എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് ഇ. ശ്രീധരന്‍. പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളതെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും ഇ. ശ്രീധരന്‍ കേരളത്തിലെ പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടായേക്കാം. നിലവില്‍ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ബി.ജെ.പിക്കെതിരെയുണ്ട്. ഈ പ്രതിശ്ചായ മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
രാജ്യസഭാംഗമാവാന്‍ താല്‍പര്യമില്ലെന്ന് ഇ. ശ്രീധരന്‍. രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്.
കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചുപോലും നോക്കാതെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത അമ്മയുടെ ‘പ്രതി’പക്ഷ നേതാവ് എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്ക് കുറിച്ചത്.
ഇങ്ങനെയൊക്കെ പറഞ്ഞ ഇടവേള ബാബു കോണ്‍ഗ്രസാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പമെന്നും ഇല്ലേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ, മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂവെന്നും രൂക്ഷമായി പരിഹസിച്ചു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്താണ് ഇടവേള ബാബു പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.
സ്‌കൂളിലേക്ക് പോയ പതിനേഴുകാരി തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുത്തേറ്റ് മരിച്ചനിലയിൽ. ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നെത്താത്തതിനെ തുടർന്ന് തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു.
പെൺകുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ കിഷോർകുമാറും വിചാരണ കോടതിയിൽ മൊഴിനൽകി.
ഉത്രയുടെ മരണത്തിന് കാരണമായ രണ്ടാമത്തെ മൂർഖൻ പാമ്പ് കടിച്ച സംഭവം വിശ്വസനീയമല്ലെന്നു ഡോക്ടർ വിശദീകരിച്ചു. മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. ഉത്ര വധക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷിയായ അദ്ദേഹം മൊഴി നൽകിയത്. പാമ്പ് കടിച്ചത് രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മൂർഖൻ പാമ്പ് ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് മാത്രം ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്.
അതേസമയം, ആദ്യത്തെ തവണ പാമ്പുകടിച്ച സമയത്തും ഉത്രയുടെ ഭർത്താവ് അസ്വഭാവികമായാണ് പെരുമാറിയതെന്നു ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. അണലികടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനൽകി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും മൊഴിനൽകി.
അതേസമയം, ഉത്രയെ രാത്രിയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് സൂരജ് ആശുപത്രിയിൽ എത്തിച്ചതെന്നു തെളിയിക്കുന്ന മൊഴികളും കോടതിക്ക് മുന്നിൽ സാക്ഷികൾ വിവരിച്ചു. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദറിന്റെ മൊഴിയും സൂരജിനെ കുരുക്കുന്നതാണ്. അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നാണ് ഡോക്ടർ ജീനയുടെ മൊഴി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി.
പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി. ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടരും.
നോബി ജെയിംസ്
500 ഗ്രാം മൈദ
1 ടീസ്പൂൺ പഞ്ചസാര
ഉപ്പ് ആവശ്യത്തിന്
4 ടീസ്പൂൺ ഓയിൽ
1 മുട്ട
100 മില്ലി പാലും ആവശ്യത്തിന് വെള്ളവും ഒഴിച്ചു കുഴച്ച് മുകളിൽ അല്പം എണ്ണയും ഒഴിച്ചു നനച്ച തുണിയും ഇട്ടു മൂടി വക്കുക 30 മിനിറ്റുകഴിഞ്ഞു കഷ്ണങ്ങളാക്കി ബോൾസ് ആക്കി വീണ്ടും നനച്ച തുണിയിട്ടു മൂടി വക്കുക അതിനുശേഷം 20 തൊട്ടു 30 മിനിറ്റിനുള്ളിൽ വീഡിയോയിൽ കാണുന്നതുപോലെ വീശി ചുറ്റി വീണ്ടും മൂടി 20 മിനിറ്റു കഴിഞ്ഞു പരത്തി ചുട്ടെടുത്തു ചൂടോടുകൂടി അടിച്ചു സോഫ്റ്റ് ആക്കി സെർവ് ചെയ്യാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ എത്തി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് പുലര്‍ച്ചെ ഒന്നരയോടെ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കാണാനായി എത്തിയതായിരുന്നു പ്രാദേശിക വോളി താരമായ അജ്നാസ്. കളികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കി അജ്നാസുമായി അജ്ഞാതസംഘം കടന്നുകളഞ്ഞത്.
