ഉത്തര്‍പ്രദേശിലെ ബലിയയില്‍ പെട്രോളും ടയറും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് കത്തിച്ചു.
നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പൊലീസ് പട്രോള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങള്‍ എല്ലാ ആദരവോടെയും സംസ്‌കരിക്കണമെന്നും ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തമിഴ്‌നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നേരിയ കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു കഴിഞ്ഞു.
അഭയകേസിൽ അഞ്ച് മാസം മുൻപാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു
എന്നാൽ ചെന്നിത്തല മാറി വി.ടി.സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാഗ്രഹിക്കുന്ന എംഎൽഎമാരും ഐ ഗ്രൂപ്പിലുണ്ട്. പരസ്യ പിന്തു ചെന്നിത്തലയ്ക്ക് നൽകിയാലും ഹൈക്കമാൻഡ് നിരീക്ഷകർ ഒറ്റയ്ക്ക് അഭിപ്രായം തേടുമ്പോൾ ഇവർ പിന്തുണ സതീശനാണെന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടർന്നേക്കും. നേരത്തെ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ് ഭൂരിഭാഗം എ ഗ്രൂപ്പ് എംഎൽഎമാരും.
എന്നാൽ യുവപ്രതിനിധികൾ നേതൃതലത്തിൽ മാറ്റം വരണമെന്ന നിലപാടിലാണ്. അതേസമയം എ ഗ്രൂപ്പ് തന്റെ പേര് ഉയർത്തി കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ അതൃപ്തിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കു കാരണം നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.
മന്ത്രിസഭയിൽ സഭയിൽ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി താരങ്ങൾ. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം, വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ, പാർവതി തിരുവോത്ത്, സംയക്ത മേനോൻ, റിമ കല്ലുങ്കൽ തുടങ്ങിയവർ പ്രതിഷേധവുമായി എത്തി. #BringOurTeacherBack #ShailajaTeacher എന്നി ഹാഷ്ടാഗുകളിലാണ് പ്രതിഷേധം.
സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു.. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്.
തെറ്റായി പോയ തീരുമാനം…കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതീക്ഷ…. സുരക്ഷിതത്വം… ഉറപ്പ്! ടീച്ചർ നമുക്ക് എല്ലാവർക്കും അതാണ്! അത് കൊണ്ടുതന്നെയാണ് അതില്ലാതാകുമ്പോൾ വേദനിക്കുന്നത്! ഗായകൻ വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
എങ്കിൽ…..കെ.കെ. ഷൈലജ ടീച്ചറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ ‘പാലം കടക്കുവോളം നാരായണ’. ടീച്ചർ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ “ആണധികാര”ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു. നടനായ രാജേഷ് ശർമ കുറിച്ചു.
കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജി കോടതി തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു.
അതേസമയം, സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യഷന് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സുശീല്‍ കുമാര്‍ ഒളിവിലാണ്.
മലയാളത്തിലെ മികച്ച അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് വായടപ്പിക്കുന്ന ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. ‘നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ’ എന്നായിരുന്നു ഇയാൾ പരസ്യമായി കുറിച്ചത്. എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.
സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!!’ എന്നാണ് അശ്വതി കുറിച്ചത്.
ഭൂമിയിലേയ്ക്ക് ഒരുമിച്ച് പിറന്നുവീണ ഇരട്ടസഹോദരങ്ങള്‍ ലോകത്തോട് വിടപറഞ്ഞതും ഒരുമിച്ച്. അതും സമാനമായി കൊവിഡ് ബാധിച്ച് മുക്തി നേടിയതിന് പിന്നാലെ. കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍ മരണപ്പെട്ടത്. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് ഇവരുടെ ജനനം. മരിച്ചതാകട്ടെ ഒരു ദിവസത്തിന്റെ വ്യത്യാസത്തിലും.
ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രഡ് ജോര്‍ജ്ജ് ഗ്രിഗറി എന്നിവരാണ് കൊവിഡ് ബാധയെതുടര്‍ന്നുണ്ടായി ആരോഗ്യ പ്രതിസന്ധി മൂലം മരിച്ചത്. ഏപ്രില്‍ 24നാണ് ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെ മൂത്ത സഹോദരന് കൊവിഡ് ബാധിച്ചിരുന്നു. മെയ് 1ന് സഹോദരങ്ങള്‍ ആനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെയ് 10 നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
മീററ്റിലെ സെന്റ് തോമസ് സ്‌കൂള്‍ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കള്‍. മെയ് 13 ന് രാത്രി 11 മണിക്കാണ് ഇരട്ടകളിലൊന്നായ ജോഫ്രഡ് മരിച്ചതായി ഇവര്‍ക്ക് സന്ദേശമെത്തി. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ട് എന്ന് ജോഫ്രഡ് ഇവരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മെയ് 14 ന് റാല്‍ഫ്രഡും മരണത്തിന് കീഴടങ്ങുകയായിരുന്നു. മീററ്റിലെ വീട്ടിലിരുന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നെങ്കിലും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഇരുപത്തിനാല് വയസായിരുന്നു ഇവര്‍ക്ക്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
മെട്രിസ് ഫിലിപ്പ്
ഇസ്രയേൽ- പാലസ്‌തീൻ ഷെൽ ആക്രമണം, നടക്കുമ്പോൾ, ഭയവും, നൊമ്പരവും, അനുഭവിക്കുന്ന, ലക്ഷക്കണക്കിന് മലയാളി സഹോദരി- സഹോദരൻമാർ അവിടെ ജോലി ചെയ്യുന്നു. തങ്ങളുടെ സ്വന്തം നാട് വിട്ട്, മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുള്ള ഈ നേഴ്സ്മാരുടെ ജീവിതം കൂടി നമുക്കോർക്കാം. അവരുടെ ആകുലത എത്ര വലുതായിരിക്കും. അവരെ നമുക്കു കൂടെ ചേർത്തു നിർത്തി സപ്പോർട്ട് ചെയ്യാം. കൊറോണയോടൊപ്പം യുദ്ധവും കൂടി വരുമ്പോൾ ആ രാജ്യമെങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ. ആ മാലാഖമാരെ കൂടെ ചേർത്തുപിടിച്ചുകൊണ്ട്, ഈ കുറിപ്പ് തുടങ്ങുന്നു.
കൊറോണ എന്ന മഹാമാരിയാൽ ലോകം ആകുലപ്പെടുമ്പോൾ, അതിലേറെ, നൊമ്പരവും, സങ്കടവും, മനഃപ്രയാസവും, അനുഭവിക്കുന്ന, ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. സ്വന്തം ഗ്രാമം വിട്ട്, ഒറ്റയ്ക്ക് പ്രവാസി ജീവിതം നയിക്കുന്നവർ.
ഈ കുറിപ്പ് വായിക്കുന്നവരോ, നിങ്ങളുടെ കുടുംബത്തിൽ, ഗ്രാമത്തിൽ, ഉള്ളവരോ, ഈ പറഞ്ഞ തരത്തിൽപ്പെട്ടവർ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്. അവർ ചിലപ്പോൾ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ വരെ ആയേക്കാം. അവർക്കായി, ഇത് ഷെയർ ചെയ്യാം.
മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ്, മക്കളെയും, പിറന്ന നാടിനേയും വിട്ട്, അകലെയുള്ള സ്ഥലമോ, വിദേശത്തോ ജോലി തേടി പോകുന്നവരെ, പ്രവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രവാസികൾ പല തരത്തിൽ ഉള്ളവർ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ മുതൽ ജോലി തേടി പോകുന്നവർ ഉൾപ്പടെയുള്ള വിവിധ പ്രായത്തിൽ പെടുന്നവർ അതിൽ ഉൾപ്പെടുന്നു.
1950-60 കാലങ്ങളിൽ പേർഷ്യയ്ക്കു പോകുവാ എന്നായിരുന്നു പറയാറ്. ബോംബെ, ഡൽഹി എന്നീ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു, അവർ പോയിരുന്നത്. കൂടുതലും മധ്യവയസ്കർ. പിന്നീട് നഴ്സിങ് പ്രൊഫെഷൻെറ ഭാഗമായി ഒട്ടേറെ യുവതികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി. അമേരിക്ക,യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ സിംഗപ്പൂർ, ഏഷ്യ / ആഫ്രിക്ക എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടേറെ ഉണ്ടായി. ആ രാജ്യങ്ങളിൽ പോയവർ, കുടുംബമായി ഇപ്പോൾ അവിടെ താമസിച്ചു വരുന്നു.
