Latest News

മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്. നടനും സംവിധായകനുമായ മഹേഷ് എഴുതിയ അനുഭവക്കുറിപ്പ്‌

‘മുദ്ര’യുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മുക്കയുമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ മമ്മുക്ക കഴിഞ്ഞാല്‍ പ്രധാനപ്പെട്ട റോള്‍ എന്റേതായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ അഭിനയത്തെക്കുറിച്ചുള്ള ഒരുപാടു കാര്യങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ‘മുദ്ര’ നന്നായി ഓടി. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞാണ് മമ്മുക്കയെ കാണുന്നത്. ബാലുകിരിയത്തിന്റെ സഹോദരന്‍ ഗോപന്റെ പടത്തിന്റെ പൂജയ്ക്ക് പോയതായിരുന്നു ഞാന്‍. അവിടെ മമ്മുക്കയുമുണ്ട്.
”എടാ നീ നാട്ടിലുണ്ടായിരുന്നോ? നിന്നെ എവിടെയെല്ലാം തിരക്കി. ഐ.വി.ശശിയുടെ പുതിയ പടം ‘മൃഗയ’യില്‍ ഞാനും ലോഹിയും നിനക്കൊരു വേഷം പറഞ്ഞുവെച്ചിട്ടുണ്ട്. നാളെത്തന്നെ നീ മദ്രാസില്‍ പോയി ലോഹിയെ കാണണം.”
അന്ന് മൊബൈല്‍ ഫോണൊന്നുമില്ല. പിറ്റേന്നുതന്നെ മദ്രാസിലെത്തണമെങ്കില്‍ ഫ്‌ളൈറ്റില്‍ പോകണം. 620 രൂപയാണ് ഫ്‌ളൈറ്റ്ചാര്‍ജ്. കൂട്ടുകാരില്‍ നിന്നായി പണം കടം വാങ്ങി. നേരെ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക്. അവിടെയാണ് ലോഹിയേട്ടനുള്ളത്. ലോഹിയേട്ടന്‍ എന്നെ ശശിയേട്ടന്റെ മുറിയിലേക്കു പറഞ്ഞയച്ചു. ഒറ്റനോട്ടത്തില്‍ ശശിയേട്ടന് എന്നെ പിടിച്ചില്ല. അതിനൊരു കാരണമുണ്ട്. ‘ഇണ’യില്‍ നായകനായി അഭിനയിച്ച മാസ്റ്റര്‍ രഘുവിനെ അഭിനയിപ്പിക്കാനാണ് ശശിയേട്ടന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ മതിയെന്ന് മമ്മുക്കയും ലോഹിയേട്ടനും വാശിപിടിച്ചു. അങ്ങനെയൊരു തര്‍ക്കം നില്‍ക്കുമ്പോഴാണ് ഞാന്‍ ചെന്നത്.
”എനിക്ക് ചാന്‍സുണ്ടാകുമോ ലോഹിയേട്ടാ?”
ഞാന്‍ ചോദിച്ചു.
”ഞാനാണ് സ്‌ക്രിപ്റ്റ് എഴുതുന്നതെങ്കില്‍ നീയായിരിക്കും ‘മൃഗയ’യിലെ തോമസ് കുട്ടിയുടെ റോളില്‍”

