ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ
കുറിപ്പിന്റെ പൂർണ്ണ രൂപം
2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.
എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു.
പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..
എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു
തിരുവനന്തപുരം∙ പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.
പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്‌ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചെന്നൈ ∙ ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ ഹരിഹരൻ എന്ന ഇരുപത്തിരണ്ടുകാരനെ ജനക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ മുന്നിലിട്ടു കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് ക്രൂരമായ കൊലപാതകം. ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിനു മുന്നിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊല. കാമുകിയുടെ മുത്തഛ്ഛന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
കോളജില്‍ സഹപാഠിയായിരുന്ന, അയല്‍വാസിയായ മീനയെന്ന പെണ്‍കുട്ടിയുമായി ഹരിഹരൻ പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഹരിഹരനെ ഫോണിൽ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചിരുന്നു. മീനയെ കാണാന്‍ ഹരിഹരന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.
ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാമെന്നറിയിച്ചാണു കാമരാജപുരം പശുപതീശ്വര ക്ഷേത്രത്തിലേക്കു മീനയുടെ കുടുംബം ഹരിഹരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിനു മുന്നില്‍ വച്ചുള്ള സംസാരം കയ്യേറ്റമായി. കുത്തേറ്റു നിലത്തുവീണിട്ടും അരിശം തീരാതെ പ്രതികൾ ഹരിഹരനെ നിർത്താതെ മർദ്ദിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
ബാര്‍ബറായ ഹരിഹരന്‍ മകളെ പ്രണയിച്ചതു സവര്‍ണജാതിക്കാരായ മീനയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശങ്കര്‍, അമ്മാവന്‍ കാര്‍ത്തികേയന്‍, ബന്ധു വേലുച്ചാമി എന്നിവര്‍ അറസ്റ്റിലായി. അക്രമികളുടെ ഇടയില്‍നിന്ന് ഹരിഹരനെ മോചിപ്പിച്ചു സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഴുവന്‍ അക്രമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു കുടുംബവും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നില്‍ സമരം നടത്തി.
എടത്വ:ക്യാൻസർ രോഗിയായ തലവടി ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ (70) തുടർ ചികിത്സയ്ക്കായി ഗ്രാമ വാസികൾ ഒന്നിച്ചു. കഴിഞ്ഞ 45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയാണ് പാപ്പൻ. തലയിൽ ചരുവത്തിൽ മത്സ്യവുമായി കഴിഞ്ഞ ദിവസം പോകും വഴി നടുവ് വേദന അനുഭവപെടുകയും പെട്ടെന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്. തുടർ ചികിത്സക്കും പരിശോധനകൾക്കും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഏക മകൻ സൗൗഹൃദ വേദിയെ സമീപിച്ചത്.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.
നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പുന്നൂസിൽ നിന്നും ആദ്യ സംഭാവന
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സ്വീകരിച്ചുകൊണ്ട് പാപ്പൻ ചികിത്സ സഹായ നിധി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനീ ഈപ്പൻ, അജിത്ത് കുമാർ പിഷാരത്ത്, ബി.ജെ.പി തലവടി പഞ്ചായത്ത് പ്രസിഡൻ്റ് സുരേന്ദ്രൻ ടി.ഡി, സി.പി.ഐ എം തലവടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.സി.പി.സൈജേഷ് , ഉത്തമൻ കളത്തിൽ ,ജെയിംസ് ചീരംകുന്നേൽ ,സി.കെ പ്രസന്നൻ, എൻ.കെ. ഭാസ്ക്കരൻ, അജോയി കടപ്പിലാരിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ,എൻ.ജെ.സജീവ്, ജോർജ് തോമസ് കടിയന്ത്ര, ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ പ്രസംഗിച്ചു.
ജെയിംസ് ചീരംകുന്നേൽ ( ജനറൽ കൺവീനർ), കെ.കെ. ഉത്തമൻ (കൺവീനർ) എന്നിവരടങ്ങിയ 15 അംഗ ‘പാപ്പൻ ചികിത്സാ സഹായ സമിതി ‘ രൂപികരിച്ചു. സമിതിയുടെ നേതൃത്വത്തിൽ ജനുവരി 23, 24 എന്നീ തീയതികളിൽ ഭവനങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചു.
