മഹാരാഷ്ട്രയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍ കടലില്‍ മുങ്ങിയ ഒഎന്‍ജിസി ബാര്‍ജുകളില്‍ നിന്ന് 146 പേരെ നാവികസേന രക്ഷപ്പെടുത്തി. 127 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം തുടരുന്നതായി നാവികസേന അറിയിച്ചു.
അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.
പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.
നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യടേമില്‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൂചന. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു.
എന്നാൽ മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം രാഷ്ട്രീയമെന്ന് നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാര്‍. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് പറഞ്ഞു.
ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രിയദർശന്റെ വാക്കുകൾ
“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .
രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.
സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്‍റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന്‍ ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.
സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.
മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സായിക്ക് സാധിച്ചിട്ടുണ്ട്. മലയാളഭാഷ അതിർത്തികടന്ന് തെന്നിന്ത്യയിലും മുൻനിര നടിമാരിൽ ഒരാൾ ആയിരിക്കുകയാണ് താരമിന്ന്. ഇതിനിടെ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ താരം അഭിനയിക്കുകയുണ്ടായി.
കൃത്യമായ ഇടവേളകളിൽ മലയാള ചിത്രങ്ങളിലും നായികയായി താരം എത്തുന്നുണ്ട്. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖറിന് നായികയായി സായി എത്തിയിരുന്നു. അതിരൻ എന്ന ചിത്രത്തിൽ ഫഹദ് നായികയായും മികച്ച പ്രകടനം കാഴ്ചവെച്ചു സായി. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയിൽ നിന്നുമാണ്. സെറ്റിൽ താരം വളരെ കടുത്ത നിബന്ധനകൾ വെക്കുന്നു എന്നാണ് അത്. സഹ താരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു തെളിവ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ താരത്തിന് പെരുമാറ്റം കാരണം നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നാഗ ശൗര്യ എന്ന താരവും സായിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
വളരെ മോശമായിട്ടാണ് സെറ്റിൽ നടിയുടെ പെരുമാറ്റം. തെലുഗു സെറ്റിലെ എല്ലാവരെകാൾ വലുത് എന്ന ഭാവം ഉണ്ട് എന്ന് നാഗശൗര്യ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു താരത്തിൻ്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ട് യോഗ്യ തന്നെയാണ് എന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാൽ ചിയ്യാൻ വിക്രമാണ്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രംമിൻ്റെ പുതിയ ചിത്രമായ സ്കെച്ചിൽ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത്. കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളിൽ നടി പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ കാരണം വ്യക്തമല്ല.
ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.
‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’
തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു വീണു. ഗര്‍ഭിണി ഉള്‍പ്പടെ ആറ് രോഗികളാണ് ഓക്‌സിജന്‍ ശേഖം നിലച്ച നിമിഷങ്ങള്‍ക്കുള്ളില്‍ പിടഞ്ഞ് മരിച്ചത്. മധുര രാജാജി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ദാരുണ സംഭവം.
തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ആശുപത്രിയിലെ ഓക്‌സിജന്‍ ശേഖരം തീര്‍ന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ ടാങ്കര്‍ ലോറിയില്‍ ഓക്‌സിജന്‍ എത്തിച്ചു വിതരണം പുനഃസ്ഥാപിച്ചു. ഈ സമയത്താണ് വെന്റിലേറ്ററിലുണ്ടായിരുന്ന ആറു രോഗികള്‍ മരിച്ചത്.
1500ല്‍ അധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണ് രാജാജി. മരണകാരണം ഓക്‌സിജന് വിതരണം നിലച്ചതാണെന്നു വ്യക്തമായതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായി രംഗത്തെത്തി. ഒരാഴ്ച മുന്‍പു സമാനമായ സംഭവത്തില്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജില്‍ 13 പേര്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. പിന്നാലെയാണ് ഓക്‌സിജന്‍ ഇല്ലാതെ ആറ് പേര്‍ കൂടി മരണപ്പെട്ടത്.
കാനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിൽ നിന്നും എട്ട് കോടിയോളം രൂപ കൈക്കലാക്കിയ ബാങ്ക് ജീവനക്കാരനെ പിടികൂടിയിട്ടും പണം കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. പ്രതിയായ വിജീഷ് വർഗീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതോടെയാണ് കേസിൽ വൻവഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച പോലീസിനെ ഞെട്ടിച്ചുകൊണ്ട് കാലിയായ അക്കൗണ്ടുകളാണ് കണ്ടെത്താനായത്.
വിജീഷ് വർഗീസ് സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വൻ തുക നിക്ഷേപിച്ചിരുന്നത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയതും. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.
നേരത്തെ, ഓഡിറ്റിൽ തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.
ബാങ്ക് ശാഖയിൽ വിജീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് വിജീഷിന്റെ മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.
പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരനായ വിജീഷ് വർഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി.
ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ കോടികൾ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. ബാങ്കിലെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് കം കാഷ്യറായ വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ശേഷം ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. സംഭവത്തിൽ ഒളിവിൽ പോയ വിജീഷിനെ തിങ്കളാഴ്ച കുടുംബസമേതം ബംഗളൂരുവിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
ലണ്ടൻ : കഴിഞ്ഞ മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ പരേതനായ ടി ഹരിദാസ് ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയും മാത്രമല്ല, യുകെയിലെ കേരളത്തിന്റെ സാംസ്കാരിക അംബാസഡറും ആയിരുന്നു. ഹരിദാസ് ബ്രിട്ടനിൽ കേരളത്തിന്റെ സാംസ്കാരികവും കലാപ്രാധാന്യവും എല്ലായ്പ്പോഴും മുഖ്യധാരയിൽ എത്തിച്ചിരുന്നു .
കേരളത്തിലെ മ്യൂസിക് ബാൻഡ് ലേലു അല്ലു ഹരിദാസിനു വളരെ പ്രിയപ്പെട്ടതായിരുന്നു. മരണത്തിനു മുൻപ് ഹരിദാസ് ഈ ബാൻഡുമായി ഒരു പ്രൊജക്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു . ഹരിദാസിന്റെ ആകസ്മിക മരണം കാരണം പ്രൊജക്റ്റ് മുൻപോട്ടു കൊണ്ടുപോകാൻ പറ്റിയില്ല. ഇതാ ഇപ്പോൾ ലേലു അല്ലു ബാൻഡ് പരേതനായ ഹരിദാസിന് വേണ്ടി ഒരു സംഗീത ആൽബം ഹരിദാസിന്റെ ജന്മദിനമായ മെയ് 18 നു റിലീസ് ചെയ്യുന്നു.

ഗുരുവയൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന ഹരിദാസിന് വേണ്ടി അവർ തിരഞ്ഞെടുത്തതും ഗുരുവായൂരപ്പൻെറ ഭക്തി ഗാനമാണ്. അന്തരിച്ച ടി ഹരിദാസിന്റെ ജന്മദിനമായ മെയ് 18 ന് (ചൊവ്വാഴ്ച) യൂട്യൂബ് വഴി സംഗീത ആൽബം റിലീസ് ചെയ്യും . Youtube- ൽ വീഡിയോ കാണുക.
ഒരുമിച്ച് പഠിക്കുകയും അടുത്ത സുഹൃത്തുക്കളായിരിക്കുകയും ചെയ്ത ഒരു കൂട്ടം സംഗീതജ്ഞരാണ് 2017 ൽ ലെലു അല്ലു രൂപീകരിച്ചത്.
സഹകരണത്തിനും സംയുക്ത സംരംഭങ്ങൾക്കും അല്ലെങ്കിൽ ബാൻഡിനെക്കുറിച്ച് കൂടുതലറിയാൻ +91 9496077054 അല്ലെങ്കിൽ +91 98955 50874 അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ റിംഗ് ചെയ്യുക.
അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.