ലോഹിയേട്ടന്‍ പിന്നീട് ആ ഉറപ്പു പാലിക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണ് ‘മൃഗയ’യിലേത്. ചുളിവുവീണ ഷര്‍ട്ടും പാന്റ്‌സുമൊക്കെയിട്ടാണ് ഞാനന്ന് ലൊക്കേഷനിലെത്തിയത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം മമ്മുക്ക എന്നോടു പറഞ്ഞു.
”ആളുകളുടെ മുമ്പില്‍ പോകുമ്പോള്‍ നീയൊരു നടനായിരിക്കണം. നിന്നെക്കണ്ട് മറ്റുള്ളവര്‍ അനുകരിക്കണം.”
1989 ഡിസംബറില്‍ മമ്മുക്കയും ജൂബിലി ജോയിയും ഉള്‍പ്പെടെയുള്ള ടീം ഗള്‍ഫ്ടൂറിന് പോകാനൊരുങ്ങുന്നു. അന്നുരാവിലെ എന്റെ വീട്ടിലേക്ക് ഡാന്‍സര്‍ തമ്പി വന്നു.
”മഹേഷിനെ ഇപ്പോള്‍ത്തന്നെ മമ്മുക്കയ്ക്ക് കാണണം. ഹോട്ടല്‍ പങ്കജിലുണ്ട്.”
മുണ്ടിട്ടാണ് മമ്മുക്കയെ കാണാന്‍ പോയത്. നിറം അധികമില്ലാത്ത ഷര്‍ട്ടും. കണ്ടയുടന്‍ മമ്മുക്കയുടെ സംസാരം എന്റെ വേഷത്തെക്കുറിച്ചായി.
”നീ ഇങ്ങനെയൊന്നുമല്ല നടക്കേണ്ടത്.”
ഞാന്‍ ചിരിച്ചതേയുള്ളൂ. അക്കാലത്ത് ഞാന്‍ അത്യാവശ്യം തടി വച്ചിരുന്നു.
”നീ നിന്റെ ആരോഗ്യം നോക്കണം. വാരിവലിച്ച് ഭക്ഷണം കഴിച്ച് ആരോഗ്യം നശിപ്പിക്കരുത്. ഞാന്‍ ഇന്ന് ഗള്‍ഫിലേക്ക് പോവുകയാണ്. ഒരാഴ്ചത്തെ ട്രിപ്പ്. അടുത്ത തിങ്കളാഴ്ച തിരിച്ചെത്തും. അന്ന് എന്നെ വന്നു കാണണം. ഈ ഹോട്ടലില്‍ത്തന്നെ കാണും”

കുറെനേരം സംസാരിച്ചശേഷമാണ് അന്നവിടം വിട്ടത്. ഗള്‍ഫില്‍ നിന്ന് വന്ന ദിവസം തന്നെ ഹോട്ടല്‍ പങ്കജിലെത്തി. എന്നെക്കണ്ടയുടന്‍ മമ്മുക്ക പെട്ടി തുറന്നു. നാല് ജോടി ഡ്രസ്സുകള്‍ എടുത്തു. ഷര്‍ട്ടും പാന്റുമല്ല. കുര്‍ത്തയും പൈജാമയും. അതും വില കൂടിയവ.
”ഗള്‍ഫില്‍നിന്ന് നിനക്കുവേണ്ടി വാങ്ങിയതാ. ഇനി ഈ വേഷത്തിലൊക്കെ നീ നടന്നാല്‍ മതി.”
ക്രോസ്‌ബെല്‍ട്ട് മണിയുടെ ‘കമാന്‍ഡര്‍’ എന്ന പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഒരിക്കല്‍ കോഴിക്കോട്ടെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹിന്ദി പടത്തിന്റെ ഒരു ദിവസത്തെ വര്‍ക്കിനുവേണ്ടി മമ്മുക്കയും കോഴിക്കോട്ടെത്തി. ഞാനവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിളിപ്പിച്ചു.

