌നമാണെന്നുമാണ് വിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഡോക്‌ടറെ വിമർശിക്കുകയും ചെയ്തിരുന്നു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരോട് പറഞ്ഞു.
വിചാരണ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. അങ്ങനെ ചെയ്താല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. കേസ് എന്‍ഐഎയ്ക്ക് വിട്ടത് സെഷന്‍സ് കോടതിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്‍ഐഎ കോടതിയില്‍നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നില്‍ എത്തിയാല്‍ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.
പൊതുവെ അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നാണ് എംപിമാര്‍ക്ക് അമിത് ഷാ നല്‍കിയ ഉറപ്പ്. സംസ്ഥാന സര്‍ക്കാരും സിസ്റ്റര്‍മാരും വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും.
ഈ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുള്ള നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തോപ്പൂര്‍ രാമസ്വാമി വനമേഖലയില്‍ വവ്വാലിന്റെ ഇറച്ചി ചില്ലിചിക്കനാണെന്നുപറഞ്ഞ് വില്‍പ്പനനടത്തിയ രണ്ടുപേരെ വനപാലകര്‍ പിടികൂടി. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടിലാണ് സംഭവം.
ഡാനിഷ്പേട്ട് സ്വദേശികളായ എം. കമാല്‍ (36), വി. സെല്‍വം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിച്ചത്. വവ്വാലിനെ കറിവെച്ച് വില്‍ക്കുന്നതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കി.
തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിങ് സംഘം പരിശോധന നടത്തുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. വേടൻ എന്ന ഹിരൺദാസ് മുരളി ശാരീരികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന സമയത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി വേടനെ പരിചയപ്പെട്ടത്.
വേടന്റെ പാട്ടുകളോടും മറ്റും ഇഷ്ടം തോന്നി യുവതി അങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഫോൺ നമ്പരുകൾ കൈമാറി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ തന്നോട് പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയിലുണ്ട്. ഒരിക്കൽ ഒരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വിളിച്ചു. അന്ന് ഉച്ചയ്ക്ക് വേടൻ യുവതിയുടെ ഫ്ളാറ്റിലെത്തുകയും ചെയ്തു.
സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെയെന്ന് വേടൻ ചോദിച്ചു. താൻ സമ്മതിച്ചു. എന്നാൽ ചുംബിച്ചതിന് പിന്നാലെ വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, ബലാത്സംഗം ചെയ്തു. വിവാഹം കഴിച്ചോളാമെന്നും പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ ഫ്ളാറ്റിൽ നിന്ന് പോയത്. പലവട്ടം പണം നൽകി. നിരവധി തവണ ഫ്ളാറ്റിൽ തങ്ങി ലൈംഗികബന്ധത്തിലേർപ്പെട്ടു.
2022ൽ താൻ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ളാറ്റിലും വേടനെത്തി, ദിവസങ്ങളോളം തങ്ങി. ഈ സമയവും ലൈംഗികമായി ഉപദ്രവിച്ചു. 2023 മാർച്ചിൽ സുഹൃത്തിന്റെ ഫ്ളാറ്റിൽവച്ചും ലൈംഗികമായി ഉപയോഗിച്ചു. ജൂലായ് 14ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീതനിശയിൽ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ വന്നില്ല. തുടർന്ന് താൻ വേടന്റെ സുഹൃത്തുക്കളെ വിളിച്ചു.
ജൂലായ് പതിനഞ്ചിന് വേടൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഫ്ളാറ്റിലെത്തി. താൻ ടോക്സിക്കാണെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ തന്നെ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞതായി യുവതി ആരോപിക്കുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടൻ ഫ്ളാറ്റിൽ നിന്ന് മടങ്ങിയെന്നും പരാതിയിലുണ്ട്.
ആഷ്ഫോർഡ് :- ഇംഗ്ലണ്ടിന്റെ ആരാമമായ കെൻ്റിലെ ഏറ്റവും വലിയ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യു കെ ക്രിക്കറ്റ് ടൂർണ്ണമെൻറ് വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ (എ എം എ ) പ്രസിഡൻറ് നീനു ചെറിയാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 പ്രശസ്ത ടീമുകൾ 3 ഗ്രൂപ്പുകളിലായി വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കപ്പെടുന്നു.
വിജയികളെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 251 പൗണ്ട്,101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. അതോടൊപ്പം മികച്ച ബാറ്റ്സ്മാനും , മികച്ച ബൗളർക്കും പ്രത്യേക പുരസ്കാരം നൽകുന്നതാണ്.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൻറെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും , കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷൻറെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കുന്നു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ പ്രസിഡൻ്റും മറ്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും .
ഈ ടൂർണമെൻറ് വൻ വിജയമാക്കുവാൻ മലയാളി അസോസിയേഷൻറെ എല്ലാ അംഗങ്ങളുടെയും നിസ്സിമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും, യുകെയിലെ കായികപ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡൻറ്) അജിമോൻ പ്രദീപ് (വൈസ് പ്രസിഡൻ്റ്) റെജി സുനിൽ (സെക്രട്ടറി ) ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു (ട്രഷറർ) ജോൺസൺ തോമസ് (കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: –
willesborough Regional Ground
Ashford Kent TN 24 OQH