എന്നാൽ ഗൾഫ് നാടുകളിൽ, കുടുംബമായി താമസിക്കുന്നവരേക്കാൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് കൂടുതലായുള്ളത്. നഴ്സിംഗ്, ഹോം കെയർ, അങ്ങനെയുള്ള ജോലി തേടി ഒട്ടേറെ യുവതികൾ, ഇറ്റലി, ഇസ്രയേൽ, കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക്, കേരളത്തിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്നു. അവരെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ജോലി ചെയ്യുന്നു. അവരുടെ മനസിലുള്ള ചിന്ത, എപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓർത്തായിരിക്കും.
കോവിഡ് എന്ന മഹാമാരി, നാട്ടിലും മറുനാട്ടിലും, തിരമാല പോലെ ഉയരുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ചിന്തകൾ തന്റെ ജീവിതത്തേക്കാളും, നാട്ടിലുള്ള മാതാപിതാക്കൾ, കുടുംബം, മക്കൾ എന്നിവർക്ക്, ഈ രോഗം പിടിപെടുമോ, അവർക്കാരാണ് സഹായത്തിനുള്ളത് എന്ന ചിന്തയാണ്.
ഇവർക്കു നാട്ടിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം, ഉണ്ട്, എന്നാലും, നാട്ടിൽ ഉള്ളവരുടെ, മുന്നോട്ടുള്ള ജീവിതം കൂടുതൽ സേഫ് ആക്കണം എന്നുള്ള ചിന്ത കൊണ്ട് അവിടെ തന്നെ തുടരുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞു പോയാൽ മതി എന്നുള്ള തീരുമാനത്തിൽ അവസാനം എത്തിചേരും.
ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികൾ, അവരുടെ കുട്ടികളെ, വർഷങ്ങൾ, കഴിഞ്ഞായിരിക്കും കാണുവാൻ സാധിക്കുന്നത്. മക്കളെ വിഡിയോകൾ വഴി കണ്ട് അവരുടെ വളർച്ച കാണുന്നു. എന്നാൽ, മക്കൾ, തന്റെ സ്വന്തം അപ്പൻ/അമ്മ എന്നിവരെ, വളരെ നാളുകൾക്കു ശേഷം കണ്ടാൽ തന്നെ, ഇവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വരവേൽപ്പ് നൽകണം എന്നില്ല. അത് കാണുമ്പോൾ, താൻ ഇത്രയും വർഷം എന്തിനാണ്, ഒറ്റയ്ക്ക് ഒരു രാജ്യത്തു ജീവിച്ചത് എന്ന് ഓർത്തു കരയും.
ഗൾഫിൽ 30 വർഷങ്ങൾ പ്രവാസി ജീവിതം നയിച്ച് കൊറോണകാലത്ത് നാട്ടിൽ തിരിച്ചെത്തിയ ഒരു വ്യക്തിയെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ആട്ടി ഓടിച്ചതായുള്ള വാർത്ത കേരളം ചർച്ച ചെയ്തിരുന്നു. ഒന്നും സ്വന്തമായി കരുതി വെക്കാതെ, ജീവിതം കുടുംബത്തിനായി മാറ്റിവെക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.
ആടുജീവിതം നയിക്കുന്നവരും പ്രവാസി ലോകത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ഒറ്റയ്ക്ക് പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഒരു ഹായ് നൽകുന്നു. അടിച്ചു പൊളിച്ചു ജീവിക്കു, നിങ്ങളും. നാളെ പ്രവാസി ലോകത്ത് നിന്ന് ഒരു ശവമായി ചെന്നാൽ പോലും ഒരു അനുശോചനം പറയുവാൻ പോലും ആരും ഉണ്ടാകില്ല. അതിനാൽ നിങ്ങൾക്കു ലഭിക്കുന്ന ഇടവേളകൾ, കൂട്ടുകാരോടൊത്ത് സന്തോഷിക്കു. നിങ്ങൾക്കു നിങ്ങൾ മാത്രമേ കൂടേ ഉണ്ടാകൂ. സർവ്വേശ്വരൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ആശംസകൾ.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തതായി സൂചന. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.
എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.
കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.
സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.