”നിന്നെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹേന്ദ്രന്‍ എന്ന തമിഴ് സംവിധായകന്‍ പുതിയൊരു പടം ചെയ്യുന്നു. മോഹമുള്‍. അതിലൊരു നായകനെ വേണമെന്നു പറഞ്ഞപ്പോള്‍ നിന്റെ പേരാണ് ഞാന്‍ സജസ്റ്റ് ചെയ്തത്. ഇന്നുതന്നെ മഹേന്ദ്രനെ ഫോണില്‍ വിളിക്കണം.”
മമ്മുക്ക മഹേന്ദ്രന്‍സാര്‍ താമസിക്കുന്ന ഹോട്ടലിന്റെ നമ്പര്‍ തന്നു. അപ്പോള്‍ത്തന്നെ വിളിച്ചു. എത്രയും പെട്ടെന്ന് കാണണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ മദ്രാസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. മദ്രാസിലെത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ് എനിക്കു ലഭിച്ചത്. മമ്മുക്കയ്ക്ക് അവര്‍ നല്‍കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് അന്നാണ്. ഒരു കഥാപാത്രത്തെ പല രീതിയില്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചു. അപ്പോള്‍ത്തന്നെ അദ്ദേഹം എനിക്ക് 25000 രൂപ അഡ്വാന്‍സ് തന്നു. ജീവിതത്തിലാദ്യമായാണ് അത്രയും തുക ഞാന്‍ കാണുന്നത്. ഹോട്ടലില്‍ നിന്നിറങ്ങി നേരെ പോയത് അടുത്തുള്ള ടെക്‌സ്റ്റയില്‍സിലേക്കാണ്. അവിടെ നിന്ന് 500 രൂപയ്ക്ക് പാന്റും ഷര്‍ട്ടും വാങ്ങിച്ചു. കൈയില്‍ കാശ് വന്ന സ്ഥിതിക്ക് മമ്മുക്ക പറഞ്ഞതുപോലെ നല്ല രീതിയില്‍ നടക്കാന്‍ തീരുമാനിച്ചു. ‘മോഹമുള്ളി’ന്റെ ഷൂട്ടിംഗ് സമയത്തും എനിക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. രാധികയായിരുന്നു നായിക. പക്ഷേ ആ പടം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസായില്ല.
പിന്നീട് പല തവണയും മമ്മുക്ക എനിക്ക് സിനിമകളില്‍ വേഷം വാങ്ങിച്ചുതന്നിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം വന്നപ്പോള്‍ ഞാന്‍ സിനിമ വിട്ട് അമേരിക്കയിലേക്കു പോയി. ആ സമയത്ത് ഷിക്കാഗോയിലാണ് ദുല്‍ഖര്‍ പഠിക്കുന്നത്. ദുല്‍ഖറിനെ കാണാന്‍ വരുമ്പോഴൊക്കെ മമ്മുക്ക വിളിക്കും. പോയി കാണും. സംസാരിക്കും.
”നാട്ടില്‍ വരുമ്പോള്‍ എന്നെ വിളിക്കണം.”
എന്നു പറഞ്ഞാണ് പിരിയാറ്.

പത്തുവര്‍ഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് ഞാന്‍ വീണ്ടും കേരളത്തിലെത്തി. സിനിമയില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. നാട്ടിലെത്തിയ കാര്യം അറിയിക്കാന്‍ ഒരു ദിവസം ഞാന്‍ മമ്മുക്കയെ വിളിച്ചു.
”ഞാനിവിടെ ‘തുറുപ്പുഗുലാന്റെ’ സെറ്റിലുണ്ട്. നീ ഇവിടേക്കു വാ. നിനക്കു പറ്റിയ വേഷമെന്തെങ്കിലുമുണ്ടോയെന്ന് നോക്കാം.”

എന്നാല്‍ ദുരഭിമാനം കൊണ്ട് ഞാന്‍ പോയില്ല. വേഷങ്ങളൊന്നും കിട്ടാതെ ഞാന്‍ വീണ്ടും വീട്ടില്‍ത്തന്നെ ഇരിപ്പായി. ഇടയ്ക്ക് ലോഹിയേട്ടന്റെ ‘ചക്കരമുത്ത്’ ചെയ്തു. അതു കഴിഞ്ഞ് വീണ്ടും വീട്ടില്‍ത്തന്നെ. ആ സമയത്താണ് മമ്മുക്ക വിളിച്ച് ‘ഫേസ് ടു ഫേസി’ല്‍ റോളുണ്ടെന്ന് പറഞ്ഞത്. ഞാന്‍ പോയി അഭിനയിച്ചു. എന്റെ തടി കണ്ടപ്പോള്‍ മമ്മുക്ക ഒരു കാര്യം സൂചിപ്പിച്ചു.
”നീ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്റെ അപ്പനായിട്ട് അഭിനയിക്കാം.”
‘ഫേസ് ടു ഫേസി’ല്‍ നല്ല വേഷമായിരുന്നു. പക്ഷേ പടം ഓടിയില്ല. ഷെഡ്യൂള്‍ പായ്ക്കപ്പാവുന്ന ദിവസം മമ്മുക്ക പറഞ്ഞു.
”ഇനി നീ കയറിപ്പോയ്‌ക്കോളണം.”

