നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്‌സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അലക്‌സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്‌സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്‌സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്‌സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി.
എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തിൽ എന്റെ ആശയങ്ങൾ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയിൽ ചേരുന്നത് ആവശ്യമാണെന്ന് ഞാൻ കരുതി’-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ല. അടുത്ത വർഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ലെന്നും എന്നാൽ തങ്ങൾക്കൊരു അവസരം നൽകണമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.നടൻ എന്ന നിലയിൽ ജനങ്ങൾക്കിടയിലിറങ്ങി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എംജിആറിനേയും ജയലളിതയേയും എൻടിആറിനേയും പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.
‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.
രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചിരുന്നത്.
പമ്പാ നദിയിൽ കുളിക്കാൻ പോയ മൂന്ന് യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. മരിച്ച യുവാക്കൾ – ശ്രീജിത്ത്, ഹനീഷ്, സാജാദ് എന്നിവരാണ് കരുണാഗപ്പള്ളി സ്വദേശികൾ. ഹരിപാഡിനടുത്തുള്ള വിയാപുരത്താണ് നിർഭാഗ്യകരമായ അപകടം സംഭവിച്ചത്. പ്രദേശത്തെ അവരുടെ സുഹൃത്തിനെ കാണാൻ മൂവരും വീയപുരത്ത് എത്തി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ അവർ സുഹൃത്തുക്കളുടെ വീട്ടിലെത്തി, പിന്നീട് അഞ്ച് യുവാക്കളുടെ സംഘം കുളിക്കാനായി പമ്പാ നദീതീരത്ത് പോയി, എന്നാൽ അഞ്ചുപേരിൽ മൂന്നുപേരെ കാണാതായി.
പ്രദേശത്തെ ജനങ്ങളും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ തെരച്ചിലിന് ശേഷമാണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് കയാംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാൻ തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയമെന്നു തീർത്തും പറയാം. അത്ര നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു. പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു. ഇവിടെ എല്ലാം തന്നെ താരത്തിന്റെ കഴിവ് നമ്മൾ കണ്ടതാണ്.
2009 ൽ സൗത്ത് കളമശേരി റെയ്‌ല്‍ ഓവര്‍ ബ്രിഡ്ജിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു വരുത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. കളമശേരി മേല്‍പാലത്തിന് മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക് പൊടിയെറിഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ഇതേ തുടർന്നാണ് നടനെ ചോദ്യം ചെയ്തതൊക്കെ.
തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേൽ എന്ന വ്യക്തിയെ താരം വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്. നടിയാണ് അര്‍ത്ഥന വിജയകുമാര്‍. തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ് ആദ്യചിത്രം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വാന്തനം കഴിവ് കൊണ്ട് സിഎൻമയിൽ കയറിയ നടിയാണ് അർദ്ധന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്.
ഡോ. ഐഷ വി
അന്ന് ചിറക്കര ത്താഴം ശിവ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഞങ്ങൾ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടി. വല്യമ്മച്ചിയ്ക്ക് അന്ന് നല്ല പണിയായിരുന്നു. ബന്ധുക്കളുടെ തിരക്ക് കൂടാതെ “നല്ലതങ്ക ബാലെ” എന്ന നൃത്തം അവതരിപ്പിക്കുന്നവർക്കുള്ള ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ഞങ്ങൾ ആദ്യ ട്രിപ്പ് പായസം കുടിച്ച് കഴിഞ്ഞപ്പോൾ ഘോഷയാത്രയുടെ ചെണ്ടമേളം കേട്ടു. ഞങ്ങൾ കിഴക്കുഭാഗത്തെ പടവുകളിറങ്ങി ഘോഷയാത്ര കാണാനെത്തി. ശ്രീദേവി അപ്പച്ചിയുടെ മക്കൾ താലപ്പൊലിയെടുക്കുന്നുണ്ടായിരുന്നു. രോഹിണി അപ്പച്ചിയുടെ മുതിർന്ന മക്കൾ കുട്ടികളെ സഹായിക്കാനായി അവർക്കൊപ്പം നിന്നു. ഗിരിജ ചേച്ചി ബേബിയുടെ കൈവശുള്ള താലത്തിലിരിയ്ക്കുന്ന ദീപത്തിന്റെ തിരി നീട്ടിയപ്പോഴായിരുന്നു ഞാനത് ശ്രദ്ധിച്ചത്. മരോട്ടിക്കായുടെ ഒരു പിളർപ്പിൽ എണ്ണയൊഴിച്ച് തിരിയിട്ടിരിക്കുകയായിരുന്നു. മരോട്ടിക്കായ ഞാൻ ആദ്യമായി കാണുകയായിരുന്നു. പടവിൽ അടുത്തു നിന്ന അമ്മയോട് ചോദിച്ചപ്പോഴാണ് അത് മരോട്ടിക്കായാണെന്നറിയുന്നത്.
നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളക്കാരും താലപ്പൊലിക്കാരും ഇടയ്ക്ക് കോലം കെട്ടി തുള്ളുന്നവരുമൊക്കെയടങ്ങിയ ഘോഷയാത്ര പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു കയറി. അധികം താമസിയാതെ ബാലെക്കാരുടെ വണ്ടിയെത്തി. “നല്ല തങ്ക ബാലെ” എന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. ബാലെക്കാരുടെ ഭക്ഷണം വിശ്രമം എന്നിവ അവിടെ നടന്നു. ആകപ്പാടെ നല്ല തിരക്ക് ഇതിനിടയിൽ അവരുടെ കൂട്ടത്തിലെ സുന്ദരിയായ ഒരു യുവതി അകത്തെ മുറിയിലേയ്ക്ക് കയറി. ഞാൻ അവരുടെ പിന്നാലെ കൂടി. അവർ പരിപാടിയ്ക്ക് ഒന്ന് തയ്യാറെടുക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി. കൈവിരലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ച് ബാലെയിലെ രംഗങ്ങൾ അവർ അവിടെയാടി നോക്കുകയായിരുന്നു. എന്റെ സാന്നിധ്യം പാടെ വിസ്മരിച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാനായിരുന്നു അവരുടെ ശ്രമം. അവരത് അമൂർത്തമാക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.
കുറേ നേരം കടന്നുപോയി. ഒരു മുതിർന്ന സ്ത്രീ വന്ന് യുവതിയെ വിളിച്ചപ്പോൾ അവർ അമ്പലത്തിലേയ്ക്ക് പോകാനൊരുങ്ങി. അവർ വണ്ടിയിൽ യാത്രയായിക്കഴിഞ്ഞപ്പോൾ വല്യചഛനും വല്യമ്മച്ചിയും രഘുമാമനും ഞങ്ങളും കൂടി വീടും പൂട്ടി അമ്പലത്തിലേയ്ക്ക് നടന്നു. വീട്ടുകാവലിന് “കരിമൻ” എന്ന നായ മാത്രം. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാനും കിടക്കാനും ആവശ്യമായത്രയും പായകൾ വല്യമ്മച്ചി കൈയ്യിൽ കരുതിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേയ്ക്കും ഘോഷയാത്ര കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിന്റെ പുറക് ഭാഗത്ത് ഒതുക്കി കെട്ടിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ തൊഴുതു വന്നപ്പോഴേയ്ക്കും ചെറിയ തോതിലുള്ള വെടിക്കെട്ട് തുടങ്ങിയിരുന്നു. ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാകാൻ കരിമരുന്നു പ്രയോഗം നല്ലതാണെന്ന കാര്യവും ചൈനാക്കാരാണ് കരിമരുന്ന് പ്രയോഗം കണ്ടുപിടിച്ചതെന്നു ഞാനോർത്തു.
വെളുപ്പാൻ കാലത്താണ് വലിയതോതിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഉത്സവത്തിലെ പ്രധാന പരിപാടി അവസാനിക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങുക. പ്രസംഗം, മിമിക്രി തുടങ്ങിയ കുറച്ച് പരിപാടികൾക്ക് ശേഷം ബാലെ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങാൻ തുടങ്ങി. വല്യമ്മച്ചി ഒരോരുത്തരെയായി പായിൽ കിടത്തി. മുതിർന്നവർ ഉറങ്ങാതിരുന്ന് ബാലെ കണ്ടു. ഞാനും ഇടയ്ക്കപ്പോഴോ ഉറങ്ങിപ്പോയി. പരിപാടി അവസാനിച്ച് വെടിക്കെട്ട് തുടങ്ങിയപ്പോൾ വല്യമ്മച്ചി എല്ലാവരെയും വിളിച്ചുണർത്തി. കുട്ടികൾ ഉറക്കച്ചടവിലായിരുന്നു. വല്യമ്മച്ചി പായെല്ലാം ചുരുട്ടിയെടുത്തു. ഞങ്ങളെയും നടത്തിച്ച് വീട്ടിലെത്തി. തലേ രാത്രിയിൽ അവനെ ഒറ്റയ്ക്കാക്കി പോയതിന്റെ പ്രതിഷേധം ഒന്നു മുരണ്ട് പ്രകടിപ്പിച്ച ശേഷമാണ് “കരിമൻ” ഞങ്ങളെ വാലാട്ടി സ്വീകരിച്ചത്.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ
സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.
ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.
ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.
പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.
ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.
കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.
വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.
ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.
യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.
എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.
ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച് കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.
ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.
കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .
ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.
