Latest News

മൂന്നരവർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് അവസാനംകുറിച്ച് സൗദിഅറേബ്യ, ഖത്തറുമായുള്ള അതിർത്തി തുറന്നു. കര,ആകാശ,സമുദ്ര അതിർത്തികൾ തുറന്നതായി മധ്യസ്ഥത വഹിച്ച കുവൈത്ത് പ്രഖ്യാപിച്ചു. ജി.സി.സി ഉച്ചകോടി ഇന്ന് സൗദിയിൽ ചേരാനിരിക്കെയാണ് ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാൻ നിർണായക തീരുമാനമുണ്ടായത്. ഖത്തർ അമീർ ഇന്നത്തെ ജി.സി.സി യോഗത്തിൽ പങ്കെടുക്കും.

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് അവസാനിക്കുന്നത്. 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ് സൗദിയും ഖത്തറും അനുരഞ്ജനത്തിൻറെ പാതയിലെത്തുന്നത്. ഖത്തർ സന്ദർശനത്തിന് തൊട്ടുപിന്നാലെ കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് നാസർ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് മേഖലയ്ക്ക് പ്രതീക്ഷപകരുന്ന പ്രഖ്യാപനം നടത്തിയത്. എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജിസിസി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തൊട്ടുപിന്നാലെ പ്രസ്താവിച്ചു. ഇന്ന് സൗദിയിലെ അൽ ഉലയിൽ ചേരുന്ന ജിസിസി ഉച്ചകോടിയിൽ ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.

ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൌദിയിലെത്തി ഉച്ചകോടിയിൽ പങ്കെടുക്കും. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുഖ്യഉപദേശകൻ ജാറെദ് കുഷ്ണറുടെ സാന്നിധ്യത്തിലായിരിക്കും കരാർ ഒപ്പിടുന്നത്. യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കും. നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധമാണ് ഖത്തറിനെതിരെ സൌദിസഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ട്രംപ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മേഖലയിലെ മറ്റൊരു സമാധാനനീക്കമെന്നത് ശ്രദ്ധേയമാണ്. പ്രവാസിമലയാളികൾക്കടക്കം തൊഴിൽ മേഖലയിൽ പ്രതീക്ഷപകരുന്നതാണ് പുതിയതീരുമാനം.

ലണ്ടന്‍: യുകെയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഫെബ്രുവരി പകുതി വരെ, അണുബാധയുടെ തോത് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ കൊവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്നലെ മാത്രം 27,000 പേര്‍ രോഗം ബാധിച്ചേ ആശുപത്രിയിലാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.

കാര്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2,713,563 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേര്‍ മരണപ്പെടുകയും ചെയ്തു.

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തോല്‍വി പഠിച്ച എ.െഎ.സി.സി പ്രതിനിധി സംഘവും ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ചകളും സജീവമായി. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടി ഏതുപദവിയില്‍ വന്നാലും സന്തോഷമെന്ന് പ്രതിപക്ഷന്നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡിന്‍റെ ഏതുതീരുമാനവും താന്‍ അംഗീകരിക്കും. അദ്ദേഹം പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എല്ലാകാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ നല്ലതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്ന് മാറി മല്‍സരിക്കുമെന്ന അഭ്യൂഹം ശരിയല്ലെന്നും ചെന്നിത്തല. എം.എല്‍.എമാര്‍ മണ്ഡലം മാറി മല്‍സരിക്കരുതെന്ന കെ.മുരളീധരന്റ ഒളിയമ്പിന് കൂടിയായിരുന്നു ഈ മറുപടി. മണ്ഡലം മാറാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹരിപ്പാടുനിന്നേ മല്‍സരിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തില്‍ മത സൗഹാര്‍ദം തകര്‍ക്കാന്‍ സിപിഎം ആസൂത്രിത ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. അതിന് മുസ്ലീം ലീഗിനെ ചെളിവാരിയെറിയുകയാണ്. കേരളസമൂഹത്തിന് ഇത് മാരകമായ പരുക്കുണ്ടാക്കുമെന്ന് സിപിഎം മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ തെളിവാണെന്നും ഇത് മറച്ചുവച്ചാണ് യുഡിഎഫിനെതിരെ പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

മകള്‍ക്ക് സല്യൂട്ട് നല്‍കി അച്ഛന്‍. സോഷ്യല്‍മീഡയയില്‍ നിറയുന്നത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ ശ്യാം സുന്ദറും മകള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി പ്രശാന്തുമാണ്. പോലീസായി ചാര്‍ജ്ജെടുത്ത മകള്‍ക്ക് അഭിമാനപൂര്‍വ്വം സല്യൂട്ട് നല്‍കുകയാണ് ഈ പിതാവ്. അച്ഛനെന്ന നിലയില്‍ അഭിമാനിക്കാന്‍ സാധിക്കുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ഇന്നലെ നടന്ന ഐജിഎന്‍ഐഇ എന്ന ചടങ്ങിനിടെ അച്ഛന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുന്നത്. ഏതൊരു അച്ഛനും അഭിമാനം തോന്നുന്ന ഹൃദ്യനിമിഷം. സല്യൂട്ട് ചെയ്യുന്നതിനെ പല തവണകളായി താന്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ഛന്‍ സല്യൂട്ട് ചെയ്താല്‍ തിരിച്ച് സല്യൂട്ട് ചെയ്യാറുണ്ടെന്നും മകള്‍ ജെസ്സി പ്രശാന്ത് പറഞ്ഞു. അച്ഛനാണ് തന്റെ പ്രചോദനം.

