പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഒളിവിൽപ്പോയ പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംശയത്തെത്തുടർന്നാണ് യുവതിയെ അജി കൊലപ്പെടുത്തിയതെന്നാണ് സൂചന. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.
ജെയ്‌നമ്മ കൊലക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വർഷം മുമ്പ് കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13ാംവാർഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു–43) അടക്കം 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പരിശോധിക്കും.
അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ജെയ്നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ, ചേർത്തല ശാസ്താങ്കൽ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്.
ജെയ്നമ്മയെ കാണാതായ സംഭവത്തിൽ പള്ളിപ്പുറം ചൊങ്ങുംതറയിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അർത്തുങ്കൽ പൊലീസ് നാലുവർഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശത്തിൽ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടർന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വർഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.
മുഖപരിചയമുള്ളവർക്ക് മുന്നിലും പതറാതെ സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേർത്തല നഗരത്തിൽ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേർത്തല നഗരത്തിൽ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സെബാസ്റ്റ്യനെ എത്തിച്ചതറിഞ്ഞ് വലിയ കൂട്ടം ആളുകളും മാദ്ധ്യമങ്ങളും തെളിവെടുക്കുന്ന ഇടങ്ങളിൽ എത്തിയിരുന്നു. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവൻ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഇയാളൊരു സീരിയൽ കില്ലറാണോയെന്നും സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ – മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.
ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കബറടക്കം വൈകിട്ട് 5. 30ന് ആലുവ ടൗൺ ജുമാ മസ്ജിദിൽ നടക്കും. പൊതുദർശനം വൈകിട്ട് 4 മുതൽ. നവാസിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് എഫ്ഐആർ.
ഇന്നലെ രാത്രിയോടെ എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തറയിൽ കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്.
പ്രകമ്പനം എന്ന സിനിമ ചിത്രീകരണത്തിനായാണ് ചോറ്റാനിക്കരയിൽ എത്തിയത്. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ്. സഹോദരൻ നിയാസ് ബക്കറും ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ
എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.
മെർലിൻ മേരി അഗസ്റ്റിൻ
ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. കേരളത്തിന്റെ കൃഷി മന്ത്രിയും, വാഗ്മിയുമായ പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ഇന്റലിജിൻസ് വിഭാഗം മേധാവി എ ഡിജിപി, P വിജയൻ IPS മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പ്രശസ്ത ഫിലിം ആര്ടിസ്റ് വിൻസി അലോഷ്യസ് ഫൈനലായിലെ വിജയികളെ പ്രഖ്യാപിക്കും. ആഗസ്റ്റ് 8, വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ശ്രീ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘‘ഓര്‍മ്മ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.
ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട് , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലാഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്(സീനിയർ കെമിസ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.
സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പി ർ ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.
ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.
റോമി കുര്യാക്കോസ്
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരാർദ്രമായി.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും ശ്രീ. വി ഡി സതീശൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയ നേതാവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എം എൽ എമാരായ റോജി എം ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, വീക്ഷണം ദിനപത്രം എംഡി അഡ്വ. ജെയ്‌സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് & പോളിസി വിഭാഗം ചെയർമാനുമായ ജെ എസ് അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ പുത്രിയുമായ മറിയ ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും മെഗാസ്റ്റാർ പദ്മശ്രീ. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് കുര്യാക്കോസ്, ഐ ഓ സി ഗ്ലോബൽ കോഡിനേറ്റർ അനുരാ മത്തായി എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരേയും, കക്ഷി – രാഷ്ട്രീയ ഭേദമന്യേ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളെയും ചേർത്തുകൊണ്ട് ക്രമീകരിച്ച അനുസ്മരണ പരിപാടികൾക്ക് പ്രോഗ്രാം കൺവീനറും ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി യു കെ – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
ഐ ഒ സി അയർലണ്ട് പ്രസിഡന്റ് ലിങ്ക്‌വിൻസ്റ്റർ മാത്യു, ഐ ഒ സി സ്വിറ്റ്സർലണ്ട് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഒ സി സ്വിറ്റ്സർലണ്ട് – കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, ഐ ഒ സി അയർലണ്ട് – കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ, ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി പോളണ്ട് പ്രസിഡന്റ് ജിൻസ് തോമസ്, ഐ ഒ സി പോളണ്ട് ജനറൽ സെക്രട്ടറി ഗോകുൽ ആദിത്യൻ, വിവിധ രാജ്യങ്ങളിലെ ഐ ഒ സി നേതാക്കന്മാർ, യൂണിറ്റ് – റീജിയൻ പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും വളരെ വേഗത്തില്‍ ഇറങ്ങിച്ചെന്ന് ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുന്ന അനിതര സാധാരണമായ അഭിനയ മികവിന്റെ പേരാണ് വിജയ രാഘവന്‍. അത് ഒരുപക്ഷേ പിതാവും നാടകാചാര്യനുമായിരുന്ന എന്‍.എന്‍ പിള്ളയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാകാം.