ബീഫ് കട്‌ലറ്റ് – സുജിത് തോമസ്
1. ബീഫ് -1/2 കിലോ(എല്ലില്ലാതെ)
2. ഗരം മസാല -2 ടീസ്പൂൺ
3. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
4. മല്ലിപൊടി -1 ടീസ്പൂൺ
5. ഇറച്ചി മസാല -1 ടീസ്പൂൺ
6. കാശ്മീരി മുളക് പൊടി -3/4 ടീസ്പൂൺ
7. മുട്ട -2
8. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
9. ഉരുളക്കിഴങ്ങ് -1-2
10. ഇഞ്ചി -ഒരു ചെറിയ കക്ഷണം
11. വെളുത്തുള്ളി -3-4 അല്ലി
12. പച്ചമുളക് -6-7
13. സവോള -1
14. കറിവേപ്പില -1 തണ്ട്
15. റസ്ക് പൊടിച്ചത് -1/2കപ്പ്
*പാചകം ചെയുന്ന വിധം*
1. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചു വെക്കുക.
2. ഇറച്ചി 1/4 കപ്പ് വെള്ളം, ഉപ്പ്,1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.തണുക്കുമ്പോൾ ഇറച്ചി, മിക്സിയുടെ ചെറിയ ജാറിൽ തരുതരുപ്പായി പെട്ടെന്ന് അടിച്ചെടുക്കുക.
3.ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്,സവോള, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ചൂടായ വെളിച്ചെണ്ണയിൽ വഴറ്റുക.
4. ഇതിലേക്ക് 2 മുതൽ 6 വരെയുള്ള മസാലകൾ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക.
5. ഈ കൂട്ടിലേക്ക് ഇറച്ചിയും, ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും ചേർത്ത് യോജിപ്പിച്ചെടുക്കുക.
6. തണുത്തു കഴിയുമ്പോൾ ഉരുളകൾ ആയി പരത്തി, മുട്ടയടിച്ചു പതപ്പിച്ചതിൽ മുക്കി എടുക്കുക. തുടർന്ന് റസ്ക് പൊടിച്ചതിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ ഇടത്തരം തീയിൽ വറുത്തു കോരുക.
പൊടിച്ച പുട്ടുംകുട്ടനാടൻതാറാവും- ഷെഫ് ജോമോൻ കുരിയാക്കോസ്
കുട്ടനാടൻതാറാവ് കറി
ചേരുവകൾ
താറാവ്.1 കിലോഗ്രാം
വെളുത്തുള്ളിഇഞ്ചിപേസ്റ്റ് 3 ടീസ്പൂൺ
മഞ്ഞൾപൊടി.1/2 ടീസ്പൂൺ
കുരുമുളക് പൊടി-1/2 ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
വിനഗർ 2 ടീസ്പൂൺ
പെരുംജീരകം 1/2 ടീസ്പൂൺ
ഗ്രാമ്പൂ 4 എണ്ണം
കറുവാപ്പട്ട 1 /2 ഇഞ്ച്
സവാള അരിഞ്ഞത് 2 എണ്ണം ഇടത്തരം
പച്ചമുളക്സ്ലൈസ്ചെയ്തത് 4 – 5 എണ്ണം
കറിവേപ്പില 2 തണ്ട്
മല്ലിപ്പൊടി 1.5 ടീസ്പൂൺ
ഗരംമസാലപൊടി 1 ടീസ്പൂൺ
കുരുമുളക്പൊടി 1/2 ടീസ്പൂൺ
രണ്ടാംപാൽ 1/2 cup
ഒന്നാംപാൽ. 3/4 cup
വെളിച്ചെണ്ണ 2 ടീസ്പൂൺ
*പാചകം ചെയുന്ന വിധം*
കഴുകി വൃത്തി ആക്കി വെച്ച താറാവിലേക്ക് മഞ്ഞൾപൊടിയും കുരുമുളക്പൊടിയും ഉപ്പും വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്ന്റെ പകുതി ചേർത്ത് മാരിനേറ്റ് ചെയ്യാൻ 2 മണിക്കൂർ അല്ലെങ്കിൽ ഓവെർനൈറ്റ് ഫ്രിഡ്ജിൽ വെക്കുക. ഒരുചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
ഇതിലേക്ക് പെരുംജീരകം കറുവാപ്പട്ട ഗ്രാമ്പൂ എന്നിവ കൂടെ ഇടുക. സവാള ഇട്ട ശേഷം നിറം മാറുന്ന വരെ വഴറ്റുക. സവാള വഴന്ന് കഴിഞ്ഞു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ഇട്ട് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് മല്ലി പൊടിയും ചേർത്ത് വഴറ്റുക. ഗ്രേവിയിലേയ്ക്ക് നേരെത്തെ മാറ്റി വെച്ച താറാവ് ഇട്ട ശേഷം തേങ്ങാപ്പാൽ ചേർത്ത് ഒരു 30-40 മിനിറ്റ് പാത്രം അടച്ച് വേവിക്കുക. തക്കാളിയും കറിവേപ്പില ഒരു 3/4 കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉപ്പിന്റെ അളവ് നോക്കി വേണമെങ്കിൽ ചേർക്കുക.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് ഇളക്കുക. ഗ്യാസ് ഓഫ് ചെയ്തു ചൂടോടെ ഒരു പാത്രത്തിൽ വിളമ്പി ഉപയോഗിക്കാം.
