താസംഘടനയിലെ അംഗങ്ങളായ സ്ത്രീകളെ മാറ്റി നിർത്തുന്നത് ചൂണ്ടിക്കാണിച്ചതിന് നടി പാർവതിക്ക് എതിരെ പരാമർശം നടത്തി വിവാദത്തിലായ സംഘടനാ എക്‌സിക്യൂട്ടീവ് അംഗം രചന നാരായണൻകുട്ടി കൂടുതൽ വിവാദത്തിലേക്ക്. പാർവതി ആരാണെന്ന ചോദ്യം ചോദിച്ചതോടെ രചനയെ സോഷ്യൽമീഡിയ കടന്നാക്രമിക്കുകയാണ്. രചനയ്‌ക്കെതിരെ നടൻ ഷമ്മി തിലകനും ഏറ്റവും ഒടുവിലായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

നേരത്തെ, താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദം സോഷ്യൽമീഡിയയിലടക്കം കത്തിയതോടെ സ്ത്രീകളായ അംഗങ്ങൾ ഇരിക്കുകയും പുരുഷന്മാർ നിൽക്കുകയും ചെയ്യുന്ന പുതിയ ചിത്രം പേസ്ബുക്കിൽ രചന പോസ്റ്റ് ചെയ്തിരുന്നു. ഇതിനുതാഴെ, പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും, അത് ഒരിക്കൽ മനസിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ കമന്റിട്ടിരുന്നു. എന്നാൽ, ആരാണ് പാർവതിയെന്നായിരുന്നു രചന തിരിച്ച് ചോദിച്ചത്. ഒരൊറ്റ ചോദ്യത്തിലൂടെ താരം പുതിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ രചനയെ നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ സോഷ്യൽമീഡിയയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ രചനയ്ക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരസംഘടനയ്ക്ക് എതിരെ നിരന്തരം വിമർശനം നടത്തുന്ന നടൻ ഷമ്മി തിലകൻ. അഭിപ്രായം പറയാനും പ്രതികരിക്കാനും മടിക്കാത്ത അപൂർവ്വം നടന്മാരിൽ ഒരാളായ ഷമ്മി തിലകൻ രചന നാരായണൻകുട്ടിയുടെ പേരെടുത്ത് പറയാതെ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

‘ചോദ്യം : ആരാണ് പാർവ്വതി..!???
ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’- ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെ.
 ആരാണ് പാർവതി? ധൈര്യമാണ് പാർവതി, സമരമാണ് പാർവതി, ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതി, തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവതി- എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

താരസംഘടന എഎംഎംഎയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഇരിപ്പിടം പോലും അനുവദിച്ചിരുന്നില്ല. എന്നാൽ, നടന്മാരായ ഭാരവാഹികൾക്ക് പത്രസമ്മേളനത്തിൽ ഇരിക്കാനും സംസാരിക്കാനും അവസരവും ഒരുക്കിയിരുന്നു. ഇതിനെ സോഷ്യൽമീഡിയയും നടി പാർവ്വതി തിരുവോത്തും ചോദ്യം ചെയ്തപ്പോൾ ന്യായീകരിച്ച് രചന രംഗത്തെത്തുകയായിരുന്നു.

തുടർന്ന് രചനയെ സോഷ്യൽമീഡിയ ആവശ്യത്തിലേറെ വിമർശിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ‘കാര്യം പിടികിട്ടാതിരുന്ന’ രചനയ്ക്ക് സെലിബ്രിറ്റികളിൽ നിന്നു തന്നെ ഇപ്പോൾ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.