വിശുദ്ധ തോമാ ശ്ലീഹായുടെ പാദസ്പർശം കൊണ്ട് പുണ്യമായ മലയാറ്റൂരിനും , ശ്രീ ആദ്യ ശങ്കരാചാര്യരുടെ ജനനം കൊണ്ട് പവിത്രമായ കാലടിക്കും മധ്യ , പെരിയാറിനോട് ചേർന്ന് സ്ഥിതി കൊള്ളുന്ന , മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കൊറ്റമം . അവിടെ നിന്നും പൗണ്ടുകൾ വിളയുന്ന യുണൈറ്റഡ് കിംഗ്ഡം എന്ന മഹാരാജ്യത്തേക്കു കുടിയേറി പാർത്തവർ ഒത്തൊരുമിച്ചു കാണാനും പഴയ ഗൃഹാതുരത്വ ഓർമ്മകൾ പങ്കു വെക്കുവാനും വേണ്ടി ഈ വരുന്ന സെപ്റ്റംബർ 27-ാം തീയതി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് ആദ്യ കൊറ്റമം സംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് .
കൊറ്റമം എന്ന ഗ്രാമത്തിൽ നിന്ന് തന്നെ ഏകദേശം 200 കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ആയി താമസിക്കുന്നുണ്ട് . ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവർ ഒരിക്കൽ കൂടി കാണുവാനും , സൗഹൃദം പുതുക്കുവാനും ഈ സംഗമം ഒരു അവസരമായി മാറും .
കൊറ്റമം സംഗമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപെടുക .
ഷൈജു ദേവസ്സി : 07916 645733
അനൂപ് പാപ്പച്ചൻ : 07982 133811
മേൽജോ മാത്യു : 07500 114303
റിന്റോ റോക്കി : 07533734084
മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.
സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ട്.
എ.എം.എം.എയില്‍ വനിതാ പ്രസിഡന്റിന് സാധ്യതയേറുന്നു. താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കാന്‍ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതായാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണ് ഉള്ളത്. എ.എം.എം.എയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
എ.എം.എം.എയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല എ.എം.എം.എയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് എ.എം.എം.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറാന്‍ സാധ്യത ഉണ്ട്.
ഛത്തീസ്‌ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിന്.
നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തൃശൂർ അതിരൂപതാ സഹായം മെത്രാൻ മാർ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആൻ്റണി അമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സർക്കാർ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാർ പറഞ്ഞു. ശശി തരൂരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച പാർലമെന്റിൽ സംസാരിക്കവെ പ്രിയങ്ക ഗാന്ധി വാദ്ര, പഹൽഗാം ആക്രമണത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും സുരക്ഷാ വീഴ്ചകളെ ചോദ്യം ചെയ്യുകയും ചെയ്തു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പഹൽഗാമിലെ ബൈസരൻ താഴ്‌വര സന്ദർശിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, അവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥരും ഇല്ലാത്തതിനെ അവർ ചോദ്യം ചെയ്തു.
“ഈ സർക്കാരിനെ വിശ്വസിച്ചാണ് ആളുകൾ പഹൽഗാമിലേക്ക് പോയത്, പക്ഷേ സർക്കാർ അവരെ ദൈവത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തു,” അവർ പറഞ്ഞു.
ഇന്റലിജൻസ് പരാജയത്തെ കോൺഗ്രസ് നേതാവ് വീണ്ടും ചോദ്യം ചെയ്തു, “ഇത്രയും ക്രൂരമായ ഒരു ഭീകരാക്രമണം നടക്കാൻ പോകുകയാണെന്നും പാകിസ്ഥാനിൽ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒരു സർക്കാർ ഏജൻസിക്കും അറിയില്ലായിരുന്നോ?” എന്ന് ചോദിച്ചു.
“ഡോ. മൻമോഹൻ സിംഗ് ജിയുടെ സർക്കാരിന്റെ കാലത്ത് 26/11 നടന്നപ്പോൾ, എല്ലാ തീവ്രവാദികളെയും ഒരേ സമയം വധിച്ചു, ഒരാളെ പിടികൂടി ഞങ്ങൾ തൂക്കിലേറ്റി. മഹാരാഷ്ട്ര മുഖ്യമന്ത്രി രാജിവച്ചു, ആഭ്യന്തരമന്ത്രി രാജിവച്ചു, കാരണം ഞങ്ങൾ നമ്മുടെ ജനങ്ങളോടും നമ്മുടെ ഭൂമിയോടും ഉത്തരവാദിത്തമുള്ളവരാണ്,” അവർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് സർക്കാർ വ്യത്യസ്തമായി സംസാരിക്കുകയും എന്നാൽ ഉത്തരങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു.
“ഭരണകക്ഷിയിലെ ആളുകൾ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു, പക്ഷേ പഹൽഗാം ഭീകരാക്രമണം എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം നൽകിയില്ല,” അവർ പറഞ്ഞു.
“ഇത് നമ്മുടെ സർക്കാരിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും വലിയ പരാജയമാണ്, ആരെങ്കിലും രാജിവച്ചിട്ടുണ്ടോ എന്നതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കും,” കോൺഗ്രസ് നേതാവ് ചോദിച്ചു.