പുട്ട്
ആവശ്യസാധനങ്ങൾ
അരിപ്പൊടി – 2 കപ്പ്
വെള്ളം -3/4 – 1 ആവശ്യാനുസരണം
തേങ്ങചിരകിയത് – 1 കപ്പ്
*പാചകം ചെയുന്ന വിധം*
ഒരു വലിയ പാത്രം എടുത്ത് രണ്ടു കപ്പ് പുട്ടു പൊടി അതിലേക്ക് ഇട്ടു 1/4 ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ആദ്യമൊന്ന് നനച്ചെടുക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേർത്തു നന്നായി കുഴയ്ക്കുക. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിനു പാകം. കട്ടപിടിച്ചിട്ടുണ്ടെങ്കിൽ മിക്സിയിൽ വെച്ച് ഒന്ന് കറക്കിഎടുക്കുക. പുട്ട്കുറ്റിയിൽ 2 ടീസ്പൂൺ തേങ്ങപീര ഇട്ടു 3 ടീസ്പൂൺ നനച്ച പുട്ടുപൊടി ഇടുക. വേണ്ട തേങ്ങപീര ഒരു ലെയർ കൂടെ റിപ്പീറ്റ് ചെയ്യുക. 5 മിനിറ്റ് വേവിക്കുക.
സ്വീറ്റ് ആൻഡ് സൗർ പ്രോൺസ് – ബേസിൽ ജോസഫ്
ചേരുവകൾ
പ്രോൺസ് -300 ഗ്രാം
മുട്ട-1 എണ്ണം
കോൺഫ്ലോർ -50 ഗ്രാം
വെളുത്തുള്ളി -1 കുടം
സബോള -1 എണ്ണം
ക്യാപ്‌സിക്കം -1 എണ്ണം
പൈനാപ്പിൾ ക്യുബ്സ് -6 എണ്ണം
ഓയിൽ -വറക്കുവാൻ ആവശ്യത്തിന്
സോസ് ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകൾ
പൈനാപ്പിൾ ജ്യൂസ് -150 എംൽ
ടൊമാറ്റോ സോസ് -2 ടീസ്പൂൺ
സ്വീറ്റ് ചിലി സോസ് -2 ടീസ്പൂൺ
സോയ സോസ് -1 ടീസ്പൂൺ
വിനിഗർ -1 ടീസ്പൂൺ
ഷുഗർ -10 ഗ്രാം
കോൺ സ്റ്റാർച് -1 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
പ്രോൺസ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ കോൺഫ്ലോർ, മുട്ട, സോയ സോസ്, വിനിഗർ, ഷുഗർ എന്നിവ യോജിപ്പിച്ചു കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക. ഇതിലേയ്ക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന പ്രോൺസ് ചേർത്ത് നന്നായി യോജിപ്പിച്ചു ഓയിൽ ചൂടാക്കി ചെറു തീയിൽ വറുത്തു കോരുക. ഒരു ബൗളിൽ പൈനാപ്പിൾ ജ്യൂസ്, ടൊമാറ്റോ സോസ്, സ്വീറ്റ് ചിലി സോസ്, സോയ സോസ്, ഷുഗർ, കോൺസ്റ്റാർച് എന്നിവ നന്നായി മിക്സ് ചെയ്ത് സോസ് പരുവത്തിൽ ആക്കി വയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി വെളുത്തുള്ളി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് ക്യുബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന സബോള ചേർത്ത് വഴറ്റുക. സബോള വഴന്നു വരുമ്പോൾ ക്യാപ്‌സിക്കം കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സോസ് ചേർത്ത് തിളപ്പിക്കുക. ഈ മിശ്രിതം തിളച്ചുവരുമ്പോൾ പൈനാപ്പിൾ ക്യുബ്സ്, വറത്തു കോരി വച്ചിരിക്കുന്ന പ്രോൺസ് എന്നിവ ചേർത്ത് നന്നായി സോസുമായി യോജിപ്പിച്ചെടുക്കുക. നന്നായി സോസ് പ്രോൺസുമായി മിക്സ് ആയിക്കഴിയുമ്പോൾ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.
പാവ്‌ലോവ – മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
6 മുട്ടയുടെ വെള്ള
1.5 കപ്പ് പഞ്ചസാര
2 ടീസ്പൂൺ കോൺ സ്റ്റാർച്
1/2 ടീസ്പൂൺ നാരങ്ങ നീര്
1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
ക്രീമിനായി:
1 1/2 കപ്പ് ഹെവി വിപ്പിംഗ് ക്രീം (നന്നായി തണുപ്പിച്ചത്)
2 ടേബിൾ സ്പൂൺ പഞ്ചസാര
ടോപ്പിംഗ്
4-5 കപ്പ് ഫ്രഷ് ഫ്രൂട്ട് ബ്ലൂബെറി, കിവി, റാസ്ബെറി, അരിഞ്ഞ സ്ട്രോബെറി തുടങ്ങിയവ / നിങ്ങളുടെ ഇഷ്ടപ്പെട്ട ഏതു പഴങ്ങളും ഉപയോഗിക്കാം.