ഇപ്പോഴും എന്നോട് ഒരു സഹോദരസ്‌നേഹമുണ്ട്, മമ്മുക്കയ്ക്ക്. എന്റെ അടുത്ത സുഹൃത്തിന്റെ കൈയില്‍ മമ്മുക്കയ്ക്ക് പറ്റിയ ഒരു കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരക്കിനിടയിലും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി. ആഷിക് അബുവിന്റെ ‘ഗ്യാംഗ്‌സ്റ്ററി’ല്‍ അഭിനയിക്കുകയായിരുന്നു മമ്മുക്ക. അതിനിടയ്ക്ക് സമയം കണ്ടെത്തി അവന്റെ കഥ കേള്‍ക്കുകയും ചെയ്തു. അതിനുശേഷം എന്നെ വിളിച്ചു.
”എടാ, ഇത് ഈ നൂറ്റാണ്ടില്‍ ചെയ്യാന്‍ പറ്റുന്ന കഥയല്ല.”
മമ്മുക്കയെക്കുറിച്ച് ചിലരൊക്കെ പറയുന്നൊരു കാര്യമുണ്ട്-വലിയ ജാടക്കാരനാണ്, ചിരിക്കില്ല എന്നൊക്കെ. ശരിയാണ്. ജനങ്ങളുടെ മുമ്പില്‍ കോളിനോസ് പുഞ്ചിരിയുമായി അദ്ദേഹം ഒരിക്കലും വരാറില്ല. ക്യാമറയുടെ മുമ്പില്‍ മാത്രമേ അദ്ദേഹം അഭിനയിക്കാറുള്ളൂ. മലയാളത്തിലെ എണ്‍പതു ശതമാനം നടന്മാരും ക്യാമറയുടെ പിന്നിലാണ് അഭിനയിക്കുന്നത്. അതാണ് മമ്മുക്കയും മറ്റു നടന്മാരും തമ്മിലുള്ള വ്യത്യാസം.

 മമ്മൂട്ടി എന്ന മഹാനടനുമായി ബന്ധപ്പെട്ട അമ്പത് പ്രമുഖരുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായരായ സേതുമാധവന്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ടി.എസ്.സുരേഷ്ബാബു, ലാല്‍ജോസ്, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, ക്യാമറാമാന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്തുക്കളായ ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ്, എസ്.എന്‍.സ്വാമി, താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കാവ്യാമാധവന്‍, കല്പന, പത്മപ്രിയ, അബുസലിം, ടിനിടോം, കുഞ്ചന്‍, ഗാനരചയിതാവ് കൈതപ്രം, ബിച്ചുതിരുമല, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി, പട്ടണംറഷീദ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, കെ.ആര്‍.വിശ്വംഭരന്‍ ഐ.എ.എസ് തുടങ്ങിയവര്‍ ആരുമറിയാത്ത മമ്മൂട്ടിയെ കാണിച്ചുതരികയാണ് ഈ പുസ്തകത്തിലൂടെ.

തലശേരിയിലെ ബ്ലൂഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 270 രൂപയാണ് വില. പുസ്തകം വി.പി.പിയായി ആവശ്യമുള്ളവര്‍ .94462 65661 എന്ന വാട്‌സപ്പ് നമ്പറിലേക്ക് അഡ്രസ് അയച്ചുതരിക. ഗൂഗിള്‍ പേയിലൂടെയാണ് പണമടച്ചാലും പുസ്തകം ലഭിക്കും.

സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്‌സ്‌യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിക്കു സമീപത്തു കൂടി പാഞ്ഞുപോകുമെന്നു ശാസ്ത്രജ്ഞർ. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണു ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമൻ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കൾ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റർ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹമായ 2020 എക്‌സ്‌യു 6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റർ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റർ അകലത്തിൽ കടന്നുപോകും. രണ്ടാമത്തേത് ​​2021 സിസി 5 (40 മീറ്റർ വ്യാസമുള്ളവ) ഭൂമിയിൽ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെയും കടന്നുപോകും. എന്നാൽ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താനുള്ള സാധ്യത അൻപതിനായിരത്തിൽ ഒന്നു മാത്രമാണ്.

നിലവിലെ മണ്ഡലമായ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി കെ ബി ഗണേഷ് കുമാർ എം എൽ എ. മണ്ഡലം മാറുന്ന കാര്യം ആലോചിച്ചിട്ടില്ല. കൊട്ടാരക്കരയിലേക്ക് മാറും എന്നത് വാർത്തകൾ മാത്രമാണ്. സി പി എം നേതാവ് കെ എൻ ബാലഗോപാൽ പത്തനാപുരത്ത് മത്സരിക്കാനെത്തുന്നു എന്ന തരത്തിലെ പ്രചരണം ഗണേഷ് കുമാർ നിഷേധിച്ചു.

പത്തനാപുരവും കൊട്ടാരക്കരയും കോൺഗ്രസ് ബി ഇടതു മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പാർട്ടിക്ക് രണ്ടു സീറ്റുകൾ ഉണ്ടായിരുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എൽ ഡി എഫിൽ തന്നെ തുടരും. പിണറായി സർക്കാരിന്റെ തുടർച്ച കേരളത്തിൽ ഉണ്ടാകും. മികച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. തനിക്കെതിരെ എന്തു വാർത്ത എഴുതിയാലും റേറ്റിംഗ് കിട്ടുമെന്ന അവസ്ഥയാണ്. തന്നെ ഇഷ്ടപ്പെടുന്നവർ വാർത്ത ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ റേറ്റിംഗ് കിട്ടുന്നത്. താൻ നശിക്കണം എന്നു ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസമയം, രാഷ്ട്രീയവും കച്ചവടവും കൊണ്ടു നടക്കുന്നവരാണ് തനിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. കേരള കോൺഗ്രസ് ബി പിളർന്നിട്ടില്ല. പുറത്താക്കാൻ തീരുമാനിച്ചിരുന്ന ചിലർ പാർട്ടി വിട്ടു പോകുകയാണ് ചെയ്തത്. പത്തനാപുരത്ത് തനിക്ക് വോട്ട് അഭ്യർത്ഥിച്ചു പോസ്റ്ററുകൾ പതിച്ചത് തന്നോട് ഇഷ്ടം ഉള്ള പാർട്ടി പ്രവർത്തകരാണ്.

നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപ് കോട്ടാത്തലയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. പ്രദീപ് പേഴ്സണൽ സ്റ്റാഫിൽ ഇല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പക്ഷേ, പ്രദീപിനോട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം എന്ന് പറയാൻ കഴിയില്ല. രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ അവകാശമാണ്. കോടതി വിധി വരും വരെ പ്രദീപിന്റെ കാര്യത്തിൽ മറ്റൊരു അഭിപ്രായത്തിന് തയ്യാറല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കൊല്ലം ജില്ലയിൽ ഏറ്റവുമധികം വികസനങ്ങൾ നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. മൂന്ന് ബൃഹത് കുടിവെള്ള പദ്ധതികൾ നടപ്പാക്കി. കെ എസ് ആർ ടി സിയിൽ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത് ഗുണം ചെയ്യുമെന്ന് കരുതുന്നു. അഴിമതി പൂർണമായും തുടച്ചു നീക്കപ്പെടണം. താൻ കൂടി അഭിനയിച്ച ദൃശ്യം 2 മികച്ച വിജയം നേടിയതിലെ സന്തോഷവും ഗണേഷ് കുമാർ പങ്കുവച്ചു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

 

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാംജയം. ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 81 റണ്‍സെടുത്ത റോബിനും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. സഞ്ജു സാംസന്‍ 29 റണ്‍സെടുത്തു. ആദ്യംബാറ്റുചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത എസ്.ശ്രീശാന്തിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍ 300ന് താഴെ പിടിച്ചുകെട്ടിയത്. 9.4 ഓവറില്‍ 65റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.