വിജയവഴിയിൽ വെയിൽസും ഇംഗ്ലണ്ടും. കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഇംഗ്ലണ്ടിലെ ഹാർട്ട്ലി പൂളിൽ വച്ച് നടന്ന ത്രിരാഷ്ട്ര കബഡി ടൂർണമെൻ്റ് വിജയകരമായി സമാപിച്ചു. പുരുഷ വിഭാഗത്തിൽ വെയിൽസ് വിജയികളായി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് വെയിൽസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസസ്ഥമാക്കിയപ്പോൾ വെയിൽസാണ് റണ്ണേഴ്സ് അപ്പായത്. ഹാർട്ട്ലിപൂൾ കൗണ്ടി കൗൺസിലർ ആയ ആരോൺ റോയിയുടെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
കായിക വിനോദത്തിൻ്റെയും വിവിധ കലാ സാംസ്കാരിക പരിപാടികളുടേയും സംഗമ വേദിയാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹാർട്ട്ലി പൂൾ നഗരം. ആരോൺ റോയിയുടെ വാക്കുകളിൽ ”കായിക വിനോദത്തിനുപരിയായി വിവിധ ദേശങ്ങളുടെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗ വേദിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത് അത് വിജയകരമായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
മത്സരിച്ച ടീമുകൾക്ക് പുറമേ സാംസ്കാരിക പരിപാടികളിലും സ്റ്റാളുകളിലും വിവിധ രാജ്യങ്ങൾ പങ്കെടുത്തത് അതിൻ്റെ തെളിവാണ്. ഇനിയും ഇത്തരം ഇവൻ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്”. യുകെയിൽ എമ്പാടും കബഡിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും യുകെയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി കബഡിയെ മാറ്റുക എന്നതുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും വെയിൽസ് ടീമിൻ്റെ മാനേജർമാരായ ജോബി മാത്യുവും ജോണി തോമസ് വെട്ടിക്ക എന്നിവർ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് മുൻ ദേശീയ താരവും നോട്ടിങ്ങാം റോയൽസ് കബഡി ക്ലബിൻ്റെ ഉടമയുമായ രാജു ജോർജ്ജാണ് വെയിൽസ് ടീമിൻ്റെ കോച്ച്. ചടങ്ങിൽ വിവിധ വിശിഷ്ടാഥിതികൾ പങ്കെടുത്തു. ഹാർട്ട്ലി പൂൾമേയർ കരോൾ തോംപ്സൺ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. വേൾഡ് കബഡി അസോസിയേഷൻ പ്രസിഡൻ്റ് അശോക് ദാസ് മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ താരം സാജു എബ്രഹാം ഉൾപ്പെട്ട പാനലാണ് കളി നിയന്ത്രിച്ചത്.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ട് ഇന്നലെ രാത്രി ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന് പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.
ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാന് ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ജയിൽ ചാടിയതിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം.
നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണ ജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്.
അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനില്‍ നടന്നിരുന്നു.അതിന്‍റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടർചർച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളില്‍ പങ്കെടുത്തെന്നാണ് വിവരം.
എന്നാല്‍, ദയധനത്തിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.
ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്ര കുത്തിയെന്നും ഇവര്‍ കുറിച്ചു. വംശീയ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആളുകളെ നാടുകടത്തണമെന്നും യുവതി വ്യക്തമാക്കുന്നു.
പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി വൈറ്റ് താന്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയെന്നും ഒരു എം&എസ് സ്റ്റോര്‍ സന്ദര്‍ശിച്ചെന്നും എക്‌സിലെ ഒരു പോസ്റ്റില്‍ വെളിപ്പെടുത്തി. അവിടെ മൂന്ന് ജീവനക്കാര്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ കേട്ടു. ഏതാണ് ഭാഷയെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ജീവനക്കാര്‍ അവരെ അറിയിച്ചു. താന്‍ അവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി പറഞ്ഞു.
പിന്നാലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുവതിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതില്‍ എന്താണ് കുഴപ്പമെന്നും ജീവനക്കാര്‍ എന്ത് നിയമമാണ് ലംഘിച്ചതെന്നും ചിലര്‍ ചോദിച്ചു. ഇതില്‍ അധിക്ഷേപകരമായി എന്ത് കാര്യമാണുള്ളതെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ജീവനക്കാര്‍ക്ക് പരസ്പരം അവരുടെ ഭാഷ സംസാരിക്കാന്‍ അനുവാദമുണ്ടെന്നും എന്തിനാണ് അനാവശ്യമായി തെറ്റിദ്ധാരണകളുണ്ടാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാന്‍ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്‌കറെ തോയ്ബ ഭീകരവാദിയായ സുലൈമാന്‍ ഷാ മുമ്പ് പാക് സൈന്യത്തിലെ കമാന്‍ഡോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്.
‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മൂന്ന് ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടിക്ക് തുടക്കമിട്ടത്. സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സുലൈമാന്‍ ഷായെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
പാക് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ (എസ്എസ്ജി) സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുലൈമാന്‍ ഷാ ലഷ്‌കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറില്‍ സോനാമാര്‍ഗ് തുരങ്കനിര്‍മാണ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ബാരാമുള്ളയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന്‍ ഷായ്ക്ക് പങ്കുണ്ട്. പഹല്‍ഗാമുള്‍പ്പെടെ ജമ്മുകശ്മീരില്‍ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുലൈമാന്‍ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അരിച്ചുപെറുക്കിയിരുന്നു.
ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ താവളങ്ങളില്‍നിന്ന് എകെ 47 അടക്കമുള്ള തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. തീവ്രവാദികള്‍ കശ്മീരില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
2016-ല്‍ WY SMS എന്ന് വിളിച്ചിരുന്ന ഒരു ചൈനീസ് റേഡിയോ കമ്യൂണിക്കേഷന്‍ ഉപകരണം ഉപയോഗിച്ചാണ് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇതിന് സമാനമായ ചൈനീസ് റേഡിയോയും ഇന്ന് വധിക്കപ്പെട്ടവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.