പാവ്‌ലോവ ഉണ്ടാക്കുന്ന വിധം
6 മുട്ടയുടെ വെള്ള നന്നായി ഒരു മിനിട്ടു ബീറ്റ് ചെയ്തെടുക്കുക. അതിനുശേഷം ക്രമേണ 1 1/2 കപ്പ് പഞ്ചസാര ചേർത്ത് 10 മിനിറ്റ്, ഹൈ സ്പീഡിൽ വീണ്ടും ബീറ്റ് ചെയ്യുക (സ്റ്റിഫ് ആകുന്നതുവരെ ). അപ്പോൾ ഇത് മിനുസമാർന്നതും ഉപയോഗിച്ചു യോജിപ്പിക്കുക; അതിലേക്കു 2 ടീസ്പൂൺ കോൺ സ്റ്റാർച് കൂടി ചേർത്ത് ഇളക്കി എടുക്കുക (cut & fold) വിൽട്ടൺ 1 എം ടിപ്പ് ഉപയോഗിച്ച് ബേക്കിംഗ് ഷീറ്റിലേക്കു കിളിക്കൂടുപോലെ (3 to 3 1/2 inches) ചുറ്റിച്ചു എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മധ്യഭാഗത്ത് ചെറുതായി അമർത്തുക. ഈ കിളിക്കൂടുകൾ 10 മിനിറ്റു 225˚ F പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 1 മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്യുക. തുടർന്ന് ഓവൻ ഓഫ് ചെയ്തു, വാതിൽ തുറക്കാതെ മറ്റൊരു 30 മിനിറ്റ് കൂടി ഓവനിൽ വെക്കുക. ശേഷം പാവ്‌ലോവയെ ഒരു കൂളിംഗ് റാക്കിലേക്കോ മാറ്റി റൂം ടെമ്പറേച്ചറിലേക്കു ആക്കുക.
ഫ്രോസ്റ്റിംഗ് ഉണ്ടാക്കുന്ന വിധം
തണുത്ത പാത്രത്തിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് 2 മുതൽ 2 1/2 മിനിറ്റ് വരെ വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക. പാവ്‌ലോവയിലേക്കു ഫ്രോസ്റ്റിംഗ് പൈപ്പ് ചെയ്തു പഴങ്ങൾ അതിനു മുകളിൽ വെച്ച് അലങ്കരിക്കുക. ഉണ്ടാക്കി കഴിഞ്ഞ് 4 മണിക്കൂറിനുള്ളിൽ കഴിക്കണം ഫ്രോസ്റ്റിംഗ് ചെയ്യാതെ 3-5 ദിവസം (കുറഞ്ഞ ഈർപ്പം ഉള്ള സ്ഥലത്ത്) വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.
ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍.
എത്ര ഓശാന കടന്നു പോയാലും ക്രൈസ്തവര്‍ മറക്കാത്ത ഒരു ചിത്രമുണ്ട്. നാല്പത് വര്‍ഷത്തെ സൗഹൃദത്തിന്റെ ചിരിയുടെ ചിത്രം. മറിയക്കുട്ടി വട്ടമലയും അന്നമ്മ ചെപ്ലാവിലും ആഗോള ക്രൈസ്തവര്‍ക്ക് സമ്മാനിച്ചത് ഓശാനയുടെ വലിയ സന്ദേശമാണ്. ഇതിനപ്പുറം പോവില്ല ഒരു ഓശാന സന്ദേശവും. നാല്പതു വര്‍ഷമായി അവര്‍ കൂട്ടുകാരികളായിരുന്നു. ഒരേ കാലഘട്ടത്തില്‍ മിന്നു കെട്ടി അതിരംമ്പുഴയിലെത്തിയവര്‍. വന്ന് കേറിയവര്‍ എന്ന നിലയില്‍ സ്വകാര്യ ദു:ഖവും സന്തോഷവും ഒരു പോലെ പങ്കുവെച്ചവര്‍. അവരുടേതായ ഒരു സ്വകാര്യ ലോകത്തില്‍ അവര്‍ ജീവിച്ചു. കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ തല കുനിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ച അതിരംമ്പുഴ ഫൊറോനാ പള്ളിയായിരുന്നു നാല്പത് വര്‍ഷം അവരുടെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയത്.