കേരളത്തിൽ‌ ദൃശ്യം 2 ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാമുകിയെ കൊന്ന് കുഴിച്ചുമൂടാൻ യുവ ഡോക്ടർ മാതൃകയാക്കിയത് ദൃശ്യം ഒന്നാം ഭാഗത്തെയാണ്. പക്ഷേ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് കാമുകിയെ കൊന്ന് കുഴിച്ചിട്ടത്.

അഷുതോഷിന്റെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന വിബ എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചതോടെ യുവതിയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിച്ചു. അങ്ങനെ രണ്ടു മാസങ്ങൾക്ക് മുൻപ് ഇയാൾ യുവതിയെ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ദൃശ്യം സിനിമയിലേത് പോലെ പദ്ധതി ഒരുക്കി.

ഡിസംബർ 14നാണ് അഷുതോഷ് വിബയെ കഴുത്തുഞെരിച്ച് െകാല്ലുന്നത്. പിന്നാലെ ഒരു നായയുടെ ജഡവും സംഘടിപ്പിച്ചു. ചത്ത നായയെ കുഴിച്ചിടാൻ എന്നും പറഞ്ഞ് തൊഴിലാളികളെ വച്ച് പറമ്പിൽ കുഴിയെടുത്തു. പിന്നാലെ തൊഴിലാളികളെ ഒഴിവാക്കിയ ശേഷം യുവതിയുടെ മൃതദേഹം ചെളിയിൽ പൊതിഞ്ഞ് കുഴിയിട്ടു. പിന്നാലെ നായയുടെ ജഡവും ഇട്ട് കുഴി മൂടി. സിനിമയിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിടുന്ന സീനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇയാളെ നയിച്ചത്.

എന്നാൽ യുവതിയെ കാണാനില്ലെന്ന പരാതി യുവ ഡോക്ടറെ കുടുക്കി. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആദ്യമൊക്കെ ഇയാൾ കമ്പളിപ്പിച്ചു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ എടുത്തപ്പോൾ അവസാനം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്ന തെളിവ് കിട്ടി. പിന്നാലെ അഷുതോഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ രണ്ടുവർഷം മുൻപു ഹാനോയിയിൽ നടന്ന ഉച്ചകോടിക്കുശേഷം ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറാൻ ക്ഷണിച്ചെന്നു ബിബിസി ഡോക്യുമെന്ററി. കിമ്മും ട്രംപും പരസ്പരം ഭീഷണികൾ മുഴക്കി ലോകത്തെ ആശങ്കയിലാക്കിയ ശേഷം നടന്ന ഉച്ചകോടിയിലാണു മുൻ യുഎസ് പ്രസിഡന്റിന്റെ സ്നേഹപ്രകടനം.

2019ൽ വിയറ്റ്നാമിൽ നടന്ന ഉച്ചകോടിക്കുശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്ത ട്രംപ്, ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരെ പോലും അമ്പരപ്പിച്ചെന്നു ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ, കിമ്മും അദ്ദേഹത്തിന്റെ ചില പരിചാരകരും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ കയറുകയും, വിമാനം ഉത്തരകൊറിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ചെയ്യും. ഇതു പല സുരക്ഷാ പ്രശ്‌നങ്ങൾക്കു കാരണമാകുമായിരുന്നു.

‘പ്രസിഡന്റ് ട്രംപ് കിമ്മിന് എയർഫോഴ്സ് വണ്ണിൽ ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തു’– ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിനെപ്പറ്റി നന്നായി അറിയുന്ന മാത്യു പോട്ടിങ്ങർ ബിബിസിയോട് പറഞ്ഞു. ഒന്നിലേറെ ദിവസം ട്രെയിൻ മാർഗം ചൈനയിലൂടെ സഞ്ചരിച്ചാണു ഹാനോയിയിലേക്കു കിം എത്തിയതെന്നു ട്രംപിന് അറിയാമായിരുന്നു. ‘വേണമെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങളെ വീട്ടിലെത്തിക്കാം’ എന്നായിരുന്നു കിമ്മിനോടു ട്രംപ് പറഞ്ഞത്.

എന്തായാലും ഓഫർ കിം നിരസിച്ചു. ഹാനോയിയിൽ നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല. ഉപരോധങ്ങൾ നീക്കുന്നതിനുള്ള ഉപാധികൾ പൂർണമായി അംഗീകരിക്കാൻ ഉത്തര കൊറിയ തയാറാകാതിരുന്നതായിരുന്നു കാരണം. കഴിഞ്ഞ മാസം അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ കിം, വാഷിങ്ടനിൽ ആര് അധികാരത്തിൽ വന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ നയം മാറില്ലെന്നും വ്യക്തമാക്കി.

കൊച്ചി∙ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ക്വാറന്‍റീനിലായിരുന്ന യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്വാറന്റീനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടർന്ന് കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നുമുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 77 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്.

യുവതിയുടെ സത്യവാങ്‌മൂലം സംബന്ധിച്ചു പൊലീസ് അന്വേഷണം വേണമെന്നു കോടതി ഡിജിപിയോടു നിർദേശിച്ചിരുന്നു. ബന്ധുക്കളുടെ പ്രേരണ മൂലമാണു പീഡനക്കേസ് കൊടുത്തതെന്നാണു യുവതിയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഇതു വായിച്ച് അത്ഭുതപ്പെട്ടു പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സീനിയർ പൊലീസ് ഓഫിസറെ ഡിജിപി ചുമതലപ്പെടുത്തണമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു ധാരണ. എ.കെ.ബാലൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് മത്സരത്തിൽ നിന്നു മാറുന്നത്. ഇവരിൽ ഐസക് ഉൾപ്പെടെയുള്ളവർ മത്സരത്തിൽ നിന്നു മാറിനിന്നാൽ മണ്ഡലം സംരക്ഷിക്കാനാകുമോയെന്നു വിലയിരുത്തും. മുൻ സിപിഎം എംപി കെ.എസ്.മനോജിനെ കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിച്ചാലുള്ള സാഹചര്യവും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.

എം.എ.ബേബി വീണ്ടും മത്സരിച്ചേക്കും. മുൻ മണ്ഡലമായ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തുടരാൻ സാധ്യതയുള്ളതിനാൽ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നൽകാത്തതും പാർട്ടിയിൽ ചർച്ചയായിരുന്നു. കെ.സോമപ്രസാദും എളമരം കരീമും രാജ്യസഭയിലേക്കു പോയപ്പോൾ ബേബിയുടെ അവസരമാണു നഷ്ടമായതെന്ന വാദമുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുപ്പമുള്ള ബേബിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതൽ ഐക്യപ്പെടാനാണു പിണറായി വിജയൻ ആഗ്രഹിക്കുന്നത്.

വി.എസ്.അച്യുതാനന്ദൻ ഒഴിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തിൽ കേന്ദ്രീകരിക്കും. യുഡിഎഫിനെതിരായ വിജയരാഘവന്റെ ആക്രമണങ്ങൾ തിരിഞ്ഞു കുത്തിയതു സിപിഎമ്മിന്റെ അണികൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണു കഴിഞ്ഞദിവസം ഇ.ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയപ്പോൾ കോടിയേരിക്കൊണ്ട് അതിനു മറുപടി പറയിച്ചത്.

മലമ്പുഴയിൽ സ്ഥാനാർഥിയാകാനുള്ള മുൻ എംപി പി.കെ.കൃഷ്ണദാസിന്റെ ആഗ്രഹം സഫലമാകാനാണു സാധ്യത. കണ്ണൂരിൽ അണികൾക്കിടയിൽ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിർത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാൽ അദ്ദേഹത്തെ മത്സരരംഗത്തിറക്കും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡന്റ് എ.എ.റഹീമും മത്സരത്തിനുണ്ടാകും.

കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.

കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.

‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു

Copyright © . All rights reserved