നാടക രംഗത്ത് നിന്നുതന്നെയാണ് വിജയ രാഘവന്റെ സിനിമയിലേക്കുള്ള വരവ്. എന്‍.എന്‍ പിള്ളയുടെ വിശ്വ കേരളാ കലാ സമിതിയിലൂടെ ബാല്യത്തില്‍ തന്നെ വിജയ രാഘവന്‍ നാടക രംഗത്ത് സജീവമായി.
എന്‍.എന്‍ പിള്ളയുടെ ‘കാപാലിക’ എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആറാം വയസില്‍ സിനിമയില്‍ വിജയ രാഘവന്‍ അരങ്ങേറ്റം കുറിച്ചു.
1982 ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ ഇരുപത്തിയൊന്നാം വയസില്‍ നായകനായി. തുടര്‍ന്ന് പി. ചന്ദ്രകുമാര്‍, വിശ്വംഭരന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടര്‍ന്നു.
കാപാലികയുടെ സഹ സംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദേഹത്തിന്റെ ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. 1993 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.
1995 ല്‍ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയന്‍ സംവിധാനം ചെയ്ത ശിപായി ലഹള എന്ന ചിത്രത്തില്‍ വിജയരാഘവന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000 ത്തിന് ശേഷം വിജയ രാഘവന്റെ നിരവധി കഥാപാത്രങ്ങളാണ് അഭ്രപാളികളിലെത്തിയത്.
എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായ വിജയ രാഘവന്റെ ജനനം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ്. പിതാവ് അവിടെ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്നു. സുലോചന, രേണുക എന്നീ രണ്ട് സഹോദരിമാരുണ്ട്.
അനിതയാണ് ഭാര്യ. രണ്ട് ആണ്‍ മക്കളുണ്ട്. മൂത്ത മകന്‍ ജിനദേവന്‍ ബിസിനസുകാരനാണ്. ഇളയ മകന്‍ ദേവദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ ഒളശയിലാണ് വിജയ രാഘവന്റെ സ്ഥിര താമസം.
മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കവിത മനോരഞ്ജിനി എന്ന ഉര്‍വശി മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ നിര്‍മാതാവും ഉര്‍വ്വശിയായിരുന്നു. മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ അവര്‍ നേടിയിട്ടുണ്ട്.
പ്രശസ്ത നാടക നടീനടന്മാരായ വിജയ ലക്ഷ്മിയുടെയും ചവറ വി.പി നായരുടെയും മകളായി കൊല്ലം ജില്ലയിലാണ് ഉര്‍വ്വശി ജനിച്ചത്. സിനിമ താരങ്ങളായ കലാരഞ്ജിനിയും കല്‍പ്പനയുമാണ് മൂത്ത സഹോദരിമാര്‍. സഹോദരന്മാരായ കമല്‍ റോയിയും പ്രിന്‍സും ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു.
പത്ത് വയസുള്ളപ്പോള്‍ 1979 ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന മലയാള സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചാണ് ഉര്‍വ്വശി സിനിമ രംഗത്തെത്തിയത്. 1983 ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അവര്‍ അരങ്ങേറ്റം കുറിച്ചത്.
കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും വര്‍ഗീയത പടര്‍ത്താനുള്ള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്.
സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സിനിമാമേഖലയിലെ പ്രമുഖരിൽ പലരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തിയതിന് ശേഷം മൃതദേഹം കൈമാറുമെന്നാണ് വിവരം.
മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.
1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. മറുപടിബാറ്റിങ്ങിൽ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിൽ അതിവേഗം സ്കോറുയർത്തി. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. പിന്നാലെ തകർത്തടിച്ച ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തൽ(5) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവർട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയർ 215-7 എന്ന നിലയിലായി. അർധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിൻസൺ 11 റൺസെടുത്ത് പുറത്തായി. 247 റൺസിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.
ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.
ആദ്യദിനം ആതിഥേയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാൾ(2), കെ.എൽ.രാഹുൽ(14), സായ് സുദർശൻ(38), ശുഭ്മാൻ ഗിൽ(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറൽ(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.
മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.
എന്നാൽ 21 റണ്‍സെടുത്ത ഇന്ത്യൻ നായകൻ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു.
അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.