അച്ഛന്‍ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുക്കാന്‍ കാരണം തന്നെ അച്ഛനാണെന്നും ജെസ്സി പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ജെസ്സി പറഞ്ഞു. സോഷ്യല്‍മീഡിയ നിറഞ്ഞ മനസോടെ ഇവര്‍ക്ക് ആശംസകളും നേര്‍ന്നു.

യുകെയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കേരളത്തില്‍. യുകെയില്‍ നിന്നും എത്തിയ ആറ് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് രണ്ട് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍ കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. ഭയം വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം.കൊവിഡിന്റെ വകഭേദം കണ്ടെത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. എന്നാല്‍ പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.അതിനാല്‍ ഭയം വേണ്ടെന്നും ജാഗ്രത മതി എന്നും മന്ത്രി പറഞ്ഞു. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വന്തം അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനാല് വയസ്സുകാരന്റെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വക്കം സ്വദേശിയായ യുവതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.അതേസമയം പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്

ജോലി പിരിച്ചുവിട്ടതില്‍ പ്രകോപിതനായി 44 കോടിയുടെ ബെന്‍സ് കാറുകള്‍ നശിപ്പിച്ച് യുവാവ്. ഡിസംബര്‍ 31-ാം തീയതി സ്പെയിനിലെ മെഴ്സിഡസ് ബെന്‍സിന്റെ പ്ലാന്റിലായിരുന്നു പ്രതികാരകലി മൂത്ത് 38-കാരന്റെ അഴിഞ്ഞാട്ടം നടന്നച്. മോഷ്ടിച്ച ജെസിബിയുമായി മുമ്പ് ജോലി ചെയ്തിരുന്ന മെഴ്സിഡസിന്റെ പ്ലാന്റിലേക്ക് എത്തിയ ആള്‍ അവിടെ സൂക്ഷിച്ചിരുന്ന 50-ഓളം ബെന്‍സ് കാറുകള്‍ നശിപ്പിക്കുകയായിരുന്നു. ഏകദേശം 44 കോടി രൂപ വില വരും നശിപ്പിച്ച കാറുകള്‍ക്ക്.

തകര്‍ത്ത കാറുകളില്‍, ബെന്‍സിന്റെ മുന്തിയ മോഡലായ വി-ക്ലാസും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഏകദേശം ഒരു കോടി രൂപയോളമാണ് ഇതിന്റെ വില. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ ചിത്രങ്ങളും വൈറലായി കഴിഞ്ഞു. പ്ലാന്റിന്റെ പ്രധാന കവാടം തകര്‍ത്താണ് അയാള്‍ ജെസിബിയുമാണ് ഉള്ളില്‍ പ്രവേശിച്ചത്. ജെസിബിയുമായി പ്ലാന്റില്‍ അതിക്രമിച്ച് കടന്നതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍, അക്രമം കൂടിയതോടെ ഇവര്‍ വെടിയുതിര്‍ത്തുകയായിരുന്നു. ശേഷമാണ് കാറുകള്‍ നശിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്.

ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്നമാണ് ആക്രമണത്തിന് കരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ 2016-17 കാലഘട്ടത്തില്‍ ഈ പ്ലാന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടുപേരുടെ കൂടെയും നായികയായി അഭിനയിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഉര്‍വശി. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം ഇവരുടെ നായികയായി ഉര്‍വശി ബിഗ്‌സ്‌ക്രീനില്‍ എത്തിയിട്ടില്ല. അത് മനപൂര്‍വ്വമാണെന്നാണ് താരം പറയുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തുന്നതിങ്ങനെ….

”ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്’ എന്നാണ് താരം മനസ് തുറന്നത്.

എന്നാല്‍ മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്, അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നുവെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെയെന്നും ഉര്‍വശി തുറന്നു പറഞ്ഞു.

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടുവെന്ന് റിലയൻസ് ജിയോ. ഇതിനെതിരെ നിയമത്തിന്റെ വഴിയിൽ നീങ്ങുകയാണ് ജിയോ. സംഭവത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ച് ജിയോ. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം.

എന്നാൽ, കർഷകരുടെ സമരം മുന്നോട്ട് പോവുകയാണ്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുകയാണ്. കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രവുമായുള്ള ഏഴാംവട്ട ചർച്ചകൾ ഇന്ന് നടക്കും. ചർച്ചയിൽ സമവായമായില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്നാണ് കർഷകസംഘടനകളുടെ മുന്നറിയിപ്പ്.

ഇതിനിടെയാണ് കർഷകർക്ക് എതിരായി ജിയോ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പഞ്ചാബിൽ മാത്രം റിലയൻസ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകൾ കർഷകർ തകർത്തുവെന്നാണ് റിലയൻസ് ജിയോ ആരോപിക്കുന്നത്. ടവറുകൾ തകർത്തതിനു പിന്നാലെ സംസ്ഥാനത്ത് ടെലികോം സേവനങ്ങൾ വ്യാപകമായി തടസപ്പെട്ടെന്നാണ് ജിയോയുടെ ആരോപണം. സംഭവത്തെ അപലപിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

Copyright © . All rights reserved