അക്കാലത്ത് പള്ളിയിലെ എല്ലാമായിരുന്ന ( മരിച്ചു പോയ) പനന്താനത്ത് മത്തായിച്ചേട്ടനായിരുന്നു ആത്മീയ ആശ്വാസം. അടുത്ത ഞായറാഴ്ച കാണാം എന്ന ആകാംക്ഷയിലാണ് ഇരുവരും ജീവിച്ചിരുന്നത്. ദേവാലയത്തിലെ കൂടിക്കാഴ്ച്ച അവര്‍ വാനോളം ആഘോഷിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അവരറിയാതെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ജിതിന്‍ പുന്നാക്കപള്ളി രണ്ട് വര്‍ഷം മുമ്പുള്ള ഓശാന ഞായറില്‍ ദേവാലയത്തിന്റെ മുമ്പില്‍ നടന്ന അത്യധികം വൈകാരികമായ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കുരുത്തോല കൈയ്യിലേന്തി ദൈവാനുഭവം ആസ്വദിക്കുന്ന അമ്മച്ചിമാരുടെ ചിത്രം. നിഷ്‌കളങ്കതയ്ക്ക് ഇതിനപ്പുറമൊരു പര്യായമില്ല. മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഈ ചിത്രം അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു.
വര്‍ഷം രണ്ടു കഴിഞ്ഞു.
ഇന്ന് ഓശാന ഞായര്‍.
പ്രിയ കൂട്ടുകാരി അന്നമ്മയില്ലാതെയുള്ള മറിയക്കുട്ടിയുടെ ഓശാന ഞായറിന്റെ വിശേഷങ്ങളറിയാന്‍ അന്നത്തെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ വട്ടമല കുടുംബത്തിലെത്തി. ചിരിയോടെ ജിതിനെ സ്വീകരിച്ചെങ്കിലും കൂട്ടുകാരി പോയതിന്റെ വിഷമം മറിയക്കുട്ടിയുടെ കണ്ണുകളില്‍ നിറഞ്ഞു. ജിതിന്റെ ചോദ്യത്തിനായി കാത്തു നില്ക്കാതെ മറിയക്കുട്ടി പറഞ്ഞു തുടങ്ങി. അവള്‍ പോയി. ഇനി ഞാനെങ്ങോട്ടുമില്ല. ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കും. ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇത് വലിയൊരു സന്ദേശമാണ് നല്കുന്നത്. കര്‍ത്താവ് ഭൂമിയില്‍ കൊടുത്തിട്ടു പോയതും ഇതു തന്നെയാണ്. ഈ സന്തോഷത്തിന് റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യങ്ങളൊന്നുമില്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍. വെറുമൊരു കുരുത്തോലയില്‍ ഇത്രയും സന്തോഷം അവര്‍ക്കാസ്വദിക്കാന്‍ സാധിച്ചെങ്കില്‍ അതാവണം ഓശാന ഞായറിലെ എറ്റവും വലിയ സന്ദേശമെന്ന് ജിതിന്‍ പറയുന്നു.
ജിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള ജിതിന്‍ കോട്ടയം മാരുതി ഡീലര്‍ഷിപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാന്നാനം കെ ഇ കോളേജില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞത്. എങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളായാ കുരിയപ്പി, സിനുച്ചേട്ടായി, ഈപ്പന്‍ ഇവരൊക്കെയാണ് കാലാകാലങ്ങളില്‍ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്തു തരുന്നതെന്ന് ജിതിന്‍ പറയുന്നു. അതിരംമ്പുഴയിലെ പ്രസിദ്ധമായ സ്റ്റാര്‍ ബേക്കറിയുടമ ജെയിംസ് ജോസഫാണ് ജിതിന്റെ പിതാവ്. മാതാവ് ബിജി ജെയിംസ്. ജിത്തു, അമല എന്നിവര്‍ സഹോദരിമാരാണ്.
നിശ്ചലമായ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുക. അത് ചലിക്കുന്നതായി ആസ്വാദക മനസ്സുകളില്‍ എത്തിക്കുക. ഇതാണ് ജിതിന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ള ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
ജീവന്‍ തുടിക്കുന്ന, വരാനിരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തണം. അതാണ് എന്റെ ആഗ്രഹമെന്ന് ജിതിന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജിതിന്‍ പകര്‍ത്തിയ ചിത്രം ഓശാന ഞായറിന്റെ ആശംസയറിയ്ക്കാന്‍ കേരള ക്രൈസ്തവര്‍ ഉപയോഗിച്ചു തുടങ്ങി.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഓശാന… ഓശാന…. ദാവീദാത്മജന് ഓശാന..
നാല്‍പ്പതു ദിവസത്തെ നോമ്പിന് ശേഷം കര്‍ത്താവിന്റെ കഷ്ടാനുഭവ
ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഏതൊരു വിശ്വാസിയുടെയും
മനസ്സില്‍ പ്രാര്‍ഥനയുടെയും സഹനത്തിന്റെയും രക്ഷണ്യ
പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിവസങ്ങള്‍ ആണ്.
പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സന്ദേശങ്ങളും
അനുഭവങ്ങളുമാണ് ഓരോ ദിവസത്തെയും വായനാ ഭാഗങ്ങള്‍ . നമ്മുടെ
കര്‍ത്താവ് ബെഥാന്യയില്‍ നിന്ന് യെരൂശലേമിലേക്കു ഉള്ള യാത്രയില്‍
അവിടെ ഉള്ള ജനം കര്‍ത്താവിനെ സ്വീകരിക്കുന്ന സംഭവമാണ് ഓശാന പെരുന്നാള്‍. ഇത്
വെറുമൊരു യാത്രയായിട്ട് അല്ല പകരം രാജകീയമായ ഒരു യാത്രയായിട്ടാണ്
നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി ആയി തങ്ങളുടെ രാജാവ്
കടന്നുവരുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ഇരിക്കുന്ന യഹൂദ ജനമധ്യേ ആണ് ഈ യാത്ര. ഒലിവീന്തല്‍ തലകളും കുരുത്തോലകളും ആയി ജനം
അവനെ സ്വീകരിക്കുകയും വസ്ത്രം വഴിയില്‍ വിരിച്ചു പാത ഒരുക്കുകയും
ചെയ്തു.
ഈ യാത്രയുടെ ആരംഭത്തില്‍ തന്റെ ശിഷ്യന്മാരെ ആയ്ച്ചു അടുത്തുള്ള
ഗ്രാമത്തില്‍ പോയി ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ
കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഇത് എന്തിന് എന്ന് ആരെങ്കിലും
ചോദിച്ചാല്‍ നമ്മുടെ കര്‍ത്താവിന് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്
പറയണം എന്ന് അവരോട് പറഞ്ഞു. വിനയത്തിന്റെയും താഴ്മയുടെയും
ഉദാഹരണമായി ആയി കര്‍ത്താവ് ജീവിതത്തില്‍ തന്നെ കാട്ടിത്തരുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഒരു ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കര്‍ത്താവിനു വേണ്ടി ഈ കഴുതയുടെ ധര്‍മ്മം നിര്‍വഹിക്കുവാന്‍ നമുക്ക്
അര്‍ഹതയുണ്ടോ? ആത്മീക ആചാര്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും
ഭൗതികമായ യോഗ്യതകള്‍ ആണ് കണക്കിടുന്നത്. അവര്‍ പഠനത്തില്‍
മുമ്പന്മാര്‍ ആയിരിക്കാം എന്നാല്‍ പ്രായോഗികമായ
ജീവിതത്തിലും ക്രൈസ്തവ ധര്‍മ്മം പുലര്‍ത്തുന്നതിനും പിന്നോക്കം
നില്‍ക്കുന്നവര്‍ ആയിതീരാറുണ്ട്. കര്‍ത്താവിനു വേണ്ടത് ഇതുവരെ ആരും
കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ ആണ്. യോഗ്യതയും വിനീതനും
ദാസനും ആയ ഭാവം. ഇന്നത്തെ കാലത്തില്‍ ആര്‍ക്കുവേണം ഈ യോഗ്യതകള്‍.
പ്രൗഢിയും അലങ്കാരങ്ങളും അല്ലേ ഉന്നത സ്ഥാനങ്ങളുടെ മുഖമുദ്രയായി
ഇരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് തെരഞ്ഞെടുത്തത് മനുഷ്യന്റെ
തിരഞ്ഞെടുപ്പിന് വ്യത്യസ്തമായ രീതിയിലാണ്.
കര്‍ത്താവിന്റെ ഈ യാത്ര ദേവാലയത്തിലേക്ക് ആയിരുന്നു. വലിയ
ഇടവകകളില്‍ നടക്കുന്ന പെരുന്നാളിന്റെ നാം കണ്ടിട്ടുള്ള അതേ
ഭാവമായിരുന്നു യെരുശലേം ദേവാലയത്തിനും. വഴിയോര കച്ചവടങ്ങളും
എന്തിനേറെ, ദേവാലയത്തിന് ഉള്ളില്‍ പോലും വിപുലമായ കച്ചവട
സംവിധാനത്തിന് വേണ്ടി മാറ്റപ്പെട്ടിരുന്നു. ദിവസങ്ങളും മാസങ്ങളും
യാത്ര ചെയ്തു തീര്‍ഥാടനം ചെയ്യുന്ന ഒരു സാദാരണക്കാരന്‍ കുറച്ചു
നിമിഷങ്ങള്‍ ദേവാലയത്തിനു ഉള്ളില്‍ നില്കും, ബാക്കി സമയം മുഴുവന്‍
സാധങ്ങള്‍ വാങ്ങാനും കാഴ്ച കാണാനും മാറ്റി വെക്കാറില്ലേ? നാമും
എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
പലചരക്കു പച്ചക്കറിയും എന്തിനേറെ സിനിമ കാണാന്‍ വരെ
ദേവാലയത്തിലെ ആരാധനയെ നാം കൂട്ടുപിടിക്കുന്നു. ഇങ്ങനെയുള്ള
മനസ്ഥിതിയാണ് കര്‍ത്താവ് ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുന്നത്.