ചില ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടുചിറയിൽ തോമസ് ദാനിയേലിൻ്റെ (90) മൃതദേഹം ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കുന്നതിന് നേതൃത്വം നല്കിയ അജയൻ മറ്റത്തിൽ ,പുത്തൻപറമ്പിൽ പി.കെ ബിനു, തുണ്ടിചിറയിൽ സിജി സീലാസ്,മനു സന്തോഷ്, നെയിറ്റാരുപറമ്പിൽ ജയ്മോൻ എന്നിവരെ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അനുമോദിച്ചു.
കോട്ടയം: കാനഡയിലുണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന്‍ ഡെന്നീസ് (20) ആണ് മരിച്ചത്.
കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം ഡെന്നീസ് പാര്‍ട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ സിഗ്‌നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിമൂലം യാത്ര മുടങ്ങുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായില്‍ നഴ്‌സായ മിനിമോള്‍ ജോസഫ് ആണ് ഡെന്നീസിന്റെ മാതാവ്. സഹോദരി: ഡോണ എലിസബത്ത് (പുണെ).
വാഷിങ്ടൻ ∙ ഒടുവില്‍ യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കാപ്പിറ്റോൾ മന്ദിരത്തിൽ കടന്നുകയറി റിപബ്ലിക്കൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ട്രംപ് പ്രസ്താവനയിറക്കിയത്. ‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.
‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസാണ് അംഗീകരിച്ചത്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണു ബൈഡന്റെ വിജയം ഔദ്യോഗികമായത്. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേർന്നാണു ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണു ബൈഡനു ലഭിച്ചത്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപിന് കിട്ടിയത് 232 വോട്ടും. റിപബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്സീന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
യുഎസ് പാർലമെന്റിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
“വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’. മോദി കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികളാണ് യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഇതുവരെ നാല് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മന്ദിരത്തിനുള്ളിലേക്ക് കടന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘർഷത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നിറയൊഴിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാർ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോൾ വളഞ്ഞത്. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാരിലൊരാൾ സെനറ്റ് അധ്യക്ഷന്റെ കസേരയിൽ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ അഴിഞ്ഞാടി. കാപ്പിറ്റോൾ പോലീസിനെ സഹായിക്കാൻ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യർഥന നടത്തിയത്. എന്നാൽ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തുനിഞ്ഞില്ല.
യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടൺ പോലീസ് അക്രമികളിൽനിന്ന് അഞ്ച് തോക്കുകൾ പിടിച്ചെടുത്തു. വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ കാപ്പിറ്റോൾ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
ഇവരുടെ പേര്‍ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. ഇവർക്ക് നെഞ്ചിലാണ് വെടിയേറ്റത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
എന്നാൽ പാർലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അക്രമികൾ പിരിഞ്ഞുപോകണമെന്നും തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി ആരോപിക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവ നീക്കം ചെയ്തു. ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്ന് ഫേസ്ബുക്ക് ആരോപിച്ചു. അതിനാലാണ് തങ്ങൾ ഇത് നീക്കം ചെയ്തെതന്നും ഫേസ്ബുക്ക് അറിയിച്ചു.
സംഘർഷത്തിനു മുൻപ് വാഷിംഗ്ടണിലെ നാഷണൽ മാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം കാപ്പിറ്റോൾ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാർ അഴിഞ്ഞാടി. സംഘർഷം വർധിക്കുമ്പോൾ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവർത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ നീക്കം ചെയ്തത്. ട്വിറ്റർ തുടക്കത്തിൽ ഈ വീഡിയോ നീക്കം ചെയ്തിട്ടില്ലെങ്കിലും റീ ട്വീറ്റ് ചെയ്യുന്നത് തടഞ്ഞു. പിന്നീട് ട്വിറ്ററും ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു
ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗം നടന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ പോയി മടങ്ങവെയായിരുന്നു മധ്യവയസ്‌കയെ ആക്രമിച്ചത്. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗണവാടി ജീവനക്കാരിയായിരുന്ന മധ്യവയ്‌സ്‌ക ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം. ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും ഇവരുടെ മകന്‍ ആരോപിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. പിന്നാലെ, ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി. മധ്യവയ്‌സ്‌കയുടെ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.