ഒന്നര ആഴ്ച്ചയ്ക്കിടെ നാദാപുരത്തുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അജ്നാസിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കോവിഡ് കാലത്ത് രണ്ട് തവണ അജ്്നാസ് വിദേശത്ത് പോയി തിരിച്ചെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കുറ്റ്യാടി സ്വദേശിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.
ഇടുക്കി കുമളിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ് മരിച്ചത്. രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദൃശ്യത്തിലെ ആ കൊലപാതകം ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്. 3600 വർഷം മുന്‍പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.
സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.
കോടാലി പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചിരിക്കുന്നത്. എക്സ്റേ, സിടി സ്കാൻ, ത്രീഡി ഇമേജിങ് തുടങ്ങിയവ നടത്തിയാണ് കൊലപാതകം ഗവേഷകർ തെളിയിച്ചിരിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച വ്യക്തതയ്ക്കായി കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ.
ദൃശ്യം-2 റിലീസായ സമയത്താണ് ഈ വാർത്തയും പുറത്തുവരുന്നത്. ദൃശ്യത്തിൽ വരുണിനെ കൊന്നതിനു സമാനമായ രീതിയിലുള്ള ആക്രമണം. പക്ഷെ ഈജിപ്തിലെ അന്നത്തെ ജോർജുകുട്ടി ആരാണെന്ന ചോദ്യം അവശേഷിക്കുന്നു.
മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
വീണ്ടും വിദ്യാർഥികളുടെ കൈയടി വാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്നെ ‘സർ’ എന്നു വിളിക്കേണ്ടെന്ന് രാഹുൽ വിദ്യാർഥികളോട് പറഞ്ഞു. ‘സർ’ എന്നു വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്‌ത വിദ്യാർഥിനിയെ രാഹുൽ തിരുത്തി. ഇതുകേട്ടതും മറ്റ് വിദ്യാർഥികൾ വലിയ സ്വരത്തിൽ കൈയടിക്കാൻ തുടങ്ങി.
പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രസകരമായ സംഭവം. ‘സർ, ഞാൻ ഇവിടെയുണ്ട്’ എന്നുപറഞ്ഞ് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെയാണ് രാഹുൽ തിരുത്തിയത്. “നോക്കൂ, എന്റെ പേര് ‘സർ’ എന്നല്ല. എന്റെ പേര് രാഹുൽ എന്നാണ്. അതുകൊണ്ട് ദയവായി നിങ്ങൾ എന്നെ രാഹുൽ എന്നു വിളിക്കൂ. നിങ്ങളുടെ പ്രിൻസിപ്പലിനെ ‘സർ’ എന്ന് വിളിക്കാം. അധ്യാപകരെ ‘സർ’ എന്ന് വിളിക്കാം. എന്നാൽ, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ..,” ഇതുകേട്ടതും വിദ്യാർഥികൾ രാഹുലിന് കൈയടിച്ചു.
എന്നാൽ, ഉടനെ മറ്റൊരു ചോദ്യം രാഹുലിനെ തേടിയെത്തി. ‘എങ്കിൽ ഞങ്ങൾ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ,’ എന്നാണ് ഒരു വിദ്യാർഥിനി ചോദിച്ചത്. ‘രാഹുൽ അണ്ണാ’ എന്നു വിളിക്കാൻ രാഹുൽ ഗാന്ധി സമ്മതമറിയിക്കുകയും ചെയ്‌തു. വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ഈ വാക്കുകളും വിദ്യാർഥിനികൾ ഏറ്റെടുത്തത്.
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.
നേരത്തെ, സംവാദത്തിനിടെ തന്റെ അടുത്തേക്ക് എത്തിയ വിദ്യാർഥിനിയെ രാഹുൽ സന്തോഷിപ്പിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേദിക്കരികെ എത്തിയതായിരുന്നു വിദ്യാർഥിനി. രാഹുൽ വിദ്യാർഥിനിയുടെ പുസ്‌തകം വാങ്ങി ഒപ്പിട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വളരെ ഹൃദ്യമാണ്.
രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.
അതേസമയം, പുതുച്ചേരി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്. താൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നല്ല, മറിച്ച് രാജാവാണെന്ന് വിചാരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.