രാജാധിരാജനായവനെ സ്വീകരിക്കുവാന്‍ തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം
വരെയും അവര്‍ വഴിയില്‍ വിരിച്ചു. തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരുന്ന
സുരക്ഷയെക്കാള്‍ ഉത്തമമായതും വലുതുമായ സുരക്ഷ
ദൈവസന്നിധിയില്‍ ലഭിക്കുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം
ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും
പ്രതീകമായി അവര്‍ വസ്ത്രം വിരിക്കുകയും കുരുത്തോലകള്‍ ഏന്തുകയും
ചെയ്തു. നമ്മളെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരും
അക്കൂട്ടത്തിലുണ്ടായിരുന്നു. വെറും കാഴ്ചക്കാരായി പാതയോരങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍. ദൈവസാന്നിധ്യമോ തന്റെ വരവിന്റെ
ഉദ്ദേശങ്ങളോ ഒന്നും ബാധിക്കാത്ത ചിലര്‍. തങ്ങളുടെ അധരങ്ങള്‍ കൊണ്ട്
ദൈവസ്തുതി ഉച്ചരിക്കുവാന്‍ മടികാണിക്കുന്ന അവരെ നോക്കി കര്‍ത്താവ്
പറഞ്ഞു നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
സമത്വത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്ദികേട്
കാണിക്കുമ്പോള്‍ നിര്‍ജ്ജീവങ്ങളായ പ്രകൃതി തന്നെ സൃഷ്ടാവിനോട് അനു
രൂപപ്പെടും എന്നുള്ള ഉള്ള കാര്യമാണ് കര്‍ത്താവ് ഇവിടെ ഓര്‍മിപ്പിച്ചത്.
കുരുത്തോലകളും മരക്കൊമ്പുകളും പ്രതീകം ആക്കുന്നത് ഈ പ്രകൃതിയുടെ
സ്തുതിപ്പ് തന്നെയാണ്. ഓശാനയുടെ പ്രത്യേക ശുശ്രൂഷ ആയ കുരുത്തോല
വാഴ് വിന്റെ ക്രമത്തില്‍ അവ വെട്ടപെട്ട വൃക്ഷങ്ങളും കൊണ്ടുവന്ന കുടുംബങ്ങളും അവയെ
കൊണ്ടുപോകുന്ന ഭവനങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്
പ്രാര്‍ത്ഥിക്കുന്നു. യുദ്ധങ്ങളുടെ ശമനത്തിനും രോഗങ്ങളുടെ ശാന്തതയ്ക്കും
ഭവനത്തിന്റെ അനുഗ്രഹത്തിനുമായി വാഴ്ത്തപ്പെട്ട കുരുത്തോല നാം
ഭവനങ്ങളില്‍ സൂക്ഷിക്കുന്നു.
ഇത് വെറും അനുസ്മരണം അല്ല.
കര്‍ത്താവായി ആയി നമ്മുടെ ഉള്ളിലേക്ക് മഹത്വത്തിന്റെ നായകന്‍
കടന്നുവരണം എന്നുള്ളതാണ് ഈ ദിവസത്തിന്റെ സന്ദേശം. ഈ പ്രവേശനം
പല അവസരങ്ങളിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അത്
ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം ഇത്രയേ
ഉള്ളൂ.. കര്‍ത്താവ് നമ്മുടെ ഉള്ളിലേക്ക് കടന്നുവന്നാല്‍ നമ്മള്‍
പരിപാലിക്കുന്നതും നടന്നു പോകുന്നതുമായ ചിട്ടകളും
ജീവിതങ്ങളും എല്ലാം മാറ്റേണ്ടിവരും. നമ്മുടെ ഉള്ളങ്ങള്‍ നാമൊരു
ആത്മശോധന നടത്തുകയാണെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും
കര്‍ത്താവ് പറഞ്ഞതുപോലെ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹ
ആക്കിത്തീര്‍ത്തു. അങ്ങനെയുള്ള മനോഭാവത്തില്‍ നിന്നുള്ള ഒരു മാറ്റം
ആണ് ഓശാന പെരുന്നാള്‍ നമുക്ക് സാധ്യമാകുന്നത്. കഴുതയും
കുരുത്തോലയും ഈന്തപ്പനയും ഓശാന പാട്ടും എല്ലാം നമുക്ക് ഇഷ്ടമാണ്
എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തങ്ങളുളെ ഹൃദയങ്ങളിലേക്ക് രാജാവിനെ
സ്വീകരിക്കുവാന്‍ വിനീതനായ കഴുതക്കുട്ടി ആയിത്തീരുവാന്‍ നമുക്ക്
മനസ്സുണ്ടോ?
ഓശാന എന്ന പദത്തിന്റെ അര്‍ത്ഥം കര്‍ത്താവേ ഇപ്പോള്‍ രക്ഷിക്കേണമേ
എന്നാണ്. അനര്‍ത്ഥങ്ങളുടെയും അസമാധാനത്തിന്റെയും രോഗങ്ങളുടേയും
നടുവില്‍ കഴിയുന്ന നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ ഇപ്പോള്‍
ഞങ്ങളെ രക്ഷിക്കേണമേ ,ഓശാന. അനുഗ്രഹിക്കപ്പെട്ട ഓശാന
പെരുന്നാള്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു